Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 22

ഈജിപ്ഷ്യന്‍ ടിവി തട്ടമിടുമ്പോള്‍

ഈജിപ്തിന്റെ ഔദ്യോഗിക ടെലിവിഷനില്‍ വാര്‍ത്താവതാരക ശിരോവസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെട്ടത് വളരെ പ്രാധാന്യത്തോടെയാണ് അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സുഊദി പത്രമായ ശര്‍ഖുല്‍ ഔസത്വ് മുന്‍ പേജില്‍ നാലു കോളത്തിലാണ് ആ വാര്‍ത്ത നല്‍കിയത്. ഒരേസമയം ഒരുപാട് പേരെ അത്ഭുതപ്പെടുത്തിയ തീരുമാനമായിരുന്നു അത്. ചിലര്‍ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍ മറ്റു ചിലര്‍ അമര്‍ഷം രേഖപ്പെടുത്തുകയുണ്ടായി. കാരണം, അരനൂറ്റാണ്ട് മുമ്പ് ഈജിപ്ഷ്യന്‍ ടെലിവിഷന്‍ ആരംഭിച്ചത് മുതല്‍ ഹിജാബിനവിടെ വിലക്കാണ്. മതകീയ പരിപാടികള്‍ മാത്രമാണ് അപവാദമായുണ്ടായിരുന്നത്. കരീമാന്‍ ഹംസ എന്ന മീഡിയാ പ്രവര്‍ത്തക തന്റെ പുസ്തകത്തില്‍ ഇത്തരം അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ശിരോവസ്ത്രമണിഞ്ഞിരുന്ന ചാനല്‍ പ്രവര്‍ത്തകര്‍ എന്നും രണ്ടാംതരക്കാരാണ്. ശിരോവസ്ത്രം കാരണം തങ്ങളുടെ സ്ഥാനം റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ മാത്രമാണെന്നും പ്രക്ഷേപണ സ്റ്റുഡിയോയില്‍ തങ്ങള്‍ക്ക് പ്രവേശനമില്ല എന്നും അവര്‍ തിരിച്ചറിഞ്ഞിരുന്നു. ചാനലിലെ വിലക്ക് മറ്റു പല രംഗത്തുള്ളവരും ഏറ്റുപിടിക്കുന്നതാണ് പിന്നീട് കണ്ടത്. ടൂറിസം മന്ത്രാലയം, ഈജിപ്ത് എയര്‍വെയ്‌സ് തുടങ്ങിയവയിലും ആ വിലക്ക് തുടര്‍ന്നു. പല റെസ്റ്റോറന്റ് ഉടമകളും ശിരോവസ്ത്രധാരികളെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്ന് തടയുന്നത് വരെയെത്തി കാര്യങ്ങള്‍. ശിരോവസ്ത്രമണിയുന്ന ഭാര്യമാരുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ആ കാരണത്താല്‍ അവരുടെ ജോലിക്കയറ്റം തടയപ്പെടാറുണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്.
മറ്റൊരു വശത്ത്, മുന്‍ പ്രസിഡന്റിന്റെ കാലത്ത് ശിരോവസ്ത്രധാരിണികള്‍ക്ക് രാജ്യത്തിന്റെ കൊട്ടാരത്തിലും സ്ഥാനമുണ്ടായിരുന്നില്ല എന്ന സത്യം മാധ്യമ പ്രവര്‍ത്തകര്‍ക്കറിയാം. കാരണം അങ്ങോര്‍ക്ക് അവരെ കാണുന്നതു തന്നെ വെറുപ്പായിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ ശിരോവസ്ത്രമുരിയാന്‍ നടത്തിയ ശ്രമങ്ങളും സമ്മര്‍ദങ്ങളും നാം കുറേ കേട്ടതാണ്. ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയുടെ പുതിയ തീരുമാനം വന്ന ഉടനെ ഒരുപാട് പേര്‍ പ്രതികരണമാരാഞ്ഞ് എന്നെ വിളിക്കുകയുണ്ടായി. ഭരണകൂടവും സമൂഹവും തമ്മിലെ ഊഷ്മള ബന്ധത്തിലേക്കുള്ള പാതയിലെ നല്ല ചുവടുവെപ്പാണിതെന്ന് ഞാന്‍ പറഞ്ഞു. ടി.വിയില്‍ ശിരോവസ്ത്രധാരിണികള്‍ പ്രത്യക്ഷപ്പെടുന്നതിലല്ല, മറിച്ച് സമൂഹം പുരോഗമിക്കുകയും അതില്‍ ദീനീ ചിഹ്നങ്ങള്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്നതിലാണ് അത്ഭുതം എന്നും ഞാന്‍ പറഞ്ഞു. പൗരകളില്‍ ഭൂരിഭാഗവും, നാടിന്റെ നാനാഭാഗങ്ങളിലും, ഔദ്യോഗിക സ്ഥാപനങ്ങളിലും ഹിജാബിന് ശക്തമായ സാന്നിധ്യമുണ്ടായിട്ടും ഇത്രയും കാലം ദേശീയ ടി.വിയില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കാണാനില്ലായിരുന്നു. കാരണം, രാജ്യത്തിന്റെ ഔദ്യോഗിക ചാനല്‍ ഒരിക്കലും ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ പരിഛേദമായിരുന്നില്ല. ഇക്കാലമത്രയും ദേശീയ ടി.വി ഈജിപ്തിന്റേതല്ല മറ്റേതോ രാജ്യത്തിന്റെ കണ്ണാടിയെന്നു തോന്നിക്കുന്ന രൂപത്തിലായിരുന്നു.
അതിനേക്കാള്‍ ആശ്ചര്യകരമായിട്ടുള്ളത്, ടെലിവിഷന്‍ സ്‌ക്രീനുകളില്‍ തെളിയുന്ന ദീനീ ചിഹ്നങ്ങളില്ലാത്ത ഈജിപ്താണ് യഥാര്‍ഥ ഈജിപ്‌തെന്ന് ചിലര്‍ ധരിക്കുന്നു എന്നതാണ്. ഇസ്‌ലാമിക വസ്ത്രത്തിന് വിലക്കുള്ള അവസ്ഥയാണ് രാജ്യത്തിന്റെ അടിസ്ഥാനമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നതുകൊണ്ടാണ് ടെലിവിഷന്‍ കുടുംബത്തിലെ ഔദ്യോഗിക വാര്‍ത്താവതാരകരായി തലമറച്ചവര്‍ രംഗത്ത് വരുമ്പോള്‍ ഇവര്‍ മുഖം ചുളിക്കുന്നത്. ഇത് ടി.വി ചാനലിന്റെ മാത്രം കാര്യമല്ല. ചില സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും ഇതേ കാഴ്ചപ്പാടുകാരാണ്. വിപ്ലവത്തിനു ശേഷം ഈജിപ്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ഇസ്‌ലാമിക ചിഹ്നങ്ങള്‍ കടന്നുവരുന്നത് ഞെട്ടലോടെ കാണുന്നവരാണിവര്‍. സ്വതന്ത്രമായും കൃത്രിമങ്ങളില്ലാതെയും തെരഞ്ഞെടുപ്പ് നടന്നതിനാലാണ് ഈ അവസ്ഥയുണ്ടായതെന്നും മുമ്പ് ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ കാരണം അതിനു ലഭിച്ച ജനകീയ പിന്തുണ കൊണ്ടല്ല എന്നും മറിച്ച് അത്തരക്കാരുടെ താല്‍പര്യത്തിനനുസരിച്ച് തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിച്ചതുകൊണ്ടായിരുന്നെന്നും ഇവര്‍ ബോധപൂര്‍വം മറക്കുന്നു. കാലക്രമത്തില്‍ തങ്ങള്‍ മാത്രമാണ് ഈ നാട്ടിലുള്ളതെന്ന് ഇവര്‍ തെറ്റിദ്ധരിച്ചു. വിപ്ലവാനന്തരം ഇത്തരം വിഷയങ്ങള്‍ ഉയരുമ്പോള്‍ അവരുടെ അന്ധാളിപ്പും വിമുഖതയും സ്വാഭാവികം. ഈ വിഷയത്തിലുള്ള ചോദ്യങ്ങളും പ്രതികരണങ്ങളും ആശ്ചര്യമുളവാക്കുന്നതാണ്. മുസ്‌ലിമായ ടി.വി അവതാരകക്ക് ആ ജോലിക്കാവശ്യമായ കഴിവുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ശിരോവസ്ത്രമണിഞ്ഞവള്‍ക്ക് അവസരം നല്‍കിയതില്‍ അരിശം കൊള്ളുന്ന നിലപാട് മാത്രമല്ല ഞെട്ടലുണ്ടാക്കുന്നത്. മറിച്ച്, അതിനെ സ്വീകരിച്ചവര്‍ തന്നെ അതിനോട് പ്രതികരിച്ച ശൈലി കൂടിയാണ്. 'ഈജിപ്തിലേക്ക് ഇസ്‌ലാം പ്രവേശിച്ചു' എന്നാണ് ഈ തീരുമാനം അറിഞ്ഞ ഉടനെ ഒരാള്‍ പ്രതികരിച്ചത്. ഈജിപ്ത് ജാഹിലിയ്യാ കാലത്തു നിന്ന് ഇസ്‌ലാമിലേക്ക് പ്രവേശിച്ചതിന്റെ നാഴികക്കല്ലായാണ് അയാള്‍ ഈ സംഭവത്തെ മനസ്സിലാക്കിയത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ തീരുമാനം കഴിഞ്ഞകാലത്തെ രാഷ്ട്രീയവും ഭരണപരവുമായ ഒരു തീരുമാനത്തിന്റെ തിരുത്ത് മാത്രമാണ്. അതിനെ പുകഴ്ത്തുമ്പോള്‍ സമൂഹത്തെ കുറ്റപ്പെടുത്തുന്നതും വിലകുറച്ച് കാണുന്നതുമായ ശൈലി ഉപേക്ഷിക്കണം. കാരണം ശിരോവസ്ത്ര ധാരിണി നിയമിതയാകുന്നതിനും, ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയും മുസ്‌ലിം ബ്രദര്‍ഹുഡ് തന്നെയും രൂപവത്കരിക്കുന്നതിന്റെയും എത്രയോ മുമ്പേ ഈജിപ്തിന്റെ മണ്ണില്‍ ഇസ്‌ലാം കാലുറപ്പിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞ സഹോദരന്റെ അഭിപ്രായത്തിന് ഫേസ്ബുക്കിലും ട്വിറ്ററിലും പരിഹാസം നിറഞ്ഞ പ്രതികരണങ്ങളാണ് ലഭിച്ചത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍