Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

എഴുത്ത്,കാഴ്ച സവര്‍ണതയുടെ പ്രഛന്ന വേശങ്ങള്‍

കെ.ഇ.എന്‍

കേരളത്തിന്റെ സാമൂഹികരൂപീകരണം സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ അടിമത്തത്തിന്റെ കാലത്തിലൂടെ, നാടുവാഴിത്തത്തിന്റെ കാലത്തിലൂടെ മുതലാളിത്ത കാലത്തിലേക്ക് കേരളീയസമൂഹം വികസിച്ചു വന്നതായി വ്യക്തമാകും. ഈ വികാസത്തിന്റെ ഒരു സാംസ്‌കാരിക സാധ്യത തന്നെയാണ്, സത്യത്തില്‍, പൊതുബോധമെന്നു പറയുന്നത്. അടിമകാലഘട്ടത്തിലെ കേരളത്തില്‍ തീര്‍ച്ചയായും ഒരു ഉടമബോധം മാത്രമാണ് ഉയര്‍ന്നു നിന്നത്. മാത്രമല്ല, അക്കാലത്ത് അടിമകള്‍ക്കു മാത്രമല്ല, ഉടമകള്‍ക്കും തങ്ങളുടെ അസ്തിത്വത്തെ കുറിച്ച സൂക്ഷ്മമായ അന്വേഷണം നിര്‍വഹിക്കുക സാധ്യമല്ല. നാടുവാഴിത്ത കാലവും ഏറക്കുറെ ഇത്തരമൊരു പരിമിതിയാണ് പ്രകടിപ്പിച്ചത്. അതുകൊണ്ടാണ് സൂരിനമ്പൂതിരിപ്പാടിന്റെ ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്. രണ്ടു ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഒന്ന്, വഴിയുടെ ദുര്‍ഘടം അമാരന്മാര്‍ക്കല്ലേ? രണ്ട്, സ്ത്രീ സുഖത്തിനു മേല്‍ മറ്റെന്തു സുഖമാണുള്ളത്? ഇതു രണ്ടും സത്യത്തില്‍ നാടുവാഴിത്തത്തിന്റെ ചൂഷകമനോഭാവത്തിന്റെ ചുരുക്കമാണ്. കാരണം ഒന്ന്, ഈ ക്ലേശകരമായ ജോലികള്‍ മുഴുവന്‍ ചെയ്തു തീര്‍ക്കേണ്ടത്, കുടിയാന്മാരും കീഴാളരും ആയതു കൊണ്ട് അതേക്കുറിച്ച് മേലാളരെന്തിന് വ്യാകുലപ്പെടണം? രണ്ട്, സുഖമെന്നതിന് വളരെ പരിമിതമായ ഒരര്‍ഥത്തിന് അപ്പുറം കടക്കാന്‍ കഴിയുന്നില്ല. ഇന്ദുലേഖയിലെ സൂരിനമ്പൂതിരിപ്പാടിന്റെ അഭിപ്രായം ആ കാലത്തിലെ മുഴുവനാളുകളുടെയും അഭിപ്രായമായി നാം പരിമിതപ്പെടുത്തേണ്ട കാര്യമില്ല. തീര്‍ച്ചയായും ആ കാലത്തെ നാടുവാഴിത്ത മൂല്യബോധം സ്വാംശീകരിച്ച ആളുകളില്‍ വ്യത്യസ്ത നിലപാടുകളും അന്വേഷണങ്ങളുമൊക്കെ ഉണ്ടായിരിക്കണം. എങ്കിലും, നാടുവാഴിത്തത്തിന്റെ ഒരു പൊതുബോധമായി പരിഗണിക്കാവുന്നത് സൂരിനമ്പൂതിരിപ്പാടിന്റെ ഈ പ്രസ്താവനയാണ്. ആ കാലത്തെ കീഴാളസമൂഹങ്ങള്‍ക്കിടയില്‍ തീര്‍ച്ചയായും അസ്വസ്ഥതകളും അസംതൃപ്തികളും ഉണ്ടായിരിക്കും. പക്ഷേ ഈ അസംതൃപ്തികളും അസ്വസ്ഥതകളും ആവിഷ്‌കരിക്കപ്പെടുന്ന ഒരു ചരിത്രഘട്ടത്തില്‍ വെച്ചാണ് ആധിപത്യം വഹിക്കുന്ന ബോധം പൊട്ടിപ്പിളരുന്നത്. ആധിപത്യം വഹിക്കുന്ന ഈ ബോധത്തിന്റെ പാറക്കെട്ട് പൊട്ടിപ്പിളര്‍ന്നപ്പോഴാണ് ഈ പൊതുബോധത്തിന്റെ അരുവി ഒഴുകാന്‍ തുടങ്ങിയത്. അതായത്, സൂക്ഷ്മമായ അര്‍ഥത്തില്‍, സമരത്തിന്റെ ഒരു സൃഷ്ടിയും സാധ്യതയുമായിട്ടാണ്, വ്യത്യസ്ത സാമൂഹികവിഭാഗങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തെ അനിവാര്യമാക്കുന്ന ഒരു പൊതു ആശയ പരിസരം രൂപപ്പെടുന്നത്.
പൊതു ആശയ പരിസരമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പൊതുവും സര്‍വസമ്മതവുമായ ആശയങ്ങളുടെ ഒരു ലോകം ഉയര്‍ന്നു വന്നു എന്നല്ല. മറിച്ച്, വ്യത്യസ്തമായ ആശയങ്ങള്‍ വിനിമയം ചെയ്യാന്‍ കഴിയും വിധം വിസ്തൃതമായ ഒരു ആശയപരിസരം വികസിച്ചു വന്നു എന്നാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ ഉടമയുടെ മേല്‍ക്കോയ്മ കാലത്ത്, അടിമയുടെ ആശയമോ സൂക്ഷ്മാര്‍ഥത്തില്‍ ഉടമയുടെ ആശയമോ അവതരിക്കപ്പെട്ടിട്ടില്ല. മറിച്ച്, അധികാരമായി ഘനീഭവിച്ച ഉടമയുടെ ആശയം അതിന്റെ പ്രായോഗികരീതി നിര്‍ദയം നടപ്പിലാക്കുകയാണ്. അതുകൊണ്ടു തന്നെ അമൂര്‍ത്തവല്‍ക്കരണത്തിന്റ ലോകത്ത് വളരെ സൂക്ഷ്മമായി വ്യാപരിക്കാന്‍ അക്കാലത്തെ ഉടമകള്‍ക്ക് കഴിഞ്ഞു എന്നു കരുതാന്‍ ഒരു ന്യായവുമില്ല. അവര്‍ മൂര്‍ത്ത പ്രയോഗത്തിന്റെ ഒരു ക്രൂരലോകത്താണ് വ്യാപരിച്ചത്. എന്നാല്‍ നാടുവാഴിത്തകാലമാവുമ്പോഴേക്ക് ഈ മണ്ഡലത്തില്‍ നേര്‍ത്ത ഒരു മാറ്റം വരുന്നുണ്ട്. പക്ഷേ ആ മാറ്റം ഒരു പൊതുബോധമായി വികസിക്കുന്നത്, പരിമിതി അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു ജനത പലരീതിയില്‍ പ്രതികരിക്കാനാരംഭിച്ചതുതൊട്ടാണ്. അതുകൊണ്ട് അടിമത്തകാലഘട്ടത്തിലും നാടുവാഴിത്ത കാലഘട്ടത്തിലുമൊക്കെ നിലനിന്നിരുന്ന പരിമിതികള്‍ അനുഭവിച്ച ജനവിഭാഗത്തിന്റെ അതിനോടുള്ള പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുബോധത്തെ പരിശോധിക്കേണ്ടത്. അങ്ങനെ പറയാന്‍ കാരണം, പൊതുബോധം മുതലാളിത്തരൂപീകരണത്തിന്റെ ഒരു നിര്‍മിതിയാണ്, അല്ലെങ്കില്‍ പൊതുബോധം മുതലാളിത്തത്തിന്റെ തന്നെ ഒരു സമ്മാനമാണ് എന്ന ഒരു കാഴ്ച്ചപ്പാട് നിലനില്‍ക്കുന്നുണ്ട്. അങ്ങനെയല്ല. അടിച്ചമര്‍ത്തപ്പെട്ട ജനത നിരന്തര സമരത്തിലൂടെ സൃഷ്ടിച്ചെടുത്ത മാനവികതയുടെ ഒരു പൊതു പരിസരമാണ്. ഈ പൊതു പരിസരം വ്യത്യസ്ത ആശയങ്ങള്‍ സമ്പര്‍ക്കത്തിലും സമരത്തിലും ഏര്‍പ്പെടുന്ന ആശയപരിസരമാണ്. അതിന്റെ അനിവാര്യതയാണ് യഥാര്‍ഥത്തില്‍ സഹിഷ്ണുത. കാരണം, ആശയസമ്പര്‍ക്കങ്ങളും ആശയസമരങ്ങളും നിലനില്‍ക്കണമെങ്കില്‍ സഹിഷ്ണുത ആവശ്യമുണ്ട്. സഹിഷ്ണുത എന്നാല്‍ തന്നില്‍നിന്ന് വ്യത്യസ്തമായ ഒരു ആശയം സ്വീകരിക്കാനുള്ള സന്നദ്ധതയല്ല. വ്യത്യസ്തമായ ആശയങ്ങള്‍ക്ക് ഇടമനുവദിക്കുന്നതിലൂടെ തങ്ങളുടെ ആശയങ്ങളെ അതുമായി ഒത്തുനോക്കാനും സ്വന്തം ആശയത്തിന്റെ വികസിത സ്വഭാവം ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും സാക്ഷാത്കരിക്കാനും കഴിയുമെന്നുമുള്ള ഒരു സ്വയം ബോധ്യം ഇതിനു പിന്നിലുണ്ട്. അതുകൊണ്ട് പലരും കരുതുന്നതു പോലെ സഹിഷ്ണുത സര്‍വതും സ്വീകരിക്കാനുള്ള സന്നദ്ധതയല്ല. മറിച്ച് സ്വീകരിക്കപ്പെടേണ്ടതിനും തള്ളപ്പെടേണ്ടതിനും ഇടയിലുള്ള അതിര്‍ത്തി നിര്‍ണയിക്കാനുള്ള സൈദ്ധാന്തിക ശ്രമത്തിന്റെ ഒരു നാട്ടുപേരായിട്ടാണ് യഥാര്‍ഥത്തില്‍ സഹിഷ്ണുത നിലനില്‍ക്കുന്നത്. സഹിഷ്ണുത മികച്ച ഒരു മൂല്യമോ ഒരു നിസ്സഹായതയുടെ ഭാഗമോ അല്ല. സാമൂഹികജീവിതത്തില്‍ മത-ജാതി അടിസ്ഥാനത്തിലുള്ള സംഘര്‍ഷങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ സഹിഷ്ണുത വേണം എന്നു പറയുന്നത്, പരസ്പരമുള്ള നിലനില്‍പിന്റെ ഒരു മുന്നുപാധി എന്ന അര്‍ഥത്തിലാണ്. സഹിഷ്ണുത ഇല്ലെങ്കില്‍ നിലനില്‍ക്കാനാവില്ല. അതുകൊണ്ട് ഒരു ചരിത്രഘട്ടത്തിലെ പരസ്പരസമ്പര്‍ക്കത്തിന്റെ അനിവാര്യതയില്‍നിന്ന് രൂപം കൊണ്ട ആശയരംഗത്തെ തന്നെ ഒരു വസ്തുനിഷ്ഠ യാഥാര്‍ഥ്യമാണത്. അതുകൊണ്ടാണ് അന്വേഷണം സാധ്യമാക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത്. പൊതുവില്‍ ഇടപെടലുകളുടെയും സമരങ്ങളുടെയും അതിര്‍ത്തി മുറിച്ചു കടക്കാനുള്ള ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് സഹിഷ്ണുത ചരിത്രത്തില്‍ രൂപം കൊള്ളുന്നത്.
സഹിഷ്ണുത: ജീവിതവും സമരവും
ഉത്സവങ്ങളെ കുറിച്ച് ചിന്തിക്കുക. പ്രാഥമികമായി, എല്ലാ ഉത്സവങ്ങളും എല്ലാവര്‍ക്കും എന്ന കാഴ്ചപ്പാടാണ് ഞാന്‍ മുന്നോട്ടുവെച്ചത്. അത് ജനാധിപത്യപരമാണ്. ഉത്സവങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ രണ്ടു ഘടകങ്ങളുണ്ട്. വിശ്വാസപരമായിട്ടുള്ള കാഴ്ചപ്പാടുകളുടെ ഭാഗമായി വികസിച്ചു വന്ന അനുഷ്ഠാനതലമുണ്ട്. മറ്റൊന്ന് അതിന്റെ ഭൗതികതലമാണ്. എല്ലാ ഉത്സവങ്ങളുടെയും ഭൗതികതലം പരിശോധിച്ചാല്‍ സമാനമാണ്. കാരണം, നല്ല ഭക്ഷണം, നല്ല വസ്ത്രം, സൗഹൃദം, യാത്രകള്‍.. ഈ അര്‍ഥത്തില്‍ ഒരു വീടിനെയാകെ ഇതുവരെയുള്ള ജീവിതത്തില്‍നിന്ന് വ്യത്യസ്തമായ നിലവാരത്തിലേക്ക് താല്‍ക്കാലികമായെങ്കിലും ഉയര്‍ത്തുന്നതാണ് ഉത്സവം. ആ അര്‍ഥത്തില്‍ ഉത്സവത്തിന്റെ ഭൗതികതലം എല്ലാവര്‍ക്കും ഒരേ പോലെ പങ്കുവെക്കാവുന്നതാണ്. ഉത്സവത്തിന്റെ അനുഷ്ഠാന തലം സത്യസന്ധമായി പറഞ്ഞാല്‍ എല്ലാവര്‍ക്കും പങ്കുവെക്കാന്‍ പറ്റില്ല. ഈ ഒരു സൂക്ഷ്മ സത്യത്തെ സമീപിക്കാനുള്ള ധീരത പൊതുവെ നമ്മുടെ പൊതുസമൂഹം പുലര്‍ത്തുന്നില്ല. അതിനാലാണ് ഓണത്തെ കുറിച്ച് എല്ലാവരും പങ്കെടുക്കുന്ന ഉത്സവമെന്ന് നമ്മള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത്. പറഞ്ഞ് പറഞ്ഞ് പറ്റിച്ചു കൊണ്ടേയിരിക്കുന്നത്. കാരണം 2009-ല്‍ നമുക്കറിയാം, ഹിന്ദു സമൂഹത്തിലാണ് അതിന്റെ അനുഷ്ഠാനതലവും ഭൗതികതലവും ഒരുപോലെ ഒരുമിച്ച് ആഘോഷിക്കപ്പെട്ടത്. മറ്റു സമൂഹങ്ങള്‍ അതിന്റെ ഭൗതികതലത്തില്‍ പങ്കു പറ്റുന്നുണ്ടാവാം. പക്ഷേ അങ്ങനെ വരാന്‍ കാരണമായത് സര്‍ക്കാര്‍ ഇടെപടലുകളാണ് (1960-ല്‍ പട്ടം താണു പിള്ളയുടെ കാലത്ത് ഇതിനെ ദേശീയോത്സവമായി പ്രഖ്യാപിച്ചു). നേരത്തേ സൂചിപ്പിച്ച മറ്റു ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളുടെ ആഘോഷങ്ങള്‍ക്ക് ഒരു തരം അപരത്വം വന്നുപെടാനുള്ള കാരണവും അതാണ്. ഈ ഒരു പരിമിതി ഔദ്യോഗികമായിത്തന്നെ പരിഹരിക്കേണ്ടതാണ്. അതിന്റെ ഭാഗമായിട്ടാണ് എല്ലാ ഉത്സവങ്ങള്‍ക്കും ദേശീയപദവിക്കര്‍ഹതയുണ്ട് എന്ന ആശയം ഞാന്‍ മുന്നോട്ടു വെച്ചത്. അതു നൂറു ശതമാനം ശരിയാണ്. കാരണം, ദലിതുകള്‍, മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍- ഇവരൊക്കെ ഇന്ത്യന്‍ ദേശീയ ജനവിഭാഗങ്ങളാണ്. അതുകൊണ്ടു തന്നെ ദേശീയ വിഭാഗങ്ങളുടെ ആഘോഷങ്ങള്‍ക്ക് ദേശീയ പദവിക്കര്‍ഹതയുണ്ട്. ഇതു വളരെ പ്രാഥമികമായ ഒരു കാര്യമാണ്. പക്ഷേ ഇതൊരു സംവാദമായി മാറുന്നില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കോണ്‍സ്പിറസി ഓഫ് സൈലന്‍സ് / നിശ്ശബ്ദതയുടെ ഗൂഢാലോചന എന്നു പറയാവുന്ന ഒരു സംഗതിയാണിത്. ആദ്യം ഇതിനെതിരെ വലിയ ബഹളമുണ്ടാക്കി. ഈ ആശയം വളരെ വര്‍ഗീയമാണ് എന്നു പറഞ്ഞ് ബഹളം വെച്ചു. പക്ഷേ ഈ സംവാദം പിന്നീട് മുന്നോട്ടു പോയി. മുന്നോട്ടു പോയപ്പോ ഈ ബഹളമവസാനിച്ചു. ഇപ്പോ, നിതാന്തമായ ഒരു നിശ്ശബ്ദതയാണ്. ആരും ഒന്നും പറയുന്നില്ല. എല്ലാ ഉത്സവങ്ങളെയും ദേശീയമാക്കാന്‍ പറ്റില്ല, ഇവിടത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ദേശീയജനവിഭാഗമല്ല, എന്നു പറയേണ്ടവര്‍ അങ്ങനെ പറയുന്നില്ല. അങ്ങനെ പറയാന്‍ കഴിയുന്നില്ല. എന്നാല്‍ ദേശീയ ജനവിഭാഗമാണെങ്കില്‍, ആത്മാര്‍ഥമായി അംഗീകരിക്കുന്നുണ്ടെങ്കില്‍ ഇതും ദേശീയോത്സവമാക്കണം എന്നവര്‍ പറയേണ്ടതാണ്. അവരതും പറയുന്നില്ല. ഇങ്ങനെയൊരു സംവാദമേ കേരളത്തില്‍ നടന്നിട്ടില്ല എന്ന മട്ടില്‍ മൗനത്തിന്റെ ഒരു വലിയ പരവതാനി കൊണ്ട് ഈ പരമാര്‍ഥത്തെ അവര്‍ മൂടിവെച്ചിരിക്കുകയാണ്. പക്ഷേ അവര്‍ക്കതിനെ മൂടിവെക്കാന്‍ കഴിയുകയില്ല. കാരണം ഈ ആശയം വീണ്ടും വീണ്ടും അവതരിപ്പിക്കപ്പെടും. കാരണം ഇത് ജനങ്ങള്‍ക്കിടയില്‍ ഒരു സത്യമാണ്. മാത്രമല്ല, ഇതിന് വേറൊരു സംഭവം കൂടിയുണ്ട്. യഥാര്‍ഥത്തില്‍ കൂടുതല്‍ ദേശീയോത്സവങ്ങളുണ്ടാകുന്നത് തൊഴിലാളികളെ സംബന്ധിച്ച് ഗുണകരമായിരുന്നു. കൂടുതല്‍ ഉത്സവബത്തയും കിട്ടുമായിരുന്നു. സാധാരണഗതിയില്‍ സാമ്പത്തികമെച്ചമുള്ള ഒരു പദ്ധതി മുന്നില്‍ വെച്ചു എന്ന നിലക്കെങ്കിലും ട്രേഡ് യൂനിയനുകള്‍ എന്നെ പിന്തുണക്കേണ്ടിയിരുന്നു. പക്ഷേ എന്നെ ആക്ഷേപിക്കുകയാണുണ്ടായത്. അതു ചൂണ്ടിക്കാണിക്കുന്നത്, ഒരു പ്രത്യയശാസ്ത്രപരമായ തടസ്സം കേരളത്തിന്റെ സാമൂഹികജീവിതത്തില്‍ തിരിച്ചറിയപ്പെടാതെ നിലനില്‍ക്കുന്നു എന്നുള്ളതാണ്. അപ്പോ നമ്മളു പറഞ്ഞ നമ്മുടെ പൊതുബോധമെന്നത്, ഒരു പരിധി വരെ, പ്രഛന്നമായ സവര്‍ണ ബോധമാണ്. പ്രഛന്നമായ സവര്‍ണബോധം യഥാര്‍ഥ പൊതുബോധമാണ് എന്ന് ആത്മാര്‍ഥമായും കരുതുന്ന വലിയ ഒരു ജനവിഭാഗമുണ്ട്.
നമ്മുടെ സിനിമ, സാഹിത്യം, ഉള്‍പ്പെടെ കലാലോകം സൂക്ഷ്മമായി വിശകലനം നടത്തിയാല്‍ പ്രഛന്നമായ സവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ 'പരസ്യം' ആയി പലപ്പോഴുമത് പ്രവര്‍ത്തിക്കുന്നുവെന്ന് കാണാന്‍ പറ്റും. അതിന് രണ്ടു കാരണങ്ങളുണ്ട്: ഒന്ന്, നാസി കാലഘട്ടത്തിലെ നാസി വിമര്‍ശക എഴുത്തുകാരെ കുറിച്ച് സൂചിപ്പിക്കപ്പെട്ട ഒരു കാര്യം നാസിവിരുദ്ധരായ എഴുത്തുകാരുടെ അന്വേഷണങ്ങളിലേക്ക് പോലും നാസീ തത്വചിന്ത നുഴഞ്ഞുകയറി എന്നാണ്. അത് അവര്‍ക്ക് ആ തത്വചിന്തയോടുള്ള ആഭിമുഖ്യം കൊണ്ടല്ല. മറിച്ച് ആ കാലഘട്ടത്തിലെ അദൃശ്യവും അതിനാല്‍ തന്നെ അജയ്യവുമായ ഒരു പ്രത്യയശാസ്ത്രമായി അത് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ഈ പ്രത്യയശാസ്ത്രം അജയ്യമായി തീരുന്നത് അത് എത്ര കണ്ട് അദൃശ്യമായിത്തീരുന്നു എന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സവര്‍ണ പ്രത്യയശാസ്ത്രം അദൃശ്യമാണ്. അതുകൊണ്ടുതന്നെ അത് അജയ്യവുമാണ്. അതു വളരെ ഏറെ സ്വാഭാവികവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ അനുഷ്ഠാനങ്ങള്‍ ദേശീയ അനുഷ്ഠാനങ്ങളായും ആഘോഷങ്ങള്‍ ദേശീയ ആഘോഷങ്ങളായും ആണ് അവതരിക്കപ്പെടുന്നത്. അതുകൊണ്ട് സാഹിത്യത്തിലും സിനിമയിലും ഒക്കെത്തന്നെ ഇങ്ങനെ ഒരു നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ട്. അത് ആ അര്‍ഥത്തില്‍ അപഗ്രഥിക്കണം. രണ്ട്, കലയിലും സാഹിത്യത്തിലും ഒരു പരിധി വരെ ബോധപൂര്‍വം തന്നെ ഇത്തരം ആശയങ്ങളെ സാധൂകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന വിധത്തില്‍ കഥാപാത്രങ്ങളെയും ഇതിവൃത്തങ്ങളെയും രൂപപ്പെടുത്തുന്ന പ്രവണതയുമുണ്ട്. ഇതു രണ്ടും ഫലത്തില്‍ ഒരു തലത്തില്‍ വെച്ച് ഐക്യപ്പെടുന്നുണ്ടെങ്കിലും രണ്ടും തമ്മില്‍ ഒരു ഇടച്ചിലുമുണ്ട്. കാരണം, സവര്‍ണര്‍ക്കും അവര്‍ണര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും ഒക്കെ ഒറ്റ ഭാഷ തന്നെയാണ് കേരളത്തില്‍ ഉള്ളത്. ദേശഭേദങ്ങളൊക്കെയുണ്ടെങ്കിലും. പക്ഷേ മലയാളത്തിന്റെ പൊതു പദാവലി പരിശോധിച്ചാല്‍ അതില്‍ പലതും മലയാളിയുടെ ബഹുത്വപൂര്‍ണമായ ജീവിതത്തെ അതിന്റെ വൈവിധ്യത്തോടെ അടയാളപ്പെടുത്തുന്നതല്ല എന്നു കാണാം. നാടുവാഴിത്തത്തിന്റെ ഭാരം ചുമക്കുന്ന ഒരുപാട് പദങ്ങള്‍ ഉണ്ട്. നമ്മള്‍ സാധാരണ ഉപയോഗിക്കാറുള്ള സമര്‍ഥന്‍, സമര്‍ഥ എന്ന പദം. ചൂഷണത്തില്‍ വൈദഗ്ധ്യം ഉള്ളവന്‍ എന്നാണ് പൊതുവെ സമര്‍ഥന്‍ എന്നാല്‍ അര്‍ഥം. അവന്‍ സമര്‍ഥനാണ്, എങ്ങനെയെങ്കിലും ജീവിച്ചു പോകും എന്ന് പറയുമ്പോള്‍; എന്തു ചെയ്തും, കൊള്ളരുതായ്മ ചെയ്തും എന്നു കൂടി അര്‍ഥമുണ്ട്. നമ്മളൊരാളെ പാവം എന്നു വിളിക്കുമ്പോള്‍ ഇന്നത്തെ ചൂഷണവേട്ടയില്‍ വേണ്ടത്ര പാടവമില്ലാത്ത, ഇന്നത്തെ വിപണി മത്സരത്തില്‍ വിജയിക്കാത്ത ഒരാളെയാണ് അര്‍ഥമാക്കുന്നത്. സത്യത്തില്‍ ഒരു നല്ല മനുഷ്യനെ പാവം എന്നു പറഞ്ഞു അവഹേളിക്കുകയും കൊള്ളരുതാത്ത മനുഷ്യന് സമര്‍ഥന്‍ എന്ന് ബിരുദം നല്‍കുകയുമാണ് ചെയ്യുന്നത്. ഇതു ബോധപൂര്‍വം എന്നു പറയുന്നതിനേക്കാള്‍ പ്രത്യയശാസ്ത്രത്തിന്റെ ഭാരമാണ്. മലയാളഭാഷയില്‍ മാത്രമല്ല, ലോകത്തെ എല്ലാ ഭാഷയിലും ഈ അവസ്ഥ കാണാവുന്നതാണ്. ഉദാഹരണമായി, ജന്മിത്തത്തിന്റെ കാലത്തെ കുടിയാന്മാരെ 'വില്ലീന്‍' എന്നാണ് യൂറോപ്പില്‍ വിളിച്ചിരുന്നത്. അതാണ് പിന്നീട് ഇംഗ്ലീഷിലെ വില്ലനാകുന്നത്. സ്വാഭാവികമായും കീഴാളര്‍ ഭാഷയില്‍ തന്നെ അവഹേളിക്കപ്പെടുകയാണ്. സാഹിത്യത്തിലും കലയിലും അപഹസിക്കപ്പെടുകയും അവഹേളിക്കപ്പെടുകയുമാണ്. നര്‍മങ്ങളില്‍ മിക്കതും കീഴാള വിരുദ്ധമാണ്. സിനിമയിലും സാഹിത്യത്തിലും ഈ പ്രവണതയുണ്ട്. അത് ഒരു സാംസ്‌കാരിക വിമര്‍ശനത്തിന്റെ വിഷയമാണ്. സാംസ്‌കാരികമായ ആക്രമണം കൂടിയാണത്. മിക്ക നോവലുകളിലും കഥകളിലും കവിതയിലും സിനിമയിലും ഒക്കെ അതുണ്ട്. പക്ഷേ, മഹത്തായ കൃതികള്‍ ഇതിനെ മുറിച്ചു കടക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള അവസ്ഥകള്‍ ഒരു കൃതിയില്‍, ഒരു സിനിമയില്‍ കടന്നു വരുന്നു എന്നതുകൊണ്ട് മാത്രം ആ രീതിയില്‍ അടയാളപ്പെടുത്താന്‍ കഴിയില്ല. ഒരു മികച്ച രചനയാണെങ്കില്‍ തീര്‍ച്ചയായും ഈ വൈരുധ്യങ്ങള്‍ അവതരിപ്പിക്കപ്പെടുകയും അതോടൊപ്പം തന്നെ ആ വൈരുധ്യങ്ങള്‍ക്കപ്പുറത്തേക്ക് അത് കടന്നു നില്‍ക്കുകയും ചെയ്യും. മിക്കവാറും വാണിജ്യ സിനിമകളിലും ആഴം കുറഞ്ഞ കലാരചനകളിലും സംഭവിക്കുന്നത്, അവ ഈ വൈരുധ്യത്തെ അവതരിപ്പിക്കുകയും അതിനെ തന്നെ ആഘോഷിക്കുകയും ചെയ്യുന്നുവെന്നതാണ്. അത് സത്യത്തില്‍ കീഴാള ജനതക്കെതിരെയുള്ള ഒരു ആക്രമണം തന്നെയാണ്.
വളരെ സിംപിളായി നമ്മുടെ മീഡിയയെ മനസ്സിലാക്കാനാവുന്ന ഒരു നിരീക്ഷണം നോം ചോംസ്‌കിയുടേതാണ്. മൈന്റ് കണ്‍ട്രോളര്‍ എന്ന പുസ്തകത്തിലാണ് അത്. മനസ്സിനെ നിയന്ത്രിക്കുന്ന ഒരു അധികാരസ്ഥാപനം എന്നുള്ള അര്‍ഥത്തില്‍ മീഡിയയെ കുറിച്ചുള്ള അന്വേഷണം മുന്നോട്ടു പോകണം. അതോടൊപ്പം തന്നെ ജനാധിപത്യ പ്രക്രിയയെ സജീവമാക്കുന്ന ഒരു ഉപകരണെമന്ന നിലക്കും. അതായത്, മാധ്യമങ്ങള്‍ക്ക് വാണിജ്യോപകരണമാകാന്‍ പറ്റും, വിപ്ലവോപകരണമാകാന്‍ പറ്റും, സാംസ്‌കാരികോപകരണമാകാന്‍ പറ്റും, പിന്നെ മര്‍ദകോപകരണമാകാനും പറ്റും. പക്ഷേ ഇന്നത്തെ സാമ്രാജ്യത്വത്തിന്റെ മേല്‍ക്കൈ ഉള്ള, ലോക പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ പൊതുവെ സാമ്രാജ്യത്വത്തിന് അനുകൂലമായി നമ്മുടെ മനസ്സുകള്‍ പാകപ്പെടുത്തുകയാണ്. അതിന് ഏറ്റവും ക്ലാസിക് എക്‌സാംപിള്‍ നോം ചോംസ്‌കി നല്‍കുന്നുണ്ട്. 1914-1918 കാലഘട്ടത്തില്‍, ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പൊതുവെ അമേരിക്കക്കാര്‍ക്കിടയില്‍ യുദ്ധവിരുദ്ധ മാനസികാവസ്ഥയായിരുന്നു നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ അക്കാലത്ത് വുഡ്രോ വില്‍സണ്‍ പൊതുവില്‍ മുന്നോട്ടു വെച്ചിരുന്ന മുദ്രാവാക്യം പീസ് വിതൗട്ട് വിക്ടറി എന്നാണ്. സമാധാനമെന്നത് അന്നത്തെ ജനതയുടെ പൊതുവായുള്ള ഒരു വികാരമായതു കൊണ്ട് അതിനെ കേന്ദ്രീകരിച്ചുള്ള ഒരു മുദ്രാവാക്യമാണ് മുന്നോട്ടുവെച്ചത്. പക്ഷേ 1916-ല്‍ വുഡ്രോ വില്‍സണ്‍ ക്രീല്‍ കമീഷനെ നിയമിക്കുകയാണ്. ഈ ക്രീല്‍ കമീഷന്റെ ആറുമാസക്കാലത്തെ പ്രവര്‍ത്തനഫലമായി സമാധാനപ്രിയരായിരുന്ന അമേരിക്കന്‍ ജനത യുദ്ധോത്സുകരായി മാറുന്നതാണ് നമ്മള്‍ കാണുന്നത്. അന്ന് പ്രസിഡന്റ് ജനങ്ങളുടെ മനസ്സിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനു വേണ്ടി ഔദ്യോഗികമായി നിയോഗിച്ചതാണ് ക്രീല്‍ കമീഷന്‍. ഇന്ന് ഈ റോളിലാണ്, ഔദ്യോഗികമായി നിയമിക്കപ്പെടാതെ തന്നെ, മുഖ്യധാരാ മാധ്യമങ്ങള്‍ നിലനില്‍ക്കുന്നത്. അതായത് ഭരണ വര്‍ഗത്തിന് അനുകൂലമായ ഒരു മാനസികാവസ്ഥ നിരന്തരം ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുക എന്നുള്ളതാണ്. ചോംസ്‌കി ഇതിനെയാണ് സമ്മത നിര്‍മാണം എന്നു വിളിച്ചത്. സമ്മതനിര്‍മാണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രോപഗണ്ട- പ്രചാരണം. അതിന്റെ ഒരു ബെസ്റ്റ് എക്‌സാംപിള്‍ ആണ് ക്രീല്‍ കമീഷന്‍. ഔദ്യോഗിക പ്രോപഗണ്ട തന്നെ അനൗദ്യോഗികമായി തീരുമ്പോളാണ് അത് വന്‍ വിജയമായിത്തീരുക. അതനൊരുപാടുദാഹരണങ്ങളുണ്ട്. ലോകത്തെ ഏറ്റവും ഭീകരമായ സംഭവമാണ് ഹിരോഷിമ- നാഗസാക്കി. ഒരു ന്യായീകരണവുമില്ലാതെ നടത്തപ്പെട്ട ആക്രമണമാണത്. പക്ഷേ അത്, പലപ്പോഴും നമ്മുടെ ഓര്‍മ വേണ്ടത്ര പരിഗണിക്കാതിരിക്കുന്നു. പക്ഷേ, 2001 സെപ്റ്റംബര്‍ 11 നമ്മളൊരിക്കലും മറക്കുന്നില്ല. നമ്മുടെ മറവിയും ഓര്‍മയും, നമ്മുടെ മസ്തിഷ്‌കവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമെന്നതിലുപരി, അത് വ്യവഹാരങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടതാണ്. അതായത്, അധികാരമുള്ളവരാണ് എന്തു മറക്കണം, എന്ത് ഓര്‍ക്കണം എന്ന് ആത്യന്തികമായി തീരുമാനിക്കുന്നത്. അവരുടെ ഒരു അജണ്ട അനുസരിച്ചാണ്. ഒരു കുട്ടിയെ ബഹുരാഷ്ട്ര കുത്തക പരസ്യത്തിലൂടെ സ്വാധീനിക്കുന്നതുപോലെയാണ് മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പരസ്യങ്ങള്‍. വാടകപോലും കൊടുക്കേണ്ടതില്ലാതെ ഇംപീരിയലിസം മാധ്യമങ്ങളിലൂടെ തങ്ങളുടെ അജണ്ട നടപ്പാക്കുകയാണ്. അതിന്റെ ഒരു ചെറിയ ഉദാഹരണമാണ്, ഇറാഖ് അധിനിവേശത്തിനു വേണ്ടിയുണ്ടായ പ്രോപഗണ്ട. നമ്മുടെ, കേരളത്തിലെ പഴയ ഉദാഹരണം തന്നെ. ആടിനെ നിരന്തര പ്രചാരണത്തിലൂടെ പട്ടിയാക്കുക. പട്ടിയെ പിന്നീട് പേപ്പട്ടിയാക്കുക. പേപ്പട്ടിയെ അടിച്ചു കൊന്ന ആളെ ജനാധിപത്യത്തിന്റെ സംരക്ഷകനായി അവതരിപ്പിക്കുക. ഈ പാവം ആടിനെ ഭീകരനായും ദുഷ്ടനായും മുദ്രയടിക്കുക. ചെന്നായയുടെ ഒരു യുക്തി. തടാകക്കരയിലെ ആട്ടിന്‍ കുട്ടി എന്തു ചെയ്താലും കുറ്റം എന്ന രീതിയില്‍. മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്ന്, സാമ്രാജ്യത്വത്തിന്റെ പ്രചാരണമാണ് പൊതുവില്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഈ മാധ്യമങ്ങളുടെ ഉടമസ്ഥത ആര്‍ക്ക് എന്നുള്ള ചോദ്യമാണ് ഏറ്റവും പ്രധാനം. പൊതുവെ വന്‍കിട മാധ്യമങ്ങളുടെ ഉടമസ്ഥര്‍ ബഹുരാഷ്ട്രകുത്തകകളോ വന്‍കിട കമ്പനികളോ ആണ്. ഇന്ത്യയില്‍ അത് വന്‍കിട വ്യവസായികളായ ബിര്‍ല, ജെയിന്‍, ഗോയങ്കെ തുടങ്ങിയവരാണ്. എന്തിനാണ് അവര്‍ സാംസ്‌കാരിക കാര്യങ്ങളില്‍ ഇടപെടുന്നത്? രണ്ടു കാര്യമുണ്ട്: ഒന്ന്, സാംസ്‌കാരിക രംഗം വാണിജ്യവല്‍ക്കരിക്കുക എന്ന ലക്ഷ്യം. അത് വാണിജ്യ ലാഭമുണ്ടാക്കും. രണ്ട്, തങ്ങളുടെ വാണിജ്യ അജണ്ടകള്‍ക്ക് തടസ്സമില്ലാത്ത സാംസ്‌കാരിക അന്തരീക്ഷമുണ്ടാക്കുക. രണ്ടു ലാഭങ്ങളാണ്, സാംസ്‌കാരിക ലാഭവും വാണിജ്യ ലാഭവും. വാണിജ്യലാഭം കുന്നു കൂടണമെങ്കില്‍ സാംസ്‌കാരികമായ സമ്മതം ഉണ്ടായിരിക്കണം. ഇതൊരു ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കാര്യമാണ്. അതുകൊണ്ട് ഈ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ ആ സ്വാതന്ത്ര്യത്തിന്റെ ചരടിന്റെ ഇങ്ങേയറ്റത്ത് ഒരു പാവപ്പെട്ട മുതലാളിയുണ്ട് എന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് മറച്ചുവെക്കാനാവില്ല.
കേരളീയ മാധ്യമങ്ങളെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ കാര്യമായി ശ്രദ്ധിക്കേണ്ടത് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ്. നമ്മള്‍ കരുതുന്നത്, സാക്ഷരതയിലുണ്ടായ വളര്‍ച്ചയാണ് വായനയുടെ വളര്‍ച്ചക്ക് കാരണം എന്നാണ്. അതു പകുതി ശരിയാണ്. അതൊരു പൂര്‍ണ ശരിയാകുന്നത് രാഷ്ട്രീയ പ്രബുദ്ധതയാണ് ഈ വായന എന്നു പറയുമ്പോളാണ്. സാക്ഷരതയാണ് വായനക്ക് കാരണമെങ്കില്‍ അമേരിക്ക പോലുള്ള രാജ്യങ്ങളിലൊക്കെ വന്‍ തോതിലുള്ള വായന നടക്കേണ്ടിയിരുന്നു. പക്ഷേ, നേരെ തിരിച്ചാണ്. പത്രങ്ങളൊക്കെ വളരെ ആകര്‍ഷകമാക്കി പേജ് കൂട്ടി, വില കുറച്ച് വിതരണം ചെയ്തിട്ടു പോലും വാങ്ങാനും വായിക്കാനും ആളില്ലാത്ത അവസ്ഥയാണ്. ഔപചാരിക വിദ്യാഭ്യാസം വായനയെ പൂര്‍ണമാക്കും എന്നു കരുതുന്നത് ശരിയല്ല. പക്ഷേ ഔപചാരിക വിദ്യാഭ്യാസം അതിന്റെ മുന്നുപാധിയാണെന്ന കാര്യം തള്ളിക്കളയേണ്ടതില്ല. മലയാളത്തിന്റെ വളരെ അത്ഭുതകരമായ ഒരു കാര്യം എഴുതാനറിയാത്തവര്‍ പോലും വായിക്കുന്നുണ്ട്. അത് രാഷ്ട്രീയ പ്രബുദ്ധതയുടെ പരിശീലനമാണ്. അരാഷ്ട്രീയതയുടെ വെല്ലുവിളി നിലനില്‍ക്കെ തന്നെ കേരളത്തില്‍ രാഷ്ട്രീയ പ്രബുദ്ധത നിലനില്‍ക്കുന്നുണ്ട്. അതു കൊണ്ടു തന്നെ സംവാദാത്മക അന്തരീക്ഷം സത്യത്തില്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് മാഫിയാവല്‍ക്കരണവും അധോലോകവല്‍ക്കരണവും കച്ചവടവല്‍ക്കരണവും നിലനില്‍ക്കുന്നുണ്ട്. അത് സംവാദാത്മകതക്കും അന്വേഷണാത്മകതും എതിരാണ്. സമരോത്സുകമായ അന്തരീക്ഷത്തില്‍, അതായത് പരസ്പരം ഇടയുന്ന വ്യത്യസ്ത പ്രവണതകളുടെ ഇടയില്‍ നിന്നുകൊണ്ട് തന്നെയാണ് കേരളീയ സമൂഹം ഇന്ന് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
മുസ്‌ലിം പ്രസിദ്ധീകരണങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. അത് ഒരര്‍ഥത്തില്‍ വായനയുടെയും എഴുത്തിന്റെയും ലോകത്ത് ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ സഹായിക്കും. പക്ഷേ മുസ്‌ലിം പ്രസിദ്ധീകരണങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. അതായത്, മുസ് ലിം സംഘടനകളുടെ പിളര്‍പ്പ്, സ്വാഭാവികമായും പ്രസിദ്ധീകരണ രംഗത്തും മറ്റു രംഗത്തും വര്‍ധനവുണ്ടാക്കും. പക്ഷേ, അതിനും ഒരര്‍ഥത്തില്‍ പോസിറ്റീവ് ആയ ഒരു റോളുണ്ട്. കാരണം ആശയങ്ങളുടെ മണ്ഡലത്തിലാണല്ലോ ഈ വ്യത്യസ്തത പങ്കുവെക്കപ്പെടുന്നത്. ആ അര്‍ഥത്തില്‍ അത് പോസിറ്റീവ് ആണ്. മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ ഒരുപാടു മുന്നോട്ടുപോയിട്ടുണ്ട്. വ്യത്യസ്ത ആശയങ്ങള്‍ക്ക് ഇടം അനുവദിക്കാന്‍ കഴിയും വിധമുള്ള ഒരു ആരോഗ്യകരമായ വളര്‍ച്ചയും മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ആ അര്‍ഥത്തില്‍ കേരളത്തിന്റെ ഒരു സാംസ്‌കാരിക വളര്‍ച്ചയുടെ ഭാഗമായി മുസ്‌ലിം പ്രസിദ്ധീകരണങ്ങളെയും കാണാവുന്നതാണ്. മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ മുമ്പ് മതപശ്ചാത്തലത്തിലുള്ള ചര്‍ച്ചകളാണ് നടന്നിരുന്നത്. പക്ഷേ, മതത്തിന്റെ പരിധിക്കകത്ത് നില്‍ക്കാത്ത വിധത്തിലുള്ള അന്വേഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഒന്ന്, നേരത്തേ മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ ആ സംഘടനയില്‍ പെട്ട മുസ്‌ലിംകള്‍ മാത്രമാണ് എഴുതിയത്. ഇപ്പോള്‍ അതില്‍നിന്ന് വ്യത്യസ്തമായി ഇതര മുസ്‌ലിം സംഘടനകളില്‍ പെട്ടവര്‍ക്കും മുസ്‌ലിംകളല്ലാത്തവര്‍ക്കും മതകാഴ്ചപ്പാടു പുലര്‍ത്താത്തവര്‍ക്കൊക്കെ ഇടം നല്‍കാന്‍ കഴിയുംവിധം അത് വളര്‍ന്നിട്ടുണ്ട്. റീഡര്‍ഷിപ്പിന്റെ കാര്യത്തിലും. അതിന്റെ കൂടെത്തന്നെ പറയേണ്ടതാണ് ധാരാളമായി വരുന്ന (വിവിധ ഭാഷകളില്‍നിന്നുള്ള) വിവര്‍ത്തനങ്ങള്‍. അപ്പോള്‍, മുസ്‌ലിം ലോകത്ത് തന്നെ വ്യത്യസ്ത രീതിയില്‍, അതായത് മതത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളില്‍ ഉറച്ചു നിന്നുകൊണ്ടും അതേ സമയം മറ്റു മണ്ഡലങ്ങളില്‍ കുറേ കൂടി സ്വതന്ത്രമായ, അന്വേഷണങ്ങള്‍ നടത്തുന്ന ഒരുപാടു പേരുണ്ട്.
ഈ സാമ്രാജ്യത്വ- ആധിപത്യകാലത്ത്, വ്യത്യസ്ത സൈദ്ധാന്തിക നിലപാടു പുലര്‍ത്തുന്നവര്‍ പ്രായോഗിക തലത്തില്‍ സാമ്രാജ്യത്വത്തിന് എതിരെയുള്ള കൂട്ടായ്മയില്‍ ഐക്യപ്പെടേണ്ടതുണ്ട്. അതു പോലെ തന്നെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍, ഫാഷിസ്റ്റുവല്‍ക്കരണത്തിന്റെ ഒരു വിപത്ത് ഏതു സമയത്തും പ്രതീക്ഷിക്കാവുന്നതാണ്. അതിനെതിരെ വിപുലമായ കൂട്ടായ്മകള്‍ ഉണ്ടായിത്തീരേണ്ടതുണ്ട്. പരിസ്ഥിതി, വെള്ളം, വായു ഇതൊക്കെ ക്രൂരമാം വിധം ആക്രമിക്കപ്പെടുന്നുണ്ട്. അതുകൊണ്ട്, പാരിസ്ഥിതിക വിവേകത്തിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്ത സൈദ്ധാന്തിക നിലപാടു പുലര്‍ത്തുന്നവര്‍ക്ക് ഒരു പരിധി വരെ യോജിക്കാന്‍ പറ്റും. ആരോഗ്യകരമായ സംവാദം മുന്നോട്ടു പോവുകയാണെങ്കില്‍ ഇന്നത്തെ കാലത്ത് വിയോജിപ്പിനേക്കാള്‍ യോജിപ്പിന്റെ മേഖലകള്‍ വിസ്തൃതമാണ്. സൈദ്ധാന്തികമായി സ്‌നേഹപൂര്‍ണമായ സംവാദം; പ്രായോഗികമായി സമരോത്സുകമായ ഐക്യം. ഈയൊരു കാഴ്ചപ്പാടാണ് ഇന്നത്തെ ചരിത്രഘട്ടത്തില്‍ അനിവാര്യമായും ഉണ്ടാകേണ്ടത്. അത് ഉണ്ടാക്കിത്തീര്‍ക്കാന്‍ ആവശ്യമായ രീതിയിലുള്ള സംവാദങ്ങള്‍ക്കും സൈദ്ധാന്തിക രൂപീകരണങ്ങള്‍ക്കുമാണ് മനുഷ്യപക്ഷത്തു നില്‍ക്കുന്ന ആളുകള്‍ നേതൃത്വം നല്‍കേണ്ടത്.
കെ.ഇ.എന്‍ 944648814
തയാറാക്കിയത്:
മുഹ്‌സിന്‍ പരാരി 9895358694
mparary@gmail.com

Comments

Other Post