Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 6

കടുവ.... ധനികന്റെ ദേശീയ മൃഗം?

ഇഹ്‌സാന്‍

ശബരിമല അടക്കം ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന സംരക്ഷിത വനമേഖലകളിലേക്കും കടുവാ സംരക്ഷണ കേന്ദ്രങ്ങളിലേക്കും പരിമിതമായ തോതില്‍ വിനോദസഞ്ചാരികളെ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഒറ്റനോട്ടത്തില്‍ നിരുപദ്രവകരമായി തോന്നിയേക്കാം. പക്ഷേ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും കുലാക്കുകളായ ഖനി മാഫിയകള്‍ക്കും സംരക്ഷിത വനമേഖലയിലേക്ക് 20 ശതമാനം കടന്നുകയറ്റത്തിനുള്ള നിയമപരമായ പഴുതാണ് ഇതുമൂലം സൃഷ്ടിക്കപ്പെടുക എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരായിരിക്കും ഈ 20 ശതമാനം അടയാളപ്പെടുത്തുക? ആരും കടക്കരുതെന്ന് നിയമമുള്ള ഒരു മേഖലയിലേക്ക് ആദിവാസികളുടെയും ഭക്തരുടെയും വിനോദ സഞ്ചാരികളുടെയും പേരില്‍ ഇളവ് സൃഷ്ടിച്ചുണ്ടാക്കുകയാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്. വനഭൂമിയിലെ ക്ഷേത്രങ്ങളിലേക്ക് ഭക്തജനങ്ങളെ അനുവദിക്കണമെന്നും കടുവാ സംരക്ഷണത്തിന്റെ പ്രാധാന്യം ഭാവി തലമുറയെ ബോധ്യപ്പെടുത്താന്‍ വിനോദസഞ്ചാരികളെ പരിമിതമായ തോതിലെങ്കിലും കടുവാ സംരക്ഷണ കേന്ദ്രങ്ങള്‍ക്കകത്ത് പ്രവേശിപ്പിക്കണമെന്നുമാണ് കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. തങ്ങളുടെ സഞ്ചാരപരിധിയില്‍ തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ ജീവിതശൈലിയെ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന വന്യമൃഗങ്ങളിലൊന്നാണ് കടുവ. അവയുടെ വംശവര്‍ധനവുമായാണ് ഇത് ബന്ധപ്പെട്ടു കിടക്കുന്നത്. അതുകൊണ്ടുതന്നെയാണ് എത്ര കുറഞ്ഞ അളവിലായാല്‍ പോലും അവയുടെ ആവാസമേഖലയിലേക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്ന് പറയുന്നത്.
ഇന്ത്യയിലെ കല്‍ക്കരിപ്പാട വിവാദം ഏറ്റവുമാദ്യം പുറത്തുവന്നത് രാജസ്ഥാനിലെ സരിസ്‌ക കടുവാസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിന്നായിരുന്നു. ഖനനം ഉണ്ടാക്കിയ പ്രത്യാഘാതങ്ങളുടെ ഭാഗമായി സരിസ്‌ക വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ കടുവകള്‍ പൂര്‍ണമായും ഇല്ലാതായെന്ന 'തരുണ്‍ ഭാരത് സംഘ്' എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് രാജ്യത്തുണ്ടാക്കിയ കോലാഹലം മറക്കാറായിട്ടില്ല. സുപ്രീംകോടതി ഇടപെട്ടതിനെ തുടര്‍ന്ന് ഒരുകാലത്ത് അടച്ചുപൂട്ടിയ ഡോളോമൈറ്റ്-മാര്‍ബിള്‍ ഖനികള്‍ ഈ മേഖലയില്‍ വീണ്ടും രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഒരു സുഹൃത്തിന് ഈ കടുവാ സംരക്ഷണ കേന്ദ്രത്തിനകത്ത് റിസോര്‍ട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ടാറ്റയും അദാനിയും ജിന്‍ഡലുമൊക്കെ കടുവാ പ്രേമവുമായി അന്ന് രംഗത്തിറങ്ങിയതിന്റെ ഗുട്ടന്‍സും ഈ റിപ്പോര്‍ട്ടിന് വെറുമൊരു വന്യജീവി താല്‍പര്യത്തിനപ്പുറമുള്ള രാഷ്ട്രീയ-സാമ്പത്തിക പ്രാധാന്യവും ഏതാണ്ട് ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം കല്‍ക്കരിപ്പാടം അഴിമതിയുടെ പിന്നാലെയാണ് വീണ്ടും ജനശ്രദ്ധയില്‍ ഇടംപിടിച്ചത്.
ഏതായാലും പരിസ്ഥിതി സംഘടനകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്ന ആവശ്യം പതുക്കെയെങ്കിലും അംഗീകരിക്കപ്പെടുന്നതിന്റെ സൂചനകളുണ്ട്. അദാനി ഗ്രൂപ്പിനു പാട്ടം കിട്ടിയ ചന്ദ്രപ്പൂരിലെ ലോഹാരാ കല്‍ക്കരിപ്പാടം ഈ കോടതിവിധി വരുന്നതിന്റെ തലേദിവസം റദ്ദാക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഛത്തീസ്ഗഢില്‍ സുബോധ്കാന്ത് സഹായിയുടെ അനുജന്റെ ഉടമസ്ഥാവകാശത്തിലുള്ള എസ്.കെ.എസ് ഇസ്പത്ത് എന്ന കല്‍ക്കരിപ്പാടവും റുവാന്‍വാരയിലെ അതീവ പ്രാധാന്യമുള്ള കടുവാ ഇടനാഴികളുടെ അകത്തായിരുന്നു നിലനിന്നത്. അതിന്റെ പാരിസ്ഥിതിക റിപ്പോര്‍ട്ടും ഒടുവില്‍ എതിരാവുകയാണ്. തഡോബാ-അന്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിനകത്ത് കൊടുംകാട്ടില്‍ സ്ഥിതി ചെയ്യുന്ന ലോഹാരാ കല്‍ക്കരിപ്പാടത്തിന്റെ ഖനനാവകാശം പാസാക്കി കിട്ടിയെങ്കിലും വനമേഖലക്കകത്തേക്ക് കടക്കാന്‍ ആവശ്യമായ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടായിരുന്നു. റിലയന്‍സും ടാറ്റയും മിത്തലും ജിന്‍ഡലുമൊക്കെ തങ്ങളുടെ വ്യത്യസ്ത പാടങ്ങളെ ചൊല്ലി ഇതേ സമ്മര്‍ദവുമായി രംഗത്തുണ്ടായിരുന്നു. അവര്‍ പിടിമുറുക്കിയതിന്റെ ഭാഗമായാണ് കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന ഉത്തരേന്ത്യയിലെ പ്രധാന താപനിലയങ്ങള്‍ പ്രവര്‍ത്തനം സ്തംഭിപ്പിച്ചതും ദല്‍ഹി അടക്കമുള്ള മഹാനഗരങ്ങളിലെ വൈദ്യുതി വിതരണം ആഴ്ചകളോളം തടസ്സപ്പെട്ടതുമൊക്കെ. ലോഹാരയിലെ തങ്ങളുടെ 3300 മെഗാവാട്ട് താപവൈദ്യുത നിലയം പ്രവര്‍ത്തിക്കണമെങ്കില്‍ ആവശ്യമായ കല്‍ക്കരി നല്‍കുകയോ അല്ലെങ്കില്‍ വനസംരക്ഷണ നിയമത്തില്‍ ഭേദഗതി ഉണ്ടാക്കുകയോ വേണമെന്ന് ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗൗതം അദാനി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനെല്ലാം ഒടുവിലാണ് കടുവാ സംരക്ഷണ കേന്ദ്രങ്ങള്‍ക്കകത്തേക്ക് ഉപാധികളോടെ പ്രവേശനം അനുവദിക്കാമെന്ന നിലപാടുമായി സര്‍ക്കാര്‍ കോടതിയിലെത്തിയത്.
സര്‍ക്കാറുകള്‍ എങ്ങനെ ജനങ്ങളെ വഞ്ചിക്കുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമായി മാറുകയാണ് വികസനവുമായി കൂട്ടിച്ചേര്‍ത്ത് കോടതിയിലെത്തുന്ന ഈ വിവാദങ്ങള്‍. ടൂറിസത്തെ ഗ്രാമീണ മേഖലയിലെ വികസനവുമായി കൂട്ടിവായിക്കുന്നത് ഇത്തരമൊരു നീചമായ അജണ്ടയുടെ ഭാഗമായാണ്. മഹാരാഷ്ട്രയില്‍ ജലസേചന പദ്ധതികളില്‍ അഴിമതി നടന്നു എന്നും എന്‍.സി.പി നേതാവായ ഉപമുഖ്യമന്ത്രി രാജിവെക്കേണ്ടി വന്നു എന്നുമുള്ള ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കുക. ഈ രാജിയെ ശരത് പവാറുമായി കൂട്ടിച്ചേര്‍ത്തു വായിക്കാനാണ് എല്ലാവരും തിടുക്കം കൂട്ടിയത്. വിദര്‍ഭയില്‍ ഇതിനകം ആയിരത്തിനടുത്ത് കര്‍ഷകര്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന മേഖലയില്‍ ജലസേചനം നടത്തുന്നതിനാണ് ഈ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. വിദര്‍ഭയിലെ കണ്ണീര്‍പാടം തുരന്ന് അഴിമതിയുടെ ചക്കരപ്പായസമുണ്ടവരില്‍ ഖനി കുഴിച്ച് മിടുക്കനായ അജയ് സന്‍ചേതിയാണത്രെ മുമ്പന്‍, അതായത് നിധിന്‍ ഖഡ്കരിയുടെ വലം കൈ. ബി.ജെ.പിയെയും എന്‍.സി.പിയെയും ഒതുക്കണം.... നമ്മുടെ കല്‍ക്കരിപ്പായസത്തില്‍ അവരാണല്ലോ മണ്ണിട്ടത്... ഇതല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും കോണ്‍ഗ്രസിന്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍