Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

ഇന്‍ഫോവാര്‍ പ്രചാരണയുദ്ധത്തിന്റെ പോര്‍നിലങ്ങള്‍

ഡോ. യാസീന്‍ അശ്‌റഫ്‌

പത്രം വാങ്ങാന്‍ മലയാളികള്‍ പ്രതിവര്‍ഷം 441 കോടി രൂപ ചെലവാക്കുന്നു എന്നാണ് ഒരു ഏകദേശ കണക്ക്. ഇത് ശരിയാണെങ്കില്‍ മൊത്തം മലയാളികളുടെ ഒറ്റ ദിവസത്തെ പത്രച്ചെലവ് ഒരു കോടി ഇരുപതുലക്ഷം രൂപ. കേബ്ള്‍ ടി.വിക്ക് വരിസംഖ്യയായി ഒരു വര്‍ഷം ചെലവിടുന്നത് 500 കോടി രൂപ; പ്രതിദിനം ഒരു കോടി മുപ്പത്തേഴ് ലക്ഷം. ഓരോ ദിവസവും ഇരുപതോളം പത്രങ്ങളുടെ 40 ലക്ഷത്തോളം കോപ്പികള്‍ 60 ലക്ഷം കുടുംബങ്ങളിലെത്തുന്നു. അരക്കോടി വീടുകളില്‍ ടി.വി ഉണ്ട്- ഇതില്‍ 32 ലക്ഷം വീടുകളിലെങ്കിലും കേബിള്‍ കണക്ഷനുമുണ്ട്. പതിനേഴ് എഫ്.എം നിലയങ്ങള്‍. മൊബൈല്‍ ഫോണ്‍ (ഒരു വര്‍ഷത്തെ വിളിച്ചെലവ് രണ്ടായിരം കോടി രൂപ), എസ്.എം.എസ്, ബ്ലോഗുകള്‍, ട്വിറ്റര്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍. എല്ലാം കൊണ്ടും വിവരവിനിമയം നമ്മുടെ വലിയ വ്യവസായമായിരിക്കുന്നു. ഇങ്ങനെ വ്യാപകമായി വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങളും സാംസ്‌കാരിക ഉല്‍പന്നങ്ങളും നമ്മുടെ ജീവിതത്തെ ബാധിക്കാതിരിക്കുന്നതെങ്ങനെ? മലയാളി മാത്രമല്ല, ലോകം മുഴുവന്‍ ഒരു മാധ്യമശൃംഖലയില്‍ ഭാഗഭാക്കായിരിക്കുന്നു.
പത്തിരുപത് വര്‍ഷം കൊണ്ട് അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് മാധ്യമരംഗത്ത് വന്നിരിക്കുന്നത്. മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ഡിജിറ്റല്‍ സാങ്കേതികവിദ്യയോ ഇല്ലാതിരുന്ന കാലം വളരെ മുമ്പല്ല- ഇന്നത്തെ മുതിര്‍ന്ന തലമുറയുടെ തെളിഞ്ഞ ഓര്‍മകളില്‍ അക്കാലമുണ്ട്. പക്ഷേ, ഇത്തരം സങ്കേതങ്ങളുടെ വ്യാപനം കാരണം അക്കാലത്തെക്കുറിച്ചുള്ള സ്മരണപോലും ഏതോ പ്രാക്തന യുഗത്തെക്കുറിച്ച കൗതുകങ്ങളായി അനുഭവപ്പെടുന്നുവെന്നു മാത്രം. പുതുകാലത്തെ ഏറ്റവും വികസ്വര മണ്ഡലം മാധ്യമസങ്കേതങ്ങളുടേതുതന്നെ. മീഡിയാ മോര്‍ഫോസിസ് എന്ന ഗ്രന്ഥത്തില്‍ റോജര്‍ ഫിഡ്‌ലര്‍ ചൂണ്ടിക്കാണിച്ചപോലെ, ഈ രംഗത്ത് ഓരോ പുതിയ കണ്ടുപിടിത്തവും വമ്പിച്ച മാറ്റങ്ങള്‍ വരുത്തുക മാത്രമല്ല ചെയ്യുന്നത്. പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് വേണ്ടിവരുന്ന ഇടവേള ചുരുങ്ങുകയും മുന്നേറ്റങ്ങള്‍ അതിവേഗത്തിലാവുകയും ചെയ്യുന്നുണ്ട്. ആശയപ്രകാശനരീതിയെന്ന നിലക്ക് ഭാഷ രൂപപ്പെട്ടിട്ട് ഒരു ലക്ഷം വര്‍ഷമായി എന്നാണ് ഒരഭിപ്രായം. ലിഖിത ഭാഷ ഉണ്ടാവുന്നത് പതിനായിരം വര്‍ഷം മുമ്പ്. അച്ചടി, ഡിജിറ്റല്‍ ഭാഷ, പ്രക്ഷേപണം, മൈക്രോ ചിപ്പ്, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ കഴിഞ്ഞ ആയിരം വര്‍ഷത്തെ സംഭാവനകളാണ്; ഇതില്‍തന്നെ ഏറെയും കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ ഉണ്ടായത്. വാര്‍ത്താവിനിമയരംഗത്ത് ഇപ്പോള്‍ നടക്കുന്നതാകട്ടെ ആഴ്ചതോറും എന്ന തോതിലുള്ള പുതുപരീക്ഷണങ്ങളാണ്. ആല്‍വിന്‍ ടോഫ്‌ളര്‍ പറഞ്ഞ 'മൂന്നാം തരംഗ'ത്തില്‍നിന്ന് ഏറെ മുന്നോട്ടുപോയിട്ടുണ്ട് ലോകം. വാര്‍ത്താ പ്രചാരണത്തെ മാത്രമല്ല, സകല വ്യവഹാരങ്ങളെയും വഹിക്കുന്നത് വിവരവിനിമയമെന്ന സാര്‍വലൗകിക വാഹനമാണ്. tele trade, tele banking, tele work, tele services, teletraining, tele medicine, e-banking, e-services, e-governance തുടങ്ങിയ പദങ്ങള്‍ സൂചിപ്പിക്കുന്നത് അതാണല്ലോ. മൈക്രോ ഇലക്‌ട്രോണിക്‌സിന്റെ തേരിലേറിയ സാങ്കേതികവിദ്യയുടെ അഞ്ചാം തരംഗത്തെപ്പറ്റി ലിന്‍ഡാലോ എഴുതിയിട്ടുണ്ട്.
ഇത്തരം സാങ്കേതിക മുന്നേറ്റങ്ങള്‍ മനുഷ്യസമൂഹത്തിന് നല്‍കുന്ന ശക്തിയും അധികാരവും ചെറുതല്ല. സങ്കേതമിശ്രണം (convergence) വിദ്യാഭ്യാസം മുതല്‍ പബ്ലിക് റിലേഷന്‍സ് വരെയുള്ള മേഖലകളെ മാറ്റിമറിക്കുന്നു. മനുഷ്യവ്യവഹാര മേഖലകളുടെ മിശ്രണവും നടക്കുന്നുണ്ട്. നാലു 'സി'കള്‍ (Capital, Corporation, Consumer, Communi-cation), നാല് സമാന്തര 'ഐ'കള്‍ (Infrastructure, Investment, Individual choice, Information technology) എന്നിവയുടെ മേളനം നല്‍കുന്ന സൂചന വ്യക്തമാണ്: വിവരവിനിമയവും സമ്പദ്‌വിനിമയവും ഉല്‍പാദന-ഉപഭോഗങ്ങളും വേറിട്ട കാര്യങ്ങളല്ല. ഇന്ന് വിവരം കച്ചവടമാണ്; മാധ്യമങ്ങള്‍ വ്യവസായങ്ങളാണ്; മാധ്യമ സ്ഥാപനങ്ങളടക്കം നിക്ഷേപങ്ങളാണ്. ഇതിനു മുമ്പും പത്രനടത്തിപ്പിന് മുതലിറക്ക് വേണ്ടിവന്നിരുന്നില്ല എന്നല്ല. പക്ഷേ, മുമ്പ് പത്രപ്രവര്‍ത്തനം ഒരു ദൗത്യവും മുതലിറക്ക് അതിനാവശ്യമായ പിന്തുണയുമായിരുന്നു. തന്റെ പത്രാധിപരായ രാമകൃഷ്ണപിള്ളയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വിട്ട് നിക്ഷേപ പിന്തുണ നല്‍കി മാറിനിന്ന സ്വദേശാഭിമാനി ഉടമ വക്കം മൗലവിയുടെ മാതൃകയില്‍നിന്ന്, പത്രാധിപ തസ്തിക ഒഴിവാക്കി പകരം മാര്‍ക്കറ്റിംഗ് മാനേജരെ 'എഡിറ്റര്‍' തസ്തികയില്‍ വെച്ച് ടൈംസ് ഓഫ് ഇന്ത്യ മാതൃകയിലേക്കുള്ള വ്യതിയാനത്തെപ്പറ്റിയാണ് പറയുന്നത്.
മാധ്യമങ്ങളില്‍ സാങ്കേതിക മികവ് കൂടിവരുന്നു. ഇ-പത്രങ്ങളും ഇ-റീഡറുകളും വരുന്ന മുറക്ക് വാര്‍ത്തയുടെ ഉപഭോക്തൃസമൂഹവും അതിവേഗം രൂപപ്പെട്ടുവരുന്നുണ്ട്. പത്രവായനക്കാര്‍ അഞ്ചു കോടി തികയാന്‍ അനേകം പതിറ്റാണ്ടെടുത്തപ്പോള്‍ റേഡിയോ ശ്രോതാക്കളുടെ എണ്ണം അത്രയുമാകാന്‍ 38 വര്‍ഷമേ വേണ്ടിവന്നുള്ളൂ. ടി.വി പ്രേക്ഷകര്‍ 13 വര്‍ഷം കൊണ്ട് അരക്കോടിയായി. അത്രതന്നെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടാകാന്‍ നാലു വര്‍ഷമേ വേണ്ടിവന്നുള്ളൂ. 'ട്വിറ്റര്‍' എന്ന ഹ്രസ്വസന്ദേശ സൈറ്റ് ആ പരിധി ഒറ്റ വര്‍ഷം കൊണ്ട് കടന്നിരിക്കണം. 2006-ല്‍ തുടങ്ങിയ ഇതിന്റെ പ്രതിമാസ വളര്‍ച്ച 14 ഇരട്ടി എന്ന തോതിലത്രെ.
തമസ്‌കരണം
മാധ്യമരംഗത്തെ ഈ സാങ്കേതിക പുരോഗതിക്കൊപ്പം 'പ്രഫഷണലിസ'വും വളരുന്നുണ്ട്. 24 x 7 വാര്‍ത്തകള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. യുദ്ധം മുതല്‍ ഭീകരാക്രമണം വരെ തല്‍ക്ഷണം നമ്മുടെ മുറിയിലെത്തുന്നു. അതേസമയം വിശ്വാസ്യത എന്ന ആസ്തിയില്‍ വലിയ ചോര്‍ച്ചയാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് ഒരു വാര്‍ത്ത പത്രത്തിലെത്താന്‍ ആഴ്ചകളെടുത്തിരുന്നു. ഇന്നാകട്ടെ ദൃശ്യമാധ്യമങ്ങള്‍ക്ക് സെക്കന്റിന്റെ താമസം പോലുമില്ല. എന്നാല്‍ പഴയ അച്ചടി വാര്‍ത്തക്കുണ്ടായിരുന്ന വിശ്വാസ്യത ഇന്നത്തെ നേര്‍ക്കാഴ്ചകള്‍ക്കു പോലും ലഭിക്കുന്നില്ല. സാങ്കേതികമേന്മയിലും പ്രഫഷണലിസത്തിലും ഏറെ മുന്‍പന്തിയിലുള്ള പാശ്ചാത്യമാധ്യമങ്ങളാണ് വിശ്വാസ്യതത്തകര്‍ച്ചയും കൂടുതല്‍ നേരിടുന്നത്. ജനങ്ങള്‍ വിവരമറിയുന്നത് വല്ലാതെ ഭയക്കുന്ന പാശ്ചാത്യ -പൗരസ്ത്യ രാജഭരണങ്ങളുടെ പട്ടികയില്‍ ബ്രിട്ടന്‍ അടക്കമുണ്ട്.
ഇംഗ്ലീഷ് എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വെല്ലിന്റെ ആനിമല്‍ ഫാം എന്ന നോവല്‍ സോവിയറ്റ് യൂനിയനിലെ സമഗ്രാധിപത്യത്തെപ്പറ്റിയായിരുന്നു. ആ നിലക്ക് തന്നെ അതിന് വമ്പിച്ച പ്രചാരണമാണ് പടിഞ്ഞാറ് വിശേഷിച്ചും നല്‍കപ്പെട്ടത്. പക്ഷേ ഈ കൃതിക്ക് ഓര്‍വെല്‍ ഒരു അവതാരിക കൂടി എഴുതിയിരുന്നു. ഇംഗ്ലണ്ടില്‍ നിലനിന്നിരുന്ന സാഹിത്യ നിയന്ത്രണത്തെയും സെന്‍സര്‍ഷിപ്പിനെയും വിമര്‍ശിക്കുന്നതായിരുന്നു അത്. 1940-കളില്‍ എഴുതിയ ആ കുറിപ്പ് പ്രസിദ്ധപ്പെടുത്താന്‍ 30 വര്‍ഷമെടുത്തു. ബ്രിട്ടനില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെ കഠിനമായി ആക്ഷേപിക്കുന്ന ലേഖനമായിരുന്നു ജോണ്‍ മില്‍ട്ടന്റെ 'ആരിയോപാജിറ്റിക്ക'. അത് 17-ാം നൂറ്റാണ്ടില്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കഥയും വ്യത്യസ്തമല്ല. ബ്രിട്ടീഷ് നാടകകൃത്തായ ഹരോള്‍ഡ് പിന്ററിനായിരുന്നു 2007-ലെ സാഹിത്യ നോബല്‍. പുരസ്‌കാരം സ്വീകരിക്കെ പിന്റര്‍ ഉജ്ജ്വലമായ ഒരു പ്രസംഗം ചെയ്തു. യു.എസ് നേതൃത്വത്തില്‍ നടക്കുന്ന അധിനിവേശങ്ങളെയും വേട്ടകളെയും രൂക്ഷമായി ആക്ഷേപിക്കുന്നതായിരുന്നു അത്. പക്ഷേ, ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ബി.ബി.സി ആ പ്രസംഗത്തെ അവഗണിക്കുകയാണ് ചെയ്തത്.
1968 മാര്‍ച്ച് 16-നായിരുന്നു വിയറ്റ്‌നാമിലെ കുപ്രസിദ്ധമായ മീലയ് (MyLai) കൂട്ടക്കൊല. ഗ്രാമത്തിലെ 600-700 ആളുകളെ നിഷ്ഠുരമായി പീഡിപ്പിച്ച് വധിച്ചത് അമേരിക്കന്‍ ഭടന്മാര്‍. അന്നേദിവസം വിയറ്റ്‌നാമില്‍ 649 പാശ്ചാത്യ റിപ്പോര്‍ട്ടര്‍മാരുണ്ടായിരുന്നു. പക്ഷേ, ഒരൊറ്റ പത്രം പോലും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തില്ല. പില്‍ക്കാലത്ത് സീമുര്‍ ഹെര്‍ഷിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് ലൈഫ് മാഗസിനില്‍ വന്നപ്പോഴാണ് പുറംലോകം വിവരമറിയുന്നത്. രണ്ടാംലോകയുദ്ധത്തിനൊടുവില്‍ ജപ്പാനില്‍ അനാവശ്യമായി അണുബോംബുകളിട്ട അമേരിക്ക, അതിന്റെ ദാരുണമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരാതിരിക്കാന്‍ വിപുലമായ മുന്‍കരുതലുകളെടുത്തതും മാധ്യമങ്ങള്‍ നിയന്ത്രണങ്ങള്‍ അനുസരണയോടെ പാലിച്ചതും ഈയിടെയാണ് പുറത്തുവന്നത്.
സംഭവങ്ങളില്‍നിന്ന് വേണ്ടതു മാത്രം തെരഞ്ഞെടുക്കുന്ന (selectivity) മാധ്യമങ്ങളുടെ രീതി വാര്‍ത്താ പ്രസരണത്തിനു പിന്നിലെ താല്‍പര്യങ്ങളുടെ സൃഷ്ടിയാണ്. മാധ്യമനടത്തിപ്പ് വെറും കമ്പോള പ്രവര്‍ത്തനമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് (വായനക്കാര്‍ക്ക്/ശ്രോതാക്കള്‍ക്ക്/പ്രേക്ഷകര്‍ക്ക്) വേണ്ടുവോളം തെരഞ്ഞെടുപ്പു സ്വാതന്ത്ര്യം കിട്ടുമെന്നായിരുന്നു ഒരു വാദം. എന്നാല്‍ സംഭവിച്ചത് വേറെ രണ്ടു കാര്യങ്ങളാണ്. ഒന്നാമത്, മാധ്യമ നടത്തിപ്പു സ്ഥാപനങ്ങള്‍ പരസ്പരം ലയിച്ച് കുത്തകകളായി. ഇന്ന് ഏഴെട്ട് സ്ഥാപനങ്ങളാണ് വാര്‍ത്തകളില്‍ 95 ശതമാനവും നിര്‍മിക്കുന്നത്. വാര്‍ത്താ ഏജന്‍സികളിലും (എ.പി, റോയിട്ടേഴ്‌സ്) ഉണ്ട് കുത്തകകള്‍. ഇവയിലൂടെ കടന്നെത്തുന്ന വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ബഹുസ്വരത ഒട്ടുമില്ല. രണ്ടാമതായി, വാര്‍ത്തകള്‍ മറ്റു ഉറവിടങ്ങളില്‍നിന്ന് സ്വീകരിച്ച് ജനങ്ങള്‍ക്കെത്തിക്കുന്ന പത്രങ്ങളും ചാനലുകളും സ്വന്തമായിത്തന്നെ പലതും വളച്ചൊടിക്കുകയും മറച്ചുവെക്കുകയും ചെയ്യുന്നു.
മാധ്യമങ്ങളിലൂടെ തനികള്ളം പ്രചരിപ്പിച്ചാണ് ഇറാഖ് അധിനിവേശത്തിന് അമേരിക്ക രംഗമൊരുക്കിയത് എന്ന് ഇതിനകം തെളിഞ്ഞതാണല്ലോ. ഇതിന് വേറെയും അനുബന്ധമുണ്ട്. അവ കള്ളമായിരുന്നു എന്ന സത്യം ഇപ്പോഴും വേണ്ടവിധം ജനങ്ങളറിഞ്ഞിട്ടില്ല എന്നതാണത്. അേമരിക്കയില്‍ പിന്നീട് നടന്ന സാമ്പിള്‍ സര്‍വേകളില്‍ കണ്ടത്, ഇറാഖില്‍ കൂട്ടനശീകരണായുധങ്ങളും അല്‍ഖാഇദയും ഉണ്ടായിരുന്നു എന്ന നുണ ഭൂരിഭാഗം അമേരിക്കക്കാരും വിശ്വസിക്കുന്നു എന്നാണ്. അധിനിവേശതാല്‍പര്യങ്ങള്‍ അവയുടേതായ ന്യായങ്ങള്‍ ചമക്കും. അവ മാധ്യമങ്ങള്‍ ചുമക്കും.
കമ്പോളത്തിനുമുണ്ട് അതിന്റേതായ ന്യായങ്ങള്‍. വിവരമറിയിക്കുന്നതിന് ശമ്പളം പറ്റുന്നവരാണല്ലോ റിപ്പോര്‍ട്ടര്‍മാര്‍. എന്നാല്‍ വിവരം മൂടിവെക്കുന്നതിന് പ്രതിഫലം പറ്റുന്ന ചിലരെപ്പറ്റി ശുഭ്രാന്‍ശു ചൗധരി 2009 ഏപ്രിലില്‍ അനുഭവക്കുറിപ്പെഴുതിയിരുന്നു. ഛത്തീസ്ഗഢിലെ പത്രപ്രവര്‍ത്തകര്‍ പ്രതിമാസം 5000 രൂപ വീതം സമ്പാദിക്കുന്നത് 'സല്‍വാ ജൂദും' എന്ന നക്‌സല്‍ വിരുദ്ധ കൂലിപ്പടയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി എഴുതാതിരിക്കാനാണത്രെ. 'സല്‍വാജൂദും' നേതാവ് മഹേന്ദ്ര കാര്‍മയുടെ നിര്‍ദേശാനുസാരമാകണം, ഈ പത്രക്കാര്‍ക്ക് ഏതോ സ്രോതസ്സില്‍നിന്ന് വരുമാനം ലഭിച്ചുകൊണ്ടിരുന്നു. മറ്റൊരു ഗ്രാമത്തിലുമുണ്ട് പത്രക്കാര്‍ക്ക് 'മിണ്ടാക്കൂലി'-അത് എസ്സാര്‍ കമ്പനി വക. കമ്പനിയുടെ ജനദ്രോഹത്തെപ്പറ്റി റിപ്പോര്‍ട്ടെഴുതാതിരിക്കലും, ഒരു ഇന്റലിജന്‍സ് ഓഫീസര്‍ എസ്സാര്‍ കമ്പനിക്കു വേണ്ടി കെട്ടിച്ചമച്ചു വിട്ട റിപ്പോര്‍ട്ടുകള്‍ കൊടുത്തുകൊണ്ടിരിക്കലുമായിരുന്നു ലേഖകരുടെ തൊഴില്‍. തെരഞ്ഞെടുപ്പുവേളയില്‍ പണം വാങ്ങി വാര്‍ത്ത നിര്‍മിച്ചുകൊടുത്ത പത്രങ്ങള്‍ ആന്ധ്രാപ്രദേശില്‍ കുറേയുണ്ട്.
ഇന്റലിജന്‍സോ
ഇന്റലിജന്‍സില്ലായ്മയോ?
ഔദ്യോഗിക കേന്ദ്രങ്ങളും ഇന്റലിജന്‍സ് വൃത്തങ്ങളും നമ്മുടെ മാധ്യമങ്ങളില്‍ സ്ഥിരസാന്നിധ്യമാണ്. റിപ്പോര്‍ട്ടര്‍മാര്‍ അവരെ ഉപയോഗിക്കുന്നതോ അതോ അവര്‍ റിപ്പോര്‍ട്ടര്‍മാരെ ഉപയോഗിക്കുന്നതോ എന്ന് തിരിച്ചറിയാന്‍ വലിയ പ്രയാസമില്ല. റിപ്പോര്‍ട്ടര്‍മാര്‍ ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കേണ്ടിവരുന്നത് മാധ്യമങ്ങളുടെ വലിയ ദൗര്‍ബല്യങ്ങളിലൊന്നായി ചോംസ്‌കിയും ഹെര്‍മനും എണ്ണിയിട്ടുണ്ട്. ഇറാഖിലും മറ്റും പത്രലേഖകരെ 'എംബെഡ്' ചെയ്യുന്ന ശൈലി യു.എസ് വികസിപ്പിച്ചത്, ഔദ്യോഗിക പ്രചാരണം മാധ്യമങ്ങള്‍ വഴി നടത്താമെന്ന നേട്ടം കണ്ടുകൊണ്ടാണ്. 'എംബെഡഡ്' എന്ന് പറയാറില്ലെങ്കിലും ഇന്ത്യയില്‍ ജമ്മു-കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നടക്കുന്നത് അതാണ്. സംഭവങ്ങള്‍ പത്രങ്ങള്‍ നേരിട്ടന്വേഷിക്കാറില്ല- ഔദ്യോഗിക ഭാഷ്യം അപ്പടി കൊടുക്കാറേ ഉള്ളൂ. 'ഏറ്റുമുട്ടല്‍ മരണ'ങ്ങളില്‍ പലതും ആസൂത്രിത കൊലപാതകമാണെന്നറിഞ്ഞിട്ടും പത്രങ്ങള്‍ അത്തരം വാര്‍ത്തകള്‍ മടികൂടാതെ റിലേ ചെയ്യുന്നു. 'പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട' തീവ്രവാദികളെയും നക്‌സലുകളെയും പറ്റി അന്വേഷിക്കേണ്ട എന്ന് അവ തീരുമാനിച്ചിരിക്കുന്നു. അടുത്ത കാലത്ത് വിവാദമായ ഇശ്‌റത്ത് ജഹാന്‍- ജാവേദ് കൊല, ബട്‌ലാ ഹൗസ് 'ഏറ്റുമുട്ടല്‍' കൊല എന്നിവയെപ്പറ്റി സംശയമുന്നയിച്ചത് ബന്ധുക്കളും നാട്ടുകാരുമാണ്- മാധ്യമങ്ങള്‍ പിന്നീടേ വന്നുള്ളൂ.
ചെറുകിട, പ്രാദേശിക പത്രങ്ങള്‍ മാത്രമാണ് അന്ധമായി ഇങ്ങനെ അധികാരികളെ ആശ്രയിക്കുന്നത് എന്നും കരുതേണ്ട. വിശ്വാസ്യതയിലും പ്രഫഷണലിസത്തിലും മുന്നിലുള്ള ഹിന്ദു പത്രം പോലും കെട്ടുകഥകള്‍ റിപ്പോര്‍ട്ടുകളായി നല്‍കുന്നു. ഹിന്ദുവിലെ പ്രവീണ്‍ സ്വാമിയുടെ റിപ്പോര്‍ട്ടുകള്‍ ആ പത്രത്തിന്റെ വിശ്വാസ്യതയെ ഹനിക്കുന്ന തരത്തില്‍ പരിശോധനയോ സംശയമോ കൂടാതെ അധികൃത ഭാഷ്യം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ബട്‌ലാ ഹൗസ് 'ഏറ്റുമുട്ടലി'നെപ്പറ്റി അന്നാട്ടുകാര്‍ സംശയമുന്നയിച്ചപ്പോള്‍ പോലീസിനെ ന്യായീകരിച്ച് ഉടനെ രംഗത്തെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍. അത് അദ്ദേഹത്തിന്റെ ജോലി. പക്ഷേ, നാരായണന്റെ വാദം മറ്റൊരു അന്വേഷണവും കൂടാതെ ഏറ്റെടുത്ത് പ്രചാരണയജ്ഞത്തിന് പ്രവീണ്‍ സ്വാമി ചാടിയിറങ്ങാന്‍ ഒട്ടും താമസിച്ചില്ല. 'കണ്ട നിങ്ങളവിടെ മിണ്ടാതിരി, കേട്ട ഞാന്‍ പറയാം' എന്ന മട്ടിലായിരുന്നു സ്വാമി ബട്‌ലാ ഹൗസ് പരിസരവാസികളെ എതിരിട്ടത്. അപ്ടണ്‍ സിന്‍ക്ലയര്‍ പറഞ്ഞതത്രെ ശരി: ''ഒരു കാര്യം മനസ്സിലാകാതിരിക്കുന്നതിനെ ആശ്രയിച്ചാണ് ഒരാള്‍ക്ക് ശമ്പളം കിട്ടുന്നതെങ്കില്‍ പിന്നെ അയാള്‍ക്ക് അത് മനസ്സിലാവുകയേ ഇല്ല.''
ആഗോളതലത്തില്‍ മുസ്‌ലിംകളെ പ്രതിക്കൂട്ടിലാക്കാന്‍ പോന്ന തരത്തിലാണ് ജോര്‍ജ് ഡബ്ലിയു. ബുഷ് 'ഭീകരവിരുദ്ധ യുദ്ധ'മെന്ന പേരില്‍ ആധുനിക കുരിശുയുദ്ധം തുടങ്ങിയത്. മാധ്യമങ്ങളിലൂടെ പ്രചാരണം, തുടര്‍ന്ന് സാക്ഷാല്‍ കടന്നാക്രമണം എന്നതാണ് ശൈലി. ഇന്ത്യയിലും ഇതിന്റെ തുടര്‍ച്ചകള്‍ ഉണ്ടാകുന്നു. ഇവിടെ ഔദ്യോഗിക ഭാഷ്യം ഏറ്റെടുക്കുക വഴി ഭരണകൂട ഭീകരതയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുക കൂടിയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ഇത് ജനായത്തത്തെത്തന്നെ തകര്‍ക്കും. ഇശ്‌റത്ത് ജഹാന്‍ അടക്കമുള്ളവരുടെ മരണം കൊലപാതകമായിരുന്നെന്ന് ദല്‍ഹി മജിസ്‌ട്രേറ്റ് തമംഗ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഹിന്ദു, ഫ്രണ്ട്‌ലൈന്‍ എന്നിവയില്‍ ഈ കൊലപാതകങ്ങളുടെ വിശദവിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ കൊലനടന്ന 2004-ല്‍ ഹിന്ദുവില്‍ പ്രവീണ്‍ സ്വാമി എഴുതിയ റിപ്പോര്‍ട്ടുകള്‍ ഒന്നുകൂടി വായിച്ചുനോക്കുന്നത് നന്ന്. ഹിന്ദുവിന്റെ ഭീകരതാവിദഗ്ധന്റെ വിശ്വാസ്യത ഉള്ളിത്തൊലി പോലെ അടര്‍ന്നുപോരും. അത്ഭുതം അതല്ല-ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാനദണ്ഡങ്ങള്‍ പാലിക്കാത്തവയായിട്ടു പോലും ഹിന്ദു പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്തിന്? എന്തുകൊണ്ട്?
മാധ്യമങ്ങളിലെ ഇസ്‌ലാംവിരുദ്ധതയും പ്രചാരണയജ്ഞങ്ങളും വലിയൊരു സാംസ്‌കാരിക അധിനിവേശത്തിന് നിലമൊരുക്കുന്നു. ഒരു ഏക സംസ്‌കാരത്തിലേക്കാണ് മാധ്യമലോകം ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ സംസ്‌കാരത്തിന് പടിഞ്ഞാറന്‍ ക്രൈസ്തവതയുടെ താങ്ങുണ്ടെങ്കിലും അടിസ്ഥാനപരമായി അത് കമ്പോള നിയന്ത്രിതമാണ്. വല്ലാത്തൊരു അരാഷ്ട്രീയത, നിസ്സാരവത്കരണം (trivialisation, murdochisation) മാധ്യമങ്ങളെ ആവേശിക്കുന്നു. വാര്‍ത്തകള്‍ക്ക് രാഷ്ട്രീയമില്ലാതാകുന്നു- അവ വിനോദം മാത്രം. 'നിങ്ങളാവശ്യപ്പെട്ട വാര്‍ത്തകള്‍' ഒരു ചാനലിന്റെ സ്ഥിരം പംക്തിയാണ്. എല്ലാ വാര്‍ത്തകളും 'ബ്രേക്കിംഗ് ന്യൂസ്' ആവുകയും എല്ലാം വന്‍ വിശേഷമാവുകയും ചെയ്യുമ്പോള്‍ ഒന്നും പ്രത്യേകിച്ച് പ്രധാനമാകാതിരിക്കുക കൂടിയാണ് ചെയ്യുന്നത്. കഴിഞ്ഞ മാസം കണ്ട ഒരു തലക്കെട്ട് 'ഐശ്വര്യയും അഭിഷേകും നോക്കിനില്‍ക്കെ ആന പാപ്പാനെ ചവിട്ടിക്കൊന്നു' എന്നായിരുന്നു. ആനയുടെ ചവിട്ടേറ്റ് ഒരു മനുഷ്യന്‍ മരിച്ചതോ, അത് സിനിമാതാരങ്ങള്‍ നേരിട്ട് കണ്ടതോ വാര്‍ത്ത? രണ്ടും തുല്യ പ്രാധാന്യത്തോടെ കാണാന്‍ കഴിയുന്ന ഈ അരാഷ്ട്രീയത സമൂഹത്തെയും സംസ്‌കാരത്തെയും ചവിട്ടിയരക്കാന്‍ പോന്ന മദയാനയാണ്. ഇവിടെ സുന്ദരിച്ചന്തകള്‍ വാര്‍ത്തയാകും; കര്‍ഷക ആത്മഹത്യ തമസ്‌കരിക്കപ്പെടും. സെന്‍സെക്‌സ് പൊന്തിയാല്‍ പോസ്റ്റര്‍ തലക്കെട്ടാവും; പോലീസ് ഏറ്റുമുട്ടല്‍ കൊലകള്‍ വെറും 'ഫില്ലര്‍ വാര്‍ത്ത'യാവും. വ്യാപിച്ചുവരുന്ന അനുവദനീയതയും സാംസ്‌കാരിക അരാജകത്വവും ലിബറലിസമെന്ന പേരില്‍ ആഘോഷിക്കപ്പെടും; രഹസ്യ തടവറകളില്‍ പീഡിപ്പിക്കപ്പെടുന്നവരും വ്യാജാരോപണങ്ങളാല്‍ വേട്ടയാടപ്പെടുന്നവരും വാര്‍ത്തയല്ലാതാവും. സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടല്‍ നടക്കുന്നത് വിവരവിനിമയ രംഗത്താണ്. ഹിംസയുടേതായ ആസുരത സംസ്‌കാര നന്മകളെയും ബഹുസ്വരതയെയും നശിപ്പിക്കാനിറങ്ങിയിരിക്കുന്നു.
വാര്‍പ്പു മാതൃകകള്‍
സത്യത്തിന്റേതല്ലാത്ത, വ്യാജനിര്‍മിതികളുടേതായ കൃത്രിമ സംസ്‌കൃതി ശക്തിപ്പെട്ടുവരുന്നുണ്ടിന്ന്. മാധ്യമങ്ങളില്‍ എന്തെല്ലാം വരണമെന്ന് തീരുമാനിക്കപ്പെടുന്നത് അപ്രഖ്യാപിതമായ ചില മാനങ്ങളുടെ അടിത്തറയിലാണ്. വാര്‍ത്തയെന്ത്, സ്വാതന്ത്ര്യമെന്ത്, സൗന്ദര്യമെന്ത്, ആരോഗ്യവും പുരോഗതിയും സംസ്‌കാരവുമെന്ത് എന്നെല്ലാം ഏതാനും ചിലര്‍ നിര്‍ണയിച്ചുകഴിഞ്ഞിരിക്കുന്നു. ഈ ഗ്രീന്‍ ചാനലിലൂടെയാണ് രാഷ്ട്രാന്തരീയ കരാറുകള്‍ മുതല്‍ അശ്ലീലങ്ങള്‍ വരെ ഇരച്ചുകയറുന്നത്. പ്രകടമായ ഉദാഹരണമെടുത്താല്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ മുതലാളിമാരുടെ കൂട്ടത്തില്‍ ആയുധനിര്‍മാതാക്കളും യുദ്ധവ്യവസായികളുമുണ്ട്. ആ സ്ഥാപനങ്ങള്‍ക്ക് വന്‍കിട മാധ്യമങ്ങളില്‍ ഓഹരിയുണ്ട്. യു.എസ് ആയുധക്കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും എ.പി വാര്‍ത്താ എജന്‍സിയുടെയും നടത്തിപ്പുകാര്‍. ഹാലിബര്‍ട്ടന്റേതാണ് ഡിസ്‌നിയും എ.ബി.സിയും. ന്യൂയോര്‍ക്ക് ടൈംസ് കാര്‍ലൈല്‍ ഗ്രൂപ്പിന്റെ പിടിയിലാണ്. മാധ്യമപ്രവര്‍ത്തനമെന്നതിന് പഴയ അര്‍ഥമല്ല ഇന്ന്. സിനിമയും കാര്‍ട്ടൂണും മാത്രമല്ല, സീഡിയും ബ്ലൂഫിലിമുമെല്ലാം ഈ വ്യവസായത്തിന്റെ പരിധിയില്‍ വരും. യുദ്ധവ്യവസായവും മാധ്യമവ്യവസായവും മാത്രമല്ല കൂടിച്ചേരുന്നത്. അധികാരവും കൂടെയുണ്ട്. യു.എസ് ഭരണകൂടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ പലരും വിവിധ കാലങ്ങളില്‍ ഈ വ്യവസായങ്ങളുടെ പങ്കുകാരാണ്.
ഭാഷക്കുമേല്‍ മാധ്യമങ്ങള്‍ അറിഞ്ഞും അല്ലാതെയും നടത്തുന്ന ഏകസംസ്‌കാര കൈയേറ്റം പ്രത്യക്ഷമായും ഇസ്‌ലാമിനെയാണ് ഉന്നമിട്ടിട്ടുള്ളത്. ഇസ്‌ലാമിലെ പദങ്ങള്‍ ശകാരവാക്കുകളായി മാറിക്കൊണ്ടിരിക്കുന്നു. 'ലൗ ജിഹാദ്' എന്ന അശ്ലീലത്തിന് മാധ്യമങ്ങളുടെ മാത്രമല്ല കോടതിയുടെയും ഒപ്പ് വീണുകഴിഞ്ഞു. അതേസമയം മറുവശത്ത് അധിനിവേശത്തെ വെള്ളപൂശുന്ന ശൈലികളും വികസിപ്പിക്കപ്പെടുന്നു. യുദ്ധവേളയില്‍ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുന്നതാണ് 'കോലാറ്ററല്‍ ഡാമേജ്'. ഒരു നിയമത്തെയും വകവെക്കാതെ കടന്നാക്രമണം നടത്തുന്നത്, പ്രീ എംറ്റിവ് സ്‌ട്രൈക്'. ഇസ്രയേല്‍ ഫലസ്ത്വീനികളെ വിഭജിക്കാന്‍ നിര്‍മിക്കുന്ന നിയമവിരുദ്ധ മതില്‍ 'സെക്യൂരിറ്റി ഭിത്തി' മാത്രം. ഇത്തരം പദപ്രയോഗങ്ങളും ബിംബങ്ങളും നിരന്തരം സ്വന്തം മനസ്സിലേക്ക് കടത്തിവിടാന്‍ നിര്‍ബന്ധിതരാവുന്ന മാധ്യമ ഉപഭോക്താക്കള്‍ അക്കാരണത്താല്‍ മാധ്യമങ്ങളുടെ ഇരകളുമാണ്. അവര്‍ ഉപഭോക്താക്കള്‍ മാത്രമല്ല താനും. ഡെഡ്‌ലി പെര്‍സ്വേഷന്‍ എന്ന കൃതിയില്‍ ജീന്‍കില്‍ബേണ്‍ എഴുതിയ പോലെ, വന്‍കിട കമ്പനികള്‍ക്കും അധികൃതര്‍ക്കുമൊക്കെ വില്‍ക്കപ്പെടാനുള്ള വെറും ചരക്ക്, അവര്‍ക്ക് ചൂഷണം ചെയ്യാനുള്ള വെറും കമ്പോളം ആണ് വായനക്കാരും പ്രേക്ഷകരുമെല്ലാം.
വായനക്കാരുടെ, സാധാരണക്കാരുടെ, വര്‍ഗ-ജാതികള്‍ക്കതീതമായി മനുഷ്യന്റെ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഒരു മാധ്യമ സംസ്‌കാരം സാധ്യമാണോ? ഇന്നത്തെ മാധ്യമ സമ്പ്രദായങ്ങളുടെ ഇരകളാക്കപ്പെടുന്നവര്‍ ഗൗരവത്തോടെ ചോദിക്കേണ്ട ചോദ്യമാണിത്. വെറുതെ ചോദിച്ചാല്‍ പോര താനും. കാരണം ഇത് അതിജീവനത്തിന്റെ തന്നെ പ്രശ്‌നമാണ്. ഒരു പ്രചാരണയുദ്ധത്തിന്റെ- ഇന്‍ഫോ വാര്‍- നടുക്കാണ് ലോകം. തോറ്റുകൊടുത്തുകൂടാ.
yaseenashraf@gmail.com

Comments

Other Post