Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

ഹിന്ദുത്വം ഗോസിപ്പുകള്‍ രചിക്കുന്നു

സുനില്‍ പി. ഇളയിടം / സമദ് കുന്നക്കാവ്‌

സജീവമായ ഉത്തരാധുനിക ചര്‍ച്ചകളിലെ വേറിട്ട ശബ്ദമാണ് ഡോ. സുനില്‍ പി. ഇളടിയത്തിന്റേത്. ചരിത്രം, ആധുനികത, ദേശീയത, മുസ്‌ലിം അപരവത്കരണം, സ്വത്വരാഷ്ട്രീയം മുതലായ പോസ്റ്റ് കൊളോണിയല്‍ പഠനങ്ങളില്‍ തനതായ ശൈലിയും വ്യതിരിക്തമായ വിശകലനരീതിയും അദ്ദേഹത്തിനുണ്ട്. നിലവിലുള്ള മുസ്‌ലിം അന്യവത്കരണത്തില്‍ ചരിത്രത്തിനും ചരിത്ര പാഠരൂപങ്ങള്‍ക്കുമുള്ള നാഭീനാള ബന്ധമാണ് അദ്ദേഹത്തിന്റെ പഠനങ്ങളുടെ കേന്ദ്ര ബിന്ദു. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ മലയാള വിഭാഗം അധ്യാപകനായ സുനില്‍ പി. ഇളയിടവുമായി നടത്തിയ സംഭാഷണത്തിലൂടെ...

ആര്യേതരമായ അതിപ്രാചീന സംസ്‌കാരവും വൈദിക സംസ്‌കാരവും തമ്മിലുണ്ടായ കൂടിച്ചേരലിലൂടെയാണല്ലോ ഇന്ത്യന്‍ സംസ്‌കാരം വളര്‍ന്നു വികാസം പ്രാപിച്ചത്. അതിന് ഹിന്ദുക്കള്‍ മാത്രമല്ല, മുസ്‌ലിംകളും ക്രിസ്ത്യാനികളും പാര്‍സികളും എല്ലാം അവരുടേതായ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ദേശീയത ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇസ്‌ലാം എന്നെഴുതുന്നത് തെറ്റാകുന്നതുപോലെ ഹിന്ദുത്വം എന്നെഴുതുന്നതും തെറ്റാകേണ്ടതാണ്. എന്നാല്‍ ഇന്ന് പ്രയോഗതലത്തില്‍ ദേശീയത=ഹിന്ദുത്വം എന്ന് വ്യവഹരിക്കപ്പെടുക മാത്രമല്ല മുസ്‌ലിംകള്‍ ദേശീയതയില്‍നിന്ന് അപരവത്കരിക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ ദേശീയതയെക്കുറിച്ചുള്ള എല്ലാ ആലോചനകളുടെയും അടിയില്‍ ഇതൊരു യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നില്ലേ?
ദേശത്തിന് സ്വതവേയുള്ള ഒരു ഭാവമല്ല ദേശീയത. അത് ആധുനികതയുടെ ഉല്‍പന്നമാണ്. ആധുനികത വിവിധ ഘടകങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായതാണെന്ന് നമുക്കറിയാം. മുതലാളിത്ത ഉല്‍പാദനവും വ്യവസായവത്കരണവും ശാസ്ത്രബോധവും അച്ചടിയും വ്യക്തിഗത പൗരത്വവും ദേശരാഷ്ട്രവും ഇങ്ങനെ ഒരുപാട് ഘടകങ്ങള്‍ കൂടിക്കലരുമ്പോഴുണ്ടാകുന്ന ഒരു പുതിയ ചരിത്രസന്ദര്‍ഭവും അതിന്റെ അവബോധവുമൊക്കെയാണ് ആധുനികത. ഈ ആധുനിക സന്ദര്‍ഭത്തിലാണ് 'ദേശ രാഷ്ട്രം' (nation state) വരുന്നത്. ആ ദേശരാഷ്ട്രത്തിലെ മനുഷ്യരെ ആകെ കൂട്ടിയിണക്കുന്ന ഒരു സാംസ്‌കാരിക അവബോധം, സ്വത്വപരമായ ധാരണ എന്നൊക്കെയുള്ള നിലയിലാണ് ദേശീയത നിലവില്‍ വരുന്നത്. അപ്പോള്‍ ദേശീയത ദേശത്തില്‍ സ്വതവേയുള്ളതല്ല. മറിച്ച് ആധുനികമാണ്. ഇത് ആദ്യമേ തന്നെ പറയേണ്ടതുണ്ട്. കാരണം, അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഭാരതീയ ദേശീയത എന്നൊക്കെയുള്ള വലിയ വാചകങ്ങള്‍ പറയുന്ന സമയത്ത് അതിന്റെ ചരിത്രപരമായ ഉള്ളടക്കം മുഴുവന്‍ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ഈ ദേശീയത നിലവില്‍വന്നതില്‍ ഏറ്റവും ചുരുങ്ങിയത് മൂന്ന് ഘടകങ്ങള്‍ പങ്കുചേരുന്നുണ്ട്: ഒന്ന്, കൊളോണിയല്‍ ഭരണകൂടം. ഗവണ്‍മെന്റിന്റെ ഭരണപരമായ ഉപകരണങ്ങള്‍. അത് ഒരുതരത്തില്‍ ഒരു രാഷ്ട്ര രൂപത്തെ ഉണ്ടാക്കും. ഉദാഹരണത്തിന് കമ്പിത്തപാല്‍ വരുന്നു. അല്ലെങ്കില്‍ റെയില്‍വെ വരുന്നു. ഈ സമയത്ത് ദേശത്തിനകത്ത് അയക്കുന്ന കത്തും ദേശത്തിന് പുറത്ത് അയക്കാവുന്ന കത്തുമുണ്ടാകും. ബര്‍മക്ക് കത്ത് അയക്കുമ്പോള്‍, അല്ലെങ്കില്‍ ട്രെയിനില്‍ യാത്ര പോകുമ്പോള്‍ വിദേശത്തേക്കാണ് പോകുന്നത്. എന്നാല്‍ ആസാമിലേക്ക് കത്ത് അയക്കുമ്പോള്‍, യാത്ര ചെയ്യുമ്പോള്‍ സ്വദേശത്തേക്കാണ് ഇങ്ങനെ മനസ്സിലാക്കുന്നതിന് ഈ സംവിധാനം ഒരു കാരണമാകും. ഇത് കൊളോണിയല്‍ ഭരണകൂടം അതിര്‍ത്തി വഴി ഉണ്ടാക്കുന്ന സങ്കല്‍പമാണ്. ഇങ്ങനെ കമ്പിത്തപാല്‍, റെയില്‍വെ, ഗതാഗത സൗകര്യങ്ങള്‍ എന്നീ ഭരണപരമായ വിനിമയം വഴി ഒരു രാഷ്ട്രരൂപം പതുക്കെ പതുക്കെ നിലവില്‍വരും. എന്നാല്‍ അങ്ങനെ ഒരു രാഷ്ട്രരൂപം നിലവില്‍ വരുന്നതുകൊണ്ട് അവിടെ പാര്‍ക്കുന്ന ആളുകള്‍ക്ക് ദേശീയബോധമൊന്നും ഉണ്ടാവുകയില്ല. അത് ഉപകരണപരമായ തലത്തില്‍ മാത്രമേ നില്‍ക്കുകയുള്ളൂ. ഇന്ത്യന്‍ ദേശീയതയുടെ നിര്‍മാണത്തില്‍ രണ്ടാമത് പങ്ക് വഹിച്ചത് സാംസ്‌കാരിക മൂലധനമാണ്. മുഴുവന്‍ ആളുകളെയും കൂട്ടിയിണക്കാവുന്ന ഏതെങ്കിലും ഒരു കള്‍ച്ചറല്‍ ഐഡിയോളജിയാണ്. വാസ്തവത്തില്‍ ഒരു സമൂഹത്തിനും അങ്ങനെ നൂറുശതമാനം ആളുകളെയും കൂട്ടിയിണക്കാവുന്ന ഒരു സാംസ്‌കാരിക മൂലധനമുണ്ടാവില്ല. ഏതെങ്കിലും ഒന്ന് ദേശത്തിന്റെ പൊതുമൂലധനമായിട്ട് ഉയര്‍ന്നുവരികയാണ് ചെയ്യുക. ഇന്ത്യയില്‍ പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ ആധുനിക ദേശീയതയുടെ സാംസ്‌കാരിക മൂലധനം എന്ന നിലയില്‍ Appropriate ചെയ്യപ്പെട്ടത് വൈദിക ബ്രാഹ്മണ മൂല്യങ്ങളാണ്. ദേശീയതയെ നിര്‍വചിക്കുന്നതിനകത്ത് ദേശീയതയുടെ ഒരാത്മവ് ഹൈന്ദവമാണ് എന്ന യുക്തി രൂപപ്പെടുന്നതിന് ഇതു കാരണമായി.
'സാംസ്‌കാരിക വൈവിധ്യങ്ങളുടെ കേദാരം' എന്നത് എക്കാലത്തും ഇന്ത്യക്ക് പതിച്ചുകിട്ടിയ വിശേഷണമാണല്ലോ. ആധുനിക ദേശീയതയുടെ രംഗപ്രവേശത്തില്‍ ഇത്തരം സാംസ്‌കാരിക ബഹുത്വങ്ങളുടെ സാന്നിധ്യം ഇവിടെയുണ്ട്. ബ്രാഹ്മണിക മൂല്യങ്ങളോട് തുലനം ചെയ്യാവുന്ന തരത്തില്‍ പ്രബലമായിട്ടും പക്ഷേ, എന്തുകൊണ്ട് അവ തമസ്‌കരിക്കപ്പട്ടു?
ബ്രാഹ്മണികതയോട് ഏറ്റുനില്‍ക്കാനും എതിരിടാനും കെല്‍പുണ്ടായിരുന്ന, അത്രതന്നെ വിപുലമായ കലയുടെയും സാഹിത്യത്തിന്റെയും ചിന്തയുടെയും പാരമ്പര്യമുള്ള ഒന്നായിരുന്നു ബുദ്ധമതം. ഈ ബൗദ്ധ പാരമ്പര്യത്തെ നമുക്ക് ഇന്ത്യന്‍ ദേശീയതയുടെ സാംസ്‌കാരിക മൂലധനമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നമ്മുടെ ദേശീയ പൗരത്വത്തിന്റെയും ദേശീയ സ്വത്വബോധത്തിന്റെയും ഉള്ളടക്കം തീര്‍ത്തും വ്യത്യസ്തമായേനെ. കാരണം, ബുദ്ധമതം ഒന്നാമതായി ഏറ്റവും കീഴ്ത്തട്ടില്‍ വരെ വേരോടി പടര്‍ന്നതാണ്. രണ്ട്, അത് ജാതിവിരുദ്ധമായിരുന്നു. മൂന്നാമത്, പൗരോഹിത്യമൊക്കെ പില്‍ക്കാലത്ത് പിടിമുറുക്കിയെങ്കിലും അനാത്മമായ ഒരു സങ്കല്‍പമാണത്. അതുകൊണ്ട് ദൈവം, പുരോഹിതന്‍, ആത്മാവ് തുടങ്ങിയ വ്യവഹാരങ്ങളെയും അതില്‍നിന്ന് രൂപപ്പെട്ടു വന്ന ആശയാവലികളെയും വെല്ലുവിളിക്കാന്‍ പോന്ന ഒരു അടിത്തറ അതിനുണ്ടായിരുന്നു. പിന്നെ, ജാതിവിമര്‍ശനത്തിന് ഇന്ത്യ നല്‍കിയ എക്കാലത്തെയും വലിയ സംഭാവന ബുദ്ധമതമാണ്, അല്ലെങ്കില്‍ ബുദ്ധമതത്തിന്റെ സാധ്യതകളാണ്. അത് കീഴ്ത്തട്ടിലേക്ക് പല നിലക്കും അരിച്ചിറങ്ങി. കീഴ്ത്തട്ടിലെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. കരുമാടിക്കുട്ടന്‍, ശാസ്താവ് മുതലായ ദേവതാ സങ്കല്‍പങ്ങള്‍, പള്ളിക്കൂടം എന്ന ഒരാശയം പോലും ബുദ്ധമതത്തില്‍നിന്ന് രൂപപ്പെട്ടതാണ്. അങ്ങനെ വളരെ ബഹുജനാടിത്തറയുള്ള, ജനകീയമെന്ന് വിളിക്കാവുന്ന ജീവിതക്രമമുള്ള, ജാതിവിരുദ്ധമായ അതേസമയം ഉന്നതമായ ചിന്തയുടെയും കലയുടെയും പാരമ്പര്യമുള്ള ഒരു എതിര്‍ധാരയും ബദലുമായിരുന്നു ബുദ്ധമതം. പക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടില്‍ ബുദ്ധമതം ഒരു സജീവ ശക്തിയല്ല. അതുകൊണ്ട് വളരെ ബോധപൂര്‍വം നിങ്ങള്‍ ഏറ്റെടുത്താല്‍ മാത്രം വരുന്ന ഒന്നാണത്. സ്വാഭാവികമായും ഏറ്റെടുക്കാന്‍ പാകത്തില്‍ ബുദ്ധമതം അന്ന് നിലവിലില്ല. അതൊരു പ്രശ്‌നമാണ്. ബ്രാഹ്മണികതയെ സംബന്ധിച്ചേടത്തോളം അതല്ല. ആ പാരമ്പര്യം നിലനില്‍ക്കുകയാണ്. അതുകൊണ്ട് നിലനില്‍ക്കുന്ന പാരമ്പര്യത്തോട് സംവദിക്കുന്നത് പോലെയല്ല ഭൂതകാലത്തില്‍നിന്ന് ഒരു പാരമ്പര്യത്തെ കണ്ടെത്തുന്നത്. അങ്ങനെ കണ്ടെത്തി സാധിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഈ ആവശ്യം അവസാനം തിരിച്ചറിഞ്ഞത് അംബേദ്കറാണ്. അദ്ദേഹം ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനം ഒരു രാഷ്ട്രീയ പ്രയോഗമാക്കി മാറ്റാന്‍ ശ്രമിക്കുന്നതൊക്കെ അങ്ങനെയാണ്. പക്ഷേ അത് വിജയിച്ചില്ല. വിജയിച്ചില്ല എന്നു ഞാന്‍ പറയുന്നത് അത് Symbolic value എന്നതിനപ്പുറം മറ്റു തരത്തില്‍ പ്രായോഗിക ഫലങ്ങള്‍ ഉണ്ടാക്കിയില്ല. ബ്രാഹ്മണികതയുടെ സാംസ്‌കാരിക മൂലധനം ഒരര്‍ഥത്തില്‍ ഫങ്ഷണല്‍ ആയിരുന്നു. കാരണം ആര്‍ഷഭാരതം, ഭാരതീയത എന്ന് സങ്കല്‍പിക്കാനും വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും രാമായണം, മഹാഭാരതം തുടങ്ങിയ മൂല്യങ്ങളും വൈദികമായ ആചാരങ്ങളുടെ തുടര്‍ച്ചയും ഒക്കെ കൊണ്ട് മേല്‍തട്ടില്‍ ഒരു ഏകോപനം സങ്കല്‍പിക്കാന്‍ കഴിയുമായിരുന്നു. യജ്ഞ സങ്കല്‍പമെടുത്താല്‍ ഒരുപക്ഷേ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ആ പാരമ്പര്യം കിട്ടും. വൈദികമായ ദേവതാ സങ്കല്‍പമെടുത്താല്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബ്രാഹ്മണജീവിതത്തിന്റെ മേല്‍തട്ടില്‍ നിലനില്‍ക്കുന്നതാണത്. അങ്ങനെയൊരു ദൈവത്തെ ഒരുപക്ഷേ കീഴ്തട്ടില്‍ നമുക്ക് കിട്ടില്ല. നാരായണഗുരു പ്രാകൃത ദൈവങ്ങളെ മാറ്റി നാസ്തിക ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നതില്‍ ചെയ്യുന്നതും ഒരര്‍ഥത്തില്‍ ഇതാണ്. ഇപ്പോള്‍ ചാത്തന്‍, ചുടലമാടന്‍, ചാമുണ്ഡി, മറുത, മാടന്‍ തുടങ്ങിയ ദൈവങ്ങളെല്ലാം വളരെ ലോക്കലാണ്. അത്തരം ദൈവങ്ങള്‍ക്ക് നാടുവാഴിത്തത്തിന് അകത്ത് നിലനില്‍ക്കാന്‍ പറ്റുമെങ്കിലും ആധുനിക ദേശീയസമൂഹങ്ങള്‍ രൂപപ്പെടുമ്പോള്‍ ഒരു നിര്‍ണായകസ്ഥാനം വരില്ല. കാരണം ഒരു ദേശീയോദ്ഗ്രഥനം (National Integration) അവിടെയും ആവശ്യമായി വരും. ദൈവങ്ങളെ ഇന്‍ഡഗ്രേറ്റ് ചെയ്യേണ്ടിവരും. അങ്ങനെ ഒരു ലോജിക്ക് ഇതിനകത്തുണ്ട്. അതില്ലായെന്ന് നമ്മള്‍ നിഷേധിച്ചിട്ട് കാര്യമില്ല. അത് ഫങ്ഷണല്‍ ആയി രൂപപ്പെട്ട് വരുന്നതാണ്. പക്ഷേ, ഏത് ഫങ്ഷണല്‍ ആസ്‌പെക്ടിനും ഒരു കൗണ്ടര്‍ ആസ്‌പെക്ട് ഉണ്ട്. അതാണ് ഇതിനകത്തുള്ള പ്രശ്‌നം.
ദേശീയതയുടെ നിര്‍മാണത്തിലെ മൂന്നാമത്തെ പ്രധാനപ്പെട്ട ഘടകം സാമ്രാജ്യത്വവിരുദ്ധ സമരമാണ്. മണിപ്പൂര്‍കാരനെയും മലയാളിയെയും ദേശീയമായി ഐക്യപ്പെടുത്തുന്നതെന്താണ് എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. സംസ്‌കാരമില്ല, ഭാഷയില്ല, മതമില്ല, ഭക്ഷണ ശീലമില്ല, നരവംശം പോലുമില്ല. പിന്നെയെങ്ങനെ ഐക്യപ്പെടുന്നു എന്നു ചോദിച്ചാല്‍ ബ്രിട്ടീഷ് വിരുദ്ധ സമരമാണ്. ഈ ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ആധുനികമായ ഒരു മൂല്യബോധവുമായി കൂട്ടിയിണക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അഥവാ ഞാന്‍ നേരത്തെ പറഞ്ഞ ബൗദ്ധമായ സാംസ്‌കാരിക മൂലധനം സ്വാംശീകരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇന്ത്യന്‍ ദേശീയതയുടെയും പൗരത്വത്തിന്റെയും കഥ ഒന്നു വേറെയാകുമായിരുന്നു. പക്ഷേ സാമ്രാജ്യത്വവിരുദ്ധ സമരത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ട സാംസ്‌കാരിക മൂല്യബോധം പൊതുവെ പറഞ്ഞാല്‍ ബ്രാഹ്മണിസത്തിന്റേതാണ്. അതുകൊണ്ട് പൗരത്വം എന്ന് പറയുന്നത് പൊതുവെ ഹൈന്ദവമായി നിര്‍വചിക്കാവുന്ന ഒന്നായി മാറിത്തീരുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് 'ദേശീയ മുസ്‌ലിം' എന്ന ഒരു സങ്കല്‍പം ഉണ്ടാവുകയും 'ദേശീയ ഹിന്ദു' ആവശ്യമില്ലാതായിത്തീരുകയും ചെയ്തത്. നമ്മുടെ ദേശീയതയുടെ മതാത്മക ഉള്ളടക്കത്തെ വെളിപ്പെടുത്തുന്ന പുകഴ്‌പെറ്റ പദങ്ങളിലൊന്നാണല്ലോ ദേശീയ മുസ്‌ലിം എന്നത്. അതായത് ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാനോ അബുല്‍ കലാം ആസാദോ അബ്ദുര്‍റഹ്മാന്‍ സാഹിബോ ദേശീയ മുസ്‌ലിമായി പരിഗണിക്കപ്പെടുന്നതുപോലെ മഹാത്മാ ഗാന്ധിയോ സര്‍ദാര്‍ പട്ടേലോ കെ. കേളപ്പനോ ദേശീയ ഹിന്ദുവായി പരിഗണിക്കപ്പെടില്ല. കാരണം ഹിന്ദു സ്വാഭാവികമായും ദേശീയമായിരിക്കുമ്പോള്‍ മുസ്‌ലിം ദേശീയതയുടെ അപരങ്ങളിലൊന്നായി നിലകൊള്ളുന്നു. ചുരുക്കത്തില്‍ ഹൈന്ദവത സ്വതവേ ദേശീയമാണ്. ജന്മനാ ആന്തരികമായി ദേശീയമാണ്. ഇസ്‌ലാം പക്ഷേ ആന്തരികമായി അപരമാണ് എന്ന് വന്നു.
മുസ്‌ലിംലീഗ് ഉയര്‍ത്തിയ വിഭജനവാദവും അതിനെതിരായ ദേശീയവാദികളുടെ ചെറുത്തുനില്‍പുമാണ് ഈ പദാവലികള്‍ക്ക് ജന്മം നല്‍കിയത് എന്ന് മുഖ്യധാരയില്‍നിന്ന് ആരോപണമുണ്ടല്ലോ?
അങ്ങനെയെങ്കില്‍ ജിന്നയും ദ്വിരാഷ്ട്രവാദം ഉന്നയിച്ച സവര്‍ക്കറും എന്തുകൊണ്ട് ദേശവിരുദ്ധരായി പരിഗണിക്കപ്പെട്ടില്ല? ഇതില്‍ തന്നെ വ്യക്തമായ ഒരു വൈരുധ്യമുണ്ടല്ലോ. കാര്യം അതൊന്നുമല്ല. ദേശീയതയുടെ സങ്കല്‍പരാശി വൈദിക ഭൂതകാലത്തെയും പാരമ്പര്യത്തെയും രാഷ്ട്ര പാരമ്പര്യമായി പരിഗണിച്ചു പോന്നതിന്റെ അനന്തരഫലമാണ് ഈ പദപ്രയോഗങ്ങള്‍. അഥവാ ഒരു മുസ്‌ലിം അപരവത്കരണത്തിന്റെ യുക്തി നമ്മുടെ നാഷ്‌നല്‍ മൂവ്‌മെന്റിനകത്ത് ഉണ്ടായിരുന്നു. ഇത് പറയുമ്പോള്‍തന്നെ ഒരു കാര്യം കൂടെ പറയേണ്ടതുണ്ട്. ദേശീയ പ്രസ്ഥാനം ആകമാനം ഒരു സവര്‍ണ ഗൂഢാലോചനയോ അല്ലെങ്കില്‍ ഒരു ബ്രാഹ്മണിക വഞ്ചനയോ അല്ല. അത്തരം ഒരു വീക്ഷണം ചരിത്രപരമായി തെറ്റാണ്. കാരണം ഈ ബ്രാഹ്മണികതയോട് ഇടയാനും അതിനെ ചോദ്യം ചെയ്യാനുമൊക്കെ പ്രേരണയായ വിധത്തില്‍ ദേശീയ പ്രസ്ഥാനവും അതില്‍ പങ്കുചേര്‍ന്ന ആളുകളും പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ, നമ്മുടെ ഇഛകളെ അതിവര്‍ത്തിച്ചുപോകുന്നതാണ് ചരിത്രത്തിന്റെ ബലങ്ങള്‍ എന്നതുകൊണ്ട് നാം പ്രതീക്ഷിക്കാത്തിടങ്ങളിലേക്ക് ചരിത്രം നമ്മെ കൂട്ടിക്കൊണ്ടുപോവും. അങ്ങനെ എത്തിപ്പെട്ടതാണ് വാസ്തവത്തില്‍ ദേശീയതയുടെ ഹൈന്ദവമായ ഉള്ളടക്കം. അതിനാല്‍ ഇന്ന് നമ്മള്‍ ചെയ്യേണ്ടത് ദേശീയതയെ പ്രതിസ്ഥാനത്ത് നിര്‍ത്തി വിചാരണ ചെയ്ത് അതിന്റെ ഒരു കൗണ്ടര്‍ ലോജിക് ഉണ്ടാക്കുക എന്നതല്ല. അതായത് ഒരു അപരത്വത്തെ ചരിത്രത്തില്‍നിന്ന് കണ്ടെടുത്ത് ആ അപരത്വത്തില്‍ ഇപ്പോഴും പാര്‍പ്പുറപ്പിക്കുക എന്നതിനു പകരം നമ്മുടെ ചരിത്രാനുഭവങ്ങളെ, അതില്‍നിന്ന് രൂപപ്പെട്ട നമ്മുടെതന്നെയായ ആത്മബോധത്തെ വിമര്‍ശനാത്മകമായിട്ട് വിശകലനം ചെയ്യുക എന്നുള്ളതാണ്. പിന്നെ താങ്കള്‍ പറഞ്ഞതുപോലെ ഇന്ത്യന്‍ കോണ്‍ടെക്സ്റ്റില്‍ ദേശീയതയും ഇസ്‌ലാമും തമ്മിലുള്ള വൈരുധ്യത്തെ രൂപപ്പെടുത്തിയ രാഷ്ട്രീയ പ്രശ്‌നവും ഉണ്ട്. ഇത് ഞാന്‍ പറയുന്നത് അതിന്റെ സാംസ്‌കാരിക പ്രത്യയശാസ്ത്രത്തിന്റെ വിശാലാര്‍ഥത്തിലാണ്. മുസ്‌ലിംലീഗും ജിന്നയും വിഭജന സങ്കല്‍പം മുന്നോട്ടുവെച്ചപ്പോള്‍ ദേശീയതക്ക് വേണ്ടി നിലകൊള്ളുന്നവരും അല്ലാത്തവരും എന്ന ഒരു രാഷ്ട്രീയപ്രശ്‌നം അന്നുവന്നു. ആ രാഷ്ട്രീയ പ്രശ്‌നവും ദേശീയതയും മുസ്‌ലിംകളുടെ അപരത്വത്തിന്റെ നിര്‍മാണത്തില്‍ ഒരു ഘട്ടത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. പക്ഷേ, ഞാന്‍ പറയുന്നത് അത് മാത്രമാണ് ഇതിന്റെ അടിസ്ഥാനം എന്നുള്ളത് ലഘൂകരണമാണ്. അതിന് ഒരു പങ്കുമില്ല എന്നു പറയുന്നതും അത്രതന്നെ ലഘൂകരണമാണ്.
ആധുനികതയുടെ രംഗപ്രവേശത്തോടു കൂടിയാണ് ദേശീയത രൂപ്പെടുന്നത് എന്നത് യാഥാര്‍ഥ്യം തന്നെ. എങ്കിലും ആധുനികതയുടെ പാശ്ചാത്യ സന്ദര്‍ഭത്തില്‍തന്നെ ഇസ്‌ലാമിനെ അപരവത്കരിക്കാനുള്ള ഒരു ശ്രമമുണ്ടല്ലോ. അതായത് കുരിശുയുദ്ധം കാലം മുതലുള്ള യൂറോപ്യന്‍ ഭാവനയായ 'ഇസ്‌ലാമിക കിരാതത്വ'ത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പഠനങ്ങള്‍?
ആധുനികതയുടെ ലോക ബോധത്തിനകത്തുതന്നെ ഇസ്‌ലാമിന് ഒരു അപരം കല്‍പിക്കപ്പെടുന്നുണ്ട് എന്നത് ശരിയാണ്. കാരണം പാശ്ചാത്യചിന്തയും ആശയാവലികളും ചരിത്രബോധവുമൊക്കെ ഇത്തരത്തില്‍ അപരവത്കരിക്കാനും ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനും അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നുണ്ട്. നവോത്ഥാനം എന്ന ആശയത്തില്‍ വരെ ഇങ്ങനെ മുസ്‌ലിമിനെ other ആക്കാനുള്ള ശ്രമമുണ്ട്. ഗ്രീക്കോ-റോമന്‍ പാരമ്പര്യത്തില്‍നിന്ന് വാസ്തവത്തില്‍ പ്രാചീന വിജ്ഞാനം യൂറോപ്പിലേക്ക് വരുന്നത് അറേബ്യ വഴിയാണ്. ഇരുണ്ടയുഗം എന്ന് വിളിക്കപ്പെടുന്ന കാലമുണ്ടല്ലോ. ഈ കാലത്ത് സത്യത്തില്‍ ഇരുട്ടുണ്ടായിരുന്നത് യൂറോപ്പിലാണ്. ബഗ്ദാദിലൊന്നും അന്ന് ഒട്ടും ഇരുട്ടില്ല. ലോകത്തെ എല്ലാ അറിവുകളും അവിടേക്ക് വന്നുചേരുകയാണ്. ഇന്ത്യന്‍ വിജ്ഞാനവും ചൈനീസ് വിജ്ഞാനവും പേര്‍ഷ്യന്‍ വിജ്ഞാനവും എല്ലാം വന്നുചേരുകയും പലവിധത്തില്‍ കൂടിക്കലര്‍ന്ന് അത് വളരെ സങ്കീര്‍ണമായി വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ചരിത്രത്തെക്കുറിച്ച് പറയുന്ന സമയത്ത് ആധുനിക ചരിത്രത്തിന്റെ പിതൃസ്ഥാനത്ത് റാങ്കെയോ അല്ലെങ്കില്‍ അതിന്റെ ദര്‍ശനത്തിന്റെ കേന്ദ്രത്തില്‍ നമ്മള്‍ ഹെഗലിനെയോ ഒക്കെയാണ് പൊതുവെ വെക്കാറ്. വാസ്തവത്തില്‍ ഇവരേക്കാളൊക്കെ മുന്നൂറോ നാനൂറോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇബ്‌നു ഖല്‍ദൂന്‍ എഴുതുന്നുണ്ട്. മുഖദ്ദിമ നോക്കിക്കഴിഞ്ഞാല്‍ ഒരു മോഡേണ്‍ ഹിസ്റ്റോറിക്കല്‍ ടെക്സ്റ്റിന്റേതായിട്ടുള്ള പല സ്വഭാവങ്ങളും പ്രകടിപ്പിക്കുന്നുണ്ട് ഇബ്‌നു ഖല്‍ദൂന്‍. പക്ഷേ, ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍ ഉള്ള സ്ഥിതി ഇബ്‌നു ഖല്‍ദൂനെ ഇസ്‌ലാമിക ചരിത്രകാരന്‍ എന്നാണ് പറയുക. ഇസ്‌ലാമിന്റെ വക്താക്കളും അങ്ങനെ പറഞ്ഞ് വഷളാക്കുന്നുണ്ട്. ഇബ്‌നു ഖല്‍ദൂന്‍ വാസ്തവത്തില്‍ ചരിത്രവിജ്ഞാനത്തിന് ലോകം നല്‍കിയിട്ടുള്ള എക്കാലത്തെയും വലിയ സംഭാവനയാണ്. നിശ്ചയമായും അദ്ദേഹത്തിന് ഒരു ഇസ്‌ലാമിക പശ്ചാത്തലമുണ്ട്. പക്ഷേ, നമ്മള്‍ ഹെഗലിനെ ഒരു ക്രൈസ്തവ ചരിത്രകാരനായിട്ട് കാണില്ല. സത്യത്തില്‍ പില്‍ക്കാലത്ത് ഹെഗലിലോ മറ്റുള്ളവരിലോ ഉണ്ടായിരുന്ന മതാത്മക ധ്വനികളേക്കാള്‍ എത്രയോ കുറവാണ് ഇബ്‌നു ഖല്‍ദൂനെ സംബന്ധിച്ചുള്ളത്. കാലാവസ്ഥ, അല്ലെങ്കില്‍ പരിസ്ഥിതി-ഭൂമിശാസ്ത്ര ഘടകങ്ങള്‍ തുടങ്ങി ഒരുപക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലൊക്കെ ചരിത്ര രചനയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച ഘടകങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് ഒരു പ്രദേശത്തിന്റെ ചരിത്രമെഴുതുകയാണ് അദ്ദേഹം ചെയ്യുന്നത്. അത്രയും സ്വതന്ത്രമായി ചരിത്രത്തിലേക്ക് പോകാന്‍ ഖല്‍ദൂന് പറ്റി. ഇതേ നിലയില്‍ പലരും പോയിട്ടുണ്ട് ഈ കാലഘട്ടത്തില്‍ അറേബ്യയില്‍. അവിടെ നിന്നാണ് ആധുനിക ജ്ഞാനം യൂറോപ്പിലേക്ക് വന്നത്. 'മാര്‍ട്ടിന്‍ ബര്‍ണല്‍' എഴുതിയ പുസ്തകത്തിന്റെ പേര് 'ബ്ലാക്ക് അഥീന' എന്നാണ്. അഥീന വിജ്ഞാനദേവതയാണ്. പുള്ളി പറയുന്നത് വിജ്ഞാനം മുഴുവനും ഗ്രീക്കിന് കിട്ടിയിട്ടുള്ളത് ഈജിപ്തില്‍നിന്നാണ്. ഈ ഈജിപ്ഷ്യന്‍ വിജ്ഞാനത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഗ്രീക്ക് വിജ്ഞാനം ഉണ്ടായത്. ആ ജ്ഞാനമാണ് പിന്നീട് പല തരത്തില്‍ കൈമാറുകയും പരിഷ്‌കരിക്കപ്പെടുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ അങ്ങനെ ഒരു വിജ്ഞാന ദേവതയുണ്ടെങ്കില്‍ കറുത്തിട്ടാവാനേ തരമുള്ളൂ എന്നാണ് ബര്‍ണലിന്റെ വാദം. ഗീവര്‍ഗീസ് ജോര്‍ജ് പറയുന്നുണ്ടല്ലോ ന്യൂട്ടോണിയന്‍ കാല്‍ക്കുലസിന്റെ അടിസ്ഥാനം മിക്കവാറും കേരളത്തിലെ ഗണിതമായിരിക്കണം എന്ന്. പ്രശ്‌നമെന്താണെന്നു വെച്ചാല്‍ പൗരസ്ത്യമായി അതിവിപുലമായ ജ്ഞാനവും ശാസ്ത്രവും ഒക്കെ ഉണ്ട്. ഇതെല്ലാം പലനിലക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍നിന്നൊക്കെ കൂടിയാണ് യൂറോപ്പ് അതിന്റെ അറിവിലേക്ക് എത്തുന്നത്.
ഈയര്‍ഥത്തില്‍ നോക്കിയാല്‍ ജ്ഞാനോദയം എന്ന യൂറോപ്പിന്റെ അനുഭവത്തെ പോലും പ്രശ്‌നവല്‍ക്കരിക്കേണ്ടിവരുമല്ലോ?
വേണ്ടിവരും. കാരണം ജ്ഞാനോദയം യൂറോപ്പിന്റെ മാത്രം അനുഭവമാണ്. അതിനെ ലോകത്തിന്റെ മൊത്തം ജ്ഞാനോദയമായി കാണുന്നതില്‍ ഒരു പ്രശ്‌നമുണ്ട്. ഗ്രീസില്‍ ജനിച്ച് റോമില്‍ വളര്‍ന്ന് പിന്നെ ഒരായിരം കൊല്ലക്കാലം ഇരുട്ടില്‍ കിടന്ന് യൂറോപ്പില്‍ പുനര്‍ജനിച്ച ഒന്ന്. ഇതാണ് നവോത്ഥാനത്തിന്റെ ട്രെജെക്റ്ററി. അതില്‍തന്നെ ഒരു കൊളോണിയല്‍ പെര്‍സ്‌പെക്റ്റീവുണ്ട്. കാരണം അറിവ് ഇതാ ഇവിടെ ജനിച്ച് ഇവിടെ അവസാനിക്കുന്നു. ഞങ്ങള്‍ അറിവിന്റെ ഉടമകളാണ്. ബാക്കി ലോകമെല്ലാം ഇരുട്ടിലും പ്രാകൃതത്വങ്ങളിലും മതാന്ധതയിലും മുഴുകികിടക്കുകയാണ് എന്നാണ് പറയുന്നത്. ഇത് നമ്മളൊക്കെ പഠിച്ചിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയിലേക്ക് യൂറോപ്പ് എത്തിപ്പെടുന്നത് കൊളോണിയലിസത്തിന്റെ ഘട്ടത്തിലാണ്. ഈ കാലത്ത് യൂറോപ്പിന് സ്വയം നിലനില്‍ക്കേണ്ടതിന്റെ ആവശ്യം വന്നു. അതുകൊണ്ട് തന്നെ യൂറോപ്പിന് സ്വന്തം പാരമ്പര്യത്തെയും സ്വന്തം ജ്ഞാനത്തെയും ഉറപ്പിച്ചെടുത്തേ പറ്റൂ. ഇസ്‌ലാമിന്റേതായ ഏതെങ്കിലും ഒരു മീഡിയേഷന്‍ ഉണ്ടെന്ന് പറഞ്ഞാല്‍ യൂറോപ്പിന് അത് സ്വീകാര്യമല്ലാതാകും. ഇത്തരമൊരവസ്ഥയില്‍ യൂറോപ്പിലേക്ക് അറേബ്യ വഴിയല്ലാതെ നേരിട്ട് കൈമാറിക്കിട്ടിയ ഒരു ജ്ഞാനത്തെ ഭാവന ചെയ്യേണ്ടി വന്നു. ഈ ഭാവനയാണ് നവോത്ഥാനം. അതുകൊണ്ട് ഈ നവോത്ഥാനത്തിന്റെ ഉള്ളടക്കത്തില്‍ തന്നെ ഇസ്‌ലാമിനെ അപരവല്‍ക്കരിക്കാനുള്ള ഒരു ശ്രമമുണ്ട്. ആ അപരത്വം ഇന്ത്യന്‍ കോണ്‍ടെക്സ്റ്റില്‍ ശക്തിപ്പെടുകയും ബ്രാഹ്മണികതയോട് ഒത്തുചേരുകയും ചെയ്ത് കുറേക്കൂടി ശക്തമായി. അതായത് യൂറോപ്പില്‍ ജ്ഞാനം ഇസ്‌ലാമിനെ വിപരീതമായാണ് കണ്ടത്. ആ വിപരീത ബോധം ശക്തിപ്പെടുകയാണ് ഇന്ത്യയില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ സംഭവിച്ചത്.
ദേശീയതയില്‍ രൂപപ്പെട്ട ഇത്തരം ദ്വന്ദ്വപരികല്‍പനക്ക് പിന്നിലുള്ള കൊളോണിയല്‍ ബന്ധങ്ങള്‍ ഇന്ന് സുവിദിതമാണല്ലോ. വിശിഷ്യാ കൊളോണിയല്‍ ചരിത്രകാരന്മാരായിരുന്നല്ലോ പ്രാഥമികമായി ചരിത്ര രചനയില്‍ ചുവടുവെപ്പുകള്‍ നടത്തുന്നത്. യൂട്ടിലിറ്റേറിയന്മാരുടെ ഇത്തരം പഠനങ്ങളുടെ ലക്ഷ്യമെന്തായിരുന്നു?
കൊളോണിയലിസ്റ്റുകള്‍ ഇന്ത്യാചരിത്രം എഴുതിത്തുടങ്ങുന്ന സമയത്ത് ഇന്ത്യക്ക് അവരുടെ വീക്ഷണത്തില്‍ ചരിത്രമൊന്നുമില്ല. അതുകൊണ്ട് ചരിത്രേതരമായ ഒരു ജനതയായിട്ടാണ് ഇംപീരിയലിസ്റ്റുകള്‍ ഇന്ത്യയെ കണ്ടത്. എന്നിട്ട് അവര്‍ ഒരു ചരിത്രം ഇന്ത്യക്ക് 'സംഭാവന' ചെയ്തു. ജെയിംസ് മില്‍ ഇന്ത്യാ ചരിത്രത്തെ വളരെ മതാത്മകമായി വിഭജിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള ഒരു 'ഹൈന്ദവ കാലം' കാണുക. പന്ത്രണ്ട്-പതിനേഴ് നൂറ്റാണ്ടുകളിലെ ഒരു 'ഇസ്‌ലാമിക കാലം' കാണുക. അതിന് ശേഷം പതിനെട്ടാം നൂറ്റാണ്ടുമുതല്‍ ഒരു 'ബ്രിട്ടീഷ് പിരീഡ്' എന്നു പറയുക. ഇങ്ങനെ ചരിത്രഘട്ടങ്ങളെ മതത്തിന്റെ അതിര്‍ത്തിക്കകത്ത് വെച്ച് വിഭജിക്കുകയെന്നുള്ളത് ഇംപീരിയലിസ്റ്റുകളുടെ വീക്ഷണമാണ്. വാസ്തവത്തില്‍ നമ്മുടെ ഭൂതകാലബോധം സാമാന്യേന ഇപ്പറഞ്ഞത് തന്നെയാണ്. പൊതുബോധത്തിന് ഭൂതകാല ഇന്ത്യ ഇപ്പോഴും ഹൈന്ദവമാണ്. മധ്യകാലം എന്നു പറയുന്നത് ഇസ്‌ലാമിന്റെ കടന്നുവരവിന്റെയും ദേശീയ വാദികളൊക്കെ പറഞ്ഞുണ്ടാക്കിയ ഇസ്‌ലാമിക അധിനിവേശത്തിന്റെയും കഥയാണ്. ഇങ്ങനെ ജെയിംസ് മില്‍ ഉണ്ടാക്കിയ ഒരു പാറ്റേണ്‍ ദീര്‍ഘകാലം നമ്മുടെ ചരിത്രബോധത്തിന്റെ ഭാഗമായി നിലനിന്നിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യത്തെ സര്‍വകലാശാലയുണ്ടായ സമയത്ത് അവിടെയൊക്കെ പാഠപുസ്തകമായി വന്നത് മില്ലിന്റെ ടെക്സ്റ്റാണ്. ഇങ്ങനെ സാമ്രാജ്യത്വ ചരിത്രം ഇന്ത്യയുടെ ചരിത്രമായി ഒരു ഘട്ടത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്.
ഭരണാധികാരികളുടെ മതത്തെ ചരിത്ര രചനയുടെ അടിസ്ഥാന മാനദണ്ഡമാക്കിക്കൊണ്ടുള്ള വിഭജന രീതിയാണല്ലോ ജെയിംസ് മില്‍ മുന്നോട്ടുവെച്ചത്. ഇതില്‍ എത്രമാത്രം വസ്തുതയുണ്ട്?
ഹിന്ദു കാലഘട്ടം എന്നു പറയുന്നതിലൊന്നും ഒരു കഥയുമില്ല. റൊമീലാ ഥാപ്പറൊക്കെ പറയുന്നത് ഹിന്ദു എന്നവാക്കുണ്ടായതു തന്നെ ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ആണെന്നാണ്. അതിനു മുമ്പുള്ളത് ഏതാണ്ട് വൈദിക കേന്ദ്രിതമായ ഒരു ബ്രാഹ്മണ മതമാണ്. ആ ബ്രാഹ്മണ മതത്തിനെതിരായ സമരമായിട്ടാണ് ബുദ്ധമതം വന്നത്. ബ്രാഹ്മണ മതത്തേക്കാള്‍ എത്രയോ വ്യാപിച്ചതാണ് ബുദ്ധമതം. ബുദ്ധമതത്തിന്റെ വക്താക്കളായിരുന്നു ചന്ദ്രഗുപ്ത മൗര്യനും അശോകനും ഹര്‍ഷനുമൊക്കെ. അഴീക്കോട് മാഷ് അദ്ദേഹത്തിന്റെ 'ഭാരതീയത' എന്ന ഗ്രന്ഥത്തില്‍ സാന്ദര്‍ഭികമായി പറയുന്നുണ്ട്. അഞ്ച് മഹാചക്രവര്‍ത്തിമാരെ സങ്കല്‍പിച്ചാല്‍ ഒരാളേ ഹിന്ദുവായിട്ടുള്ളൂ. ചന്ദ്രഗുപ്ത മൗര്യന്‍, അശോകന്‍, ഹര്‍ഷന്‍, അക്ബര്‍, വിക്രമാദിത്യന്‍. ഇതില്‍ വിക്രമാദിത്യന്‍ മാത്രമാണ് ഇന്ത്യയിലെ ഹിന്ദു ചക്രവര്‍ത്തി. ബാക്കി നാലുപേരും വേറെ മതക്കാരാണ്. അതുപോലെ മധ്യകാലഘട്ടത്തെ മുസ്‌ലിം കാലഘട്ടം എന്നും പറയാന്‍ പറ്റില്ല. കാരണം ഇന്ത്യയുടെ തെക്ക് മുസ്‌ലിം ഭരണം ഉണ്ടായിട്ടേ ഇല്ല. മറാത്തക്ക് തെക്കോട്ട് മുസ്‌ലിംകള്‍ ഏറെയൊന്നും ഭരണാധികാരികളായി വന്നിട്ടില്ല. ഉത്തരഭാരതത്തില്‍ പ്രത്യേക ഘട്ടത്തില്‍ രണ്ട് മൂന്ന് നൂറ്റാണ്ടുകളില്‍ മുസ്‌ലിം ഭരണത്തിന് മേല്‍ക്കോയ്മയുണ്ടായിരുന്നുവെന്നല്ലാതെ മുസ്‌ലിം ഭരണം ഇന്ത്യയിലുടനീളം വ്യാപിച്ചതായി ഒരു ഘട്ടത്തിലും കാണാനാകില്ല. അപ്പോള്‍ ഹിന്ദു എന്ന് വിളിച്ചാലും ഇസ്‌ലാം എന്നു വിളിച്ചാലും അതൊന്നും അടിസ്ഥാനപരമായി ശരിയല്ല. പിന്നെ അങ്ങനെയാണ് വിളിക്കുന്നതെങ്കില്‍, ഭരിക്കുന്ന ആളുടെ മതമാണ് കാലഘട്ടത്തിന്റെ അടിസ്ഥാനമെങ്കില്‍ അവസാനഘട്ടം ക്രിസ്ത്യന്‍ പിരീഡാണ്. ബ്രിട്ടീഷ് പിരീഡല്ല. അതിനകത്തുള്ള പൊസിഷന്‍ എന്താണെന്ന് വെച്ചാല്‍ ബ്രിട്ടീഷ് ആധിപത്യം വരെ ഇന്ത്യ മതാത്മകമാണ്. ബ്രിട്ടീഷ് ആധിപത്യം മുതല്‍ ഇന്ത്യ സെക്യുലറാണ്! അതുകൊണ്ട് ഈ സെക്യുലര്‍ എന്ന് പറയുന്നത് ബ്രിട്ടീഷ് പാരമ്പര്യത്തിലേ ഉള്ളൂ എന്ന് വരുത്തിത്തീര്‍ക്കുന്ന ഒരു വിദ്യ അതിനകത്തുണ്ട്.
മതനിരപേക്ഷതയോട് നമ്മള്‍ എടുത്ത സമീപനത്തിലും ഈ വൈരുധ്യം പ്രകടമാണല്ലോ. നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായി വികസിച്ചിട്ടുള്ള മതേതരത്വത്തിന്റെ പ്രസക്തി ശ്രദ്ധിക്കാതെ ആധുനിക സെക്യുലറിസത്തെ പ്രകീര്‍ത്തിക്കുന്നത്.
നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോഴും കരുതുന്നത് സെക്യുലറിസം പുറത്തു നിന്ന് വന്നതാണെന്നാണ്. അതില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമൊക്കെ ഒരു പോലെയാണ്. സെക്യുലര്‍ പാരമ്പര്യം ഇന്ത്യക്കകത്തുണ്ട്. ഭക്തി പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തിലും ജാതിവിരുദ്ധതയുടെ പാരമ്പര്യത്തിലും സൂഫിസത്തിന്റെ പാരമ്പര്യത്തിലും അന്യോന്യം ആശ്രയിച്ച് ജീവിക്കുന്നതിലുമൊക്കെ സെക്യുലറിസമുണ്ട്. യൂറോപ്യന്‍ സെക്യുലര്‍ എക്‌സ്പീരിയന്‍സും ഇന്ത്യന്‍ എക്‌സ്പീരിയന്‍സും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. യൂറോപ്പില്‍നിന്ന് നെഹ്‌റു കണ്ടുപിടിച്ച് ഇറക്കിക്കൊണ്ടുവന്ന സാധനമൊന്നുമല്ല ഇന്ത്യയിലെ മതനിരപേക്ഷത. അങ്ങനെയാണ് ആളുകള്‍ പൊതുവെ പറയാറ്. ഗാന്ധിജി ഇന്ത്യന്‍ സെക്യുലറിസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു അടിസ്ഥാനമാണ്. സെക്യുലര്‍ എന്ന് പറയുന്നതിന് രണ്ട് ആസ്‌പെക്റ്റുണ്ട്: ഒന്ന് ഭരണകൂടം മതനിരപേക്ഷമായിരിക്കുക. രണ്ട്, കീഴ്ത്തട്ടിലെ ജനജീവിതം അന്യോന്യം വിദ്വേഷമില്ലാതിരിക്കുക. മതനിരപേക്ഷത ദൈനംദിന ജീവിത പ്രകൃതത്തിന്റെ അടിസ്ഥാനമാകുമ്പോള്‍ മാത്രമാണ് സൊസൈറ്റി സെക്യുലറാകുന്നത്. ഗാന്ധിജി ശ്രമിച്ചുകൊണ്ടിരുന്നത് അതിനാണ്; നെഹ്‌റു ഭരണകൂടത്തെ സെക്യുലറാക്കുവാനും. ഭരണകൂടം സെക്യുലറാവുന്നതും വളരെ പ്രധാനമാണ്. അത് ഒട്ടും കുറഞ്ഞ കാര്യമൊന്നുമല്ലായെന്നത് നമുക്ക് കുറച്ച് കാലത്തിനിടക്ക് നന്നായി മനസ്സിലായിട്ടുണ്ട്. നമ്മള്‍ ഒരുഘട്ടത്തില്‍ കരുതിയിരുന്നത് ഭരണകൂടം എന്തായാലും സെക്യുലറായിരിക്കും എന്നാണ്. അല്ലെന്ന് എന്‍.ഡി.എ ഭരണം നമ്മളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നെഹ്‌റുവിന് എന്തെല്ലാം പരാധീനതകള്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കാഴ്ചയിലുണ്ടായിരുന്ന ഭരണകൂടത്തിന്റെ സെക്യുലര്‍ ഫാബ്രിക് ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്. നിശ്ചയമായിട്ടും അതിന് പരിമിതികളൊക്കെയുണ്ട്. ഞാന്‍ പറയുന്നത് ഇന്ത്യന്‍ കോണ്‍ടെക്സ്റ്റിലെ സെക്യുലറിസത്തെ നമ്മള്‍ ഇന്ത്യയുടെ ചരിത്രാനുഭവത്തില്‍നിന്ന് കണ്ടെടുക്കണം. അഞ്ച് നേരം നമസ്‌കരിക്കാത്ത മുസ്‌ലിംകളെ ശിക്ഷിക്കാന്‍ സാമൂതിരി വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്. അന്ന് അന്യോന്യം ആശ്രിതമായ ഒരു ജീവിതമാണ്. സാമൂതിരിയുടെ കച്ചവടം മുഴുവന്‍ നടക്കുന്നത് മലബാറിലെ മാപ്പിളമാരെ കേന്ദ്രീകരിച്ചാണ്. അതിനാല്‍ മാപ്പിളമാരുടെ മതജീവിതം ഉറപ്പുവരുത്തേണ്ടത് സാമൂതിരിക്ക് നിലനില്‍പിന്റെ ആവശ്യമാണ്. ഇങ്ങനെ അന്യോന്യം ആശ്രയിച്ച് പരസ്പരം പൂരിപ്പിച്ചുകൊണ്ടേ ജീവിക്കാന്‍ പറ്റൂ എന്ന് വരുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്ന സമഭാവനയാണ് സെക്യുലറിസം. അത്തരമൊരടിസ്ഥാനത്തില്‍ പരസ്പര ബന്ധത്തില്‍ ജീവിച്ചുണ്ടായ അതിവിപുലമായ അടിത്തറ ഇന്ത്യക്കുണ്ട്. ഇതിനെ മുഴുവന്‍ നശിപ്പിക്കുന്ന മട്ടിലാണ് ആധുനികതയുടെ ചരിത്രശാസ്ത്രം ഇംപീരിയലിസ്റ്റുകള്‍ ആദ്യം കൊണ്ടുവന്നത്. പിന്നെ ഓറിയന്റലിസ്റ്റുകളും തദ്ദേശീയ ഭാഷ്യക്കാരും പലനിലക്കും മാനിപുലേറ്റ് ചെയ്തത്. ബിപന്‍ ചന്ദ്ര ഒരു ഘട്ടത്തില്‍ പറയുന്നുണ്ട്; ഇന്ത്യയില്‍ എത്ര കൂടുതല്‍ ചരിത്രം പഠിപ്പിക്കുന്നോ അത്രയും കൂടുതല്‍ ഇന്ത്യ വര്‍ഗീയമാവുമെന്ന്. കാരണം ഇന്ത്യയുടെ ചരിത്രപഠനം തന്നെ അടിസ്ഥാനപരമായി ഇന്ത്യയുടെ സെക്യുലര്‍ സ്വഭാവത്തെ നിഷേധിച്ചുകൊണ്ടാണ്. മതത്തെ മുന്‍നിര്‍ത്തി സംസ്‌കാരത്തെക്കുറിച്ച് ആദ്യം പഠിപ്പിക്കുക. എന്നിട്ട് ഇതര മതങ്ങള്‍ കോണ്‍ട്രിബ്യൂട്ട് ചെയ്തു എന്ന് പറയുക. തെറ്റായ രീതിയാണിത്. മതങ്ങള്‍ കോണ്‍ട്രിബ്യൂട്ട് ചെയ്യുകയല്ല, മറിച്ച് മതമെന്ന് പറയുന്നതിനപ്പുറത്തും ഇപ്പുറത്തും നിന്ന് ആളുകള്‍ വിനിമയത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിനെ മതപരമായി സഹായിക്കണമെന്ന് ബോധ്യപ്പെട്ടിട്ടൊന്നുമല്ല സാമൂതിരി മുസ്‌ലിംകളോട് നമസ്‌കരിക്കാന്‍ പറയുന്നത്. ഒരു ജീവിതബന്ധമാണത്. അല്ലാതെ സാംസ്‌കാരികമായ ഒരു വിനിമയമൊന്നുമല്ല സെക്യുലറിസം. നമ്മള്‍ മതത്തെ ആദ്യം ഫ്രെയിം ചെയ്തിട്ട് മതങ്ങള്‍ തമ്മിലുള്ള സംഭാവനകളിലൂടെ സെക്യുലറിസം ഉണ്ടാകുമെന്ന് കരുതിക്കൂടാ. ഒരു പൊതുയോഗത്തില്‍ നാല് നേതാക്കള്‍ ഒരുമിച്ചിരുന്ന് സംസാരിച്ചാല്‍ സെക്യുലറിസം ഉണ്ടാകുമെന്ന് കരുതുന്നതു പോലെയുള്ള വിഡ്ഢിത്തമാണത്. സെക്യുലറിസം ജനങ്ങള്‍ ജീവിച്ചുണ്ടാക്കുന്നതാണ്. ജീവിച്ചുണ്ടാക്കുന്ന അടിസ്ഥാനത്തിന്റെ മുകളില്‍ നിങ്ങള്‍ക്കിത് പറയാം. ഈയൊരടിസ്ഥാനമില്ലെങ്കില്‍ ഇതെത്ര പറഞ്ഞിട്ടും കാര്യവുമില്ല. ജീവിച്ചുണ്ടാക്കിയ ഒരടിസ്ഥാനം ഇവിടെയുണ്ടായിരുന്നു. അതിനെ മുന്‍നിര്‍ത്തി മതേതരത്വത്തെ വിശദീകരിക്കുന്നതില്‍ നമുക്ക് വേണ്ടത്ര വിജയിക്കാന്‍ പറ്റിയില്ല.
അങ്ങനെയാണെങ്കില്‍ മുതലാളിത്ത ആധുനികതയുടെ 'ദൈവത്തിനുള്ളത് ദൈവത്തിന്, സീസര്‍ക്കുള്ളത് സീസര്‍ക്ക്' അഥവാ വ്യക്തിയുടെ ആഭ്യന്തര ജീവിതത്തില്‍ മതമാകാം, പൊതുസമൂഹത്തില്‍ അതിന്റെ മൂല്യം പാടില്ല എന്ന പ്രമാണ വാക്യത്തോട് താങ്കള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?
ഗാന്ധിജി നൂറ് ശതമാനം മതവിശ്വാസിയായിരുന്നു. ഗാന്ധിജിക്ക് പക്ഷേ ആരേക്കാളും മതനിരപേക്ഷത പ്രയോഗത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു. നാരായണ ഗുരുവിന് പറ്റിയിരുന്നു. നമ്മുടെ നാട്ടില്‍, സാധാരണക്കാരായ മതവിശ്വാസികള്‍ അവരുടെ അടിത്തട്ട് വരെ മതനിരപേക്ഷത പുലര്‍ത്തുന്നവരാണ്. എന്തുകൊണ്ടെന്നാല്‍ അവരുടെ മതബോധത്തില്‍ തന്നെ മതനിരപേക്ഷതയുടെ സാധ്യതയുണ്ട്. ഈ സാധ്യതയെ അടച്ചുകളഞ്ഞിട്ട് അതിന്റെ മുകളില്‍ അവരെ ആചാരം കൊണ്ട് മതവല്‍ക്കരിക്കാന്‍ ഒരു ഭാഗത്ത് മതയാഥാസ്ഥിതികത്വം ശ്രമിക്കും. മറുഭാഗത്ത് ഈ മതത്തെ മുഴുവന്‍ നെഗറ്റീവായി കാണാനാണ് കേവല യുക്തിവാദപരമായ വീക്ഷണം സഹായിക്കുന്നത്. രണ്ടും ഫലത്തില്‍ മതവര്‍ഗീയതയെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. മനുഷ്യര് തമ്മില്‍ ബന്ധപ്പെട്ട് ഉണ്ടാകുന്ന ജീവിതത്തെ സഹിഷ്ണുതയുടെയും സഹജീവനത്തിന്റെയും മണ്ഡലത്തെ ആചാരം കൊണ്ടോ അനുഷ്ഠാനം കൊണ്ടോ വളച്ചുകെട്ടി തിരിക്കാന്‍ ഒരു ഭാഗത്ത് ശ്രമമുണ്ട്. ഞാന്‍ മതവിശ്വാസിയാണെങ്കില്‍ എനിക്ക് മതനിരപേക്ഷവാദിയാകാന്‍ പറ്റില്ല എന്ന് പറയുന്നത് ശരിയല്ല. അതൊരു പടിഞ്ഞാറന്‍ കൊളോണിയല്‍ യുക്തിയാണെന്നാണ് ഞാന്‍ പറയുന്നത്. മറിച്ച് ഗാന്ധിജിക്കോ ബുദ്ധനോ നാരായണ ഗുരുവിനോ നേരത്തേ പറഞ്ഞ നമ്മുടെ നാട്ടിലെ ചായക്കടക്കാര്‍ക്കോ ബീഡിത്തൊഴിലാളികള്‍ക്കോ മതവിശ്വാസത്തിനകത്ത് മതനിരപേക്ഷത പുലര്‍ത്താന്‍ കഴിഞ്ഞതിന്റെ പാരമ്പര്യമുണ്ട്. ഈ സാധ്യതയെയാണ് നമ്മള്‍ ഉപയോഗിക്കേണ്ടത്. അങ്ങനെ മാത്രമേ മതനിരപേക്ഷതക്ക് ഒരു സാമൂഹികമായ അടിസ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ പറ്റൂ. സമത്വം, പങ്കുവെപ്പ് എന്നിങ്ങനെയുള്ള ആശയങ്ങളൊക്കെ ഒരു ജനതയുടെ ദീര്‍ഘകാലചരിത്രത്തില്‍നിന്നുള്ള ചില ആചാരങ്ങളോടോ ആഘോഷങ്ങളോടോ ബന്ധപ്പെടുത്തി ബോധ്യപ്പെടുത്താന്‍ പറ്റുന്നതുപോലെ അമൂര്‍ത്തമായിട്ട് ബോധ്യപ്പെടുത്താന്‍ പറ്റില്ല. ഉദാഹരണത്തിന് സകാത്ത് എന്നതില്‍ സമത്വത്തിന്റെ താല്‍പര്യം ഉള്‍ക്കൊള്ളുന്നുണ്ട്. അതിലൊരു ജീവിതാനുഭവത്തിന്റെ തലമുണ്ട്. നിങ്ങളുടെ സ്വത്ത് നിങ്ങള്‍ക്ക് മാത്രമുള്ളതല്ല വേറെയാര്‍ക്കോ കൂടി അവകാശപ്പെട്ടതാണെന്ന യുക്തിയാണല്ലോ, അതിനകത്തുള്ളത്. അല്ലെങ്കില്‍ ഓണത്തിന് ഒരു പങ്കുവെപ്പുണ്ട് എന്ന് പറയുന്ന സമയത്ത് ഒരു ജനത നൂറ്റാണ്ടുകള്‍ കൊണ്ട് ജീവിച്ചുണ്ടാക്കിയ ഒരനുഭവം അതിനകത്തുണ്ട്. ഈ അനുഭവത്തിന് വലിയ വിലയുണ്ട്. ഒരാശയം മുകളില്‍നിന്ന് തുടങ്ങിവെച്ചിട്ട് കാര്യമില്ല. മനുഷ്യര്‍ ജീവിച്ചുണ്ടായ സഹജീവിതത്തിന്റെ ഒരനുഭവമാണത്. ആ സഹജീവനത്തിന്റെ അനുഭവത്തില്‍ ഊന്നണം. അല്ലാതെ സഹജീവനത്തെ കുറിച്ചുണ്ടായ ആശയത്തില്‍ ഊന്നരുത്.
സാമ്രാജ്യത്വവാദികളായ ചരിത്രകാരന്മാരുടേതില്‍നിന്ന് പ്രത്യക്ഷത്തില്‍ വ്യത്യസ്തമായ ഒരു രീതിശാസ്ത്രമാണല്ലോ പൗരസ്ത്യ പഠനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്. ഓറിയന്റലിസ്റ്റുകളുടെ ഇരുണ്ട യുഗമെന്ന കാഴ്ചപ്പാടല്ലേ ഒരര്‍ഥത്തില്‍ പില്‍ക്കാലത്തെ മുസ്‌ലിം അന്യവല്‍ക്കരണത്തിന് ഇന്ധനമായത്?
പൗരസ്ത്യവാദം പൊതുവെ ചെയ്തത് ഇന്ത്യയെ ഗ്ലോറിഫൈ ചെയ്യലാണ്. മാക്‌സ് മുള്ളറോ ചാള്‍സ് വില്‍ക്കിന്‍സോ പലവിധത്തില്‍ ഇന്ത്യയെ ഗ്ലോറിഫൈ ചെയ്യുന്നുണ്ട്. ഫലത്തില്‍ അത് ഹിന്ദുമതത്തെ ഗ്ലോറിഫൈ ചെയ്യലായിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ തന്നെ ഹിന്ദുമതത്തിന്റെ മള്‍ട്ടി കള്‍ച്ചറലായ ഒരു ജീവിതത്തെയല്ല കണ്ടത്. മാക്‌സ് മുള്ളര്‍ 'സേക്രഡ് ബുക്‌സ് ഓഫ് ഈസ്റ്റ്' എന്ന അമ്പത് വാള്യം പബ്ലിഷ് ചെയ്യുന്നുണ്ട്. ഇതില്‍ അദ്ദേഹം ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കുന്നത് വേദങ്ങളും പുരാണങ്ങളും മാത്രമാണ്. നമുക്കിവിടെ അര്‍ഥശാസ്ത്രത്തിന്റെയും രസവിജ്ഞാനത്തിന്റെയും എത്രയോ വിപുലമായ അറിവുകളുണ്ട്. അതൊക്കെ ഇന്നത്തെ അത്ര വ്യാപ്തി ഇല്ലെങ്കിലും അന്നും നിലനില്‍ക്കുന്നുണ്ട്. മാക്‌സ് മുള്ളര്‍ അതിലൊന്നും തൊടുന്നുപോലുമില്ല. അദ്ദേഹം ഇന്ത്യയെ ഒരു ഭാവനക്കനുസരിച്ച് ഉണ്ടാക്കുകയാണ്. അതില്‍ അവരുടെ ഒരു സെല്‍ഫ് കണ്‍സൊലേഷനൊക്കെ ഉണ്ടെന്ന് വന്നേക്കാം. യൂറോപ്പിന്റെ വ്യവസായവല്‍ക്കരണം, അതുണ്ടാക്കുന്ന ക്രൈസിസ്, അതിലുള്ള ഉത്കണ്ഠകള്‍. ഒരുപക്ഷേ അതിനുള്ള പരിഹാരംപോലെ കളങ്കമില്ലാത്ത ഒരു കിഴക്കിനെ അവര്‍ ഭാവന ചെയ്യുന്നതാകാം. അത്തരം ഒരു ഭാവനായുക്തി അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്തായാലും ദേശീയ പ്രസ്ഥാനം വന്ന സമയത്ത് ഇത് വളരെ ആകര്‍ഷകമായി. ജെയിംസ് മില്ലോ വിന്‍സ്റ്റന്റ് മിത്തോ ആക്ഷേപിച്ചതിന് പരിഹാരമായിട്ട് മാക്‌സ് മുള്ളറിനെയോ ജോണ്‍സിനെയോ ചാള്‍സ് വില്‍ക്കിന്‍സിനെയോ ഒക്കെ ഹാജറാക്കാന്‍ കഴിഞ്ഞാല്‍ കുറേക്കൂടി ബലമുണ്ടാകുമല്ലോ. ഇന്ത്യ മോശമാണെന്ന് ജെയിംസ് മില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഇന്ത്യ കേമമാണെന്ന് പറയാന്‍ ഒരു മാക്‌സ് മുള്ളറെ കിട്ടിയാല്‍ വാദിച്ചു നില്‍ക്കാന്‍ ഒരു ബലമുണ്ടാകും. മാത്രമല്ല ഭൂതകാല പ്രകീര്‍ത്തനം എന്നത് ഇന്ത്യയിലെ ബ്രാഹ്മണിക മുഖ്യധാരക്ക് സ്വീകാര്യവുമാണ്. അങ്ങനെ രണ്ട് നിലക്കും വളരെ ആശ്വാസദായകമായിരുന്നു ഓറിയന്റലിസ്റ്റ് യുക്തി. അത് നമ്മുടെ ദേശീയപ്രസ്ഥാനം വലിയൊരളവില്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. അത് ഏറ്റെടുത്തപ്പോഴുണ്ടായ തകരാറുകളാണ് താങ്കള്‍ സൂചിപ്പിച്ച മുസ്‌ലിം അന്യവല്‍ക്കരണവും മുസ്‌ലിം സ്വത്വപ്രതിസന്ധിയുമൊക്കെ. കാരണം വളരെ പ്രതാപപൂര്‍ണമായിട്ടുള്ള ഒരു ഭൂതകാലമുണ്ടായിട്ട് എവിടെപോയി എന്ന് ചോദിച്ചാല്‍ പിന്നെയുള്ള ഒരുത്തരം ഇസ്‌ലാമിക അധിനിവേശം എന്നാണ്. അങ്ങനെ ഈ സുവര്‍ണയുഗ പ്രകീര്‍ത്തനം തന്നെ ഫലത്തില്‍ ഇസ്‌ലാമിനെ അപരവല്‍ക്കരിക്കുന്നതിനുള്ള ഉപകരണമായി മാറുന്നുണ്ട്. നൃത്തത്തിന്റെ ചരിത്രമെടുത്താല്‍, കപിലാവാല്‍സ്യായന്‍ പറയുന്നത് അഖില ഭാരതീയമായ നൃത്തരൂപമായിരുന്നു ഉത്തരേന്ത്യയിലുണ്ടായിരുന്നത്. ഇസ്‌ലാമിന്റെ അധിനിവേശം കാരണം അത് നിലനിന്നില്ല. എന്നാല്‍ ദക്ഷിണേന്ത്യയില്‍ അത് നിലനിന്നു. അതാണ് ഭരതനാട്യം. ഇങ്ങനെ കര്‍ണാടക സംഗീതവും. ഉത്തരേന്ത്യയിലാണെങ്കില്‍ ആ പാരമ്പര്യത്തിലേക്ക് പേര്‍ഷ്യന്‍ സംഗീതം ചേര്‍ന്ന് കലര്‍പ്പായി പോയി. അതാണ് ഇന്നത്തെ ഹിന്ദുസ്ഥാനി സംഗീതം. അതുകൊണ്ട് ഹിന്ദുസ്ഥാനിയേക്കാള്‍ ശുദ്ധം കര്‍ണാടിക്കാണ് എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നവരാണ് നമ്മുടെ പാട്ടുകാരില്‍ തൊണ്ണൂറു ശതമാനവും. എത്ര അപകടകരമായ നിലയിലേക്ക്, എത്ര സൂക്ഷ്മതലങ്ങളിലേക്ക് ഈ വാദങ്ങളെത്തി. ഒരു പാട്ടുകാരന്‍ സ്വയമേവ വര്‍ഗീയവാദിയൊന്നുമല്ല. അയാള്‍ക്കൊരു മതഭ്രാന്തുമില്ല. ഇവരൊക്കെ വെറും സാധാരണക്കാരായ, പാട്ടില്‍ മാത്രം ശ്രദ്ധിച്ച, വേറെ വലിയ അജണ്ടയൊന്നുമില്ലാത്ത മനുഷ്യരാണ്. അവര്‍ക്ക് രാഷ്ട്രീയ മോഹങ്ങളൊന്നുമില്ല. പക്ഷേ, അവരുടെ ബോധ്യത്തിന്റെ പിന്നാമ്പുറത്ത് വര്‍ഗീയത എങ്ങനെ പ്രവര്‍ത്തനക്ഷമമാകുന്നു എന്നുള്ളതാണ് പ്രശ്‌നം.
അങ്ങനെ വരുമ്പോള്‍ ദേശീയ പ്രസ്ഥാനത്തിന്റെ ചെയ്തികള്‍ക്ക് ചരിത്രപരമായ ഒരു വിശുദ്ധി കൈവരുന്നുണ്ടല്ലോ? പോസ്റ്റ് കൊളോണിയല്‍ പഠനങ്ങളില്‍ കാണുന്ന ദേശീയതയുടെ പ്രശ്‌നവല്‍ക്കരണം ദേശീയ പ്രസ്ഥാനത്തെ കേന്ദ്ര സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണല്ലോ മുന്നോട്ടു പോകുന്നത്
ദേശീയ പ്രസ്ഥാനത്തിന്റെ ചെയ്തികള്‍ ഒരിക്കലും ഒരു ഗൂഢാലോചനയായി മനസ്സിലാക്കിക്കൂടാ. നമ്മള്‍ പലപ്പോഴും ഇത്തരം വിശകലനങ്ങളിലൂടെ ഇതൊരു ഗൂഢാലോചനയാണെന്ന ചിന്തയില്‍ എത്തിച്ചേരും. ദേശീയ പ്രസ്ഥാനത്തിന്റെ ഉള്ളടക്കം തന്നെ വളരെ വര്‍ഗീയമായിട്ടും വിഭാഗീയമായിട്ടും മനസ്സിലാക്കും. ഞാന്‍ പറയുന്നതിന് എതിരായത് മിക്കവാറും എന്റെ ജീവിതത്തില്‍ കാണും. അത് ചരിത്രവും സമൂഹവും തമ്മില്‍ ജീവിക്കുന്ന സന്ദര്‍ഭം ഉണ്ടാക്കുന്ന ഒരു വൈരുധ്യമാണ്. ഞാന്‍ കരുതുന്നില്ല, ആര്‍ക്കെങ്കിലുമൊരാള്‍ക്ക് സിദ്ധാന്തഭദ്രമായിട്ട് ഒരു രാഷ്ട്രീയ പ്രയോഗം നടത്താന്‍ കഴിയുമെന്ന്. സിദ്ധാന്തഭദ്രമായിട്ട് സംസാരിക്കാന്‍ പറ്റും. പക്ഷേ, പ്രവര്‍ത്തിക്കാന്‍ പറ്റില്ല. വ്യക്തിതലത്തില്‍ ചിലപ്പോള്‍ കഴിഞ്ഞേക്കും. ഗാന്ധിജിയെക്കുറിച്ച് പറയുംപോലെ. എന്നാല്‍ ഒരു മഹാപ്രസ്ഥാനത്തെ കൂട്ടിയിണക്കി കോടിക്കണക്കിന് മനുഷ്യര്‍ പങ്കുചേരുന്ന മൂവ്‌മെന്റിനെ ദീര്‍ഘകാലത്തേക്ക് നിങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന സമയത്ത് ഈ സിദ്ധാന്തങ്ങളും നിങ്ങളുടെ പ്രയോഗങ്ങളും തമ്മില്‍ പലപ്പോഴും ഏറ്റുമുട്ടേണ്ടതായിവരും. ആ വൈരുധ്യം ഒരാളുടെ ഗൂഢാലോചനയൊന്നുമല്ല. ചരിത്രത്തിലെ വളരെ സങ്കീര്‍ണമായ സ്വഭാവമാണ് അതിന്റെ അടിസ്ഥാനം. അതിനെ നിശ്ചയമായിട്ടും നമ്മള്‍ തിരുത്തണം. പക്ഷേ അത് അതില്‍ പങ്കു ചേര്‍ന്നിട്ടുള്ള ആളുകളെ ആക്ഷേപിച്ചുകൊണ്ടാകരുത്. അഥവാ ഗാന്ധിജി സവര്‍ണനാണെന്ന് ആക്ഷേപിച്ചിട്ടോ നാരായണ ഗുരുവില്‍ സവര്‍ണത കണ്ടുപിടിച്ചിട്ടോ ദേശീയ പ്രസ്ഥാനത്തെയോ ഇടതുപക്ഷത്തെയോ 'ബ്രാഹ്മണിക് മൂവ്‌മെന്റ്' എന്ന് ആക്ഷേപിച്ചിട്ടോ നടക്കേണ്ടതല്ല. അങ്ങനെയാണല്ലോ ഇപ്പോള്‍ ചര്‍ച്ചകള്‍ വന്നുകൊണ്ടിരിക്കുന്നത്. അത് ഏതെങ്കിലും തരത്തില്‍ ഗുണകരമായിത്തീരുമെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ടെന്താണെന്ന് വെച്ചാല്‍ നേരത്തേ ഉണ്ടായിരുന്ന വിഭാഗീയ യുക്തിയെ ഇപ്പുറത്ത് ഉറപ്പിക്കാം. അപരമായിട്ടാണ് ആദ്യം മുതലേ ഇസ്‌ലാം സങ്കല്‍പിക്കപ്പെട്ടത് എന്ന് മനസ്സിലാക്കിയിട്ട് ആ അപരത്വത്തിന്റെ ഇപ്പുറത്ത് ഇരിപ്പുറപ്പിക്കാം. എന്നിട്ട് ഈ അപരബോധത്തെ കുറേക്കൂടി പ്രബലമാക്കാം. ഒരു ഡയലോജിക്കായിട്ടുള്ള എന്‍ഗേജ്‌മെന്റിന് തയാറാകുന്നതിനു പകരം അപരത്വത്തെ കൂടുതലായി വാദിച്ച് കണ്ടെത്താം. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതില്‍ നമ്മള്‍ എന്‍ഗേജ്ഡ് ആകുന്നത് എന്തിനു വേണ്ടിയാണ്? അതിനെ വാദിച്ചുറപ്പിക്കാനോ അതോ മറികടക്കാന്‍ വേണ്ടിയോ?
മുസ്‌ലിംകളുടെ ഇരുണ്ട യുഗത്തിനു സാധൂകരണമായി എടുത്തുകാട്ടുന്ന ഒന്നാണല്ലോ മഹ്മൂദ് ഗസ്‌നി നടത്തി എന്ന് പറയപ്പെടുന്ന സോമനാഥ ക്ഷേത്രാക്രമണം. പില്‍ക്കാല ധ്രുവീകരണങ്ങള്‍ക്ക് പോലും ഹേതുവായ ഇത്തരം ചെയ്തികളുടെ രാഷ്ട്രീയം?
ക്ഷേത്രാക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ, എന്തിന് വേണ്ടിയാണ് നടന്നത് എന്നത് ഒരു പ്രശ്‌നമാണ്. സോമനാഥ ക്ഷേത്രത്തെ ഗസ്‌നി ആക്രമിച്ചു എന്നാണല്ലോ. അതിനകത്തുള്ള ലളിതമായ ഒരു പ്രശ്‌നം ഒരു ക്ഷേത്രം മതവിദ്വേഷത്തെ മുന്‍നിര്‍ത്തി അക്രമിച്ച് നശിപ്പിക്കലാണ് ലക്ഷ്യമെങ്കില്‍ അത് ഒരു തവണകൊണ്ട് കഴിയുമല്ലോ. എന്തുകൊണ്ടാണ് അഫ്ഗാനില്‍നിന്ന് ആണ്ടോടാണ്ട് ഇവിടെ വന്ന് ഇടക്കിടക്കത് ചെയ്യുന്നത്? കാരണം അതിന്റെ പിറകില്‍ മതപരമായ വിദ്വേഷത്തേക്കാള്‍ പ്രബലമായ മറ്റ് ചില ഘടകങ്ങളുണ്ട്. ഒരു പക്ഷേ, അടിസ്ഥാന ഘടകം സാമ്പത്തികമായിരിക്കാം. മധ്യകാല ക്ഷേത്രങ്ങള്‍ ആധ്യാത്മികതയുടെ കേന്ദ്രത്തേക്കാള്‍ എത്രയോ കൂടുതല്‍ സമ്പത്തിന്റെ കേന്ദ്രങ്ങളായിരുന്നു. അതിനാല്‍ സമ്പത്തിന് വേണ്ടിയുള്ള എല്ലാ കിടമത്സരങ്ങളും ക്ഷേത്രത്തിലേക്ക് പോകും. ക്ഷേത്രം പിടിച്ചാലേ പണം കിട്ടൂ. ഹര്‍ഷന്റെ രാജസദസ്സിലെ കല്‍ഹണന്‍ 'രാജതരംഗിണി'യില്‍ പറയുന്നുണ്ടല്ലോ; അമ്പലം കൊള്ളയടിക്കുന്ന സംവിധാനത്തിന് ഹര്‍ഷന്‍ രൂപം കൊടുത്തിട്ടുണ്ടെന്ന്. അപ്പോള്‍ ക്ഷേത്രാക്രമണങ്ങള്‍ നടക്കുന്നുണ്ട്. പിന്നെ ക്ഷേത്രാക്രമണങ്ങള്‍ നടത്തുമ്പോള്‍ മഹ്മൂദ് ഗസ്‌നിക്ക് പറയാന്‍ പറ്റില്ല, ഞാന്‍ അമ്പലം കൊള്ളയടിക്കുകയാണ് എന്ന്. അമ്പലത്തില്‍ നിന്നും ഞാന്‍ പണം മോഷ്ടിച്ചുവെന്ന് ഗസ്‌നിക്ക് പറയാന്‍ പറ്റില്ല. കാരണം രാജാവാണ്, പ്രതാപിയാണ്. അതിനാല്‍ മൂപ്പര് സ്വയം അതിനെ ന്യായീകരിക്കുക കാഫിറുകള്‍ക്കെതിരായ യുദ്ധം എന്നാണ്. അങ്ങനെ പറഞ്ഞാല്‍ മാത്രമാണ് അദ്ദേഹത്തിന് രാജകീയമായ ഒരു ന്യായീകരണമുണ്ടാവുക. അതുകൊണ്ട് എല്ലാ വിശദീകരണങ്ങളിലും ക്ഷേത്രാക്രമണം മതപരമായി തന്നെ വിശദീകരിക്കും. മതമെന്നത് അന്ന് ഫലപ്രദമായൊരു ന്യായമാണ്. ഇന്ന് തീര്‍ത്തും അന്യായമാണ്. അതുകൊണ്ട് വിശ്വാസത്തിന്റെ അകത്ത് വെച്ച് ഇതിനൊരു യുക്തിയുണ്ടാക്കാന്‍ ഒരു ഭരണാധികാരി പറയുന്നതിന് യാഥാര്‍ഥ്യവുമായി വളരെ അകലമുണ്ടാവുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അതുപോലെ ഔറംഗസീബിന് വേണ്ടി ശിവജിയെ തോല്‍പിക്കുന്നത് രാജാ ജയസിംഹനാണല്ലോ. ഔറംഗസീബിനോട് വടക്ക് യുദ്ധം ചെയ്യുന്ന സമയത്ത് ശിവജി തെക്ക് നായക്മാരോടും യുദ്ധം ചെയ്യുന്നുണ്ട്. ഭാമിനി സുല്‍ത്താന്മാരോട് യുദ്ധം ചെയ്യുന്ന വിജയനഗരം തഞ്ചാവൂരിനോടും യുദ്ധത്തിലേര്‍പ്പെടുന്നുണ്ട്. അപ്പോള്‍ മതപരമായി ധ്രുവീകരിക്കപ്പെട്ടതല്ലല്ലോ രാജ്യം. അതിനാല്‍ യുദ്ധത്തില്‍ ജാതിയും മതവും ഒന്നുമില്ല. അധികാരം മാത്രമേ ഉണ്ടായിട്ടുള്ളു.
പക്ഷേ, വ്യക്തികള്‍ തമ്മിലുണ്ടായിട്ടുള്ള ഈ സംഘര്‍ഷങ്ങളെ മതപരമായ കണ്ണിലൂടെ കാണുമ്പോള്‍ സംഭവിക്കുന്നത് മധ്യകാലയുഗത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും നിരന്തരം സംഘട്ടനത്തിലായിരുന്നുവെന്നാണല്ലോ?
അതേ. അങ്ങനെ മനസ്സിലാക്കപ്പെടും. ആധുനികമായി മനസ്സിലാക്കപ്പെട്ടത് അങ്ങനെയാണ്. ചരിത്രത്തിലെ ഒരു പ്രോസസിനെ ബൈനറി ഓപ്പോസിറ്റുകളിലേക്ക് ചുരുക്കുകയാണ്. മധ്യകാലയുദ്ധങ്ങള്‍ ഹിന്ദു-മുസ്‌ലിം യുദ്ധങ്ങളാണെന്ന് ഇംപീരിയലിസ്റ്റുകള്‍ പറഞ്ഞുണ്ടാക്കി. ഓറിയന്റലിസ്റ്റുകള്‍ ഇതിന് വേണ്ടത്ര പശ്ചാത്തലമൊരുക്കിക്കൊടുത്തു. ദേശീയവാദികള്‍ മൊത്തത്തില്‍ ഏറ്റെടുത്ത് മുന്നോട്ടു പോവുകയും ചെയ്തു. നമ്മുടെ ദേശീയവാദ ചരിത്രത്തിന്റെ വലിയ വക്താവായ ആര്‍.സി മജുംദാര്‍ ഒരിടത്ത് പറയുന്നുണ്ട്; ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ ചേര്‍ന്നുനില്‍ക്കുക അസാധ്യമായിരുന്നു, പരസ്പരം യോജിപ്പ് പോലും സാധ്യമല്ലായിരുന്നു എന്ന്. നെഹ്‌റു 'ഡിസ്‌കവറി ഓഫ് ഇന്ത്യ' എഴുതിയത് ഇമ്മാതിരിയുള്ള ഒരു ലോജിക്കിനെ തകര്‍ക്കണമെന്നുള്ള വലിയ താല്‍പര്യം കൊണ്ടും കൂടിയാണ്. നെഹ്‌റു ഒരു ഘട്ടത്തില്‍ ഇത് തിരിച്ചറിയുന്നുണ്ട്. അഥവാ ചരിത്രം ഇങ്ങനെ വിശദീകരിക്കപ്പെടുന്നതിന്റെ പുറത്തുള്ള വലിയ അപകടം. നെഹ്‌റുവാണ് വാസ്തവത്തില്‍ മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററിക്ക് അങ്ങനെയൊരു സെക്യുലര്‍ അടിസ്ഥാനം ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ച വ്യക്തി.
ദേശീയതയുടെ പുറത്തേറിയായിരിക്കും ഫാഷിസം കടന്നുവരികയെന്ന് നെഹ്‌റു പറയുന്നുണ്ടല്ലോ?
പറയുന്നുണ്ട്. ഒരു ഹിന്ദു, വിഭാഗീയ കാര്യം ഉന്നയിച്ചാലും പലപ്പോഴും അതിനെ ദേശീയമായിട്ടാണ് കാണുക. എന്നാല്‍ മുസ്‌ലിം ഒരാവശ്യം ഉന്നയിച്ചാല്‍ അത് പലപ്പോഴും വിഭാഗീയത ആയിട്ടാണ് ഇന്ത്യയില്‍ മനസ്സിലാക്കപ്പെടുക. ഇന്ത്യയില്‍ എന്നും വര്‍ഗീയതക്ക് ദേശീയതയുടെ പരിവേഷമുണ്ടാകുമെന്ന് നെഹ്‌റു ആദ്യമേ പറഞ്ഞിട്ടുണ്ട്. അതൊക്കെ വളരെ മര്‍മസ്പര്‍ശിയായ കാര്യമാണ്. ദേശീയതയെക്കുറിച്ചുള്ള ഏറ്റവും സൂക്ഷ്മമായ വിമര്‍ശനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. പക്ഷേ ഇന്നിപ്പോള്‍ ഇസ്‌ലാമിന്റെ ആള്‍ക്കാര്‍ വരെ നെഹ്‌റുവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ചര്‍ച്ചക്കിറങ്ങുകയാണ്. ഞാന്‍ പറയുന്നത് നെഹ്‌റുവിന് ഒരു പ്രശ്‌നവുമില്ല എന്നല്ല.
മധ്യകാലത്തെ ഇരുണ്ടയുഗമെന്ന് മുദ്രകുത്തുമ്പോള്‍ തന്നെ അക്ബറിന്റെ ഘട്ടത്തെ ജെയിംസ് മില്ലിന്റെ സമകാലികരായ ചരിത്രാഖ്യായകര്‍ പുകഴ്ത്തുന്നുണ്ടല്ലോ? ഇതിന്റെ ഒരു ലക്ഷ്യം ആ യുഗത്തില്‍ നിന്നുള്ള ഒരപവാദമെന്ന നിലയില്‍ അക്ബറിനെ എടുത്തുകാട്ടുക മാത്രമായിരുന്നില്ലേ? അഥവാ ഇരുണ്ട കാലത്തെ ഔറംഗസീബില്‍നിന്ന് വ്യത്യസ്തനായിക്കൊണ്ട്?
അക്ബറിനോട് അവര്‍ക്ക് പൊതുവായൊരു താല്‍പര്യമുണ്ട്. അക്ബര്‍ ഇന്ത്യ കണ്ട ഏറ്റവും ഉന്നതനായ ഭരണാധികാരിയാണ്. വ്യക്തിപരമായി മതത്തെയെല്ലാം അതിവര്‍ത്തിച്ചുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഉന്നതമായ ജനാധിപത്യതാല്‍പര്യങ്ങളെ ഭരണ പ്രക്രിയയില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ഭരണ പ്രക്രിയയെ വിലയിരുത്തുമ്പോള്‍ ഭരണാധികാരികളുടെ കാഴ്ചപ്പാടു മാത്രം പോരാ. അക്ബറിനെയും ഔറംഗസീബിനെയും പഠിച്ചിട്ടുള്ളവര്‍ പറയുന്നത് അനുസരിച്ച്, ഔറംഗസീബിന് നേരിടേണ്ടിവന്ന ഏറ്റവും വലിയ പ്രശ്‌നം അക്കാലത്തെ കാര്‍ഷിക തകര്‍ച്ചയാണ്. അതിനാല്‍ സാമ്പത്തികമായി വളരെ പ്രതിസന്ധികള്‍ നിറഞ്ഞ ഘട്ടത്തിലാണ് അദ്ദേഹം ഭരണാധികാരിയാവുന്നത്. എന്നാല്‍ അക്ബറിന്റെ കാലം മറിച്ചാണ്. വളരെ സമൃദ്ധവും സമ്പന്നവുമായ ഒരു ഘട്ടമാണത്. ഇതവരുടെ ലോകവീക്ഷണത്തെയും ലോകബോധത്തെയുമൊക്കെ നിര്‍ണയിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ പ്രധാനപ്പെട്ട ഒരു കാര്യമാണ് അക്ബര്‍ താരതമ്യേന മള്‍ട്ടി കള്‍ച്ചറല്‍ നിലപാടുള്ള വ്യക്തിയായിരുന്നുവെന്നത്. പക്ഷേ, അങ്ങനെ പ്രൊജക്റ്റ് ചെയ്തുകൊണ്ട് അതിനെ ഒരു കാലത്തിന്റെ കേന്ദ്രമെന്ന നിലക്ക് അവതരിപ്പിക്കുമ്പോള്‍ താങ്കള്‍ പറഞ്ഞ പ്രശ്‌നമുണ്ട്. അതിന്റെ മുമ്പും പിമ്പുമുള്ളതും അതിന്റെ പശ്ചാത്തലവുമൊക്കെ ഇതിന്റെ വിപരീതാഖ്യാനം ഉണ്ടാക്കും. അക്ബറിന്റെ കാലം വെളിച്ചമായും മറ്റെല്ലാം ഇരുട്ടായും വാദിക്കാം. അങ്ങനെയൊരു ലോജിക്ക് അതിനകത്തുണ്ട്. വിന്‍സ്റ്റന്റ് സ്മിത്ത് ഇന്ത്യാചരിത്രം എഴുതുമ്പോള്‍ അലക്‌സാണ്ടറുടെ ഇന്ത്യാ ആക്രമണമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. വാസ്തവത്തില്‍ കിഴക്കന്‍ പഞ്ചാബിന്റെ പരിസരത്ത് വന്ന് പോവുക മാത്രമാണല്ലോ അലക്‌സാണ്ടര്‍ ചെയ്തത്. പക്ഷേ, രണ്ടായിരമോ മൂവായിരമോ കൊല്ലത്തെ ഇന്ത്യാ ചരിത്രം എഴുതുന്ന സമയത്ത് മൂപ്പര് ചെയ്യുന്നതിങ്ങനെയാണ്: അലക്‌സാണ്ടര്‍ വന്നു. പിന്നെ വേറെ പലരും വന്നു. ആര്യന്മാര്‍ വന്നു. ഇങ്ങനെ വന്നവരുടെ കഥയാണ് ഇന്ത്യ. അതിലവസാനത്തെ വരവാണ് ബ്രിട്ടന്റേത്. അധിനിവേശം എന്നത് അതിനാല്‍ ഇതിനു മുമ്പുള്ള പല വരവുകളുടെയും തുടര്‍ച്ചയായിട്ടുള്ള സ്വാഭാവിക പ്രക്രിയയാണ്. അതിനപ്പുറം വേറെ താല്‍പര്യമൊന്നുമില്ലായെന്ന യുക്തിയാണ് അതിലൂടെ സ്ഥാപിക്കുന്നത്.
ആധുനിക ദേശീയതയുടെ രംഗപ്രവേശത്തോടെയാണല്ലോ ഇന്ത്യയില്‍ ദേശീയ ചരിത്ര രചനകള്‍ക്ക് പ്രസക്തി കൈവരുന്നത്. ഒരു ചരിത്രേതരസമൂഹം എന്ന പഴി നിരന്തരം നമുക്ക് കേള്‍ക്കേണ്ടിവന്നിരുന്നു. ചരിത്ര വിജ്ഞാനത്തിന്റെ അഭാവം ഒരു യാഥാര്‍ഥ്യമാണെങ്കില്‍ തന്നെ ദല്‍ഹിസുല്‍ത്താനേറ്റ് കാലം ചരിത്ര രചനകളുടെയും വിജ്ഞാനത്തിന്റെയും ഏറെ പുഷ്‌കലമായ നാളുകളാണല്ലോ. അതിന്റെ ഒരു തുടര്‍ച്ച മുഗള്‍ കാലത്തും നിലനില്‍ക്കുന്നുണ്ട്.
അന്നത്തെ ചരിത്രരചനയെ ആധുനികമായ അര്‍ഥത്തില്‍ വിശേഷിപ്പിക്കാന്‍ പറ്റില്ല. പക്ഷേ ഇന്ത്യയില്‍ പൊതുവെ നിലനിന്നിരുന്ന ചരിത്രവിചാരത്തേക്കാള്‍ കൂടുതലായ ഒന്ന് ദല്‍ഹി സുല്‍ത്താനേറ്റ് മുതല്‍ കാണാന്‍ പറ്റും. വിവരങ്ങള്‍ ശേഖരിക്കുക. പിന്നെ കണക്കുകള്‍ ചിട്ടയായി സൂക്ഷിക്കുക. ഇങ്ങനെ ഭാവിയില്‍ ഉപയോഗിക്കപ്പെടാന്‍ പാകത്തിലുള്ള ക്രോഡീകരണവും സമാഹരണവുമൊക്കെ ദല്‍ഹി സുല്‍ത്താനേറ്റ് മുതലുള്ള കാലത്ത് കാണാന്‍ കഴിയും. ഇതില്‍ തന്നെ സംഭവിച്ച ഒരു കാര്യം ചരിത്ര പ്രക്രിയകളെ ഒരാധ്യാത്മിക യുക്തിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് പിന്നെ ഇസ്‌ലാമിക ചരിത്ര രചന ചെന്നുപെട്ടത്. അതോടെ ഈ മേഖല അടഞ്ഞുപോവുകയാണ് ചെയ്തത്. അറബ് ചരിത്രപാരമ്പര്യത്തിന് രണ്ട് രീതികളുണ്ടായിരുന്നു. അതിലൊന്ന് ഭൗതികമായ പ്രക്രിയകള്‍ക്ക് ഊന്നല്‍ കൊടുത്തു. മറ്റൊന്ന് അതിഭൗതികതയെ എടുത്തുകാട്ടി. ഈ അതിഭൗതികതയുടെ വിചാരമാണ് പിന്നീട് മേല്‍ക്കൈ നേടിയത്. അതോടെ മറ്റേ ധാര അടഞ്ഞുപോവുകയാണ് ചെയ്തത്.
ഇന്ത്യയിലേത് ചരിത്രബോധമില്ലാത്ത സമൂഹമായിരുന്നുവെന്ന വിമര്‍ശനത്തിന് മറുപടിയായി ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വിശകലനരീതി ഇന്ത്യന്‍ ബുദ്ധിജീവികള്‍ സ്വീകരിക്കുന്നുണ്ടല്ലോ?
സ്വീകരിക്കുന്നുണ്ട്. ചരിത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മിക്കവാറും എല്ലാ അഭാവങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും കാരണം ഇസ്‌ലാമാണെന്നുള്ളത് ദേശീയ വാദ ചരിത്ര രചനയില്‍ പൊതുവെയുള്ള ഒരു വാദമാണ്. ചരിത്ര ഗ്രന്ഥങ്ങള്‍ ഇല്ലാതായാലോ കലയില്ലാതായാലോ സംസ്‌കാരത്തിന്റെ സംഘര്‍ഷങ്ങള്‍ വന്നാലോ അതിനൊക്കെ ഇസ്‌ലാമിക അധിനിവേശമെന്നുള്ള സ്റ്റീരിയോടൈപ്പുള്ള ഉത്തരമുണ്ട്. സുരേന്ദ്രനാഥ് ബാനര്‍ജിയാണെന്ന് തോന്നുന്നു, ഇന്ത്യയില്‍ ചരിത്രമില്ലായെന്ന വാദത്തിന് മറുപടി പറയുമ്പോള്‍ പറയുന്നത്; വേണ്ടത്ര ചരിത്രപുസ്തകങ്ങള്‍ ഉണ്ടായിരുന്നു ഇന്ത്യയില്‍, പക്ഷേ ഇസ്‌ലാമിന്റെ അക്രമണം കൊണ്ട് നശിച്ച്‌പോയി എന്ന്! നമുക്ക് വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളുമൊക്കെ നിലനിര്‍ത്താന്‍ പറ്റുമെങ്കില്‍ ചരിത്രം മാത്രം നിലനിര്‍ത്താന്‍ പറ്റിയില്ലെന്ന് പറയുന്നതില്‍ അസംബന്ധമുണ്ടെന്ന് അദ്ദേഹത്തിന് തോന്നുന്നില്ല. ഇത്തരം വാദങ്ങള്‍ ഇപ്പഴും നല്ല വേരോട്ടമുള്ളവയാണ്. അത് ചരിത്രത്തില്‍ മാത്രമല്ല, പലനിലയിലും ഇന്നും തുടരുന്നുണ്ട്.
ദേശീയ ചരിത്രരചനയില്‍ വന്ന ഏറ്റവും വലിയ പിശക് സാംസ്‌കാരിക വികാസത്തിന്റെയും സ്വാംശീകരണത്തിന്റെയും രീതി വിശദീകരിച്ചതിലാണല്ലോ? പ്രത്യേകിച്ച് മുസ്‌ലിംകള്‍ ഭാരതീയ സംസ്‌കാരത്തില്‍ ലയിച്ചുചേരാന്‍ കഴിയാത്തവരാണെന്നുള്ള വിലയിരുത്തല്‍.
വാസ്തവത്തില്‍ ആര്യന്‍ എന്ന് പറയുന്നതും വൈദികം എന്ന് പറയുന്നതും പുറത്തുനിന്ന് വന്നതാണല്ലോ. വൈദിക പാരമ്പര്യം തന്നെ ആര്യന്മാരുടെ വരവിന്റെ തുടര്‍ച്ചയായിട്ട് ഉണ്ടായി വരുന്ന ഒന്നാണ്. അങ്ങനെ നോക്കിയാല്‍ അതും വിദേശിയാണ്. ബാബര്‍ വന്ന അതേ വഴിക്ക് തന്നെയാണ് ആര്യന്മാരും വന്നതെന്ന് കമല ഹാസന്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ഫിലോസഫിയുടെ ഭാഗമായ ഒന്നാണ് ഇസ്‌ലാം. ഇസ്‌ലാം ഒരിക്കലും ഇന്ത്യക്ക് പുറത്തുള്ള ഒന്നല്ല. അത് ഇന്ത്യന്‍ ജനതയുടെ പല ആശയങ്ങളോടും സംസ്‌കാരത്തോടും കലര്‍ന്ന് വികസിക്കുകയും ചെയ്തതാണ്. അല്ലാതെ സത്താപരമായ ഒരു ഇസ്‌ലാം പുറത്തുനില്‍ക്കുകയും അത് അതേ ജീവിത ശൈലി ഇവിടെ തുടരുകയും ചെയ്തു എന്നതല്ലല്ലോ. ഇസ്‌ലാമുമായുള്ള ബന്ധം ഇന്ത്യക്ക് ആദിമുതലേയുണ്ട്. അറബികളുമായുള്ള കച്ചവടമുണ്ട്. അങ്ങനെ ഇവിടെ സ്വതവേയുള്ള ഒരു അറബ് പാരമ്പര്യവുമുണ്ട്. ഇസ്‌ലാം അറേബ്യയില്‍ വികസിച്ച് വന്ന സമയത്ത് ഇസ്‌ലാമിക മൂല്യങ്ങളെ ഇവിടെ കൊണ്ടുവരികയും അതവരുടെ ഒരു പാരമ്പര്യത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ഇസ്‌ലാമിന് ശേഷം വന്നതല്ല ഇവിടത്തെ അറബ് ബന്ധങ്ങള്‍. അറബ് ബന്ധങ്ങള്‍ എത്രയോ മുമ്പുണ്ട്. ഇസ്‌ലാം അതിലേക്ക് വന്നുചേരുകയാണ് ചെയ്തത്. ഇത് വളരെ പ്രധാനമാണ്. ഇസ്‌ലാമിന് ചില അടിസ്ഥാനങ്ങളുണ്ട്. അത് വസ്തുതയാണ്. സെമിറ്റിക് സ്വഭാവമുണ്ട്. സുനിശ്ചിത ആചാരങ്ങളുണ്ട്. മതഗ്രന്ഥമുണ്ട്. പക്ഷേ അതൊക്കെ ശരിയാണെങ്കിലും ഇസ്‌ലാമെന്ന പേരില്‍ ഇവിടെ വിളിച്ചിരുന്നത് പോലും ഇതല്ലായെന്നാണ് ഞാന്‍ പറയുന്നത്. അത് വളരെ ബഹുസ്വരമായിട്ടുള്ളതാണ്.
ഇന്നത്തെ ഹിന്ദുത്വവാദികളുടെ ഒരു പ്രാഗ്‌രൂപം ബങ്കിം ചന്ദ്ര ചാറ്റര്‍ജിയില്‍ കാണാന്‍ സാധിക്കുന്നുണ്ടല്ലോ. ഒരേസമയം കൊളോണിയല്‍ പാഠങ്ങളെയും ഓറിയന്റല്‍ രചനകളെയും ബങ്കിം ചന്ദ്രന്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. 'ആനന്ദമഠ'ത്തിലാകട്ടെ ബ്രിട്ടീഷുകാരേക്കാള്‍ വലിയ ആക്രമണകാരികളായി അദ്ദേഹം കാണുന്നത് മുസ്‌ലിംകളെയുമാണ്.
കാണുന്നുണ്ട്. അതിലൊന്നും യാതൊരു സംശയവുമില്ല. ഞാന്‍ പറയുന്നത് അങ്ങനെയായിരുന്നപ്പോഴും നരേന്ദ്ര മോഡിയെ പോലെ ഒരാളല്ല ബങ്കിം ചന്ദ്രന്‍. കാരണം മുസ്‌ലിംകള്‍ കൊന്നൊടുക്കപ്പെടേണ്ടവരാണ് എന്ന് കരുതുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവരല്ല അവര്‍. ഇപ്പോഴുള്ള ഹിന്ദുത്വവാദികള്‍ അതല്ല ചെയ്യുന്നത്. ഇവര്‍ കമ്യൂണലിസ്റ്റുകളാണ്. രണ്ടിലും സമാന അംശങ്ങളുണ്ട്. പക്ഷേ, രണ്ടും ഒന്നല്ല. ഇന്ത്യന്‍ ഭൂതകാലം ഹൈന്ദവമാണ് എന്ന് പറഞ്ഞിട്ട് അതിനെ മുഴുവന്‍ ഉപേക്ഷിക്കണമെന്ന് പറഞ്ഞാല്‍ വാസ്തവത്തില്‍ ഹൈന്ദവവാദികള്‍ക്ക് വമ്പിച്ച ഒരു സാംസ്‌കാരിക മൂലധനം സ്വന്തമായി കിട്ടും. അത് ഭയങ്കര അപകടമാണ്. അതിനാല്‍ നമ്മള്‍ വിമര്‍ശനത്തെ നിലനിര്‍ത്തിക്കൊണ്ട് ഇതിനെ മതപരമായ അതിര്‍ത്തികള്‍ക്ക് പുറത്തുവെച്ച് കാണാനും വിശദീകരിക്കാനും ഉള്‍ക്കൊള്ളാനും പറ്റുമോ എന്നാലോചിക്കുകയാണ് വേണ്ടത്. ദേശീയവാദ ചരിത്രരചനക്ക് എന്തൊക്കെ അപകടങ്ങളുണ്ടായാലും ആര്‍.സി മജുംദാറോ മുഖര്‍ജിയോ ഭണ്ഡാര്‍ക്കറോ എടുക്കുന്ന പണി ചെറുതല്ല. അവര്‍ കൊണ്ടുവന്ന വിവരങ്ങള്‍ അത്രയും വിപുലമാണ്. മഹാരാഷ്ട്രയെക്കുറിച്ചോ മധ്യകാലത്തെക്കുറിച്ചോ പ്രാചീനകാലത്തെക്കുറിച്ചോ ഒക്കെ പതിനായിരക്കണക്കിന് വിവരങ്ങള്‍ അവര്‍ കണ്ടെത്തി. അവരൊന്നും ഒരു സ്രോതസ്സ് എന്ന നിലക്ക് മോശക്കാരല്ല. അങ്ങനെയാരും ഇതിനകത്തില്ലല്ലോ. നിലവിലെ വര്‍ഗീയ വാദികളില്‍ അരുണ്‍ ഷൂറിയെ പോലുള്ളവര്‍ ഗോസിപ്പുകളാണ് എഴുതുന്നത്. ഹിന്ദുത്വത്തിന്റെ ചരിത്രകാരന്മാര്‍ക്ക് ഗോസിപ്പിന്റെ അപ്പുറം എഴുതാന്‍ പറ്റില്ല. കാരണം അതിനുള്ള സ്‌കോപ്പ് അതിനകത്തില്ല. ദേശീയവാദികള്‍ അങ്ങനെയല്ല. അവരുടെ വാദത്തെ നിശ്ചയമായിട്ടും നമ്മള്‍ക്ക് വിമര്‍ശിക്കാം. പക്ഷേ, അതിന്റെ പിറകിലുണ്ടായിരുന്ന താല്‍പര്യത്തെയും ഊര്‍ജത്തെയുമൊന്നും അവഗണിക്കരുത്.
സാമ്രാജ്യത്വ രചനകളുടെയും പൗരസ്ത്യവാദത്തിന്റെയും ഇന്നത്തെ പിന്തുടര്‍ച്ചക്കാര്‍ ആര്‍.എസ്.എസ്സുകാരാണല്ലോ. ഇന്ത്യന്‍ ചരിത്രരചനയില്‍ മാറ്റം വരണമെന്ന് അവര്‍ വാദിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഇതില്‍ ഒരു വൈരുധ്യമില്ലേ?
അതിനുള്ള ഉത്തരം നമ്മള്‍ നേരത്തേ പറഞ്ഞതിന്റെ ബാക്കിയായിട്ട് വരും. നമ്മള്‍ എന്തെല്ലാം പറഞ്ഞാലും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് മതനിരപേക്ഷമായ ഒരു വലിയ സമ്പാദ്യമുണ്ടായിട്ടുണ്ട്. അത് നമ്മള്‍ കാണാതിരുന്നിട്ട് കാര്യമില്ല. ദേശീയതയുടെ വ്യവഹാരവും ദേശീയ പ്രസ്ഥാനവും തമ്മില്‍ ഒരകലമുണ്ട്. കാരണം ദേശീയ പ്രസ്ഥാനത്തിനകത്ത് ലക്ഷണക്കണക്കിന് ആളുകള്‍ പങ്കെടുത്തിട്ടുണ്ട്. ഗാന്ധിജിയും നെഹ്‌റുവും എല്ലാം അതിലുള്‍പ്പെടുന്നു. ഗാന്ധിജി നൂറ് ശതമാനം മതനിരപേക്ഷനായ ഒരാളാണ്. എന്നാല്‍ അങ്ങേയറ്റം മതബോധമുള്ളയാളുമാണ്. പക്ഷേ മതബോധം മതനിരപേക്ഷനായിരിക്കുന്നതിന് എന്തെങ്കിലും തരത്തില്‍ തടസ്സമാവില്ല എന്ന് തെളിയിച്ച ആളുമാണ്. നെഹ്‌റു വേറൊരു തരത്തില്‍ നൂറ് ശതമാനം മോഡേണായ ഒരു സെക്യുലറിസ്റ്റാണ്. ഇവരും പുറമെ ഇടതുപക്ഷത്തിന്റെ സ്വാധീനവും പലതരത്തിലുള്ള ഗ്രൂപ്പുകളും ഒക്കെ ചേര്‍ന്നതായിരുന്നല്ലോ നമ്മുടെ ദേശീയ പ്രസ്ഥാനം. അതിനാല്‍ ദേശീയ പ്രസ്ഥാനത്തിന് കമ്യൂണലിസ്റ്റുകളുടേത് പോലെ വര്‍ഗീയബോധം കൊണ്ടു നടക്കാനൊന്നും പറ്റില്ല. അവര്‍ ഭൂതകാലത്തെ വിശദീകരിക്കുമ്പോള്‍ ഇസ്‌ലാമിക ആക്രമണം, ഇസ്‌ലാമിക അധിനിവേശം തുടങ്ങിയ ചില ആശയാവലികളെ ആശ്രയിക്കുമെങ്കിലും വര്‍ത്തമാനത്തില്‍ അവര്‍ക്ക് മതനിരപേക്ഷതക്കും മതസൗഹാര്‍ദത്തിനും വേണ്ടി നില്‍ക്കേണ്ടിവരും. അല്ലാതെ നിങ്ങള്‍ ഹിന്ദുക്കള്‍ മാത്രം ചേര്‍ന്ന് ഒരു മൂവ്‌മെന്റാവണമെന്ന് ദേശീയ പ്രസ്ഥാനത്തിനകത്തുനിന്ന് വാദിക്കാനേ കഴിയില്ല. അതിനാല്‍ സംഭവിക്കുന്നകാര്യം ആധുനിക ഇന്ത്യ, അല്ലെങ്കില്‍ ഭാവി സമൂഹം എന്തായിരിക്കണം എന്ന് ചോദിക്കുന്ന സമയത്ത് മതനിരപേക്ഷമായിരിക്കണം എന്നാവും ഉത്തരം. കാരണം, അന്യോന്യം മതസൗഹാര്‍ദവും സഹിഷ്ണുതയും അനിവാര്യമാണ്. വര്‍ഗീയത ചില ഘട്ടങ്ങളിലൊക്കെ ഉണ്ട്. തീര്‍ത്തും ഇല്ല എന്ന് ഞാന്‍ പറയില്ല. പക്ഷേ, ഒരാധുനിക സമൂഹം എന്നനിലക്ക് ഇന്ത്യ മതനിരപേക്ഷമായിരിക്കണം എന്ന കാഴ്ചപ്പാടാണ് ദേശീയവാദികള്‍ പുലര്‍ത്തിയത്. അത് ചരിത്രമെഴുതിയവരുടെ സ്വകാര്യമായൊരു നിലപാടിന്റെ ഭാഗമല്ല. ദേശീയ പ്രസ്ഥാനത്തിന്റെ സമ്മര്‍ദമാണ്. കാരണം അതിനകത്ത് ഗാന്ധിജിയുണ്ട്, നെഹ്‌റുവുണ്ട്, ഇടതുപക്ഷമുണ്ട്, പല മൂവ്‌മെന്റുകളുമുണ്ട്. എന്താണ് ഇന്ത്യന്‍ രാഷ്ട്രരൂപം എന്ന് ചോദിച്ചാല്‍ ഹിന്ദു ഇന്ത്യയെന്ന് ദേശീയപ്രസ്ഥാനം പറയില്ലല്ലോ. അങ്ങനെ പറയാത്ത സമയത്ത് അങ്ങനെ പറയിക്കുന്ന മട്ടില്‍ ഇന്ത്യാ ചരിത്രത്തെ മാറ്റാനാണ് ഇവര് മാറ്റിയെഴുതണം, മാറ്റിയെഴുതണം എന്നുപറയുന്നത്. ഞാന്‍ പറയുന്നത്, ഗൗരവപൂര്‍ണമായൊരു ചര്‍ച്ചക്ക് വകയുള്ളതല്ല വാസ്തവത്തില്‍ ഹിന്ദുത്വത്തിന്റെ ഈ വാദം. ശുദ്ധമായ അസംബന്ധമാണ്. പക്ഷേ നമ്മള്‍ ഏറ്റെടുക്കേണ്ടിവരും. എന്തിനെന്നാല്‍ അത് അത്രയും ശക്തമായി അവതരിപ്പിക്കപ്പെടുന്ന സന്ദര്‍ഭങ്ങളുമുണ്ടാവാം. എന്‍.ഡി.എ ഗവണ്‍മെന്റിന്റെ കാലത്തെ പോലെയുള്ള സന്ദര്‍ഭങ്ങള്‍. എങ്കിലും ഞാന്‍ പറയുന്നത് ദേശീയ ചരിത്രരചനയെ വിമര്‍ശിക്കാന്‍ ഇറങ്ങിയാല്‍ നമുക്ക് അതില്‍ ഒരു വകയുണ്ട്. കാരണം അവര്‍ അത്രയും പണിയെടുത്ത് ആ മാതിരി കാലത്ത് ഇത് ഉണ്ടാക്കി. മാര്‍ക്‌സിസ്റ്റ് ചരിത്രരചനയോടും നമുക്ക് തര്‍ക്കിക്കാന്‍ വകയുണ്ട്. മാര്‍ക്‌സിസത്തിന് ഇന്ത്യയിലുള്ളതിന്റെ എത്രയോ മടങ്ങ് സ്വാധീനം ഇന്ത്യാ ചരിത്രത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ശര്‍മയായാലും കൊസാംബിയായാലും ഇര്‍ഫാനായാലും ഥാപ്പറായാലും പണിക്കര് മാഷായാലും എല്ലാവരും ചേര്‍ന്നിട്ട്. ഹിന്ദുത്വവാദികള്‍ പറയുന്നതില്‍ എന്താണ് ഉള്ളത്? കുറേ ഗോസിപ്പ് പറയുന്ന ആളുകള് അവിടെയും ഇവിടെയുമിരുന്ന് എന്തെങ്കിലും പറയുന്നു. അമ്പലപ്പറമ്പില്‍ അസംബന്ധം വിളിച്ചുപറയുന്നു എന്നല്ലാതെ ചരിത്രജ്ഞാനം എന്ന് പറയാന്‍ ഇവരുടെ പക്കല്‍ ഒന്നുമില്ലല്ലോ. ഒരു ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ രീതിശാസ്ത്രപരമായും കൃത്യതയോടെയും അവര്‍ക്ക് സംസാരിക്കാന്‍ പറ്റില്ല. കാരണം അങ്ങനെ ഒരടിസ്ഥാനവും ഹിന്ദുത്വത്തിനില്ല. അവര്‍ക്ക് ചരിത്രമെന്നത് വിശ്വാസങ്ങളും ഗോസിപ്പുകളും കുറേ കുരുട്ടുകഥകളും കൂടിച്ചേര്‍ന്നിട്ടുള്ള ഒന്നാണ്. അമ്പലപ്പറമ്പിലെ പ്രഭാഷണം കേട്ടാലറിയാമല്ലോ. ക്വാണ്ടം മെക്കാനിസവും വേദാന്തവും ഒന്നാണെന്ന് പറയുന്നു. കേട്ടവര്‍ക്ക് വേദാന്തവും അറിയില്ല. ക്വാണ്ടം മെക്കാനിസവും അറിയില്ല. നമ്മള്‍ ആരോടാ എതിര്‍ക്കുക? എതിര്‍ത്തിട്ടെന്താ ഫലം? സാധ്യമല്ല. കാരണം ക്വാണ്ടം മെക്കാനിസത്തിന്റെ ഇഷ്യൂസ് മനസ്സിലാവണമെങ്കില്‍ സൂക്ഷ്മമായി ആ പ്രശ്‌നം പഠിക്കുകയും അതിന്റെ പിന്നാലെ സഞ്ചരിക്കുകയും വേണം.
ആര്യ-ദ്രാവിഡ സംസ്‌കാരത്തെയും ബൗദ്ധ സംസ്‌കൃതിയെയും സിഖ് സമുദായത്തെയുമൊക്കെ കൂട്ടിയിണക്കുന്ന സാംസ്‌കാരിക ദേശീയവാദം ആര്‍.എസ്.എസ് മുന്നോട്ടുവെക്കുന്നുണ്ടല്ലോ? ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അംബേദ്കറെയുമൊക്കെ വിശാല ഹിന്ദുത്വത്തിന്റെ പ്ലാറ്റ്‌ഫോമില്‍ അണിനിരത്തുന്ന രചനാകൗശലങ്ങള്‍ ഹിന്ദുഐക്യവേദിയുടെ പേരില്‍ കേരളത്തിലും നടക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഈ സംസ്‌കാരങ്ങള്‍ക്കിടയിലെല്ലാം സാരമായ വൈരുധ്യങ്ങളുണ്ടല്ലോ?
നിശ്ചയമായും വൈരുധ്യമുണ്ട്. പക്ഷേ, അതോടൊപ്പം തന്നെ നമ്മുടെ ദേശീയതയുടെയോ നവോത്ഥാനത്തിന്റെയോ ഒക്കെ ഒരു ആഭ്യന്തര വൈരുധ്യം കൂടി അതിലുണ്ട്. കാരണം നാരായണ ഗുരുവിനോ അല്ലെങ്കില്‍ നവോത്ഥാനത്തിന്റെ പല നേതൃരൂപങ്ങള്‍ക്കോ ഹൈന്ദവം എന്ന ഒരു ചട്ടക്കൂടിന് അകത്ത് പെടുത്താന്‍ പറ്റുന്ന മട്ടിലുള്ള ചില സന്ദിഗ്ധസ്വഭാവങ്ങളുണ്ട്. ഒരുപക്ഷേ മഹാത്മാ ഫൂലെയെ എടുക്കാന്‍ പറ്റില്ല. രാമസ്വാമി നായ്ക്കറെയും എടുക്കാന്‍ പറ്റില്ല. കാരണം അത് കര്‍ക്കശമായിട്ട് എതിരിട്ട പ്രസ്ഥാനങ്ങളാണ്. മറ്റേത് അങ്ങനെയല്ല. ഞാനതിനെ കുറ്റം പറയുകയല്ല. അതിന്റെ വിജയവും ഒരര്‍ഥത്തില്‍ ഇതു തന്നെയായിരുന്നു. എന്‍ഗേജ് ചെയ്യുകയാണ് അവ ചെയ്തത്. അതായത് രണ്ടിനുമിടക്കുള്ള ഇടവേള കണ്ടെത്തി അവിടെയാണ് നാരായണ ഗുരുവൊക്കെ നിന്നത്. പക്ഷേ ആ വിജയത്തില്‍ തന്നെ ഒരു പ്രശ്‌നമുണ്ട്. നിങ്ങളെ വേണമെങ്കില്‍ ഇങ്ങോട്ടും വലിച്ചെടുക്കാന്‍ പറ്റും. നവോത്ഥാനത്തിന്റെ ജാതി വിമര്‍ശന ഊര്‍ജം നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ നവോത്ഥാന പാരമ്പര്യത്തെ നിങ്ങള്‍ക്ക് മുഖ്യധാരാ മതപാരമ്പര്യമായിട്ട് കാണാന്‍ പറ്റും. ജാതിവിമര്‍ശനം ഉള്ളപ്പോള്‍ മാത്രമേ അത് ഓപ്പോസിഷണല്‍ ആവുകയുള്ളൂ. അതിപ്പോള്‍ കേരളത്തിന്റെ കാര്യം എടുത്തുനോക്ക്. നവോത്ഥാന പ്രസ്ഥാനങ്ങളൊക്കെ ജാതിപ്രസ്ഥാനങ്ങളായിട്ട് തിരിഞ്ഞുപോയിട്ടുണ്ട്. ജാതിയില്‍നിന്ന് തന്നെയാണ് നവോത്ഥാനമൊക്കെ തുടങ്ങിയത്. പക്ഷേ ജാതിയില്‍നിന്ന് തുടങ്ങിയത് ജാതിയെ ശക്തിപ്പെടുത്താനായിരുന്നില്ല. ജാതിയെ മറികടക്കാനായിരുന്നു. ഇപ്പോള്‍ സമുദായം എന്താണെന്ന് ചോദിച്ച് കഴിഞ്ഞാല്‍ ജാതീയമായി സംഘടിച്ചിട്ട് പുതിയൊരു സ്വത്വപ്രസ്ഥാനമാണ് സമുദായം. ഈ കീഴ്ജാതി സ്വത്വത്തിന് പകരം ഒരു ജനാധിപത്യപരമായ സ്വത്വബോധത്തിന്റെ കൂട്ടായ്മയെയാണ് നാം സമുദായം എന്ന് പറഞ്ഞിട്ടുള്ളത്. ഇങ്ങനെ സമുദായമാകുന്ന സമയത്ത് ജാതിവിമര്‍ശനത്തിന്റെ കര്‍തൃസ്ഥാനം രൂപപ്പെടുന്നുണ്ട്. പക്ഷേ, ആ സമുദായത്തെ നാമിന്ന് ജാതിവല്‍ക്കരിച്ചുകഴിഞ്ഞു. അതിനാല്‍ സമുദായം എന്ന വാക്ക് മാത്രമേ ഇപ്പോഴുള്ളൂ. സമുദായമെന്ന് കേട്ടാല്‍ ജാതിയെന്നേ മനസ്സിലാവുകയുള്ളൂ.
ജാതിവിമര്‍ശനത്തിന്റേതായ ഒരു തലം വികസിപ്പിച്ചുകൊണ്ടുവരാന്‍ ആ ഒരര്‍ഥത്തില്‍ ഇടതുപക്ഷത്തിനും സാധിച്ചിട്ടില്ലല്ലോ?
പരമ്പരാഗതമായ ജാതിബോധത്തെ ലംഘിക്കുന്ന ജാതിവിമര്‍ശനത്തിന്റേതായ പുതിയൊരു രീതി വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടായിരുന്നു. പക്ഷേ അതിന്റെ ഊര്‍ജം നഷ്ടപ്പെട്ട് പിന്നോട്ടുപോവുകയാണ് ചെയ്തത്. നമ്മുടെ ദേശീയ പ്രസ്ഥാനത്തിനും ഇടതുപക്ഷത്തിനുമൊന്നും ജാതിവിമര്‍ശനത്തിന്റേതായ ഈ ഒരു ഘട്ടം വികസിപ്പിച്ച് കൊണ്ടുപോവാന്‍ പറ്റിയിട്ടില്ല. അറുപതുകളായപ്പോള്‍ നമ്മള്‍ കരുതി കേരളത്തില്‍നിന്ന് ജാതിയെല്ലാം പോയി എന്ന്. ജാതിയുടെ ഭൗതികവും സാമ്പത്തികവുമായ അടിസ്ഥാനം എന്ന് പറയാവുന്ന ജന്മിത്തം പോയി എന്നത് ശരിയാണ്. പക്ഷേ, ജാതി ഒരുപാട് തലങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. ഒരുല്‍പാദനം അല്ലെങ്കില്‍ സാമ്പത്തിക വ്യവസ്ഥയെന്ന നിലക്ക് ജാതിയുടെ രൂപമാണ് ജന്മിത്തം. അഥവാ ജാതിയുടെ അടിസ്ഥാനം ജന്മിത്തമായിരുന്നു. ഇതിന് മിക്കവാറും കേരളത്തില്‍ ശൈഥില്യം സംഭവിച്ചു. അത് വളരെ പ്രധാനമാണെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. കീഴ്ജാതിക്കാരായ ആളുകള്‍ക്ക് ചായക്കടയില്‍ കയറാന്‍ കഴിയാത്ത അവസ്ഥയൊന്നും കേരളത്തിലില്ല. കേരളത്തേക്കാള്‍ എത്രയോ ശക്തമായ ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ പുറത്തുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ജാതിയുടെ ഫങ്ഷനല്‍ ശേഷി അവിടെ നമ്മുടേതിനേക്കാള്‍ എത്രയോ കൂടുതലാണ്. തൊട്ടുകൂടായ്മയും തീണ്ടലും അയിത്തവും എല്ലാം നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ അതില്ല. പക്ഷേ, ആ മെച്ചത്തിനകത്തും പ്രത്യയശാസ്ത്രം എന്ന നിലയില്‍ ജാതി തളര്‍ന്നില്ല. ആ തലത്തില്‍ അതിനെ അഡ്രസ് ചെയ്യാന്‍ നമ്മുടെ നവോത്ഥാനത്തിന്റെ രണ്ടാം ഘട്ടത്തിന് കഴിഞ്ഞില്ല. ആ പരാധീനതയിലാണ് നമ്മള്‍ നേരത്തേ ചര്‍ച്ച ചെയ്ത ഹിന്ദുത്വത്തിന്റെ പിടിച്ചടക്കല്‍ കൗശലം മുതലെടുത്തത്.
നേരത്തേ ചര്‍ച്ച ചെയ്ത കാര്യമുണ്ടല്ലോ- സാമ്രാജ്യത്വ രചനകളുടെയും പൗരസ്ത്യ വ്യവഹാരങ്ങളുടെയും രണ്ട് ധാരകള്‍. ഈ രണ്ട് പഠനങ്ങളെയും ഏറ്റെടുക്കുന്ന പ്രവണത നമ്മുടെ സാഹിത്യകാരന്മാര്‍ക്കിടയിലും പ്രകടമാണല്ലോ. വിശിഷ്യാ, ആനന്ദിനെപോലുള്ളവരുടെ 'വേട്ടക്കാരനും വിരുന്നുകാരനും' പോലുള്ള കൃതികള്‍. ഒ.വി വിജയനും ഈ ആക്ഷേപം നിരന്തരം കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.
ആനന്ദിന് ആ വിമര്‍ശനസ്വഭാവമുണ്ട്. അദ്ദേഹം വര്‍ഗീയവാദിയൊന്നുമല്ല. ഞാനത്തരം വാദങ്ങളെ അംഗീകരിക്കുന്നില്ല. ചിലര്‍ പറയുന്നു; ഒ.വി വിജയന്‍ സവര്‍ണ ഫാഷിസ്റ്റാണ്, ആനന്ദ് വര്‍ഗീയവാദിയാണ് എന്നൊക്കെ. അപ്പോള്‍ പറ്റുന്ന ഒരു പ്രശ്‌നം ഈ വാക്കുകളുടെ സൂക്ഷ്മയാഥാര്‍ഥ്യം നഷ്ടപ്പെടുകയാണ്. നിങ്ങള്‍ക്ക് ആരെയും വിളിക്കാവുന്ന ചീത്തയായിട്ട് ഫാഷിസ്റ്റ് മാറിയാല്‍ അത് ഫാഷിസത്തിനാവും ഗുണം. നിങ്ങള്‍ കുമ്മനം രാജശേഖരനെയും ആനന്ദിനെയും ഒരുപോലെ ഹൈന്ദവ വര്‍ഗീയവാദി എന്നു വിളിച്ചാല്‍ കുമ്മനം രാജശേഖരന്‍ രക്ഷപ്പെട്ടല്ലോ. അതിനാല്‍ നമ്മള്‍ ഇത്തരം പ്രയോഗങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തല്‍ക്കാലത്തെ തര്‍ക്കം ജയിക്കാനായി ആളുകള്‍ പരസ്പരം ചീത്ത വിളിക്കാനായി ഇത്തരം പദങ്ങളെ ദുരുപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒ.വി വിജയനില്‍ സവര്‍ണതയുടെ ചില വ്യവഹാരങ്ങളുണ്ട്. അതിലൊരു സംശയവുമില്ല. പക്ഷേ, അദ്ദേഹം സവര്‍ണ വര്‍ഗീയവാദിയല്ല. നാരായണ ഗുരുവിന്റെ പ്രയോഗങ്ങളില്‍ ബ്രാഹ്മണിസത്തിന്റെ ചില അംശങ്ങളുണ്ട്. പക്ഷേ, ഗുരു ബ്രാഹ്മണ ആധിപത്യത്തിന്റെ പ്രതിനിധിയല്ല. ഇതിന്റെ അര്‍ഥം അവരെ വിമര്‍ശിക്കേണ്ട എന്നല്ല. പക്ഷേ വിമര്‍ശിക്കുമ്പോള്‍ ബ്രാന്‍ഡ് ചെയ്തുകളയരുത്. അത് ഒരു തരത്തില്‍ ഗോസിപ്പിംഗാണ്. അതോടെ നിങ്ങള്‍ സംവാദത്തിനുള്ള വഴി അടച്ച് ഒരാള്‍ മറ്റൊരാളാണ് എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ആനന്ദിനെ വര്‍ഗീയവാദി എന്ന് വിളിക്കുന്നത് പരിപൂര്‍ണമായും അസംബന്ധമാണ്. അദ്ദേഹം തികഞ്ഞ ജനാധിപത്യവാദിയാണ്. ജനാധിപത്യം ആനന്ദിന്റെ പുറമെയുള്ള ഒരു നാട്യമൊന്നുമല്ല. അകമേയുള്ള ഒരു ഉത്കണ്ഠയാണ്. എന്നാല്‍ ഈ ഗ്രന്ഥത്തില്‍ എടുത്ത നിലപാടില്‍ ഒരുപാട് കുഴപ്പങ്ങളുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. വ്യക്തിപരമായി പറഞ്ഞാല്‍ ആ പുസ്തകത്തിന് അവാര്‍ഡ് കൊടുക്കുന്ന ഒരു ചടങ്ങില്‍ പുസ്തകം പരിചയപ്പെടുത്താനുള്ള ചുമതല എനിക്കായിരുന്നു. അങ്ങനെയാണ് ആ പുസ്തകം സൂക്ഷിച്ച് വായിച്ചത്. അപ്പോള്‍ എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ തോന്നി. ഞാന്‍ പുസ്തകം പരിചയപ്പെടുത്തിയപ്പോള്‍ ഇതിനോടുള്ള വിമര്‍ശനങ്ങളാണ് പരിചയപ്പെടുത്തലിന്റെ ഭാഗമായി പറഞ്ഞത്. അല്ലാതെ പുസ്തകം കേമമാണെന്ന് പറയുകയല്ല ചെയ്തത്. രണ്ട് മൂന്ന് വിമര്‍ശനങ്ങള്‍ എനിക്കാ പുസ്തകത്തിനോടുണ്ട്. ഒന്ന് ആനന്ദ് മുസ്‌ലിം അപരവല്‍ക്കരണത്തിന്റെ മുഖ്യധാരാ യുക്തിയില്‍ പെട്ടുപോയി. കുറേ വിവരങ്ങള്‍ അദ്ദേഹം എടുത്തിട്ടുണ്ട്. കശ്മീരിലെ വിഘടന പ്രവര്‍ത്തനങ്ങളെക്കുറിച്ചൊക്കെ ധാരാളം ഡാറ്റ അദ്ദേഹം എടുത്തിട്ടുണ്ട്. പക്ഷേ, കൈവരുന്ന വിവരങ്ങളില്‍നിന്നുമാത്രം നിങ്ങള്‍ വ്യാഖ്യാന പ്രക്രിയകളിലേക്ക് പോയിക്കൂടാ. നിങ്ങള്‍ക്ക് ഒരു വിവരം തരുന്ന അവസ്ഥയും ആ വിവരത്തെ വ്യാഖ്യാന പ്രക്രിയകളിലേക്ക് കൊണ്ടുവരുമ്പോള്‍ അതിനുണ്ടാകുന്ന അര്‍ഥവും തമ്മില്‍ വലിയ വ്യത്യാസമുണ്ടാകും. എന്റെ അനുഭവം വെച്ചുകൊണ്ട് ഞാന്‍ ലോകത്തെ കാണുന്നതും ആ അനുഭവത്തെ സാധ്യമാക്കിയ ചരിത്ര ബന്ധവും തമ്മില്‍ വൈരുധ്യമുണ്ടായിരിക്കും. അതിനാല്‍ നമ്മള്‍ നമ്മുടെ അനുഭവങ്ങളെക്കൊണ്ട് ലോകത്തെ വിവരിച്ചുകൂടാ. കൈവരുന്ന വിവരങ്ങളില്‍നിന്ന് മാത്രം നമ്മള്‍ ഒരു വ്യാഖ്യാന പ്രക്രിയയിലേക്ക് പോയിക്കൂടാ. അതില്‍ ആനന്ദ് വലിയ സൂക്ഷ്മത പുലര്‍ത്തിയിട്ടില്ല. മലബാര്‍ കലാപത്തെക്കുറിച്ച് പറയുന്ന സമയത്ത് ആനന്ദിന്റെ ആധാര സാമഗ്രികള്‍ ശ്രീധരമേനോന്റെ ഒക്കെ പുസ്തകങ്ങളാണ്. പണിക്കര് മാഷോ ഗംഗാധരന്‍ മാഷോ എഴുതിയ എത്രയോ പഠനങ്ങള്‍ വന്നുകാണും. ഇതൊന്നും നോക്കാതെ വളരെ സെക്കന്ററിയായിട്ടുള്ള, ടെക്സ്റ്റ് സ്വഭാവത്തിലെഴുതിയ ഒരാളെ ആശ്രയിച്ചിട്ട് മലബാര്‍ കലാപം വര്‍ഗീയമാണ് എന്ന് പറയുന്നിടത്ത് ഒരു അപകടമുണ്ട്. അതുപോലെ ഇന്ത്യാ ചരിത്രത്തിന് പുള്ളി ആശ്രയിക്കുന്നത് പലപ്പോഴും കൊളോണിയല്‍ ചരിത്രകാരന്മാര്‍ എഴുതിയ വിവരണങ്ങളാണ്. അങ്ങനെ വസ്തുതാപരമായ പിശകുകള്‍ ഒരു ഭാഗത്തും വ്യാഖ്യാനങ്ങളിലെ പരാധീനതകള്‍ മറുഭാഗത്തുമായി ആ പുസ്തകം വളരെ കുഴപ്പം പിടിച്ചതാണ്. അതിന്റെ മറ്റൊരു കുഴപ്പം ആനന്ദ് ഒരു സ്വതന്ത്ര ചിന്തകനും ജനാധിപത്യവാദിയുമാണ്. എന്നതുകൊണ്ടുതന്നെ ഇത് സ്വാന്ത്രമായ ഒരഭിപ്രായമായി പരിഗണിക്കപ്പെടും. ഒരു ഹൈന്ദവ വര്‍ഗീയവാദി ഈ പുസ്തകം എഴുതിയാല്‍ അതിന് വലിയ സ്വീകാര്യത കിട്ടില്ല. ആനന്ദ് എഴുതുമ്പോള്‍ പക്ഷേ സ്വീകാര്യമാണ്. അതുകൊണ്ടാണ് ഞാന്‍ ജനാധിപത്യവാദികളായ ആളുകള്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള സംവാദങ്ങളില്‍ ജാഗ്രത കൈക്കൊള്ളണം എന്ന് ഊന്നിപ്പറയുന്നത്. കാരണം അവരുടെ വാക്കുകള്‍ക്ക് മുഖ്യധാരാ സമൂഹത്തില്‍ കൂടുതല്‍ അംഗീകാരമുണ്ട്. മുസ്‌ലിം അപരവല്‍ക്കരണത്തെ ശക്തിപ്പെടുത്തുന്ന മട്ടില്‍ അവര്‍ സംസാരിക്കരുത്. പക്ഷേ പലരും അക്കാര്യത്തില്‍ വലിയ ജാഗ്രത കൈക്കൊള്ളാറില്ല എന്നതാണ് വാസ്തവം.
കേരളത്തിന്റെ ചരിത്രത്തില്‍ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളില്‍ മുസ്‌ലിം സമൂഹം പലപ്പോഴും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ടല്ലോ? മലബാര്‍ സമരത്തെ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക ബന്ധത്തെക്കുറിച്ച് ഇ.എം.എസ് സൂചിപ്പിക്കുന്നുമുണ്ട്. യഥാര്‍ഥത്തില്‍ മതത്തിന് സാമൂഹികതയില്‍ ഇടപെടാനുള്ള സ്‌പെയ്‌സ് ഉള്ളതുകൊണ്ടല്ലേ ഇത്തരം ക്രിയാത്മക വശങ്ങള്‍ ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്?
ഇസ്‌ലാം, ചരിത്രത്തില്‍ സംശയരഹിതമായി സാമ്രാജ്യത്വവിരുദ്ധമായ ഒരു മൂല്യം എക്കാലവും പുലര്‍ത്തിയിട്ടുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസത്തിനോട് നൂറ് ശതമാനവും പൊരുതിനില്‍ക്കാന്‍ ശ്രമിക്കുകയും ആധുനികമായി അതിനോട് എതിരിടാന്‍ ശ്രമിക്കുകയും ചെയ്ത ഒറ്റയാളേയുള്ളൂ, അത് ടിപ്പുവാണ്. അക്കാലത്തിന്റെ ചരിത്രമെടുത്താല്‍ വേറെയൊറ്റയാളും ബ്രിട്ടീഷ് കൊളോണിയലിസത്തോട് ഇങ്ങനെ ഏറ്റുമുട്ടുന്നില്ല. എന്തെങ്കിലും ഒത്തുതീര്‍പ്പുകളും നില്‍ക്കക്കള്ളിയുമില്ലാതെ വരുമ്പോഴുള്ള സമരങ്ങളുമാണ് മറ്റുള്ളവരുടേത്. പഴശ്ശിരാജയുടെ ചരിത്രമെടുത്താല്‍, ടിപ്പുവിനെതിരായ സമരത്തില്‍ കമ്പനിയുടെ കൂടെയാണല്ലോ പഴശ്ശി. സ്വന്തം അധികാരത്തര്‍ക്കത്തിന്റെ അടുത്തഘട്ടം വരുമ്പോഴാണ് കമ്പനിക്കെതിരെ പഴശ്ശി പോരാടുന്നത്. പോരാട്ടം ധീരോജ്ജ്വലമാണ്. അതിലൊന്നും തര്‍ക്കമില്ല. പക്ഷേ ടിപ്പു എടുക്കുന്ന അത്രയും വിപുലമായ ഒരു നിലപാട് പഴശ്ശി എടുത്തിട്ടില്ല. ഇങ്ങനെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ, കമ്പനിക്കെതിരെ, കൊളോണിയല്‍ വാഴ്ചക്കെതിരെ വളരെ സജീവമായൊരു സാമ്രാജ്യത്വവിരുദ്ധമായ നിലപാട് നമുക്ക് ഇന്ത്യന്‍ മുസ്‌ലിംകളില്‍ കാണാന്‍ പറ്റും. അതേസമയം തന്നെ സത്താവാദപരമായ ഒരു പ്രശ്‌നം ഇതിലുമുണ്ട്. ഒരുപക്ഷേ ഈജിപ്‌തൊക്കെ മുമ്പെടുത്തിരുന്ന കര്‍ക്കശമായൊരു സാമ്രാജ്യത്വവിരുദ്ധ പക്ഷത്തുനിന്ന് സാമ്രാജ്യത്വപക്ഷത്തിലേക്ക് ചാഞ്ഞുചാഞ്ഞു പോകുന്നതിന്റെ അനുഭവങ്ങളുണ്ട്. സുഊദി അറേബ്യയാണെങ്കില്‍ സാമ്രാജ്യത്വദാസ്യം എന്ന് നൂറു ശതമാനം പറയാവുന്ന അവസ്ഥയിലാണ് എത്തിപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഇതിനെ സത്താപരമായി ഏകീകരിക്കാന്‍ പറ്റില്ലായെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ചരിത്രത്തിന്റെ ഓരോ സന്ദര്‍ഭങ്ങളിലും ഇസ്‌ലാം ഓരോ നിലക്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് മതത്തെ മുന്‍നിര്‍ത്തി നമ്മളൊരു സമൂഹത്തിന്റെ സ്വഭാവം നിര്‍വചിക്കുന്നത് ശരിയല്ല. അത് നമ്മള്‍ ആദ്യം ചര്‍ച്ചചെയ്തിരുന്ന പ്രശ്‌നത്തിലേക്കെത്തും. അതായത് സാമ്രാജ്യത്വ ചരിത്രകാരന്മാര്‍ ഇന്ത്യക്ക് മതപരമായ കാലവിഭജനം നടത്തിയത് തെറ്റാണ് എന്ന് പറയുന്നത് ഇതിനും ബാധകമാണ്. മുസ്‌ലിംകള്‍ എല്ലായിടത്തും സാമ്രാജ്യത്വവിരുദ്ധരാണ് എന്ന് പറഞ്ഞാല്‍ അല്ല. പക്ഷേ, ഇസ്‌ലാം സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ചരിത്രം വന്‍തോതിലുള്ള ഒരു സമൂഹമാണ്.
ചരിത്രത്തിലെ ഈ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ ഇന്നത്തെ പ്രയോക്താക്കള്‍ എന്ന അര്‍ഥത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് പ്രസക്തിയില്ലേ?
സാമ്രാജ്യത്വവിരുദ്ധതയുടെ ഒരംശത്തില്‍ ജമാഅത്ത് ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു ബോധം വളര്‍ത്തുന്നതിനു വേണ്ടി ശ്രമിക്കുന്നുണ്ട്. അതിനെ പോസിറ്റീവായി തന്നെ ഞാന്‍ കാണുന്നു. പക്ഷേ, എനിക്കതിനകത്തുള്ള വിമര്‍ശനം സാമ്രാജ്യത്വവിരുദ്ധമാവുമ്പോഴും ആധുനികമായ മതമൗലികതയുടെ മൂല്യങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി പങ്ക് വെക്കുന്നു എന്നതാണ്.
അപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കും ഇടതുപക്ഷത്തിനും ഇടയിലുണ്ടാവുന്ന ഐക്യത്തിന് താങ്കള്‍ എതിരല്ല?
അത്തരം ഒരു ഐക്യം ഉണ്ടാകുന്നതിനോട് എനിക്ക് എതിര്‍പ്പുണ്ട്. കേരളത്തില്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് അത് പൊതുവെ ഗുണകരമായിരിക്കില്ല എന്നാണ് എന്റെ തോന്നല്‍. പി.ഡി.പിയുമായുള്ള ബന്ധത്തെക്കുറിച്ചും എനിക്കുള്ള അഭിപ്രായം ഇതുതന്നെയാണ്. എന്തെന്നാല്‍ ജമാഅത്തിനെ വിശദീകരിക്കുമ്പോള്‍ അതിന് ഒരു ചരിത്രമുണ്ട്. ഈ ചരിത്രത്തിന്റെ ഭാരങ്ങള്‍, ചരിത്രമുണ്ടാക്കുന്ന സമ്മര്‍ദങ്ങള്‍ ഒരു ഭാഗത്ത് ഇതിനെ അലോസരപ്പെടുത്താം. അതുകൊണ്ട് താത്ത്വികമായും എനിക്കതിനോട് എതിര്‍പ്പുണ്ട്. മറുഭാഗത്ത് ഞാന്‍ പറഞ്ഞതുപോലെ സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ ജമാഅത്തും പി.ഡി.പിയും ഒക്കെ ഒരുമിക്കുന്നതില്‍ തെറ്റൊന്നുമില്ല. അത് വേറൊരു കാര്യമാണ്. ഫാഷിസ്റ്റ്‌വിരുദ്ധ സമരത്തിന്റെ സമയത്ത് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും മുതലാളിത്തവാദികളും ഒത്തുചേര്‍ന്ന് ഫാഷിസത്തിന് എതിരെ സമരം ചെയ്യാന്‍ കഴിഞ്ഞു. അത്തരം ഐക്യമുന്നണികളുടെ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇറാനും വെനിസ്വലയും അതിന്റെ സാക്ഷ്യങ്ങളാണല്ലോ. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരായുള്ള സമരം ഐക്യപ്പെടാവുന്ന മേഖലയാണ്. അല്ലെങ്കില്‍ ഇന്ത്യയില്‍ ഫാഷിസത്തിനെതിരായ സമരം ഐക്യപ്പെടാവുന്നതാണ്. പക്ഷേ, ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്ട്രീയ ഐക്യമുന്നണി എന്ന വീക്ഷണത്തോട് എനിക്ക് യോജിപ്പില്ല. ഇങ്ങനെ പറയുന്നതില്‍ വൈരുധ്യങ്ങളില്ലേ എന്ന് ചോദിക്കാം. വൈരുധ്യം ഉണ്ട് എന്നംഗീകരിച്ചുകൊണ്ട് ഞാന്‍ പറയുന്നത് ആ വൈരുധ്യം എന്റെ സ്വകാര്യ പ്രശ്‌നമല്ല, ചരിത്രത്തിന്റെ വൈരുധ്യമാണ് എന്നാണ്. ചരിത്രത്തിന്റെ ചില വൈരുധ്യങ്ങളെ നമുക്ക് തര്‍ക്കിച്ച് ഇല്ലാതാക്കാനാവില്ല.
ഇതോടൊപ്പം പറയേണ്ട ഒരു കാര്യം ഇസ്‌ലാമിക ഭീകരത എന്ന ആശയത്തെ ഇന്ന് മുഖ്യധാര വലിയ തോതില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. അത്തരമൊരു അന്യവല്‍ക്കരണ പ്രക്രിയയെ പിന്‍പറ്റുന്ന മട്ടില്‍ നമ്മള്‍ വാദങ്ങളില്‍ ഏര്‍പ്പെടരുതെന്നാണ് എനിക്കുള്ള അഭിപ്രായം. നമ്മുടെ ദേശീയ വ്യവഹാരം അല്ലെങ്കില്‍ നമ്മുടെ മുഖ്യധാരാ ബോധം അടിസ്ഥാനപരമായി ഇസ്‌ലാമിനെ അപരമായിട്ടാണ് നിര്‍ത്തിയിട്ടുള്ളത്. ആ അപരവല്‍ക്കരണത്തിന്റെ ചരിത്രത്തെ മറന്ന് ഇതൊരു ന്യൂട്രലായിട്ടുള്ള കളിക്കളമാണ് എന്ന് കരുതിക്കൂടാ. നമ്മുടെ ദേശീയ വ്യവഹാരം ഒരിക്കലും ന്യൂട്രലായിരുന്നില്ല. അത് ഇസ്‌ലാമിന് എതിരായിരുന്നു. ഈ ഒരു കാര്യം ആദ്യം പരിഗണിക്കണം. ഇസ്‌ലാമിക തീവ്രവാദമോ അതിനെ മുന്‍നിര്‍ത്തിയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളോ ഇല്ലായെന്ന് ഞാനൊരിടത്തും പറയില്ല. അതുണ്ടായിട്ടുണ്ട്. പക്ഷേ, ഗാന്ധിജിയുടെ വധം, ബാബരി മസ്ജിദ്, ഗുജറാത്ത് ഇങ്ങനെയൊരു ചരിത്രം എടുത്താല്‍ അമ്മാതിരിയൊന്നും നമുക്ക് ഇസ്‌ലാമിനുള്ളില്‍ കാണാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ ഈ അപ്പുറം ഇപ്പുറം ലക്ഷണം കാണുന്നത് ലാര്‍ജര്‍ ലവലില്‍ ഹിന്ദുത്വത്തിന് സഹായകമാവുകയേയുള്ളൂ. എന്റെ പ്രശ്‌നമതാണ്. ജമാഅത്തിനെ വിമര്‍ശിക്കാമോ എന്നതല്ല പ്രശ്‌നം. വിമര്‍ശിക്കണം. എന്നാല്‍, നിങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച് മുഖ്യധാരാ വ്യവഹാരത്തില്‍ പങ്കുചേര്‍ന്നുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ ദേശീയ വ്യവഹാരത്തിന്റെ വൈരുധ്യത്തെ ഉള്‍ക്കൊള്ളാന്‍ പറ്റില്ല. അതുകൊണ്ട് സെക്യുലറായ ചരിത്രബോധമുള്ള ഒരാള്‍ ഇസ്‌ലാം കഴിഞ്ഞ ഒരു നൂറ് നൂറ്റമ്പത് വര്‍ഷമായിട്ട് ആധുനീകരണത്തിന്റെ ഭാഗമായി നേരിടേണ്ടിവന്ന അപരവല്‍ക്കരണത്തെ കാണേണ്ടതുണ്ട്. ഗാന്ധിജിയെ കൊന്നത് ഹിന്ദുവാണ്. ഗാന്ധിയും ഹിന്ദുവാണ്. എങ്ങനെയാണ് ഹിന്ദുവായ ഗാന്ധിജിയെ ഹിന്ദുവായ ഗോഡ്‌സെ കൊല്ലുക. ഈ വൈരുധ്യത്തിന് നമ്മുടെ ദേശീയവ്യവഹാരത്തില്‍ ഒരു വിശദീകരണവുമില്ല. നമ്മള്‍ ചിലപ്പോള്‍ ഹിന്ദുത്വം - ഹൈന്ദവത എന്നിങ്ങനെ രണ്ട് വാക്കുകളൊക്കെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ മുഖ്യധാരയില്‍ അതുമില്ല. എല്ലാം ഹിന്ദു എന്ന നിലക്കാണ്. അതേസമയം ഇസ്‌ലാമിനെ സംബന്ധിച്ചാണെങ്കില്‍ ഇത് കൃത്യമായി മാര്‍ക്ക് ചെയ്യപ്പെടുന്നുണ്ട്. അപ്പോള്‍ ഈ പോയിന്റില്‍ മതനിരപേക്ഷവാദികള്‍ ജാഗ്രതയുള്ളവരാകണം. അതില്ലാതെ പോകുന്നിടത്താണ് ഞാനീ സമീകരണത്തെ എതിര്‍ക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടനാ യുക്തിയെ സംബന്ധിച്ച് ഞാന്‍ നേരത്തേ പറഞ്ഞ വിമര്‍ശനമുണ്ട്. അത് മതത്തെ ഏകാത്മകമായി പരിഗണിക്കുന്നു. ആധുനികതയുടെ മതമൗലികവാദപരമായ മൂല്യമണ്ഡലത്തിനകത്ത് അത് നിലനില്‍ക്കുന്നു. ആ വിമര്‍ശനങ്ങള്‍ ഞാന്‍ എപ്പോഴും പുലര്‍ത്തുന്നുണ്ട്.
ഈ വിയോജിപ്പ് വെച്ചുപുലര്‍ത്തുമ്പോള്‍ തന്നെ സാമൂഹികമായ ഐക്യപ്പെടലിന്റെ ആവശ്യകത ഇന്ന് ഏറെയുണ്ടല്ലോ?
ഒരുപാട് സാധ്യതയുണ്ട്. യോജിക്കാവുന്നതും സഹകരിക്കാവുന്നതുമായ ഒരുപാട് സന്ദര്‍ഭങ്ങളുണ്ട്. പക്ഷേ, ഐക്യത്തിന് ശാശ്വതമായ ഒരൊറ്റ മാനദണ്ഡമില്ല. കാരണം ഐക്യം ഓരോ ഘട്ടത്തിലും ഓരോ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണല്ലോ. ദേശീയ പ്രസ്ഥാനം ഒരാവശ്യമായിരുന്നു. ഇന്ന് ലോകമെമ്പാടും മുതലാളിത്തത്തിനെതിരായ സമരവും സാമ്രാജ്യത്വത്തിനെതിരായ സമരവുമുള്ള മറ്റൊരു സന്ദര്‍ഭമാണ്. ഇത് പല നിലക്കും ഐക്യത്തിനുള്ള സാധ്യതകള്‍ തുറന്നുതരുന്നുണ്ട്. ഒരുപക്ഷേ, ഓരോ പ്രദേശത്തും ചെറുതും വലുതുമായ ഐക്യത്തിന്റെ സാധ്യതകള്‍ ഉണ്ടായിവരും. ഐക്യപ്പെടുന്നുവെന്ന് പറഞ്ഞാല്‍ വ്യത്യാസങ്ങള്‍ ഇല്ലാതാവുന്നു എന്നല്ല. വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ നമുക്ക് ഐക്യപ്പെടാന്‍ പറ്റണം.
സുനില്‍ പി. ഇളയിടം 9847723477
sunilpelayidom@gmail.com
സമദ് കുന്നക്കാവ് 9846178503

Comments

Other Post