Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 15

ധ്യാനത്തെ ശാരീരിക കസര്‍ത്തുകളിലേക്ക് ചുരുട്ടിക്കെട്ടാനാവില്ല

സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

ശരീരമുണ്ടെങ്കിലേ ധ്യാനം സാധ്യമാകൂ. ശരീരമുള്ളവര്‍ക്കെല്ലാം സാധ്യമാകുന്നതല്ല ധ്യാനം. ഈ പാഠത്തോട് ഇക്കാലത്തെ ധ്യാനഗുരുക്കന്മാര്‍ക്ക് യോജിക്കാനാവില്ല. യോജിച്ചാല്‍ ധ്യാനം സര്‍വര്‍ക്കും സാധ്യമെന്നു പറഞ്ഞ് കച്ചവടം നടത്താനാവുകയും ഇല്ല. ഒരു പുല്‍പ്പായവിരിച്ച് അതില്‍ ചമ്രം പടിഞ്ഞിരുന്ന് കണ്ണുകള്‍ അടക്കാന്‍ ശരീരമുള്ളവരില്‍ മിക്കവര്‍ക്കും സാധിക്കും. പക്ഷേ, അതുകൊണ്ട് ധ്യാനം സംഭവിക്കില്ല. നൂറു കിലോ ഭാരം ചുമക്കാന്‍ ശരീരശേഷിയുള്ള വനാണെങ്കിലും ഒരാള്‍ക്ക് വികലബുദ്ധിയാണെങ്കില്‍ അയാള്‍ക്ക് ധ്യാനം സാധ്യമാകില്ല. ഇതില്‍ നിന്ന് ധ്യാനത്തിനു, കാണാവുന്ന ശരീരം മാത്രം പാകപ്പെട്ടിരുന്നാല്‍ പോരെന്നും കാണാനാകാത്ത മനസ്സുകൂടി പാകതയുള്ളതാകണമെന്നും വരുന്നു. ശരീരത്തിന്റെ സൗഷ്ഠവത്തിനു പട്ടാളക്കാരും മറ്റും ശീലിക്കുന്ന വ്യായാമ മുറകള്‍ മതി; അല്ലെങ്കില്‍ നന്നായി മണ്ണിലിറങ്ങി പണിയെടുത്താലും മതി. പക്ഷേ, മനസ്സിന്റെ സൗഷ്ഠവത്തിനു ശാരീരിക വ്യായാമങ്ങള്‍ പോരാ; അതിനു സൂക്ഷ്മമായ നിരീക്ഷണ സാമര്‍ഥ്യവും നിശിതമായ യുക്തിവിചാരവും അതിനു തക്കവണ്ണം കരുത്തുറ്റ ബുദ്ധിയും അത്യന്താപേക്ഷിതമാണ്. തീര്‍ച്ചയായും ശരീരമില്ലാത്തൊരാള്‍ക്ക് ഉണ്ടാകുന്നതല്ല ബുദ്ധി. പക്ഷേ ശരീരം ഗംഭീരമായ മസില്‍ഘടനകളോടു കൂടിയിരിക്കുന്നവര്‍ക്കെല്ലാം ഉണ്ടായിരിക്കാവുന്നതുമല്ല ബുദ്ധി, മസില്‍ ഘടന എത്രമേല്‍ മെച്ചത്തരമാണോ അത്രമേല്‍ ഉച്ചത്തരമായിരിക്കും ബുദ്ധി എങ്കില്‍ ലോകത്തെ ഏറ്റവും വലിയ ബുദ്ധിമാന്‍ സില്‍വസ്റ്റര്‍ ലോണും മറ്റും ആയേനെ. അതോടൊപ്പം ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവറുടെ ശാരീരിക ഘടനയും ശേഷിയും ഇല്ലാത്ത സ്റ്റീഫന്‍ ഹോക്കിങ്‌സിനു ബുദ്ധി നന്നേ കുറവായും കാണപ്പെട്ടേനെ. എന്നാല്‍, അങ്ങനെയല്ലല്ലോ കണ്ടുവരുന്നത്. ആയിരം ഓട്ടോറിക്ഷാ തൊഴിലാളികളേക്കാള്‍ എത്രയോ ഉയര്‍ന്നതും സൂക്ഷ്മതരവുമായ ബോധനിലവാരം ഹോക്കിങ്‌സ് എന്ന മനുഷ്യനുണ്ടെന്നു വ്യക്തമാണല്ലോ. അതിനാല്‍ ശാരീരികക്ഷമതയില്‍ നന്നേ പിന്നാക്കക്കാരനായ ഹോക്കിങ്‌സിനു സാധ്യമാകാവുന്നേടത്തോളം 'ധ്യാനം' ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കെല്ലാം സാധ്യമാകണമെന്നില്ല. കാരണം ശരീരത്തിന്റെ ബാഹ്യമായ അംഗസൗഷ്ഠവമല്ല, ശരീരത്തിന്റെ അഭ്യന്തരവും സൂക്ഷ്മതരവുമായ മസ്തിഷ്‌ക മണ്ഡലത്തിന്റെ പ്രവര്‍ത്തന പ്രാപ്തിയാണ് ധ്യാനത്തിന്റെ സാധ്യതക്ക് ആശ്രയസ്ഥാനം. ഒരേ ശാരീരിക തൂക്കമുള്ളവര്‍ക്കെല്ലാം ഒരേ രീതിയില്‍ പ്രവര്‍ത്തനക്ഷമമായ മസ്തിഷ്‌ക മണ്ഡലമല്ല ഉള്ളതെന്നതു തന്നെയാണ് ധ്യാനം ഏവര്‍ക്കും സാധ്യമായ കാര്യമല്ലെന്നു തറപ്പിച്ചു പറയുന്നതിന്റെ കാരണം.
ബാഹ്യശരീരത്തെ അപേക്ഷിച്ച് സൂക്ഷ്മമെന്നു പറയാവുന്ന ബോധകേന്ദ്രത്തെ അഥവാ മനസ്സിനെ ഊന്നിയുള്ള ഒരു പ്രതിഭാസമാണു ധ്യാനം. ശരീരച്ചന്തത്തേക്കാള്‍ മനസ്സിന്റെ ചിന്തനം ക്രമീകൃതമായാലേ ധ്യാനം ആരംഭിക്കൂ. ബാഹ്യമായി ശരീരം നിശ്ചലമാക്കിയാല്‍ മനസ്സ് അതേ നിശ്ചലത പ്രാപിക്കുകയില്ല. ഏവര്‍ക്കും മെയ്യനങ്ങാതെ കുറെ നേരം ഇരിക്കാനാകും. അതുകൊണ്ടു മാത്രം മനസ്സടക്കം ഉണ്ടാകണമെന്നില്ല. മനസ്സടക്കം കൂടാതെ ധ്യാനവും സാധ്യമാവില്ല. പുറം കാഴ്ചകള്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങളെ പിന്‍പറ്റി മനസ്സ് വ്യതിചലിക്കാതിരിക്കാനാണ് ധ്യാനിക്കുമ്പോള്‍ ആളുകള്‍ കണ്ണടക്കുന്നത്. പക്ഷേ അപ്പോള്‍ സംഭവിക്കുക, ഇന്നലെയോ മിനിഞ്ഞാന്നോ അല്ലെങ്കില്‍ കുഞ്ഞുനാളിലോ കണ്ടതൊക്കെ മനസ്സില്‍ തെളിഞ്ഞുവരികയും അതുവഴി മനസ്സ് ഉലയുകയും ചെയ്യുക എന്നതായിരിക്കും. ഇത്തരം അവസ്ഥകള്‍ അനുഭവിക്കുമ്പോഴാണ് 'ധ്യാനത്തിലിരിക്കുമ്പോള്‍ ഏകാഗ്രതയുണ്ടാകുന്നില്ല' എന്ന പരാതികള്‍ പുറപ്പെടുന്നത്. ഒരു അപ്പൂപ്പന്‍ താടിക്കു പിന്നാലെ കുട്ടിക്കൗതുകം പാഞ്ഞോടുന്നതുപോലെ, മനസ്സെന്നത് ഒരാള്‍ കണ്ടതും കേട്ടതും മണത്തതും തൊട്ടതും രുചിച്ചതുമെല്ലാം സഞ്ചയിക്കപ്പെട്ടിരിക്കുന്ന ആഴവും പരപ്പുമുള്ളൊരു സംവേദനസാഗരമാണ്. അതില്‍ ഇന്ന്, ഇപ്പോള്‍ എന്നു പറയുന്നതു കടലിലെ മേല്‍ത്തിരയിളക്കങ്ങള്‍ മാത്രമാണ്. നിങ്ങള്‍ കണ്ണടച്ചാല്‍ ആ നിമിഷം ഒന്നും കാണാതെയാകുമെങ്കിലും മുമ്പു കണ്ടതൊന്നും ഇല്ലാത്ത ഒരാളാവില്ല. നിങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ നിങ്ങള്‍ മുന്നേ കഴിച്ച ആഹാരത്തില്‍ നിന്നും സംഭരിക്കപ്പെട്ട കൊഴുപ്പ് ശരീരം സ്വയം ഉപയോഗിക്കുന്നതുപോലെ നിങ്ങള്‍ ഇപ്പോള്‍ കാണുന്നതു നിരോധിച്ചാല്‍ മനസ്സ് ഇന്നലെ കണ്ടതെടുത്ത് തിരയേറ്റം കൊള്ളും. ഇത്തരം മനോതരംഗ കേളികള്‍ നിശ്ശേഷം പര്യവസാനിക്കുമ്പോഴേ സ്ഥിതബുദ്ധിയും ധ്യാനവും സാധ്യമാകൂ. അപ്പോഴേ മനുഷ്യന്‍ ഒരു ബുദ്ധനോ നബിയോ ശിവയോഗിയോ ശ്രീരാമകൃഷ്ണപരമഹംസനോ ആയി പരിണമിക്കൂ. ഇത്തരമൊരു പരിണാമ പ്രവേശനം സാധ്യമാക്കാവുന്നവിധം മനസ്സിന്റെ സുശിക്ഷിതാവസ്ഥ സകലര്‍ക്കും സാധ്യമല്ലെന്നതിനാലാണ് ധ്യാനം ഏവര്‍ക്കും സാധ്യമാണെന്നു പറയുന്നതുപോലെ അയഥാര്‍ഥ്യമാകുന്നത്.
ധ്യാനം ഏകാഗ്രതയല്ല എന്നതാണ് ധ്യാനവിചാരത്തിലെ അടുത്ത പാഠം. പക്ഷിയെ കാണാതെ അതിന്റെ കണ്ണുമാത്രം കാണലാണ് ഏകാഗ്രത. അമ്പെയ്ത്തിനുവേണ്ടുന്ന മികച്ച യോഗ്യതയാണത്. ഇങ്ങനെ ഒന്നില്‍ തറഞ്ഞ് മറ്റെല്ലാം അവഗണിക്കപ്പെടുന്ന അവസ്ഥ ഇന്നത്തെ നിലയില്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്ന കുട്ടികള്‍ക്കുപോലും ഉണ്ട്. ഇത്തരം ഏകാഗ്രത കുളക്കരയില്‍ കുത്തിയിരിക്കുന്ന കൊറ്റികള്‍ക്കുണ്ട്. വളരെ അകലെ നിന്നു പോലും ലക്ഷ്യം വെക്കുന്ന ആളില്‍ വെടിയുണ്ട തറപ്പിക്കുന്ന ഏതൊരു വാടക കൊലയാളിക്കും ഉണ്ട്. യാതൊന്നിലും പിടിക്കാതെ കുതിച്ചുപായുന്ന കുതിരപ്പുറത്ത് ഒറ്റക്കാലില്‍ നിന്നു സഞ്ചരിക്കുന്ന ഏതൊരു റഷ്യന്‍ സര്‍ക്കസ്സുകാരിപെണ്ണിനും ഉണ്ട്. അവനവനു താല്‍പര്യമുള്ളതിലെല്ലാം ഇത്തരം ഏകാഗ്രത ഏവര്‍ക്കും സാധ്യമായി കാണാം. പക്ഷേ ഇത്തരം ഏകാഗ്രത മനുഷ്യനെ തന്നിഷ്ടങ്ങളില്‍ മാത്രം ചുരുങ്ങുന്നവനാക്കുന്നേയുള്ളൂ; മനുഷ്യനില്‍ യാതൊരു ബോധപരിണാമവും വരുത്തുന്നില്ല. തന്നിഷ്ടങ്ങളില്‍ കുരുങ്ങിയും ചുരുങ്ങിയും മറ്റെല്ലാം മറക്കുന്ന അവസ്ഥയല്ലല്ലോ ധ്യാനജീവിതം കൊണ്ട് ഉണ്ടാവേണ്ടതും ഉണ്ടായിട്ടുള്ളതും. അങ്ങേയറ്റത്തു ശ്രീബുദ്ധന്‍ മുതല്‍ ഇങ്ങേയറ്റത്തു നാരായണഗുരു ഉള്‍പ്പെടെയുള്ളവര്‍ ധ്യാനം സംഭവിച്ചപ്പോള്‍ തന്നില്‍ ചുരുക്കുകയല്ലല്ലോ ചെയ്തത്. അതിനാല്‍ തന്നില്‍ ചുരുങ്ങുന്നതല്ല താനായിരിക്കുന്നതെന്തോ അതിലേക്ക് വികാസം കൊള്ളലാണ് ആദ്ധ്യാത്മികതയെങ്കില്‍, ധ്യാനം എന്നതു മറ്റെല്ലാം മറന്ന് തന്നിഷ്ടങ്ങളില്‍ കേന്ദ്രീകരിക്കുന്ന വെറും ഏകാഗ്രതയല്ലെന്നു പറയേണ്ടി വരുന്നു.
എന്താണു താനായിരിക്കുന്നതെന്നറിയാന്‍ തന്നിലേക്ക് നോക്കിയിരുന്നാല്‍ മാത്രം സാധ്യമാവില്ല. താനെന്ന ഉണ്മക്ക് ആശ്രയവും ആധാരവുമായതിലേക്കെല്ലാം ശ്രദ്ധ പതിയണം; ചിന്ത ചെലുത്തണം. ഞാനെന്ന ബോധം ഉള്ളതാണ്. പക്ഷേ അതുണ്ടാവാന്‍ ജീവനും ശരീരവും വേണം. ജീവനും ശരീരവും ഉണ്ടാകാനാകട്ടെ സൂര്യചന്ദ്രാദി ഗ്രഹങ്ങളും അവയെ ധരിക്കുന്ന ആകാശവും വായുവും അഗ്നിയും വെള്ളവും മണ്ണും ഒക്കെ വേണം. ഇതൊക്കെ ഉണ്ടെങ്കിലേ ജീവനും ശരീരവും അതിലൂടെ ഞാനെന്ന ബോധവും ഉണ്ടാവൂ. അതിനാല്‍ വിശ്വപ്രകൃതി എന്ന ഉണ്മയുടെ ഭാഗമാണു ഞാനെന്ന ഉണ്മ എന്നറിയുന്ന വിധത്തില്‍ വ്യക്തിപ്രതിഭ വിശ്വപ്രകൃതിയെ തൊട്ടറിഞ്ഞു തൊട്ടറിഞ്ഞു വികസിക്കുമ്പോഴാണ് ഒരാളുടെ ജീവിതം വിശ്വമാണെന്റെ വീടെന്നറിഞ്ഞ് സര്‍വഭൂതഹിതേതരമാകുന്നത്. ഇതിലേക്ക് മനുഷ്യ പ്രജ്ഞയെ വികസിപ്പിക്കാത്ത ധ്യാനം തന്നിഷ്ടങ്ങളില്‍ ഏകാഗ്രതപ്പെട്ടു കഴിയുന്ന കൂപമണ്ഡൂക ബുദ്ധിയുടെ ആദ്ധ്യാത്മകാഢംബരമാണ്. അവിടെ 'അഹ'മേ ഉണ്ടാകൂ 'ബ്രഹ്മം' ഉണ്ടായിരിക്കില്ല. ധ്യാനം എന്ന പദത്തെ 'ധ്യേയ് ചിന്തായാം' എന്ന നിരുക്തിയിലൂടെ ആവിഷ്‌ക്കരിച്ച ഋഷി മനസ്സ് തന്നെപ്പറ്റിയുള്ള ചിന്തയല്ല താനായിരിക്കുന്നതിനെപ്പറ്റിയുള്ള പൂര്‍ണ ചിന്തയാണു ധ്യാനം എന്നറിഞ്ഞനുഭവിച്ചിരുന്നു. അവനവനെപ്പറ്റിയുള്ള ചിന്ത കൊണ്ട് മനുഷ്യന്‍ സ്വാര്‍ഥനാവും; താനായിരിക്കുന്നതിനെപ്പറ്റിയുള്ള ചിന്ത കൊണ്ടേ മനുഷ്യന്‍ സിദ്ധാര്‍ഥനാകൂ. ധ്യാനം കാശു വാങ്ങി പഠിപ്പിക്കുന്നവരും കാശു കൊടുത്ത് പഠിക്കാന്‍ ശ്രമിക്കുന്നവരും കൂടുന്നതിനനുസരിച്ച് 'സ്വാര്‍ഥത' യുടെ മാലിന്യങ്ങള്‍ കൂടുകയാണു ചെയ്യുന്നതെന്ന് നമ്മുടെ സമൂഹം സാക്ഷ്യം പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ നടന്നു വരുന്നതൊന്നും ധ്യാനമല്ലെന്നു പറയേണ്ടി വരുന്നു. ആ പേരിലറിയപ്പെടുന്ന മറ്റെന്തോ ആണ്. ഒരു തരം പ്രഛന്ന ധ്യാനമാണത്. അതുകൊണ്ടു തന്നെ ശ്രീനാരായണ ഗുരുവായി വേഷം കെട്ടി 'യുഗപുരുഷന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ച തലൈവാസല്‍ വിജയ് ജീവിച്ചിരിക്കുന്നതുകൊണ്ട് സംഭവിക്കുന്നതില്‍ കൂടുതലൊന്നും , നമ്മുടെ സമൂഹത്തിലെ ധ്യാനഗുരുക്കന്മാരിലൂടെയും ശിഷ്യന്‍മാരിലൂടെയും സംഭവിക്കുന്നില്ല. യഥാര്‍ഥ ധ്യാനം സംഭവിച്ച ഒരു വ്യക്തി ഉണ്ടായാല്‍ നാരായണ ഗുരു ജീവിച്ചപ്പോള്‍ കേരളത്തിലും മുഹമ്മദ് നബിയിലൂടെ ലോകത്തിലും ശ്രീബുദ്ധനിലൂടെ ഏഷ്യയിലും സംഭവിച്ചതെല്ലാം സംഭവിക്കും. അത്തരം ധ്യാനം സംഭവിച്ച ജീവിതങ്ങള്‍ ഇന്നെവിടെയുണ്ട്...?
shakthibodhiviswa@gmail.com
Mob: 8714967246
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍