Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 22

ജീവിത ലക്ഷ്യം ദീനിന്റെ സംസ്ഥാപനം

മൌലാനാ സദ്റുദ്ദീന്‍ ഇസ്ലാഹി

ഏതൊരു ജീവിതവും മഹത്തരമായിത്തീരുന്നത് അതിനൊരു ലക്ഷ്യം ഉണ്ടായിത്തീരുമ്പോഴാണ്. ലക്ഷ്യബോധമുള്ള മനുഷ്യനാണ് മനുഷ്യത്വമുള്ള മനുഷ്യന്‍. ഒരു ഉദാത്ത ലക്ഷ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കുന്ന വിഭാഗത്തെയാണ് ഖുര്‍ആന്‍ 'മുസ്ലിംകള്‍' എന്നു വിളിച്ചിരിക്കുന്നത്. ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടാവുക അത്ര അസാധാരണമായ കാര്യമൊന്നുമല്ല. വിവിധ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സംഘങ്ങളെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ആ ലക്ഷ്യം യഥാര്‍ഥ ലക്ഷ്യമായിരിക്കുക എന്നതാണ് പ്രധാനം. യഥാര്‍ഥ ജീവിതലക്ഷ്യം കണ്ടെത്തിയവര്‍ എന്നാണ് ഖുര്‍ആന്‍ മുസ്ലിംകളെ വിശേഷിപ്പിക്കുന്നത്. അപ്പോള്‍ എന്താണ് ആ ജീവിത ലക്ഷ്യമെന്ന് അവര്‍ നന്നായി അറിഞ്ഞിരിക്കേണ്ടതല്ലേ? അതിനനുസരിച്ച് മുഴുജീവിതത്തെയും അവര്‍ ചിട്ടപ്പെടുത്തേണ്ടതല്ലേ?
മുസ്ലിം സമൂഹം എന്തിന് നിലവില്‍ വന്നു എന്ന ചോദ്യത്തിന് ഖുര്‍ആന്‍ നല്‍കുന്ന ഒരു ഉത്തരമുണ്ട്. "ജനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍'' (ആലുഇംറാന്‍ 110). ഈ വാക്യത്തില്‍ രണ്ട് ആശയങ്ങളുണ്ട്.
ഒന്ന്, മറ്റേത് വിഭാഗത്തേക്കാളും എല്ലാ അര്‍ഥത്തിലും ഉത്തമരായിത്തീരേണ്ടവരാണ് മുസ്ലിംകള്‍. മറ്റൊരു സംഘത്തിനും നന്മകളില്‍ അവരോട് മത്സരിക്കാനോ കിടപിടിക്കാനോ കഴിയില്ല. ഇതാണ് 'ഉത്തമ സമുദായം' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
രണ്ട്, മറ്റു സമൂഹങ്ങളെപ്പോലെ വെറുതെയങ്ങ് ജീവിച്ചു പോകേണ്ടവരല്ല അവര്‍. അവര്‍ക്ക് കൃത്യമായ ഒരു നിയോഗ ലക്ഷ്യമുണ്ട്. മറ്റു സമൂഹങ്ങളില്‍ നിന്ന് അവരെ വേറിട്ട് നിര്‍ത്തുന്നതും ഈ ഗുണമാണ്. 'ജനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ടവര്‍' എന്നതാണ് ആ ഗുണം. 'ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കാനല്ല എളുപ്പമുണ്ടാക്കാനാണ് നിങ്ങളെ നിയോഗിച്ചിരിക്കുന്നത്' (ബുഖാരി) എന്ന നബിവചനവും ഈ ആശയം തന്നെയാണ് പ്രകാശിപ്പിക്കുന്നത്.
അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും വാക്യങ്ങള്‍ മുമ്പില്‍ വെച്ചാല്‍ ഒരു കാര്യം വ്യക്തമാകും. മറ്റു വിഭാഗങ്ങളെപ്പോലെയല്ല മുസ്ലിംകള്‍. അവര്‍ ഒരു ഉയര്‍ന്ന തലത്തില്‍ നിലകൊള്ളേണ്ടവരാണ്. അവര്‍ സവിശേഷമായ ചില മൂല്യങ്ങളുടെയും ഗുണങ്ങളുടെയും ഉടമകളാണ്. അപ്പോള്‍ സ്വാഭാവികമായും മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരായി അവര്‍ കാണപ്പെടും. അത് സംഭവിക്കണമെങ്കില്‍ അവരുടെ ചിന്തയിലും പ്രവൃത്തിയിലും മാറ്റം വരണം. വേണ്ടതും വേണ്ടാത്തതും തീരുമാനിക്കുന്നതിന്റെ മാനദണ്ഡം മാറണം. ജീവിതലക്ഷ്യവും സ്വഭാവചര്യകളും മാറ്റത്തിന് വിധേയമാകണം. ഇങ്ങനെ ജീവിതത്തിന്റെ ഓരോ വശത്തെയും മാറ്റിപ്പണിയുമ്പോഴാണ് ആ സമൂഹം മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരാവുന്നത്. മറ്റു സമൂഹങ്ങളുടെ അളവ്കോല്‍ വെച്ച് ഇവരെ അളക്കാനേ പറ്റില്ല എന്ന സ്ഥിതിവിശേഷം സംജാതമാവും.
മുസ്ലിം സമൂഹത്തിന് സവിശേഷമായ ലക്ഷ്യമുണ്ട് എന്ന് പറഞ്ഞല്ലോ. എന്താണ് ആ ലക്ഷ്യം? ഖുര്‍ആന്‍ അതിന് നല്‍കുന്ന മറുപടി ഇതാണ്: "നിങ്ങള്‍ ധര്‍മം സംസ്ഥാപിക്കുന്നു, തിന്മ തടയുന്നു, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.'' അപ്പോള്‍ ഇതാണ് മുസ്ലിംകള്‍ സവിശേഷം നിറവേറ്റേണ്ട ജോലി. അതായത് മുഴുവന്‍ മനുഷ്യകുലത്തെയും അവരുടെ തെറ്റായ വിശ്വാസാചാരങ്ങളില്‍നിന്ന് രക്ഷിക്കുകയും സത്യപാതയിലൂടെ അവരെ നടത്തുകയും ചെയ്യുക. ഈ പ്രത്യേക ദൌത്യത്തെ/ലക്ഷ്യത്തെ കുറിക്കുന്ന രണ്ട് പ്രയോഗങ്ങള്‍ നിങ്ങള്‍ക്ക് ഖുര്‍ആനില്‍ കാണാന്‍ കഴിയും.അതിലൊന്ന് 'സത്യസാക്ഷ്യം' (ശഹാദത്തുല്‍ ഹഖ്) എന്നതാണ്. "അപ്രകാരം നിങ്ങളെ നാം ഒരു മധ്യമ സമുദായമാക്കിയിരിക്കുന്നു; നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാന്‍'' (അല്‍ബഖറ 143).
ഹജ്ജ് അധ്യായത്തിലെ ഒരു സൂക്തത്തിലും ഈ സത്യസാക്ഷ്യത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. പിന്നെയൊരിടത്തും ഈ അര്‍ഥത്തില്‍ 'സാക്ഷ്യം' (ശഹാദത്ത്) എന്ന് പ്രയോഗിച്ചിട്ടുമില്ല. വളരെ തര്‍ക്കമറ്റതും വ്യക്തവുമായ കാര്യം എന്ന നിലക്കാണ് അത് ഒട്ടേറെ സ്ഥലങ്ങളില്‍ ആവര്‍ത്തിക്കാതിരുന്നത് എന്നേ മനസ്സിലാക്കേണ്ടതുള്ളൂ. എന്തിന് സാക്ഷ്യം വഹിക്കണം എന്നാണ് പറയുന്നത്? അല്ലാഹു മനുഷ്യന് നല്‍കിയ സന്ദേശമെന്തോ അതിന് സാക്ഷികളാവണം എന്നല്ലാതെ മറ്റെന്തെങ്കിലും അര്‍ഥം അവിടെ ശരിയാകുമോ? ആ സൂക്തത്തിന്റെ ബാക്കി ഭാഗത്ത് പറയുന്നു, 'പ്രവാചകന്‍ നിങ്ങള്‍ക്കും സാക്ഷിയാകാന്‍' എന്ന്. ചിന്തിച്ചു നോക്കൂ, എന്ത് കാര്യത്തിന് സാക്ഷിയാകാനാണ് പ്രവാചകനെ അല്ലാഹു വിശ്വാസികളിലേക്ക് നിയോഗിച്ചത്? തനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് അവതരിച്ച സത്യദീനിന് സാക്ഷിയാകാന്‍ എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? എങ്കില്‍ മുസ്ലിംകളാകുന്ന 'മധ്യമ സമുദായ'ത്തിന്റെ സാക്ഷ്യവും സത്യദീനിന്റെ കാര്യത്തില്‍ തന്നെ എന്ന കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടാവേണ്ടതില്ല.
മറ്റൊരു പ്രയോഗം 'ഇഖാമത്തുദ്ദീന്‍' എന്നാണ്. "നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ദിവ്യബോധനം നല്‍കിയതും ഇബ്റാഹീം, മൂസ, ഈസ എന്നിവരോട് ശാസിച്ചിട്ടുള്ളതുമായ കാര്യം തന്നെയാണ് നിങ്ങള്‍ക്കും മതനിയമമായി നിശ്ചയിച്ച് തന്നിരിക്കുന്നത്. ദീന്‍ സംസ്ഥാപിക്കുക എന്നതത്രെ അത്'' (42:13).
"പ്രവാചകനെ അനുഗമിക്കാനും ദീനിനെ സംസ്ഥാപിക്കാനുമാണ് അവരെ അല്ലാഹു തെരഞ്ഞെടുത്തത്'' എന്ന് അബ്ദുല്ലാഹിബ്നു മസ്ഊദ് റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസി(മിശ്കാത്ത്)ലും ഉണ്ട്. ഇവിടെയൊക്കെയും 'ദീന്‍ സംസ്ഥാപിക്കുക' (ഇഖാമത്തുദ്ദീന്‍) എന്നാണ് മുസ്ലിം സമുദായത്തിന്റെ ദൌത്യമായി പറഞ്ഞിരിക്കുന്നത്.
മുസ്ലിംസമൂഹത്തിന്റെ ലക്ഷ്യം എന്താണ് എന്നതിനെക്കുറിച്ച് ഒന്നിലധികം ഖുര്‍ആനിക പ്രയോഗങ്ങള്‍ നാം ചര്‍ച്ച ചെയ്തു. ചിലയിടങ്ങളില്‍ 'ധര്‍മ സംസ്ഥാപനം, തിന്മയുടെ വിപാടനം' (അംറുന്‍ ബില്‍ മഅ്റൂഫ്, നഹ്യുന്‍ അനില്‍ മുന്‍കര്‍) എന്ന് പറഞ്ഞിരിക്കുന്നു. ചിലയിടത്ത് 'സത്യസാക്ഷ്യം' (ശഹാദത്തുല്‍ ഹഖ്) എന്നാണ് പ്രയോഗം. മറ്റൊരിടത്ത് 'ദീനിന്റെ സംസ്ഥാപനം' (ഇഖാമത്തുദ്ദീന്‍) എന്നും. ഒരേ ആശയത്തിന്റെ മൂന്ന് വിധത്തിലുള്ള പ്രകാശനങ്ങളാണിവ. ഇതില്‍ നിങ്ങള്‍ ഏത് ലക്ഷ്യമായി തെരഞ്ഞെടുത്താലും ആശയത്തിലോ പ്രയോഗത്തിലോ ഒരു മാറ്റവും വരുന്നതല്ല. എല്ലാം ഒന്നുതന്നെ.
ഇനി ഈ മൂന്ന് പ്രയോഗങ്ങളെക്കുറിച്ചും നിങ്ങള്‍ ആഴത്തില്‍ ചിന്തിച്ചാല്‍ അവയില്‍ കൂടുതല്‍ സമഗ്രതയും പൂര്‍ണതയും ഉള്ള പ്രയോഗം 'ദീനിന്റെ സംസ്ഥാപനം' (ഇഖാമത്തുദീന്‍) ആണെന്ന് കാണാന്‍ കഴിയും. 'സംസ്ഥാപിക്കുക' (ഇഖാമത്ത്) എന്ന പദത്തിന് വളരെ വിശാലമായ അര്‍ഥതലങ്ങളുണ്ടെന്നും വ്യക്തമാവും. 'മുസ്ലിംകള്‍' എന്ന് വിളിക്കപ്പെട്ട ജനവിഭാഗത്തിന് മാത്രമല്ല, സകല പ്രവാചകന്മാര്‍ക്കും ദൌത്യമായി നിശ്ചയിച്ച് കൊടുത്തത് 'ഇഖാമത്തുദ്ദീന്‍' തന്നെയാണെന്ന് ആ സൂക്തത്തില്‍ പറയുന്നു. അതായത് അല്ലാഹുവില്‍ വിശ്വസിക്കുകയും അവന് വിധേയപ്പെടുകയും ചെയ്യുന്നു എന്നതിനര്‍ഥം ദീന്‍ സംസ്ഥാപനം നിര്‍വഹിക്കുകയാണെന്ന് വരുന്നു. അതുകൊണ്ടാണ് ഇസ്ലാമിക സമൂഹത്തിന്റെ ദൌത്യവും ലക്ഷ്യവും ചര്‍ച്ച ചെയ്യുമ്പോള്‍ മറ്റു പ്രയോഗങ്ങളെക്കാള്‍ 'ഇഖാമത്തുദ്ദീന്‍' എന്ന പ്രയോഗം കൂടുതലായി വരുന്നത്.

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്