Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 22

മായ ജയിലിലായി, ബാക്കിയുള്ളവരോ?

ഇഹ്‌സാന്‍

97 പേരെ ചുട്ടെരിച്ച കേസില്‍ മായാബെന്‍ കോദ്‌നാനിയെ ജയിലില്‍ അയച്ചതിനു ശേഷവും അജ്മല്‍ അമീര്‍ കസബിനെ കുറിച്ച് എഴുതിയും ആക്രോശിച്ചും സമയം പോക്കിയതല്ലാതെ അവനവന്റെ മുഖം കണ്ണാടിയില്‍ നോക്കി പരിതപിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും നേരമുണ്ടായില്ല. നരോദാപാട്ട്യ കേസിലെ കോടതിവിധിയെ ഒരു മഹാസംഭവമായി കാണാന്‍ ബി.ജെ.പി തയാറാകുമെന്ന് കരുതാന്‍ മാത്രം ബുദ്ധിമോശമൊന്നും ഇന്ത്യയിലാര്‍ക്കുമുണ്ടാവില്ല. പക്ഷേ, എന്തു വ്യത്യാസമാണ് കസബിനും മായക്കുമിടയില്‍ ഉണ്ടായിരുന്നത്? സുപ്രീംകോടതി ശരിവെച്ച കസബിന്റെ വധശിക്ഷയെ കുറിച്ച് കൂവിയാര്‍ക്കാന്‍ പാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കളെയും രംഗത്തിറക്കിയ ബി.ജെ.പിക്ക് സ്വന്തത്തെക്കുറിച്ചും അല്‍പ്പമൊരു നിമിഷത്തേക്ക് ആലോചിക്കാമായിരുന്നു.
കസബിനെ ഛത്രപതി ശിവാജി ടെര്‍മിനലിനു സമീപം പരസ്യമായി കഴുവേറ്റണമെന്ന് ശിവസേന ആവശ്യപ്പെട്ടു. കേട്ടവര്‍ കേട്ടവര്‍ അതുതന്നെ ആവര്‍ത്തിച്ചു. കസബ് മാത്രമായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. മായാബെന്‍ കോദ്‌നാനിയെ പക്ഷേ തൂക്കിലേറ്റണമെന്ന് പറയാന്‍ ഒരുത്തന്നും ആംപിയറുണ്ടായില്ല. എന്തു വ്യത്യാസമാണ് ഈ പെണ്‍ നരഭോജിയും കസബും തമ്മിലുണ്ടായിരുന്നത്? എണ്ണക്കണക്കെടുത്താല്‍ കസബാണോ മായയാണോ കൂടുതല്‍ പേരെ കൊന്നത്? ഭര്‍ത്താവിന്റെ തോളില്‍ തൂങ്ങി ജയിലിലേക്കുള്ള മായാ കോദ്‌നാനിയുടെ യാത്ര ഒരുതരം ദേശീയ ദുരന്തം പോലെയാണ് ചില മാധ്യമങ്ങളെങ്കിലും ചിത്രീകരിച്ചത്. മുന്നൂറോളം വി.എച്ച്.പി സന്യാസിമാര്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ ജയിലിനു പുറത്ത് വായമൂടിക്കെട്ടി ഭജനമിരുന്നു. ഇന്ത്യന്‍ ജനാധിപത്യം ഹിന്ദുക്കളോട് അനീതി ചെയ്യുന്നു എന്നായിരുന്നു അവരുടെ പരാതി. കസബിന്റെ ആര്‍തര്‍ റോഡ് ജയില്‍വാസത്തെ കുറിച്ച് ആഴ്ചയില്‍ ഒന്നുവീതം സ്റ്റോറി ചെയ്യുന്നവര്‍ മായാബെന്‍ കോദ്‌നാനി സബര്‍മതി ജയിലില്‍ ആതുരശുശ്രൂഷ നടത്താന്‍ പോകുന്നുവെന്ന കിഞ്ചനവര്‍ത്തമാനവുമായാണ് പിറ്റേന്ന് പുറത്തിറങ്ങിയത്.
കസബിന്റെ നേരത്തെ വിധിക്കപ്പെട്ട ശിക്ഷയുടെ സ്ഥിരീകരണം വന്നതും കോദ്‌നാനിയുടെ കേസില്‍ ചരിത്രത്തിലാദ്യമായി ഒരു ഗവണ്‍മെന്റിന്റെ കാപട്യത്തിനെതിരെ കോടതിവിധി വന്നതും ഒരേ ദിവസമായത് വല്ലാത്തൊരു യാദൃഛികതയായിരുന്നു. മായയുടെ കേസില്‍ വിധി വരുന്നത് മുന്‍കൂട്ടി കണ്ട് കര്‍ണാടകയില്‍ കുറെ നിരപരാധികളെ പിടികൂടി തൊപ്പിയിടീച്ച് മാധ്യമങ്ങളുടെ മുമ്പാകെ ഹാജരാക്കിയ ബി.ജെ.പി ഭരണകൂടം ദേശീയതലത്തില്‍ തന്നെ ജനശ്രദ്ധ തെറ്റിക്കാനുള്ള പതിനെട്ടടവും പയറ്റി. ഒരു ഭാഗത്ത് ഷാനവാസ് ഹുസൈനെ മുന്നില്‍ നിര്‍ത്തിയും മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ ഗവണ്‍മെന്റ് ചെലവില്‍ അജ്മീറിലേക്ക് തീര്‍ഥാടകരെ അയച്ചും ഗുജറാത്തില്‍ നരേന്ദ്രമോഡി നേരിട്ട് 'സദ്ഭാവനാ' നാടകത്തെ മുന്നില്‍ നിന്ന് നയിച്ചും മുസ്‌ലിംകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ബി.ജെ.പി പതിനെട്ടടവും പയറ്റുന്നതിനിടയിലാണ് ബംഗളൂരില്‍ മുസ്‌ലിംകളെ ഒരു സമൂഹമെന്ന നിലയില്‍ തന്നെ വേട്ടയാടുന്നതിനു തുല്യമായ ഈ അസംബന്ധം അരങ്ങേറിയത്. ബംഗളൂരില്‍ മാത്രമല്ല ഹൈദരാബാദിലും ഈ പഴകിപ്പുളിച്ച 'സുരക്ഷാ ഭീഷണി' നാടകം അരങ്ങേറി. ദൈവസഹായം എന്നേ പറയേണ്ടൂ, ഭീകരാക്രമണം മാത്രമുണ്ടായില്ല. മായയോടൊപ്പം ആജീവനാന്തം ജയിലില്‍ അടക്കപ്പെട്ട ബാബു ബജ്‌റംഗി ഗുജറാത്ത് കലാപത്തില്‍ മോഡി വഹിച്ച പങ്ക് എടുത്തുപറയുന്ന ഒളിക്യാമറാ മൊഴി തെഹല്‍ക്ക പുറത്തുവിട്ട ദിവസമായിരുന്നല്ലോ ഇന്ത്യ കണ്ട ഏറ്റവും കൊടിയ ഭീകരാക്രമണങ്ങളിലൊന്ന് അരങ്ങേറിയത്- ദല്‍ഹിയിലെ സ്‌ഫോടനങ്ങള്‍.
മായാ കോദ്‌നാനിയെ ശിക്ഷിച്ച വിധിയില്‍ അഹ്മദാബാദ് സെഷന്‍സ് ജഡ്ജി ജ്യോല്‍സ്‌ന എടുത്തു പറഞ്ഞ ചില കാര്യങ്ങളുണ്ട്. ഈ കേസില്‍നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ഭരണകൂടം അതിന്റെ മുഴുവന്‍ ശേഷിയും ഉപയോഗിച്ചിരുന്നു എന്നതാണ് അതിലൊന്ന്. ഈ കേസില്‍ എന്തുകൊണ്ട് ഭരണകൂടം തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും ആരെയൊക്കെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്താന്‍ കോടതി പ്രത്യേകമായ നീക്കവും നടത്തിയിരുന്നു. പക്ഷേ, അക്കാര്യത്തില്‍ ജ്യോല്‍സ്‌നയുടെ ഉത്തരവ് ഇതേവരെ എസ്.ഐ.ടി അനുസരിച്ചിട്ടില്ല. ഗോര്‍ദന്‍ സാദാഫിയയുമായും ജയ്ദീപ് പട്ടേലുമായും കലാപവേളയില്‍ താന്‍ ടെലിഫോണില്‍ സംസാരിച്ചിരുന്നു എന്ന ബജ്‌റംഗിയുടെ മൊഴി ഇപ്പോഴും കേസന്വേഷണത്തിന്റെ ഭാഗമായിട്ടില്ല. കലാപവേളയില്‍ താന്‍ അസംബ്ലി മന്ദിരത്തിലായിരുന്നുവെന്ന് കോദ്‌നാനി കോടതിയില്‍ വാദിച്ചെങ്കിലും അവരുടെ ടെലിഫോണ്‍ രേഖകള്‍ നരോദാപാട്ട്യ ടവറിന്റെ പരിധിയിലാണ് അന്ന് രേഖപ്പെടുത്തപ്പെട്ടത്. പക്ഷേ, മറിച്ച് തെളിവുണ്ടാക്കാന്‍ മായയെ ആദ്യഘട്ടത്തില്‍ മോഡി സര്‍ക്കാര്‍ സഹായിച്ചിരുന്നു. അഫ്‌സല്‍ ഗുരു പാര്‍ലമെന്റ് ആക്രമണ വേളയില്‍ ഭീകരനുമായി ബന്ധപ്പെട്ടതിന്റെ തെളിവ് കോടതിയില്‍ എയര്‍ടെല്‍ ഹാജരാക്കിയതു പോലെയായിരുന്നു ഇതും. സംഭവ സമയത്ത് മായാ കോദ്‌നാനിയുടെ നരോദാപാട്ട്യയിലെ സാന്നിധ്യം തെളിയിക്കാന്‍ ടെലിഫോണ്‍ കമ്പനിക്കു കഴിഞ്ഞു. അഫ്‌സല്‍ ഗുരുവിന്റെ കോള്‍ഷീറ്റില്‍ ഒരു പട്ടാളകമാന്ററുടെ നമ്പറും ദുരൂഹമായ രീതിയില്‍ കാണാനുള്ളതു പോലെ മായ കോദ്‌നാനിയുടെ ടെലിഫോണ്‍ രേഖകളില്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെയും പോലീസ് മേധാവിയുടെയുമൊക്കെ ഓഫീസിന്റെ നമ്പറുകളും കാണാനുണ്ട്. കലാപം നടത്താന്‍ ആയുധങ്ങളും ആഹ്വാനവും നല്‍കിയ മായ എന്തിന് ഇതിനിടയില്‍ അഞ്ചു തവണ നരേന്ദ്ര മോഡിയുടെ ഓഫീസിലേക്കും രണ്ടു തവണ സാദാഫിയയുടെ നമ്പറിലേക്കും വിളിച്ചു? ഈ അന്വേഷണം ഇനി ആരാണ് നടത്തുക?

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍