Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 22

ഇസ്‌ലാമിക പ്രസ്ഥാനം ഇന്നലെകള്‍ പുതിയ മാറ്റങ്ങള്‍ക്ക് തടസ്സമാവരുത്‌

ഡോ. ഫാസില്‍ അഹ്മദ്

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും വികാസവുമായി ബന്ധപ്പെട്ട് പ്രബോധനത്തിലെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചു. ചില കാര്യങ്ങള്‍ ഈ തുറന്ന സംവാദത്തില്‍ ഉന്നയിക്കാനുണ്ട്. മുസ്‌ലിം സമൂഹത്തില്‍ ഉണ്ടായിട്ടുള്ള ആശയപരവും നയപരവുമായ വികാസത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വ്യക്തമാണ്. ഏതാണ്ട് എല്ലാ മുസ്‌ലിം സംഘടനകളും ഇപ്പോള്‍ അവരവരുടെ പ്രവര്‍ത്തനശൈലിയില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. സേവന പ്രവര്‍ത്തനങ്ങള്‍, വീട് നിര്‍മാണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് തുടങ്ങി നിരവധി മേഖലകളില്‍ ആദ്യകാലങ്ങളില്‍ അറച്ചു നിന്നിരുന്ന എല്ലാ സംഘടനകളും സജീവമാണ്. വിദ്യാഭ്യാസ മേഖലയില്‍ മുമ്പേ നടന്നിരുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെ മറികടക്കുന്ന അത്ഭുതകരമായ മാറ്റത്തിന് നാം യാഥാസ്ഥിക സംഘടനകള്‍ എന്ന് വിചാരിക്കുന്നവര്‍ പോലും തയാറായി. മതഭൗതിക വിദ്യാഭ്യാസ സമന്വയത്തിന്റെ വലിയ സാധ്യതകള്‍ അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ തന്നെ തലയെടുപ്പുള്ള വിദ്യാഭ്യാസ ശൃംഖലയായി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മാറിയിരിക്കുന്നു. സുന്നികളിലെ എ.പി വിഭാഗവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ വലിയ പുരോഗതി കൈവരിച്ചിരിക്കുന്നു. അത് വികസിച്ച് സംഘടിത സകാത്ത് വിതരണത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും. ഇനി ഇസ്‌ലാമിക പ്രസ്ഥാനം ചാക്രികമായ പ്രവര്‍ത്തനങ്ങളോ പ്രവര്‍ത്തന ശൈലികളോ അല്ല സമൂഹത്തിന് പരിചയപ്പെടുത്തേണ്ടത്. പുതിയ കാലത്തെ അഭിമുഖീകരിക്കാനും പുതിയ പ്രവര്‍ത്തന രീതികള്‍ ഏറ്റെടുക്കാനും പ്രസ്ഥാനം മുന്നോട്ട് വരണം.
അറബ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കേവലമായ രാഷ്ട്രീയമാറ്റം മാത്രമല്ല. വൈജ്ഞാനികവും ചിന്താപരവും ജനകീയവുമായ ഒരു മാറ്റത്തിലാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍. അതുകൊണ്ടാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന മുന്‍ തീരുമാനം തെറ്റായിരുന്നുവെന്ന് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പരസ്യമായി സമ്മതിച്ചത്. ഇന്നലെകള്‍ ഒന്നിനും തടസ്സമല്ലെന്ന ആര്‍ജവമാണ് ഇവിടെ കാണുന്നത്. സ്ത്രീകളുടെ വിഷയത്തില്‍, അവരുടെ പൊതുപങ്കാളിത്തം, രാഷ്ട്രീയ ഇടപെടല്‍, എന്നിവയില്‍ അത്ഭുതകരമായ കുതിച്ചു ചാട്ടമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നടത്തിയത്. വലിയ വിഭാഗം യുവാക്കളെ കൂടെ നിര്‍ത്താന്‍, മുമ്പ് സ്വീകരിച്ച നയപരമായ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ അവര്‍ തയാറായി. അറബ് ലോകത്ത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ കേരളത്തിലെങ്കിലും ഇസ്‌ലാമിക പ്രസ്ഥാനം സ്വാംശീകരിക്കേണ്ടതുണ്ട്. കേരളത്തില്‍ മുസ്‌ലിം ജനസംഖ്യയില്‍ നല്ലൊരു ശതമാനം വിദ്യാര്‍ഥികളും യുവാക്കളുമാണ്. ഏറ്റവും കുറച്ച് നരബാധിച്ച സമുദായമാണ് മുസ്‌ലിം സമുദായം. കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ശരാശരി സാക്ഷരത പ്ലസ്ടുവില്‍ നിന്ന് ഡിഗ്രിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഇതില്‍തന്നെ പെണ്‍കുട്ടികള്‍ വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക പ്രസ്ഥാനം സ്വാധീനിക്കേണ്ടതും പരിവര്‍ത്തിപ്പിക്കേണ്ടതും മുസ്‌ലിം സമൂഹത്തെ തന്നെയാണ്. നമ്മുടെ വേരുകള്‍ ആണ്ട്കിടക്കുന്നത് അവിടെയാണ്. പൊതുസമൂഹത്തെ അഭിമുഖീകരിക്കുന്നതിന് പൊതുവായ ശൈലികള്‍ സ്വീകരിക്കുമ്പോഴും അതിന്റെ വലിയ ഗുണഭോക്താക്കള്‍ മുസ്‌ലിം സമൂഹമായിരിക്കണം. കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ചരിത്രവും പൈതൃകവും ആശയപരമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തോടാണ്. പക്ഷേ, അതിനെ ചരിത്രപരമായി ചേര്‍ത്തു നിര്‍ത്തുന്ന പഠനപ്രവര്‍ത്തനങ്ങള്‍ പേരിനുമാത്രമാണ് നമ്മുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. മഖ്ദൂമും ഉമര്‍ ഖാദിയും ഖാദി മുഹമ്മദും മമ്പുറം തങ്ങളും നടത്തിയ രചനകളും പോരാട്ടങ്ങളും സാമ്രാജ്യത്വവിരുദ്ധങ്ങളായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനം ഇവിടത്തെ പാരമ്പര്യം ഉപയോഗപ്പെടുത്തേണ്ടിയിരുന്നു. എങ്കില്‍, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാമ്രാജ്യത്വവിരുദ്ധ ആഹ്വാനങ്ങള്‍ക്ക് സമുദായം കുറേക്കൂടി ചെവി കൊടുക്കുമായിരുന്നു. മുസ്‌ലിം സമുദായത്തെ അവരുടെ പൈതൃകത്തോടും പാരമ്പര്യത്തോടും ചേര്‍ത്തു നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്.
മുസ്‌ലിം സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ മേഖലയിലേക്കുള്ള തള്ളിക്കയറ്റം നടക്കുന്ന സന്ദര്‍ഭമാണിത്. ഡല്‍ഹിയിലും ഹൈദരാബാദിലും ബാംഗ്ലൂരിലും നിരവധി മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠനഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നു. ഇത് അനുദിനം വര്‍ധിച്ചു വരുകയും ചെയ്യുന്നു. എല്ലാ സംഘടനകളോടും നിശ്ചിത അകലം പാലിക്കുന്നവരാണ് ഇവരിലധികവും. ഇവരുടെ ചോദ്യങ്ങളെയും അന്വേഷണങ്ങളെയും പുതിയ കാലത്ത് അഭിമുഖീകരിക്കേണ്ടത് ഏത് മുസ്‌ലിം സംഘടനക്കും അനിവാര്യമാണ്. പുതിയ പഠനമേഖലകള്‍, ഗവേഷണ വിഷയങ്ങള്‍, അവര്‍ അനുഭവിക്കുന്ന ഭരണകൂട പീഡനങ്ങള്‍ എന്നിവയോട് പുറംതിരിഞ്ഞ് നില്‍ക്കാന്‍ നമുക്ക് സാധിക്കുകയില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തിന് പുതിയ പഠനങ്ങളെയും അന്വേഷണങ്ങളെയും ഉള്‍ക്കൊള്ളുവാനും പുതിയ തലമുറയുടെ വൈജ്ഞാനിക മൂലധനത്തെ ഉപയോഗപ്പെടുത്താനും സാധിക്കണം. ഈ മേഖലയില്‍ ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനമായ എസ്.ഐ.ഒ നടത്തിയ ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ് ധീരമായ കാല്‍വെപ്പായിരുന്നു. പുതിയ കാലത്തെയും മാറ്റങ്ങളെയും അറിയാനും സ്വാംശീകരിക്കാനുമുള്ള ഇത്തരം ശ്രമങ്ങളിലൂടെയാണ് സമുദായത്തിലെ ഏറ്റവും ശേഷിയുള്ള ഒരു തലമുറയോട് സംവദിക്കാന്‍ സാധ്യമാവുക.
മുസ്‌ലിം സമൂഹത്തിലെ വലിയൊരു പങ്കും യുവാക്കളാണ്. ഇവരില്‍ വലിയൊരു വിഭാഗം സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരല്ല. മുസ്‌ലിം സംഘടനകളില്‍ യുവാക്കളുടെ സാന്നിധ്യം കുറഞ്ഞ് വരികയാണ്. മുസ്‌ലിം സമുദായം യുവത്വം കാത്തു സൂക്ഷിക്കുമ്പോഴും മുസ്‌ലിം സംഘടനകള്‍ മധ്യവയസ്സിലാണ്. സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ സമുദായത്തിലെ മൊത്തം യുവാക്കളുടെ തോത് വെച്ചുനോക്കുമ്പോള്‍ മൈക്രോ ന്യൂനപക്ഷവുമാണ്. ഇവരെ അഭിമുഖീകരിക്കുന്ന ജനകീയമായ ശൈലി ഇസ്‌ലാമിക പ്രസ്ഥാനം വികസിപ്പിക്കേണ്ടതുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ യുവജനവിഭാഗത്തിന് മുസ്‌ലിം സമൂഹത്തിലെ യുവാക്കളെ അഭിമുഖീകരിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പാരിസ്ഥിതികമായ വിഷയങ്ങളിലും സമരങ്ങളിലുമാണ് യുവജനവിഭാഗം ശ്രദ്ധ ചെലുത്തുന്നത്. പൊതുവിഷയങ്ങളില്‍ ഇസ്‌ലാമികമായ ഇടപെടലിന്റെ സാധ്യത വികസിപ്പിച്ചെടുക്കാന്‍ ഇതുകൊണ്ട് സാധിച്ചെങ്കിലും, വലിയ തോതില്‍ മുസ്‌ലിം യുവാക്കളുടെ പിന്തുണ ഉറപ്പാക്കുന്നതില്‍ പിറകോട്ട് പോവുകയാണ് ചെയ്തത്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തന്നെ അജണ്ടകളില്‍ യുവാക്കളുടെ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പു വരുത്തുന്ന രീതികള്‍ ഉള്‍പ്പെടുത്തണം.
മുസ്‌ലിം സമുദായത്തിലെ യുവാക്കള്‍ ദീനീപരമായ ചുറ്റുപാട് ആഗ്രഹിക്കുന്ന ഈ ഘട്ടത്തില്‍ സവിശേഷമായി അവരെ മതപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും അഭിമുഖീകരിക്കേണ്ടതുണ്ട്. യുവത്വത്തിന്റെ വലിയൊരു ശേഷിപ്പ് ഈ സമുദായത്തിന് ദൈവം കനിഞ്ഞു നല്‍കിയിട്ടും അതിന്റെ ശേഷി വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഇസ്‌ലാമിക സമൂഹത്തിലെ മുഴുവന്‍ സംഘടനകള്‍ക്കും വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിലേക്ക് കൂടുതല്‍ കടന്നുചെല്ലാനുള്ള വഴിയാണ് മഹല്ലുകളിലെ പങ്കാളിത്തം. പ്രസ്ഥാന പ്രവര്‍ത്തകര്‍ ഹല്‍ഖാ സംവിധാനമുണ്ടാക്കുന്നതിനു മുമ്പേ പള്ളിയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത് അവരെ പൊതുമഹല്ലുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. മുസ്‌ലിം സമൂഹവുമായുള്ള ബന്ധങ്ങള്‍ക്കും ഇത് ഗുണകരമായിരിക്കില്ല. മഹല്ല് സംവിധാനത്തില്‍ കൂടുതല്‍ ഇടപെടുന്നതിനെയും പങ്കാളിയാവുന്നതിനെയുമായാണ് പ്രസ്ഥാനം പ്രോത്സാഹിപ്പിക്കേണ്ടത്. കാലാനുസൃതമായ മാറ്റങ്ങളിലേക്കും പുതിയ തുറസ്സിലേക്കുമുള്ള പ്രവേശനമാണ് ഇസ്‌ലാമിക പ്രസ്ഥാനം നടത്തേണ്ട ഏറ്റവും വലിയ നവോത്ഥാനം. ഈ നവോത്ഥാനത്തെ മറ്റുള്ളവരും പിന്തുടര്‍ന്ന് രംഗത്തു വരും. നൈരന്തര്യമുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ പുതിയ മേഖലകളിലേക്ക് ഇസ്‌ലാമിക പ്രസ്ഥാനം മാറ്റത്തിന്റെയും വസന്തത്തിന്റെയും കാലത്ത് കാല്‍വെപ്പുകള്‍ നടത്തേണ്ടതുണ്ട്.
fasilahmed1@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍