Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

സാമ്രാജ്യത്വവിരുദ്ധബോധവല്‍കരണം ഇടതുപക്ഷത്തിന് വിജയിക്കാനായില്ല

പി. ഗോവിന്ദപിള്ള / യു. ഷൈജു

പ്രായം തളര്‍ത്താത്ത ചിന്തയില്‍ സൈദ്ധാന്തിക പരിസരങ്ങളുടെ അതിരുകള്‍ ഭേദിച്ച് പി.ജി എന്ന പി. ഗോവിന്ദപ്പിള്ള എഴുത്തിലും വായനയിലും ഇന്നും സജീവമാകുന്നു. തികഞ്ഞ ഇടതുപക്ഷ ചിന്തയില്‍ വളര്‍ന്ന് കമ്യൂണിസ്റ്റ് ജീവിതത്തെ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന പി.ജി ചിന്താമണ്ഡലത്തെ എപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. തന്റെ അന്വേഷണത്തിന്റെ മേഖല എപ്പോഴും വിശാലമാക്കാന്‍ ശ്രദ്ധിക്കുന്നു. താത്ത്വിക-രാഷ്ട്രീയ മണ്ഡലങ്ങള്‍ക്കപ്പുറം വിശ്വസിക്കുന്ന അദ്ദേഹം അധികാരങ്ങളുടെ ഇടനാഴികളിലേക്ക് കടന്നുവരാതെ സൈദ്ധാന്തിക ചിന്താലോകത്ത് വിഹരിച്ചു. ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും ആഗോള രാഷ്ട്രീയ ചലനങ്ങളെയും പി.ജി സസൂക്ഷ്മം നിരീക്ഷിക്കുന്നു. പ്രായത്തിനപ്പുറത്തെ പ്രസരിപ്പില്‍ തലസ്ഥാനനഗരിയില്‍ 'സുഭാഷ്' നഗറിലെ വീട്ടിലിരുന്ന് പി.ജി സംസാരിച്ചു തുടങ്ങി.
ആഗോളതലത്തില്‍ പല വേദികളിലും ഇസ്‌ലാമും ഇടതുപക്ഷവും വേദി പങ്കിടുന്നു. ഇതിന്റെ സാധ്യതകളെ പി.ജി എങ്ങനെ നോക്കിക്കാണുന്നു?
ഇടതുപക്ഷങ്ങളുടെയും ഇസ്‌ലാമിന്റെയും ഒത്തുചേരലിന്റെ സാധ്യതകള്‍ ഇപ്പോഴുമുണ്ട്. പക്ഷേ അത് വെറും ആപത്കരമായ പൊളിറ്റിക്കല്‍ ഇസ്‌ലാം ആകരുത്. പൊളിറ്റിക്കല്‍ ഇസ്‌ലാം എന്നു പറഞ്ഞാല്‍, ഇസ്‌ലാം രാഷ്ട്രീയമായി പ്രവര്‍ത്തിക്കേണ്ടതല്ല. മറിച്ച് വിശാലമായ കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടുവരേണ്ടുന്ന അവസ്ഥയാണ്. പൊളിറ്റിക്കല്‍ ഇസ്‌ലാം ഗ്രൂപ്പുകളെ ഏകീകരിച്ചെടുക്കാനുള്ള ശ്രമം നടത്തിയത് വാസ്തവത്തില്‍ പി.എല്‍.ഒ ആണ്. ഫലസ്ത്വീന്‍-ഇസ്രയേല്‍ പ്രശ്‌നം മാത്രം മതി ഐക്യവേദികള്‍ രൂപപ്പെട്ടുവരാന്‍. ചരിത്രത്തില്‍ വലിയ അന്യായവും വഞ്ചനയും ദ്രോഹവുമാണ് ഇസ്രയേല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ക്രിസ്തുവര്‍ഷം 76-80 കാലത്ത് യഹൂദന്മാരെ അടിച്ചമര്‍ത്തി ഇല്ലാതാക്കാന്‍ ശ്രമം നടന്നു. അധികമാളുകളും ജറൂസലമിലേക്കാണ് കുടിയേറിയതെങ്കിലും ആക്രമണം തുടര്‍ന്നപ്പോള്‍ അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിത്തെറിച്ചു. അതാണ് 'ഡാഷ് പോറ' എന്ന് അറിയപ്പെടുന്നത്. അങ്ങനെ ചിതറിപ്പോയതിനുശേഷം ലോകത്തില്‍ എല്ലാ ഭാഗത്ത് വെച്ചും ക്രിസ്ത്യാനികള്‍ അവരെ വേട്ടയാടുകയായിരുന്നു. ഓര്‍ക്കാന്‍ വയ്യ, അത്ര വലിയ ക്രൂരതകളായിരുന്നു കാട്ടിക്കൂട്ടിയത്. 15-ാം നൂറ്റാണ്ടില്‍ ഉണ്ടായ 'ബ്ലാക്ക് ഡെത്ത്' പോലെയുള്ള ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഇതിനെ തുടര്‍ന്നുണ്ടായതാണ്. ഈ സന്ദര്‍ഭത്തിലൊക്കെയും അവരോട് നീതിയുക്തമായ ഒരു നിലപാടെടുക്കാന്‍ ആരും മുന്നോട്ടു വന്നില്ല. അവരോട് നീതിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിച്ചത് ഒരൊറ്റ കൂട്ടര്‍ മാത്രമാണ്. സ്‌പെയിനിന്റെ തെക്കുള്ള കൊര്‍ദോവ മാത്രമായിരുന്നു അതെന്ന് ഭൂരിഭാഗം ചരിത്രകാരന്മാരും രേഖപ്പെടുത്തിയിരിക്കുന്നു. പ്രസിദ്ധരായ അമേരിക്കന്‍, ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ഇത് ശരിവെച്ചിരിക്കുന്നു. ജൂതരോട് ആകെ നീതിപുലര്‍ത്തിയത് മുസ്‌ലിം ഭരണാധികാരികള്‍ മാത്രമായിരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന വില്‍ഡ്യൂറാന്റിന്റെ പുസ്തകത്തിലുണ്ട്. ഈ ചരിത്രബോധം പോലും ഇല്ലാതെ, അവരെ ഏതുതരത്തില്‍ ക്രിസ്ത്യാനികള്‍ ദ്രോഹിച്ചിരുന്നുവോ അതുപോലെ ഇന്നും ക്രിസ്ത്യന്‍ രാഷ്ട്രങ്ങളുടെ പിന്‍ബലത്തില്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിക രാഷ്ട്ര സംവിധാനങ്ങളെയും അവര്‍ കൊല ചെയ്തുകൊണ്ടിരിക്കുകയാണ്. അറഫാത്തിനെ പോലുള്ളവരെ കൊല്ലാന്‍ പോലും തീരുമാനിച്ചതാണ്. ഈ ചരിത്രബോധം മുസ്‌ലിം പണ്ഡിതന്മാര്‍ക്കും യൂനിവേഴ്‌സിറ്റി പ്രഫസര്‍മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഒക്കെയുണ്ട്. എന്നാല്‍ അധികാരം വഹിച്ചുകൊണ്ടിരിക്കുന്ന പലര്‍ക്കും ഈ ബോധം ഇല്ലെന്നു മാത്രമല്ല, വിപരീത ദിശയില്‍ ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതല്ലേ സദ്ദാം ഹുസൈനില്‍ കണ്ടത്. അവസാന നാളുകളില്‍ സദ്ദാം സാമ്രാജ്യത്വത്തിനെതിരെ നിലകൊണ്ട ധീര പുരുഷനായിരുന്നെങ്കിലും പൂര്‍വകാലം നോക്കാതിരിക്കാന്‍ കഴിയില്ലല്ലോ. ഇറാഖിന്റെ പുരോഗതിക്ക് തടസ്സം അമേരിക്ക ചെയ്യുന്ന അതിക്രമങ്ങളും ഒളിച്ചുകളികളും കഴിഞ്ഞാല്‍ ഇറാഖിലെ ശീഈകളും സുന്നികളും തമ്മിലുള്ള തര്‍ക്കമാണ്. ഇതൊക്കെ വെച്ചു നോക്കുമ്പോള്‍ ചില ഭാഗങ്ങളില്‍, ചില സന്ദര്‍ഭങ്ങളില്‍ ചില നേതാക്കള്‍ സാര്‍വദേശീയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നു. ഇസ്‌ലാം മത വിഭാഗങ്ങളും അവരുടെ സംഘടനകളും അമേരിക്കയുടെ ഏക ധ്രുവ ലോക സാമ്രാജ്യത്വം സ്ഥാപിക്കാനുള്ള ശ്രമത്തെ എതിര്‍ക്കുന്നത് ഈ കാഴ്ചപ്പാടുകൊണ്ടാണ്. ഈ സാമ്രാജ്യത്വ വിരുദ്ധ മനോഭാവങ്ങളില്‍നിന്നാണ് പുതിയ കൂട്ടായ്മകള്‍ ലോകത്ത് രൂപപ്പെടുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ടായ മാറ്റം അവരുടെ സാമ്രാജ്യത്വ മനോഭാവത്തില്‍തന്നെ മാറ്റമുണ്ടാക്കുമോ?
അമേരിക്കന്‍ പ്രസിഡന്റുമാരില്‍ കുറച്ചൊക്കെ വ്യത്യസ്തനായിരിക്കും ബറാക് ഒബാമ എന്നാണ് കരുതിയിരുന്നത്. വ്യക്തിപരമായി അദ്ദേഹത്തിന് പലതും ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വലിയ ഒരു സാമ്രാജ്യം കാലങ്ങളായി ഉണ്ടാക്കിയെടുത്ത് വളര്‍ത്തിക്കൊണ്ടിരിക്കുന്ന താല്‍പര്യങ്ങളെ മറികടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവരുടെ സാമ്പത്തികശേഷി, ലോകത്ത് എവിടെയുമുള്ള സൈനികതാവളങ്ങള്‍, ലോകത്ത് എവിടെ എന്തു നടന്നാലും അതില്‍ ഇടപെടാനുള്ള താല്‍പര്യം- ഇങ്ങനെ നീളുന്ന സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങളും ശീലങ്ങളും മാറ്റിത്തീര്‍ക്കാന്‍ ഒരു പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ നടക്കുകയില്ല.
അപ്പോള്‍ ഒബാമ ശരിയായാല്‍ അമേരിക്ക നേരെയാകുമെന്നാണോ?
എത്രയൊക്കെ ശ്രമിച്ചാലും അമേരിക്ക പൊളിയുമെന്ന് തീര്‍ച്ചയാണ്. ലോകത്തെ സൂപ്പര്‍ പവര്‍ എന്നതില്‍നിന്ന് അവര്‍ തെന്നിമാറി രണ്ടാം നിരയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. സാമ്പത്തികമായും സൈനികമായും തന്ത്രപരമായും എല്ലാം അവര്‍ രണ്ടാം നിരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആരെങ്കിലും അവരെ തോല്‍പിക്കാന്‍ ശ്രമിച്ചതുകൊണ്ടുണ്ടായ മാറ്റമല്ല ഇത്. പാശ്ചാത്യേതര ലോകത്തിന്റെ വളര്‍ച്ച കൊണ്ടുണ്ടായ മാറ്റമാണ്. അവരുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൊണ്ടുതന്നെ അവര്‍ തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. സോവിയറ്റ് യൂനിയന് സംഭവിച്ചത് ഇതുതന്നെയാണ്. സോവിയറ്റ് യൂനിയനെ ആക്രമിച്ചു കീഴടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അതിനകത്തുതന്നെയുള്ള തകരാറു കൊണ്ട് അവര്‍ തകരുകയാണുണ്ടായത്. അമേരിക്കക്ക് ഇതുപോലെ തന്നെ തകര്‍ച്ച സംഭവിക്കാന്‍ പോവുകയാണ്. എന്റെയൊന്നും കാലത്ത് സംഭവിച്ചില്ലെങ്കില്‍ പോലും അമേരിക്ക തകരുകതന്നെ ചെയ്യും. സാമ്പത്തികരംഗത്ത് വലിയ തോതില്‍തന്നെ അവര്‍ ഇപ്പോഴേ തകര്‍ന്നുകഴിഞ്ഞു. അത്ര പെട്ടെന്ന് ഒന്നും ശരിപ്പെടുത്താന്‍ കഴിയാത്തത്ര ഭീതിദമാണ് തകര്‍ച്ച. ശരിപ്പെടുത്താന്‍ ശ്രമിച്ചാല്‍തന്നെ പല കുടുംബങ്ങളും വഴിയാധാരമായിത്തീരും.
അമേരിക്ക പൊളിഞ്ഞുകഴിഞ്ഞാല്‍ പിന്നീടുണ്ടാകുന്ന ലോകക്രമത്തെക്കുറിച്ച് താങ്കള്‍ക്ക് എന്തു തോന്നുന്നു?
ആയുധ പന്തയം അവസാനിച്ച് യുദ്ധമില്ലാത്ത ലോകം ഉണ്ടാക്കാന്‍ വേണ്ടിയുള്ള പ്രസ്ഥാനം ഒരു കാലത്ത് ശക്തമായിരുന്നു, 1950-കളില്‍. എന്നാല്‍ ആണവയുദ്ധങ്ങള്‍ പോലെയുള്ള മഹാപാതകങ്ങള്‍ ആണ് ലോകത്ത് അരങ്ങേറിയത്. യുദ്ധങ്ങളില്‍തന്നെ ഏറ്റവും മാരകമായ യുദ്ധമാണ് ആണവയുദ്ധം. എല്ലാ യുദ്ധവും അപകടമാണ്. എന്നാല്‍ ആണവയുദ്ധം മഹാ വിനാശമാണ്. സ്വാഭാവികമായും ചില രാജ്യങ്ങള്‍ക്ക് ചിലപ്പോള്‍ യുദ്ധം ചെയ്യേണ്ടിവരും. ഒരു രാജ്യത്തെ പിടിച്ചടക്കാന്‍ വേണ്ടിയാണല്ലോ യുദ്ധം ചെയ്യുന്നത്. എന്നാല്‍ ആണവയുദ്ധം ആര്‍ക്കാണ് പ്രയോജനം ചെയ്യുക? ഒരു ജനസമൂഹത്തെ കൂട്ടത്തോടെ കൊല്ലുന്ന ഈ പ്രക്രിയ നാം ഹിരോഷിമയിലും നാഗസാക്കിയിലുമൊക്കെ കണ്ടതല്ലേ. അന്ന് ഭസ്മമായി പോയവയില്‍നിന്ന് ഇന്നും റേഡിയേഷന്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ശവക്കൂനയില്‍നിന്നും സെമിത്തേരിയില്‍നിന്നുമൊക്കെ അപകടകരമായ റേഡിയേഷന്‍ പ്രവാഹമാണ്. അതു കേട്ടാല്‍ പേടി തോന്നും. കാരണം അന്ന് ഉപയോഗിച്ചിരുന്ന ആറ്റം ബോംബിനേക്കാള്‍ 5000 ഇരട്ടി ശക്തിയുള്ള ഹൈഡ്രജന്‍ ബോംബും മറ്റുമാണ് ഇന്നുള്ളത്. എന്നു മാത്രമല്ല, അന്ന് ബോംബ് ഡെലിവറി ചെയ്യാന്‍ വിമാനത്തില്‍ കയറി ഒരു സ്ഥലം നോക്കി അവിടെ ഇടുകയായിരുന്നു. എന്നാല്‍ ഇന്ന് ന്യൂയോര്‍ക്ക് പോലുള്ള അമേരിക്കയിലെ ഏതു കോണില്‍ ഇരുന്നും ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ എവിടെയും ബോംബ് പൊട്ടിക്കാമെന്ന അവസ്ഥയാണ്.
യുദ്ധങ്ങളിലൂടെ ഇങ്ങനെ ആയുധങ്ങള്‍ വഴി പുതിയ കമ്പോളങ്ങള്‍ ഉണ്ടാകും. പുതിയ ലോകക്രമത്തില്‍ ഇതിനു മാറ്റം വരണം. അത് ആയുധം ഇല്ലാത്ത,യുദ്ധമില്ലാത്ത ലോകമാണ്. ഒബാമ പോലും അതല്ലേ പറഞ്ഞത്; 'A world without War' എന്ന്.
പുതിയൊരു ലോകക്രമത്തിന് വേണ്ടിയുള്ള പരിശ്രമത്തില്‍ മാര്‍ക്‌സിസം, കമ്യൂണിസം, സോഷ്യലിസം പോലെയുള്ള ആദര്‍ശങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മതങ്ങള്‍ക്കും വലിയ പങ്കാണുള്ളത്. കാരണം എല്ലാ മതങ്ങളിലും സമാധാന വാഞ്ഛ കാണാന്‍ കഴിയും. വാസ്തവത്തില്‍ ആയുധം എടുത്ത് പോരാടിയ മതനേതാവ് മുഹമ്മദ് മാത്രമാണ്. മുഹമ്മദ് പോലും നിവൃത്തികേടു കൊണ്ടു മാത്രമാണ് ആയുധം എടുത്തത്. അദ്ദേഹത്തിന്റെ ജീവന്‍ അപകടപ്പെടുത്തുക മാത്രമല്ല ശത്രുക്കള്‍ ചെയ്തത്. അല്ലാഹു പറഞ്ഞതുപോലെ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്തുകൊണ്ട്, ആക്രമണങ്ങളിലും പരസ്പര കലഹങ്ങളിലും പെട്ടിരുന്ന അറേബ്യയെ പുതിയൊരു സംസ്‌കാരത്തിന്റെ കേതാരമാക്കി വളര്‍ത്താനുള്ള യജ്ഞത്തെ ഇങ്ങോട്ടു വന്ന് എതിരിട്ടപ്പോഴാണ് അദ്ദേഹത്തിന് യുദ്ധം ചെയ്യേണ്ടിവന്നത്. പല മതങ്ങളിലും ആക്രമണത്തെ പില്‍ക്കാലത്ത് പലരുടെയും ആവശ്യപൂര്‍ത്തീകരണത്തിന് ചേര്‍ത്തു വെച്ചുവെന്നതല്ലാതെ മതങ്ങള്‍ എപ്പോഴും സൗഹാര്‍ദത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുകയായിരുന്നു. അതില്‍നിന്നാണ് സോഷ്യലിസത്തിന് സമാനമായ കാഴ്ചപ്പാടുകള്‍ പലപ്പോഴും മതങ്ങള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.
ഇസ്രയേല്‍, ഫലസ്ത്വീന്‍ വിഷയങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്ന പി.ജി, ഹമാസിലൂടെ ഉണ്ടായ ജനാധിപത്യ വിജയത്തെ എങ്ങനെ കാണുന്നു?
എല്ലാകാലത്തും ഫലസ്ത്വീനിനെയും ഫലസ്ത്വീന്‍ താല്‍പര്യത്തെയും എന്തിനേറെ പശ്ചിമേഷ്യന്‍ താല്‍പര്യത്തെയും പിന്തുണക്കുകയും അമേരിക്കന്‍ കടന്നുകയറ്റങ്ങള്‍ക്കെതിരില്‍ നിലപാടെടുക്കുകയും ചെയ്തിട്ടുണ്ട് ഇടതുപക്ഷ പ്രസ്ഥാനം. ആ ഇടതുപക്ഷ പ്രസ്ഥാനത്തെ അനുകൂലിക്കുന്ന നിലപാടൊന്നും ഇത്തരം ആളുകളില്‍ കാണാനില്ല. ഫലസ്ത്വീന്‍ രാജ്യത്തെ അങ്ങേയറ്റം അനുകൂലിക്കുന്നത്, അത് ഇന്ത്യയിലാണെങ്കിലും ഇടതുപക്ഷമാണ്. ലാറ്റിന്‍ അമേരിക്കയിലും ഇടതുപക്ഷമാണ്. സോവിയറ്റ് യൂനിയന്‍ ഉണ്ടായിരുന്നപ്പോള്‍ അവരും ചൈനയും ഒക്കെ സാമ്രാജ്യത്വ വിരുദ്ധ നിലപാടില്‍ ഇടതുപക്ഷ മഹിമ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.
മന്‍മോഹന്‍ സിംഗും വാജ്‌പേയിയുമൊക്കെ ഇന്ത്യയുടെ പ്രധാനമന്ത്രി മാരാകുന്നതിനു മുമ്പ് ഇന്ത്യ പരിപൂര്‍ണമായും ഫലസ്ത്വീനെ സഹായിച്ചിരുന്നു. ആ നയം പതുക്കെ പതുക്കെ മാറുകയായിരുന്നു. ആദ്യം നരസിംഹറാവു കുറച്ചു മാറ്റം വരുത്തി. പിന്നീട് വാജ്‌പേയ് വന്നപ്പോള്‍ ഇസ്രയേലിനെ അംഗീകരിക്കാന്‍ തന്നെ തീരുമാനിച്ചു. ഒടുവില്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയതോടെ ഒരടികൂടി മുന്നോട്ടുപോയി, എല്ലാ അര്‍ഥത്തിലും അമേരിക്ക ഇസ്രയേലിനോട് എടുക്കുന്ന സൗഹൃദ മനസ്സ് പിന്തുടരാന്‍ തീരുമാനിച്ചു. വിവിധതരത്തില്‍ വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുക വഴി ഈ ബന്ധം ശക്തിപ്പെട്ടു.
അക്കാലത്തും മുസ്‌ലിംകള്‍ക്ക് ഇടയിലുള്ള തീവ്രവാദികള്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിക്കുകയും പാകിസ്താനെ ഇസ്‌ലാമിക് തിയോക്രാറ്റിക് സ്റ്റേറ്റാക്കി മാറ്റാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. ഇപ്പോഴും ഇസ്‌ലാമിക ലോകത്ത് ധാരാളം ബുദ്ധിജീവികളും ചില രാഷ്ട്രീയ നേതാക്കളും ചില ഭരണാധികാരികളുമൊക്കെത്തന്നെ ഇടതുപക്ഷവുമായി സഹകരിക്കണമെന്ന മനോഭാവം ഉള്ളവരാണെങ്കിലും അതു വേണ്ടത്ര ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നില്ല. അത്തരം കൂട്ടായ്മകളില്‍ ഒന്നായിരുന്നു അറബ് ലീഗ്. മുമ്പത് വളരെ പ്രധാനപ്പെട്ട ഫോറം ആയിരുന്നെങ്കിലും ഇപ്പോള്‍ അത് കാര്യമായി യോഗം ചേരാറുപോലുമില്ല. അറബ് ലീഗ് സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളില്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്ന ഫോറമായിരുന്നു. ഇതുപോലെയുള്ള പല ഫോറങ്ങള്‍ രൂപപ്പെട്ടിട്ടും ഏക മനസ്സോടെ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
മുസ്‌ലിം എന്നു പറഞ്ഞാല്‍ യൂനിറ്റിക്കുവേണ്ടി നിലനില്‍ക്കുന്നവന്‍ എന്നാണല്ലോ. ഈജിപ്തിലെ അബ്ദുന്നാസിറിനെ പോലെയുള്ളവര്‍ പ്രകടിപ്പിച്ച ഒരു ഐക്യബോധം ഇന്നു കാണാനില്ല. കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെയും മുസ്‌ലിം രാജ്യങ്ങളെയും ചൂഷണം ചെയ്ത് അവരുടെ എണ്ണ കൊണ്ടുപോയി പടിഞ്ഞാറ് വലിയ രാജാക്കന്മാരാകുകയായിരുന്നു. അതിനെ മറികടക്കാന്‍ സുന്നികള്‍, ശീഈകള്‍, സുഊദി അറേബ്യയിലെ വഹാബികള്‍ തുടങ്ങിയവരെ ഐക്യപ്പെടുത്താനുള്ള ശ്രമം ഇസ്‌ലാമിക രാഷ്ട്ര സംഘടനകള്‍ക്ക് ഇല്ലാതെ പോയി. ചില രാഷ്ട്ര നേതാക്കള്‍ ചില്ലറ ഇടപെടലുകള്‍ക്ക് ശ്രമിക്കുന്നത് കാണാതിരിക്കുന്നില്ല. സുഊദി അറേബ്യയിലെ ഇപ്പോഴത്തെ അബ്ദുല്ലാ രാജാവ് വളരെ ദീര്‍ഘദൃഷ്ടിയുള്ള ആളാണ്. പ്രാദേശികമായ മുസ്‌ലിം താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അതേസമയം അതിന്റെ ആധുനീകരണത്തിന് ശ്രമിക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം.
ലബനാനിലെ ഹിസ്ബുല്ലയുടെയും ഫലസ്ത്വീനിലെ ഹമാസിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടോ?
എന്റെ അഭിപ്രായത്തില്‍ അതില്‍ രണ്ട് ട്രെന്‍ഡ് ഉണ്ട്. ഉദാഹരണത്തിന് യാസിര്‍ അറഫാത്തിന്റെ പി.എല്‍.ഒ പരാജയപ്പെടാനുണ്ടായ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണ്? രാജ്യഭരണം ഇല്ലെങ്കിലും കുറേക്കാലം ശക്തിയുള്ള എസ്റ്റാബ്ലിഷ്‌മെന്റായി നിലനിന്നിരുന്നുവെങ്കിലും അവര്‍ പിന്നീട് പടിപടിയായി അഴിമതിയിലേക്കും മറ്റു താല്‍പര്യങ്ങളിലേക്കും പോയി. അതോടെ അവരില്‍ ഉണ്ടായിരുന്ന നന്മകള്‍ നഷ്ടപ്പെടുകയായിരുന്നു.
അതേസമയം ഫലസ്ത്വീനിലെ ഹമാസും ലബനാനിലെ ഹിസ്ബുല്ലയുമൊക്കെ ശുദ്ധമായ ജീവിതം നയിക്കുന്നു. ഒരുതരത്തിലും മറ്റുള്ളവര്‍ക്ക് ആക്ഷേപിക്കാന്‍ ഇടം നല്‍കാതെ ക്രിയാത്മകവും ധാര്‍മികവും ആയ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതുമാത്രമല്ല, ജനസേവന പ്രവര്‍ത്തനങ്ങളിലും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആശുപത്രി നടത്തുക, സ്‌കൂള്‍ സ്ഥാപിക്കുക, അനാഥരെ സംരക്ഷിക്കുക ഇങ്ങനെയുള്ള ഒട്ടനവധി സേവന-സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അവര്‍ കാഴ്ചവെച്ചു. അതോടെ പി.എല്‍.ഒക്ക് ഒരു സാധാരണ കേവല രാഷ്ട്രീയ പാര്‍ട്ടിയായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. അവര്‍ അധികാരത്തിനു വേണ്ടി ശ്രമിക്കുന്ന പാര്‍ട്ടി മാത്രമായി അവശേഷിച്ചു. അപ്പോള്‍ തീര്‍ച്ചയായും ഹമാസിനെയും ഹിസ്ബുല്ലയെയും ഭീകരവാദ പ്രസ്ഥാനങ്ങളായി ഞാന്‍ കണക്കാക്കുന്നില്ല. ഇക്കാര്യം ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, എഴുതിയിട്ടുമുണ്ട്.
നമ്മുടെ നാട്ടില്‍ ഇടതുപക്ഷ പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും പലപ്പോഴും ഐക്യപ്പെടുന്നത് ശുഭ സൂചനയല്ലേ?
ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിക്കാവുന്ന പല മേഖലകളുമുണ്ട്. പരസ്പരം വളരെയേറെ സഹകരിക്കാവുന്ന നിരവധി വിഷയങ്ങളുണ്ട്. ഇടതുപക്ഷക്കാരുടെ സമീപനങ്ങളിലും മനോഭാവങ്ങളിലും വ്യത്യാസം വരണമെന്നു പറയുന്നതുപോലെത്തന്നെ ജമാഅത്തെ ഇസ്‌ലാമിയും കുറേക്കൂടി പ്രായോഗികമായി, സാമ്രാജ്യത്വവിരുദ്ധ സമരം വിജയിക്കത്തക്ക വിധത്തിലുള്ള വിശാല വീക്ഷണം പുലര്‍ത്തേണ്ടതുണ്ട്.
താങ്കള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?
മുസ്‌ലിം സമൂഹത്തില്‍ കുറച്ചധികം ബുദ്ധിജീവികളെ സൃഷ്ടിച്ചെടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചിട്ടുണ്ട്. അത് നിലപാടുകളില്‍ പ്രകടവുമാണ്.
മുസ്‌ലിംകള്‍ക്ക് എതിരായാല്‍ പോലും, അധികാരം തങ്ങള്‍ക്ക് കിട്ടണമെന്ന താല്‍പര്യം മാത്രമാണ് മുസ്‌ലിം ലീഗിനെ പോലുള്ളവര്‍ക്ക്. അതുകൊണ്ടാണ് ഹിന്ദുക്കള്‍ക്ക് ഇടയിലുള്ള മതനിരപേക്ഷ ദേശീയവാദികള്‍ പോലും ബാബരി മസ്ജിദ് തകര്‍ത്തതിനെ എതിര്‍ത്തപ്പോള്‍ മുസ്‌ലിം ലീഗ് കണ്ണടച്ച് ഇരുന്ന് കളഞ്ഞത്. ബാബരി മസ്ജിദ് പൊളിച്ചത് തെറ്റാണെന്നു അവര്‍ പറയും. അത് ആരും പറയുമല്ലോ. എന്നാല്‍ കാര്യമായ ഒരു നീക്കവും അവര്‍ നടത്തിയില്ല. ഇസ്രയേല്‍ പ്രശ്‌നം, ലോക മുസ്‌ലിം കമ്യൂണിറ്റിക്കു തന്നെ എതിരായ നീക്കമാണ്. എന്നിട്ടും അതില്‍ ലീഗിന്റെ നിലപാടെന്താണ്? ഇങ്ങനെയൊക്കെയുള്ള അവസ്ഥയില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു; സാമ്രാജ്യത്വ വിരുദ്ധ സമീപനത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് പ്രായോഗിക വീക്ഷണം ഉണ്ടാവണം.
സാമ്രാജ്യത്വവിരുദ്ധതയില്‍ ഊന്നി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം എടുത്ത നിലപാടിന് കനത്ത തിരിച്ചടി ഏറ്റല്ലോ. ഇത് ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തില്ലേ?
തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ട് ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല. പക്ഷേ, യു.പി.എയുടെ സാമ്രാജ്യത്വാനുകൂല നിലപാടുകളെക്കുറിച്ച് ജനങ്ങളെ വേണ്ടത്ര ബോധവാന്മാരാക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല എന്നത് വാസ്തവമാണ്. ആണവകരാര്‍ ഒരു പ്രതീകമാണ്. കരാറില്‍ ഒപ്പുവെച്ചതുകൊണ്ട് നമ്മുടെ പരമാധികാരം നഷ്ടപ്പെടില്ലായിരിക്കാം. നമ്മുടെ അയലത്തെ കൃഷ്ണന്‍കുട്ടിക്കും അബ്ദുല്‍ ഖാദറിനും ഒന്നും സംഭവിക്കില്ലായിരിക്കാം. പക്ഷേ ആണവകരാറിന്റെ കുഴപ്പം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇടതുപക്ഷ സര്‍ക്കാര്‍ ചിലതൊക്കെ ചെയ്തുവെന്ന മതിപ്പുണ്ടാവാമെങ്കിലും എന്തു കാര്യത്തിനാണ് യു.പി.എയുമായി പിണങ്ങിപ്പിരിഞ്ഞത് എന്ന് കൃത്യമായി വിശദീകരിക്കാന്‍ ഇടതുപക്ഷത്തിന് കഴിയാതെ പോയി. ഇതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്.
കാലങ്ങളായി ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രധാന പ്രശ്‌നമായിരുന്നല്ലോ അടിസ്ഥാന വര്‍ഗത്തിന്റെ ഭൂമിയുടെ വിഷയം. നിരവധി ഭൂസമരങ്ങള്‍ക്ക് ഇടതുപാര്‍ട്ടികള്‍ നേതൃത്വം കൊടുത്തു. എന്നാല്‍ സമീപകാലത്ത് കേരളത്തിലും ബംഗാളിലുമൊക്കെ ഉയര്‍ന്നുവന്ന ഭൂസമരങ്ങളില്‍ പാര്‍ട്ടി ജനവിരുദ്ധ ചേരിയിലല്ലേ നിലകൊള്ളുന്നത്?
പൊതുവെ പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ പൊസിഷന്‍ മനസ്സിലാക്കപ്പെടാതെ പോവുകയാണ്. ഇത് മനസ്സിലാക്കാത്ത സന്ദര്‍ഭത്തില്‍ അത് ഉപയോഗിച്ചുകൊണ്ട് ചില സ്ഥലത്ത് ഭൂമിക്കു വേണ്ടി ജനങ്ങളെ ഇളക്കിവിടുകയാണ് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ഈ സമരക്കാര്‍ക്കൊന്നും ഭൂമിയല്ല ആവശ്യം. കൃഷിക്കാര്‍ക്കു ഭൂമി കൊടുക്കണമെന്ന് എന്നെങ്കിലും കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ. പറഞ്ഞിട്ടുണ്ട്; ഭേസ്പൂര്‍ പ്രമേയത്തിലും കറാച്ചി പ്രമേയത്തിലും. ഇപ്പോള്‍ നാലായിരവും അയ്യായിരവും ഏക്കര്‍ സ്ഥലമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മഹാരാഷ്ട്രയിലും യു.പിയിലുമൊക്കെയുണ്ട്. ജന്മിത്തത്തിനെതിരായ നീക്കം കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. രാജ്യത്ത് ദലിതരും പിന്നാക്കക്കാരുമായ വിഭാഗങ്ങളുടെ നേതാക്കള്‍ക്ക് പോലും ഇതിലൊന്നും താല്‍പര്യമില്ല. ലാലു പ്രസാദിന് ആരോടെങ്കിലും താല്‍പര്യമുണ്ടോ? താല്‍പര്യമുണ്ടായിരുന്നുവെങ്കില്‍ പുതിയ ഒരു ബീഹാര്‍ ഉണ്ടാകുമായിരുന്നു. ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തനല്ല ഇപ്പോഴത്തെ നിതീഷ്‌കുമാര്‍. എന്തിന്, മായാവതിക്ക് പോലും ദലിതരുടെ ക്ഷേമത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ?
അപ്പോള്‍ ഇടതുപക്ഷം പാവങ്ങള്‍ക്ക് ഭൂമി കൊടുക്കുന്നതിനെതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്ന ഭൂസമരങ്ങള്‍ക്ക് പിന്നിലുള്ളത്.
പി.ജി കണ്ട ഇസ്‌ലാമിനെക്കുറിച്ച്?
ഇസ്‌ലാം മനസ്സിലാക്കാന്‍ ഖുര്‍ആന്‍ വായിക്കുകയും മുഹമ്മദിന്റെ ജീവിതം പഠിക്കുകയും വിശ്വസനീയമായ ഹദീസുകള്‍ മനസ്സിലാക്കുകയും ചെയ്താല്‍മതി. അതൊക്കെ വായിക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നു ഇസ്‌ലാം മതനിരപേക്ഷ പാരമ്പര്യം വിളിച്ചറിയിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണെന്ന് (most secular religion). ഇസ്‌ലാം അതിന്റെ സത്യത്തെയും ധാര്‍മികതയെയും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുമ്പോള്‍ അതിനിടയിലും ചിലര്‍ കടന്നുകൂടുന്നതും കാണാതെ വയ്യ. അതുകൊണ്ടാണ് മതഭ്രാന്തന്മാരും മതമൗലികവാദികളും ഇസ്‌ലാമില്‍ ഉണ്ടെന്ന് ഞാന്‍ പറയുന്നത്.
മുഹമ്മദ് തന്റെ ജീവിതത്തിലൂടെ ഇസ്‌ലാമിനെ ഏറ്റവും മഹത്തരമായി ലോകത്ത് അവതരിപ്പിക്കുകയായിരുന്നു. മുഹമ്മദ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ, ഞാന്‍ അമാനുഷനല്ല, നിങ്ങളെ പോലെ ഒരു പച്ച മനുഷ്യനാണെന്ന്. കാരുണ്യവാനായ അല്ലാഹുവില്‍ വിശ്വസിച്ച് കീഴ്‌പ്പെടണമെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ അവസാനത്തെ പ്രവാചകനാണെന്നും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ആ നിലക്കുതന്നെ മനസ്സിലാക്കപ്പെടേണ്ടതുണ്ട്. മനുഷ്യജീവിതത്തെ നന്മയിലേക്കും സഹവര്‍ത്തിത്വത്തിലേക്കും കൊണ്ടുവരുന്നതിനാണ് ഇസ്‌ലാം ശ്രമിച്ചിട്ടുള്ളത്. ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കിയുള്ള ഇസ്‌ലാം മഹത്തരമായ നന്മകളെ പ്രതിനിധീകരിക്കുന്നു.
അപ്പോള്‍ പി.ജി ആത്മീയതയെ ഉള്‍ക്കൊള്ളുന്നുവെന്നല്ലേ?
വാസ്തവത്തില്‍ ഇ.എം.എസ്സിനെപ്പോലുള്ളവര്‍ മതനിരപേക്ഷത എന്ന് പറഞ്ഞത് വളരെ കൃത്യമായിരുന്നു. ശരിക്കും മതേതരത്വമല്ല, മതനിരപേക്ഷതയാണ് ഉണ്ടാകേണ്ടത്. അതുപോലെ തന്നെയാണ് ആത്മീയതയുടെയും പ്രശ്‌നം. ഏതു കാര്യത്തിന്റെയും സ്പിരിറ്റ് ഉള്‍ക്കൊള്ളണം എന്നു നാം പറയാറില്ലേ. അതുതന്നെയാണ് സ്പിരിച്വാലിറ്റി കൊണ്ടും ഉദ്ദേശിക്കുന്നത്. ആത്മീയത കൊണ്ട് നമ്മില്‍ ശുദ്ധമായ മാറ്റമാണ് ഉണ്ടാകുന്നത്. നമ്മിലെ ആത്മ വിമര്‍ശനം പോലെ. മനുഷ്യന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ച, സന്മാര്‍ഗ ജീവിതം, പെരുമാറ്റം ഇതാണ് ആത്മീയത.
പി. ഗോവിന്ദപിള്ള 0471 2451624
യു. ഷൈജു 9496330739
ushaiju@gmail.com

Comments

Other Post