Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 29

ഇസ്ലാമിക പ്രബോധനം നടത്താന്‍ ഹിന്ദുക്കളെ വേദക്കാരാക്കേണ്ടതില്ല

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

പ്രബോധനം പ്രസിദ്ധീകരിച്ച (ലക്കം 26) പി.പി അബ്ദുര്‍റസ്സാഖിന്റെ ലേഖനത്തിലെ ആശയങ്ങളോട് ചില വിയോജിപ്പുകള്‍ പങ്കുവെക്കട്ടെ. ഹൈന്ദവ സമൂഹങ്ങളെ അഹ്ലുല്‍ കിതാബുകാരായി പരിഗണിച്ചുകൊണ്ടുള്ള സമീപനം സ്വീകരിക്കണമെന്നാണ് പ്രസ്തുത ലേഖനത്തിന്റെ വാദമുഖം. എന്നാല്‍, ലേഖനം മുഴുവന്‍ വായിച്ചിട്ടും ഏതു രീതിയിലുള്ള പ്രബോധന പ്രവര്‍ത്തനമാണ് ലേഖകന്‍ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.
ഖുര്‍ആന്‍ ശക്തിയായി വിമര്‍ശിച്ച വിഗ്രഹപൂജയെപ്പറ്റി ലേഖകന്‍ പറയുന്നത് നോക്കുക: "ഇന്ത്യയിലെ ഹിന്ദുക്കളെ വെറും പ്രതിമാ പൂജയുടെ അടിസ്ഥാനത്തില്‍ മാത്രം മക്കയിലെ മുശ്രിക്കുകള്‍ക്ക് സമാനമായി കാണുന്ന ചിന്താഗതി ഖുര്‍ആനിക ദൃഷ്ട്യാ സാധുവാണോ എന്ന് പരിശോധിക്കപ്പെടണം''.
ഈ പ്രസ്താവന അപകടകരമായതുകൊണ്ടുതന്നെ അല്‍പം വിശദീകരിക്കേണ്ടത് ആവശ്യമാണ്. ഒന്നാമതായി, മക്കയിലെ മുശ്രിക്കുകളുമായി ലോകത്തിലെ ഏതൊരു മുശ്രിക്കും സാമ്യപ്പെടുന്നത് അവരുമായി ഏതൊക്കെ തരത്തിലുള്ള സമാനതകളുണ്ട് എന്നതിനനുസരിച്ചാണ്. വിഗ്രഹാരാധന അതിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മക്കാ മുശ്രിക്കുകളോട് ഖുര്‍ആന്‍ പറയുന്നത് കാണുക: "അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവര്‍ക്ക് ഇബാദത്ത് ചെയ്യുന്നത് എനിക്ക് വിരോധിക്കപ്പെട്ടിരിക്കുന്നു'' (6:56).
മക്കാ മുശ്രിക്കളോടുള്ള ഖുര്‍ആന്റെ ഉദ്ബോധന രീതിയില്‍നിന്ന് നമുക്ക് മനസ്സിലാകുന്നത് അല്ലാഹുവാണ് സ്രഷ്ടാവും സംരക്ഷകനുമെന്നും അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു എന്നാണ്. "ഭൂമിയുടെയും ആകാശങ്ങളുടെയും നിര്‍മാതാവായ അല്ലാഹുവിനെക്കുറിച്ച് വല്ല സന്ദേഹവുമുണ്ടോ?'' (ഇബ്റാഹീം).
മുശ്രിക്കുകള്‍ അല്ലാഹുവിനെ അംഗീകരിച്ചിരുന്നുവെന്നത് തര്‍ക്കമറ്റ കാര്യമാണ്. വിഗ്രഹാരാധന, പരലോക നിഷേധം തുടങ്ങിയ പല തിന്മകളും ഊഹങ്ങളും അതിനനുസൃതമായ ജീവിതവുമാണ് അവര്‍ നയിച്ചിരുന്നത്. മുഹമ്മദ് പ്രവാചകനാണെന്ന് മനസ്സുകൊണ്ട് അംഗീകരിച്ചവരും മക്കാ മുശ്രിക്കുകളില്‍ ഉണ്ടായിരുന്നു. അബൂത്വാലിബ് ഉദാഹരണം. മുസ്ലിംകളോട് സ്നേഹവും അനുഭാവവും ഉള്ളവരും അവരില്‍ ഉണ്ടായിരുന്നു. മുസ്ലിംകളോട് കഠിന ശത്രുതതയുള്ളവരും മുശ്രിക്കുകളില്‍ ധാരാളമുണ്ടായിരുന്നു. ഇവരില്‍ ഏതെങ്കിലുമൊരു വിഭാഗത്തെ വേദക്കാരായി പ്രവാചകന്‍ മനസ്സിലാക്കിയിട്ടില്ല. മാനവരാശിക്ക് മുഴുവന്‍ മാര്‍ഗദര്‍ശനമായി ഖുര്‍ആനെ അല്ലാഹു അവതരിപ്പിച്ചപ്പോള്‍ വേദക്കാരായി പരിചയപ്പെടുത്തിയത് യഹൂദ, ക്രിസ്തീയ ജനവിഭാഗങ്ങളെ മാത്രമായിരുന്നു. ലേഖകന്റെ വാദം സ്വീകരിച്ചാല്‍ മക്കാ മുശ്രിക്കുകളെയും വേദക്കാരായി ഗണിക്കേണ്ടിവരും. എന്തുകൊണ്ടെന്നാല്‍ അവര്‍ ഇബ്റാഹീം നബിയെ അംഗീകരിച്ചവരായിരുന്നുവല്ലോ.
ഇനി ദാര്‍ശനികമായി ഹൈന്ദവ സമൂഹത്തെ നാം സമീപിക്കുകയാണെങ്കില്‍ ഹൈന്ദവ വേദ സൂക്തങ്ങളിലെ ഏക ദൈവത്വ പരമാര്‍ശങ്ങള്‍ കൊണ്ട് മാത്രം അവരോട് സംവദിക്കാന്‍ കഴിയില്ല. ഹിന്ദുക്കള്‍ക്ക് പൊതുവായി ഒരു വേദമോ നിയമമോ ഇല്ല എന്നതാണ് വസ്തുത. ഭഗവത്ഗീത മതഗ്രന്ഥമായി പറയപ്പെടാറുണ്ടെങ്കിലും ഖുര്‍ആനോ ബൈബിളോ പോലെയുള്ള നിയമ സദാചാര സന്മാര്‍ഗ പാഠാവലിയല്ല അതിനുള്ളത്. കുരുക്ഷേത്ര യുദ്ധ സന്ദര്‍ഭത്തില്‍ കൃഷ്ണന്‍ അര്‍ജുനന് നല്‍കുന്ന സന്ദേശമാണ് ഗീത.
ഹൈന്ദവ ദര്‍ശനങ്ങളില്‍ പ്രധാനമായവ ഇവയാണ്: ന്യായ ദര്‍ശനം, വൈശേഷിക ദര്‍ശനം, സാംഖ്യാദര്‍ശനം, യോഗ ദര്‍ശനം, മീമാംസാ ദര്‍ശനം, അദ്വൈതം, വിശിഷ്ട ദ്വൈതം, ദ്വൈതം, ബൌദ്ധം, ജൈനം, ചാര്‍വാകം. കൂടാതെ ശൈവ മതം, ശാക്തമതം, വൈഷ്ണവ മതം, ഗാണപത്യ മതം, കൌമാര മതം, സൌരമതം തുടങ്ങിയ മതങ്ങളും അതിന്റെ ഭാഗമാണ്. ഈ ധര്‍മങ്ങളും ദര്‍ശനങ്ങളും മനുഷ്യരുടെ നിര്‍മിതിയാണ്. മാത്രവുമല്ല, പരസ്പര വിരുദ്ധങ്ങളാണ് ഇവയെല്ലാം. മേല്‍ പറയപ്പെട്ട ഓരോ ദര്‍ശനവും മറ്റു ദര്‍ശനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ ശരിയല്ല എന്ന് പറയുന്നു. നിരീശ്വരവാദമാണ് ചാര്‍വാക ദര്‍ശനം മുന്നോട്ട് വെക്കുന്നത്. ഊഹങ്ങളുടെയും തര്‍ക്ക തത്ത്വശാസ്ത്രങ്ങളുടെയും മേല്‍ മനുഷ്യന്‍ കെട്ടിപ്പൊക്കിയ ദര്‍ശനങ്ങളിലെ ഒരേയൊരു സമാനത ഇവരെല്ലാം വിഗ്രഹങ്ങളെ ആരാധിക്കുന്നു എന്നത് മാത്രമാണ്. ഇവരില്‍ വേദമോ പുരാണങ്ങളോ അംഗീകരിക്കാത്തവരും പുരാണങ്ങളിലെ അസുര കഥാ പാത്രങ്ങളാണ് നന്മയുള്ളവര്‍ എന്ന് വിശ്വസിക്കുന്നവരും ഉണ്ടെന്നിരിക്കെ പ്രസ്തുത വേദങ്ങളെ അടിസ്ഥാനപ്പെടുത്തി ഈ സമൂഹത്തെ 'വേദക്കാര്‍' എന്ന് വിളിക്കാനും അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടാനും സാധ്യമാണോ?


കെ.പി ഇസ്മാഈല്‍ കണ്ണൂര്‍
ശാപം ഈ സംഘടനകള്‍

അനേകം മത സംഘടനകളുണ്ട് കേരളത്തില്‍. എന്നാല്‍, സംഘടന നിലനില്‍ക്കണമെങ്കില്‍ മറ്റു സംഘടനകളെയും നേതാക്കളെയും എപ്പോഴും ഇക്ഴ്ത്തുകയും പലപ്പോഴും പ്രകോപിപ്പിക്കുകയും ചിലപ്പോഴെങ്കിലും തെറി വിളിക്കുകയും ചെയ്യണം എന്നായിരിക്കുന്നു. എന്നാലേ തങ്ങളുടെ സംഘടന നിലനില്‍ക്കുകയും വളരുകയും ചെയ്യൂ. നമ്മുടെ മത സംഘടനകളുടെ പ്രധാന അജണ്ട പത്ര പേജുകളിലൂടെയും സ്റേജുകളിലൂടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും ഇതര സംഘടനകളെയും നേതാക്കളെയും നാണം കെടുത്തുക എന്നതായിരിക്കുന്നു. എത്ര പണവും സമയവുമാണ് ഇതിന് ചെലവാക്കുന്നത്. മറ്റുള്ളവരെ ചീത്ത വിളിക്കുമ്പോള്‍ കിട്ടുന്ന ഹരവും ആവേശവുമാണ് കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള പ്രചോദനം എന്നായിരിക്കുന്നു. അന്യന്‍ അപമാനിക്കപ്പെടുന്ന പ്രസംഗങ്ങള്‍ എത്ര ആവേശത്തോടെയാണ് സ്വീകരിക്കപ്പെടുന്നത്. പ്രസംഗത്തിന്റെയും പരിപാടിയുടെയും വിജയം കണക്കാക്കുന്നത് എതിര്‍ സംഘടനകളെ എത്രമാത്രം അപമാനിച്ചു എന്നു നോക്കിയാണ്. പരിതാപകരമാണ് കേരളത്തിലെ മത സംഘടനകളുടെ അവസ്ഥ. സമുദായത്തിന് അനുഗ്രഹമാകേണ്ട സംഘടനകള്‍ കടുത്ത ശാപമായിത്തീര്‍ന്നിരിക്കുന്നു. സംഘടകള്‍ പിളരുമ്പോള്‍ ജനം പേടിക്കുകയാണ്. ചീത്ത വിളിക്കുന്ന സ്റേജുകളുടെ എണ്ണം പെരുകുക എന്നതാണ് പിളര്‍പ്പിന്റെ 'ഗുണം'.
ക്രിസ്ത്യാനികളെ അവരുടെ അതിരുകവിച്ചിലിന്റെ പേരില്‍ വിമര്‍ശിക്കുന്ന ഖുര്‍ആന്‍, ക്രിസ്ത്യന്‍ പണ്ഡിതന്മാരുടെയും സന്യാസിമാരുടെയും വിനയത്തെയും ത്യാഗത്തെയും പ്രശംസിക്കുന്നുണ്ട് (ഖുര്‍ആന്‍ 5:82). ഈ ഖുര്‍ആന്‍ വചനത്തിന്റെ വെളിച്ചത്തില്‍ കേരളത്തിലെ മത സംഘടനകള്‍ തമ്മിലെ വിയോജനവും വിരോധവും സംഘര്‍ഷവും ശത്രുതയും ഹിംസയുമോര്‍ത്ത് സങ്കടപ്പെടുന്ന യുവത ബുക്സ് ഡയറക്ടര്‍ പി.എം.എ ഗഫൂറിന്റെ ലേഖനം ശ്രദ്ധേയമായി.


അബൂ ഹബീബ് വരോട്, ഒറ്റപ്പാലം
പ്രബോധനം വഴിവെളിച്ചമായ
ഒരു ജീവിതാനുഭവം

'പ്രബോധനം എന്നെ വഴി നടത്തുകയായിരുന്നു' എന്ന സിദ്ദീഖ് ഹസന്റെ ലേഖനമാണ് ഈ കത്തിനാധാരം. 'എങ്ങനെയെങ്കിലും' കുറച്ച് കാശ് സമ്പാദിച്ച് പരിമിത ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 1997-ല്‍ സുഊദി അറേബ്യയിലേക്ക് വിമാനം കയറുന്നത്. അവിടെ എത്തിയതിനു ശേഷവും പൈങ്കിളി പ്രസിദ്ധീകരണങ്ങളുടെ വായനാ ലോകത്തിലൂടെ സഞ്ചാരം തുടരവെയാണ് യാദൃഛികമായി പ്രബോധനം കിട്ടുന്നത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിനടുത്ത ചെറിയ സ്റേഷനറി കടയിലെ കോഴിക്കോട്ടുകാരനായ അമുസ്ലിം സുഹൃത്തുമായി ഷെയര്‍ ചെയ്താണ് അന്ന് മലയാള പത്രങ്ങള്‍ വായിച്ചിരുന്നത്. ഒരുനാള്‍ പത്രം വായിച്ചിരിക്കെ കടയുടെ ഒരു മൂലയില്‍ വെച്ചിരുന്ന പ്രബോധനം വാരിക ശ്രദ്ധയില്‍ പെട്ടു. മറിച്ചു നോക്കിയപ്പോള്‍ വായിക്കണമെന്നു തോന്നി. സുഹൃത്തിനോട് പ്രബോധനം എങ്ങനെ കിട്ടിയെന്ന് ആരാഞ്ഞപ്പോള്‍ അടുത്ത ഒരു ഓഫീസില്‍ ജോലി ചെയ്യുന്ന തെക്കുനിന്നുള്ള ഒരു 'കാക്ക' തന്നതാണെന്നു പറഞ്ഞു. അമുസ്ലിം സുഹൃത്തിനെ പ്രബോധനം വായിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ സുഹൃത്ത് അത് വായിക്കാറുണ്ടായിരുന്നില്ല. സുഹൃത്തിന്റെ അനുവാദത്തോടെ പ്രബോധനം റൂമില്‍ കൊണ്ടുപോയി വായിച്ചു. പ്രബോധനം കൊടുത്ത വ്യക്തി പഴയ ലക്കം തിരികെ ആവശ്യപ്പെട്ടപ്പോള്‍, അടുത്ത സ്ഥാപനത്തില്‍ ഒരു 'നാട്ടുകാരന്‍' വന്നിട്ടുണ്ടെന്നും അദ്ദേഹം വായിക്കാന്‍ കൊണ്ടുപോയതാണെന്നും പറഞ്ഞു. ഇസ്ലാമിക പ്രവര്‍ത്തകനായ അദ്ദേഹം എന്നെ തിരക്കി റൂമില്‍ വന്നു പരിചയപ്പെട്ടു. പ്രബോധനത്തെക്കുറിച്ചും മറ്റും സംസാരിച്ചു. തുടര്‍ന്ന് എല്ലാ ലക്കവും എത്തിച്ചു തരികയും വൈകാതെ വരിക്കാരനാവുകയും ചെയ്തു.
സുഹൃദ് ബന്ധം ആത്മബന്ധമായി വളര്‍ന്നു. എങ്ങനെയെല്ലാം അല്‍പം കാശ് സമ്പാദിച്ച് നാട്ടിലേക്ക് മടങ്ങുക എന്ന എന്റെ പരിമിതി ലക്ഷ്യത്തെയാണ് പ്രബോധനം അട്ടിമറിച്ചത്. ഹലാലല്ലാത്ത സമ്പാദ്യങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും പ്രബോധനം എന്നെ വിലക്കി. ജീവിതത്തിന് പുതിയ ദിശയും ലക്ഷ്യവും നല്‍കി.
നന്മയെ സ്നേഹിക്കുന്നവര്‍ക്ക് നേരിന്റെ കൈത്തിരി പകര്‍ന്നു നല്‍കാന്‍ പ്രബോധനത്തിനു സാധിക്കുന്നുണ്ട്. വായനക്കു ശേഷം പ്രബോധനം കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുക്കുകയാണെങ്കില്‍ അവരുടെ ജീവിതത്തിന് ഇത്തിരി വെളിച്ചം ലഭിച്ചേക്കാം. ഒരുവന്‍ കാരണമായി മറ്റൊരുത്തന്‍ സന്മാര്‍ഗത്തിലാവുകയാണെങ്കില്‍ അതിലും വലിയ പുണ്യം മറ്റെന്തുണ്ട് എന്ന പ്രവാചക വചനം ഇവിടെ ശ്രദ്ധേയമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

Quran