Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 20

മുസ്‌ലിംകള്‍ ചെയ്യേണ്ടത് ചെയ്യരുതാത്തതും

മൗലാനാ വഹീദുദ്ദീന്‍ ഖാന്‍

ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം മതനിന്ദ ശാരീരികമായി ശിക്ഷിക്കേണ്ട ഒന്നല്ല, മറിച്ച് ബൗദ്ധിക സംവാദത്തിന്റെ വിഷയമാണ്. എല്ലാ പ്രദേശങ്ങളിലേക്കും സമൂഹങ്ങളിലേക്കും പ്രവാചകരെ അയച്ചിരുന്നെന്നു പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍, അതത് ജനതകള്‍ പ്രവാചകരോട് നിഷേധനിലപാട് കൈക്കൊണ്ടതായും ചൂണ്ടിക്കാട്ടുന്നു. ഇന്ന് നാം പ്രവാചകനിന്ദ എന്നൊക്കെ പറയുന്ന അതേ രീതിയില്‍ ആ സമൂഹങ്ങള്‍ പ്രവാചകരോട് പെരുമാറിയതിനെപ്പറ്റി 200-ലേറെ സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. നിന്ദയും ശകാരവും (36:30), നുണയനെന്നുവരെയുള്ള ശകാരങ്ങള്‍ (40:24), ജിന്ന് ബാധിച്ചവന്‍ (15:6), കെട്ടിച്ചമക്കുന്നവന്‍ (16:101), മടയന്‍ (7:66) ഇത്തരം നിന്ദകള്‍ ചൊരിഞ്ഞതായി ആവര്‍ത്തിച്ചു പറയുന്ന ഖുര്‍ആന്‍ ഒരിടത്തു പോലും അതിന് തല്ലോ കൊലയോ മറ്റു ശാരീരിക ദണ്ഡനമോ വിധിക്കുന്നില്ല.
ശാരീരികമായല്ല, ശാന്തമായ ഗുണദോഷിക്കലിലൂടെയാണ് ഇവയെ നേരിടേണ്ടത് എന്ന് സാരം. യുക്തിഭദ്രമായ വാദമുഖങ്ങള്‍ കൊണ്ട് എതിരാളികളുടെ ബുദ്ധിയോട് സംവദിക്കണം. പ്രവാചകനെ നിന്ദിക്കുന്നവരുടെ ഹൃദയാന്തരാളങ്ങള്‍ കാണുന്ന ദൈവം അവരര്‍ഹിക്കുന്നത് നല്‍കിക്കൊള്ളും. വിശ്വാസികള്‍ക്ക് ചെയ്യാനുള്ളത് സംയമനത്തോടെ, ഗുണകാംക്ഷയോടെ, ബുദ്ധിക്ക് ബോധ്യപ്പെടുംവിധം ദൈവിക സന്ദേശം നല്‍കുകയാണ്. അതിക്രമകാരികളെയും അവിവേകികളെയും മാറി നടക്കുകയും ചെയ്യുക.
പ്രവാചകനെതിരെ ശകാരപദങ്ങള്‍ പ്രയോഗിക്കുന്ന ആരെയും അതില്‍നിന്ന് തടയണമെന്ന് ഖുര്‍ആന്‍ ഒരിടത്തും ആവശ്യപ്പെടുന്നില്ല; അത്തരക്കാരെ ശിക്ഷിക്കണമെന്നും പറയുന്നില്ല. മറിച്ച്, വിശ്വാസികള്‍ അങ്ങോട്ട് ചീത്ത ഭാഷ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ട്: ''ദൈവത്തിനു പകരം അവര്‍ ആരാധിക്കുന്നവയെ നിന്ദിക്കരുത്- അറിവില്ലായ്മ കൊണ്ട് അവര്‍ തിരിച്ച് ദൈവത്തെ നിന്ദിച്ചെന്നു വരും'' (6:108).
'മീഡിയാ വാച്ച്' കാര്യാലയങ്ങള്‍ ഏര്‍പ്പെടുത്തി, അത്തരക്കാരെ എങ്ങനെയെങ്കിലും കൊന്നുകളയുക എന്നത് വിശ്വാസികള്‍ ചെയ്യേണ്ടതില്ലെന്ന് ഈ ഖുര്‍ആന്‍ വാക്യം വ്യക്തമാക്കുന്നു. പകരം, അങ്ങനെ ചെയ്യരുതെന്നാണ് കല്‍പന. പ്രകോപനം സൃഷ്ടിക്കാതിരിക്കുക എന്ന കല്‍പന വിശ്വാസികളോടാണ്. മറ്റുള്ളവര്‍ അങ്ങനെ ചെയ്യുന്നുവെന്ന് കരുതി ശിക്ഷിക്കാന്‍ അനുവാദമില്ല.
അഭിപ്രായ സ്വാതന്ത്ര്യത്തെ മുസ്‌ലിംകള്‍ മനസ്സിലാക്കുന്നിടത്തും തകരാറുണ്ട്. സ്വാതന്ത്ര്യമാകാം, പക്ഷേ, അന്യരുടെ മതവികാരം വ്രണപ്പെടുത്തരുതെന്ന് പറയുന്നതില്‍ വൈരുധ്യമുണ്ട്. സ്വാതന്ത്ര്യം മനുഷ്യന് ദൈവം നല്‍കിയതാണ്. അവനെ പരീക്ഷിക്കുന്നതിനുള്ള ദൈവിക രീതിയാണത്.
പ്രവാചകനെ നിന്ദിക്കുന്നുവെന്ന് പറഞ്ഞുള്ള ഒച്ചയും ബഹളവും നീതീകരിക്കാനാവില്ല. അത്തരം നിലപാടുകൊണ്ട്, മുസ്‌ലിംകള്‍ സ്ഥിരമായി നിഷേധ മനോഭാവക്കാരാണെന്ന് വരുകയാണ് ചെയ്യുക. ലോകക്രമത്തെ അങ്ങനെ മാറ്റാനൊട്ട് പറ്റുകയുമില്ല. സദ്ഫലമുണ്ടാക്കാത്ത ചെയ്തിയില്‍നിന്ന് വിട്ടുനില്‍ക്കുന്നവനാണ് നല്ല മുസ്‌ലിം എന്നാണല്ലോ നബിതിരുമേനി നമ്മെ പഠിപ്പിച്ചിട്ടുള്ളത്. കുറച്ചായി നാം ഒച്ചവെക്കാന്‍ തുടങ്ങിയിട്ട്, ഒരു ഫലവുമില്ലാതെ. ലോകത്തെ മാറ്റാനാവില്ലെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് സ്വയം മാറുകയാണ് നല്ലത്. അതുവഴി രണ്ട് പ്രയോജനങ്ങളുണ്ടാകും: ചീത്ത മനോഭാവത്തിന് ഇരയാവാതിരിക്കും; ഊര്‍ജം രചനാത്മക കാര്യങ്ങളിലേക്ക് തിരിച്ചുവിടാന്‍ കഴിയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍