Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 29

ഇസ്‌ലാം അനുകൂല അമേരിക്ക?

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ

അഫ്ഗാനും ഇറാഖും അടിച്ചുതകര്‍ത്ത് പതിനായിരങ്ങളെ യമപുരിക്കയച്ച ക്രൂര സാമ്രാജ്യത്വശക്തി, ഗ്വാണ്ടനോമയുടെയും അബൂഗുറൈബിന്റെയും അമേരിക്ക, ഇസ്‌ലാമിനെതിരെ പരോക്ഷമായി കുരിശുയുദ്ധം പ്രഖ്യാപിച്ച ബുഷിന്റെ അമേരിക്ക.... ഈ ചിത്രത്തിന് കടകവിരുദ്ധമായ ഒരു അമേരിക്കയാണ് വാഷിംഗ്ടണില്‍ കണ്ടത്. ഇസ്‌ലാം അനുകൂല അമേരിക്ക! അമേരിക്കന്‍ ശക്തിദുര്‍ഗമായ പെന്റഗണിന്റെ മൂക്കിന് താഴെ മുപ്പതിനായിരത്തോളം മുസ്‌ലിംകള്‍ സംഘടിച്ച് അവര്‍ക്ക് വേണ്ടതൊക്കെ ചെയ്യുകയും പറയേണ്ടതൊക്കെ പറയുകയും ചെയ്തു. എഫ്.ബി.ഐയെയും സി.ഐ.എയെയും കൂസാതെ, ഭയാശങ്കകളില്ലാതെ, പൂര്‍ണ സ്വാതന്ത്ര്യത്തോടെ. വാഷിംഗ്ടണിലെ പ്രൗഢഗംഭീരവും പ്രവിശാലവുമായ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു ദിവസം കഴിച്ചപ്പോള്‍ ഇവിടെ ഒരു പുതു അമേരിക്ക പിറവി കൊള്ളുകയാണോ എന്ന് തോന്നിപ്പോയി. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസില്‍നിന്ന് വന്ന അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ തോമസ് പെരിസ്, ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റി പ്രഫസറും മുസ്‌ലിം-ക്രിസ്ത്യന്‍ അണ്ടര്‍ സ്റ്റാന്റിംഗ് സെന്റര്‍ ഡയറക്ടറുമായ ഡോ. ജോണ്‍ എസ്‌പോസിറ്റോ, ലോക പ്രശസ്ത ബ്രിട്ടീഷ് ഗ്രന്ഥകര്‍ത്രി കരന്‍ ആംസ്‌ട്രോംഗ് എന്നിവരുടെ പ്രോജ്വല പ്രഭാഷണങ്ങള്‍ ആ തോന്നലിനു ആക്കം കൂട്ടി. മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ഊന്നിക്കൊണ്ടുള്ള അവരുടെ പ്രഭാഷണങ്ങള്‍ അമേരിക്കയില്‍ വിശിഷ്യാ ഗവണ്‍മെന്റ് തലത്തില്‍, അതിനെതിരായി നടക്കുന്ന നീക്കങ്ങളെയും നയങ്ങളെയും നിശിതമായി വിമര്‍ശിച്ചു. പള്ളികളുടെ നേര്‍ക്കുള്ള ആക്രമണങ്ങള്‍ അവര്‍ എടുത്തു പറഞ്ഞു. അമേരിക്കന്‍ അസിസ്റ്റന്റ് അറ്റോര്‍ണി ജനറലിന്റെ പ്രസംഗത്തിന് ഉടനീളം കൈയടികളുടെ അകമ്പടിയുണ്ടായി. ഏതു മതത്തിന് നേരെയുള്ള ഏതാക്രമണവും അമേരിക്കന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ആഗസ്റ്റ് 31, സെപ്റ്റംബര്‍ 1-3 തീയതികളില്‍ വാഷിംഗ്ടണില്‍ നടന്ന ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഇസ്‌ന) 49-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ദൈവത്തിന്റെ കീഴില്‍ ഒരു രാഷ്ട്രം (One Nation under God), പൊതു നന്മക്ക് വേണ്ടിയുള്ള യത്‌നം (Striving for Common Good) എന്ന പ്രസക്തവും സമയോചിതവുമായ സമ്മേളന വിഷയം പ്രഭാഷണങ്ങള്‍ക്ക് മകുടം ചാര്‍ത്തി. ആയിരക്കണക്കിന് പര്‍ദാ ധാരികളായ വനിതകള്‍ മഹാ സമ്മേളനത്തിന്റെ ഇസ്‌ലാമിക പരിവേഷം വര്‍ധിപ്പിച്ചു. അമേരിക്കയുടെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിച്ചേര്‍ന്ന, മുസ്‌ലിം സംഘടനകളുടെയും സെന്ററുകളുടെയും അക്കാദമികളുടെയും പത്രങ്ങളുടെയും പ്രതിനിധികള്‍ തങ്ങളുടെ ബാനറുകളും കൊടികളും ഉയര്‍ത്തി സമ്മേളനത്തിന് ഉത്സവഛായ പകര്‍ന്നു. Islam Here to Stay (ഇസ്‌ലാം ഇവിടെ നിലനില്‍ക്കാനുള്ളതാണ്) എന്ന സന്ദേശത്താല്‍ അന്തരീക്ഷം മുഖരിതമായി.

മതസൗഹൃദ സംവാദം
സമ്മേളനത്തോടനുബന്ധിച്ച് നടന്ന 15-ാം വാര്‍ഷിക ഇന്റര്‍ഫെയ്ത്ത് യൂനിറ്റി ബാങ്ക്വറ്റ് വളരെ ശ്രദ്ധേയമായിരുന്നു. 1978-ല്‍ സ്ഥാപിതമായ വാഷിംഗ്ടണിലെ ഇന്റര്‍ഫെയ്ത്ത് കോണ്‍ഫറന്‍സി(IFC)ന് അവാര്‍ഡ് നല്‍കാനാണ് ബാങ്ക്വറ്റ് ഏര്‍പ്പെടുത്തിയത്. പതിനൊന്നോളം വ്യത്യസ്ത മത വിശ്വാസ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഐ.എഫ്.സി, മതാനുയായികള്‍ക്കിടയില്‍ സൗഹാര്‍ദവും പരസ്പര ധാരണയും വളര്‍ത്തുകയും സാമൂഹിക സാമ്പത്തിക നീതിക്ക് കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കര്‍ദിനാള്‍ തിയോഡോര്‍ മെക്കാറിക്, റാബ്ബായ് ഡേവിഡ് സാപ്പര്‍ട്ടെയ്ന്‍, ഇമാം മുഹമ്മദ് മാജിദ് (ഇസ്‌ന പ്രസിഡന്റ്) എന്നിവര്‍ മത സൗഹാര്‍ദത്തിന്റെയും ന്യൂനപക്ഷാവകാശ സംരക്ഷണത്തിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞു. 'സയണിസത്തിനെതിരെ സംഘടിച്ച ജൂതര്‍' എന്ന സംഘടനയുടെ സാന്നിധ്യം വാഷിംഗ്ടണിലെ ശക്തമായ ജൂതലോബിയെ നന്നായി ചൊടിപ്പിച്ചു. മതവൈരാഗ്യമില്ലാത്ത ഒരു നവലോകത്തിന്റെ നിര്‍മിതിക്ക് കരന്‍ ആംസ്‌ട്രോംഗ് മതവിശ്വാസികളെ ആഹ്വാനം ചെയ്തു. ലോകത്തെ ഒരു മതവും അക്രമവും ഹിംസയും പഠിപ്പിക്കുന്നില്ല. സ്‌നേഹസൗഹാര്‍ദത്തിന്റെ, സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെ സന്ദേശമാണ് എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നത്- അവര്‍ പ്രഖ്യാപിച്ചു. അത്തരമൊരു വെല്ലുവിളി നേരിടാന്‍ എല്ലാ മതവിശ്വാസികളും തയാറാവേണ്ടതുണ്ടെന്നും ഉദ്‌ബോധിപ്പിച്ചു.

തുനീഷ്യന്‍ അന്നഹ്ദയുടെ
പ്രാതിനിധ്യം
തുനീഷ്യന്‍ അന്നഹ്ദ പാര്‍ട്ടിയുടെ സ്ഥാപക നേതാവ് ശൈഖ് റാശിദുല്‍ ഗനൂശിയെ മുഖ്യ പ്രഭാഷകനായും ഇസ്‌ന ക്ഷണിച്ചിരുന്നു. തുനീഷ്യയിലെ കൃത്യാന്തര ബാഹുല്യങ്ങള്‍ കാരണം അദ്ദേഹത്തിന് വരാന്‍ സാധിച്ചില്ല. പകരം അന്നഹ്ദ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് മോറോ സന്നിഹിതനായി. സമചിത്തതയും ഉള്‍ക്കാഴ്ചയും വിശാല കാഴ്ചപ്പാടും സര്‍വോപരി ബഹുസ്വരതയും മുറ്റിനിന്ന അദ്ദേഹത്തിന്റെ പ്രഭാഷണം ഹൃദ്യമായി. മര്‍ദിതരുടെ അവകാശ സംരക്ഷണത്തിന് പലയിടത്തും മില്യന്‍ മാര്‍ച്ച് നടക്കുമ്പോള്‍, സിറിയയിലെ മര്‍ദിതര്‍ക്ക് വേണ്ടി ലോകത്ത് ബില്യന്‍ മാര്‍ച്ച് നടക്കട്ടെ എന്നദ്ദേഹത്തിന്റെ ആഹ്വാനം സദസ്സ് തക്ബീര്‍ ധ്വനികളുയര്‍ത്തിയാണ് സ്വീകരിച്ചത്.

ഫിലിം ഫെസ്റ്റിവെല്‍
സാധാരണ ഇസ്‌ലാമിക സമ്മേളനങ്ങളില്‍ കാണാത്ത ഒരു പരിപാടി ഇസ്‌നാ സമ്മേളനത്തിന്റെ സവിശേഷതയായിരുന്നു- ഫിലിം ഫെസ്റ്റിവെല്‍. ഇസ്‌ലാമിക മൂല്യങ്ങളും സത്യസന്ദേശവും അനാവരണം ചെയ്യാനും അവ ബഹുജന മധ്യേ എത്തിക്കാനുമുള്ള ശ്രമങ്ങളില്‍ ഇസ്‌ലാമിസ്റ്റുകള്‍ വളരെ പിന്നിലാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍, അതില്‍ ശുഭകരമായ ഒരു മാറ്റമാണ് ഇസ്‌ന ഫിലിം ഫെസ്റ്റിവെലിലൂടെ കാണാനായത്. ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സേവിംഗ് ഫേസ് (Saving Face) അടക്കം പതിനെട്ട് സിനിമകളും ഡോക്യുമെന്ററികളും ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിച്ചു. 2012-ലെ ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട് സേവിംഗ് ഫേസ്. ദ ലാസ്റ്റ് മെസ്സേജ് ഓഫ് ഗോഡ്, ഇസ്‌ലാം ഇന്‍ അമേരിക്ക: ദ ക്രിസ്ത്യന്‍ ട്രൂത്ത്, ആന്‍ അമേരിക്കന്‍ മോസ്‌ക്, ഇസ്‌ലാമിക് ആര്‍ട്ട്: മിറര്‍ ഓഫ് ഇന്‍വിസിബ്ള്‍ വേള്‍ഡ് തുടങ്ങിയ ഫിലിമുകളും എടുത്തു പറയത്തക്കതാണ്.

മീറ്റ് ദ ഓഥര്‍
കൃതഹസ്തരും വളര്‍ന്നുവരുന്നവരുമായ ഗ്രന്ഥകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ഇസ്‌ന സമ്മേളനത്തിലെ സ്ഥിരം പരിപാടിയാണ് ഗ്രന്ഥകാരനുമായി കാണുക എന്നത്. കഴിഞ്ഞ വര്‍ഷത്തെ ഈ പരിപാടിയില്‍ ഈ ലേഖകന്‍ Mercy: Prophet Muhammed's Legacy to all Creation എന്ന ഗ്രന്ഥം സമര്‍പ്പിച്ചിരുന്നു. ഈ വര്‍ഷം ഡോ. താരിഖ് റമദാന്റെ അറബ് വസന്തത്തെക്കുറിച്ച ഗ്രന്ഥം ഏറെ ശ്രദ്ധേയമായി. അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫിന് വേണ്ടി ആളുകള്‍ വരി നില്‍ക്കുന്നത് കാണാമായിരുന്നു.
പ്രസിദ്ധ ബ്രിട്ടീഷ് ഗ്രന്ഥകാരിയായ കരന്‍ ആംസ്‌ട്രോംഗുമായി കാണാനും എന്റെ ഗ്രന്ഥം അവര്‍ക്ക് സമര്‍പ്പിക്കാനും പല കാര്യങ്ങളും ചര്‍ച്ച ചെയ്യാനും സാധിച്ചത് എന്റെ ദീര്‍ഘകാലത്തെ ഉദ്ദേശ്യ സാഫല്യമായിരുന്നു. അമേരിക്കന്‍ മുസ്‌ലിം ബുദ്ധിജീവികളില്‍ പ്രഥമഗണനീയനും നിരവധി ആഴമുള്ള ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ സയ്യിദ് ഹുസൈന്‍ നസ്‌റിനെ കാണാന്‍ അവസരം ലഭിച്ചതാണ് മറ്റൊരു നേട്ടം. അമേരിക്കയിലെ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശൈഖ് ഹംസ യൂസുഫും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍