Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 15

കൗമാരം നാളത്തേക്കുള്ള വിഭവമല്ല, ഇന്നത്തെ യാഥാര്‍ഥ്യമാണ്‌

ജമീല്‍ അഹ്മദ്

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മെച്ചപ്പെട്ട സാമൂഹിക ജീവിതം കുട്ടികള്‍ക്കുണ്ട്. പത്താംതരം വരെയെങ്കിലും പാഠശാലയിലേക്ക് പോകാന്‍ സ്വാഭാവികമായ സംവിധാനങ്ങള്‍ കുട്ടികള്‍ക്ക് കേരളീയര്‍ നല്‍കുന്നു. കേരളത്തിനു പുറത്ത് പത്തുവയസ്സോടെ കുടുംബത്തിനു വേണ്ടി സമ്പാദിക്കുന്ന കുട്ടികളാണിപ്പോഴും അധികവും. മാത്രമല്ല, കേരളത്തിനു പൊതുവെയുള്ള ആരോഗ്യ- സാംസ്‌കാരിക പുരോഗതികളൊക്കെ അതേയളവില്‍ കൗമാരക്കാരും അനുഭവിക്കുന്നുണ്ട്. കേരളത്തിലെ കൗമാരം നേരിടുന്ന പ്രശ്‌നങ്ങള്‍ ദേശീയ സാഹചര്യത്തില്‍ നിന്ന് തികച്ചും ഭിന്നമാണ്. ശാസ്ത്ര സാങ്കേതിക രംഗത്തെ വികാസവും വിദ്യാഭ്യാസ - സാംസ്‌കാരിക പുരോഗതിയും ചൂണ്ടിക്കാട്ടി എല്ലാം സുരക്ഷിതമാണെന്ന് ധരിക്കുന്നത് വിഡ്ഢിത്തമാകും. കേരളത്തിലെ കൗമാര മനസ്സിന്റെ സവിശേഷ പ്രശ്‌നങ്ങളും അവരുടെ അതിജീവനങ്ങളും വിലയിരുത്താനും കേരളീയ പൊതുമണ്ഡലത്തില്‍ അതുണ്ടാക്കുന്ന മാറ്റൊലികള്‍ വിശകലനം ചെയ്യാനുമുണ്ടായിട്ടുള്ള ശ്രമങ്ങള്‍ തുഛമാണ്. അവരെ സംഘടിപ്പിക്കാനും സാമൂഹികമായി വളര്‍ത്തിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ ഇപ്പോഴും പഴയതുതന്നെയാണ്. അതിലുണ്ടാകേണ്ട മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ വൈകിപ്പോയിരിക്കുന്നു.
കൗമാരത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ എത്തിപ്പെടുന്ന ചില തീര്‍പ്പുകളുണ്ട്. അവരില്‍ കുറ്റകൃത്യം വര്‍ധിക്കുന്നു, അവര്‍ അലസരായിത്തീരുന്നു, അവര്‍ കരിയര്‍ ജീവികളായിപ്പോകുന്നു, പണ്ടത്തെക്കാലത്തെ കൗമാരക്കാലം ഗംഭീരമായിരുന്നു, എന്നാലിന്നത്തെ കുട്ടികള്‍ക്ക് കുട്ടിക്കാലം നഷ്ടപ്പെട്ടിരിക്കുന്നു, അവര്‍ കമ്പ്യൂട്ടറിന്റെ അടിമകളായിരിക്കുന്നു, അവരെ ടെലിവിഷന്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു..... തുടങ്ങി കുറ്റപത്രത്തിന്റെ വലിയൊരു കടലാസാണ് ആദ്യം കൗമാരത്തിന്റെ മുതുകില്‍ മുതിര്‍ന്നവര്‍ ചാര്‍ത്തിക്കൊടുക്കുക. കേരളത്തിലെ മറ്റേതൊരു സാമൂഹിക വിഭാഗവും പോലെ കൗമാരക്കാരിലും ഈ അവസ്ഥകളൊക്കെയുണ്ടെന്നത് ശരിതന്നെ. അവ പരിഹരിക്കേണ്ടതുമുണ്ട്. എന്നാല്‍ എല്ലാ കുറ്റങ്ങളുടെയും പ്രഭവകേന്ദ്രം കൗമാരക്കാലമാണെന്നും മുതിര്‍ന്നവര്‍ പരിഹരിക്കേണ്ട പ്രശ്‌നമാണ് കൗമാരമെന്നും തോന്നിപ്പോകുന്ന നിരീക്ഷണങ്ങള്‍ നിഷേധാത്മക ഫലങ്ങളേ സൃഷ്ടിക്കൂ. മനുഷ്യ ജീവിതത്തിലെ കെല്‍പ്പുറ്റതും സര്‍ഗാത്മകവുമായ ഇത്തിരിക്കാലമാണ് കൗമാരം. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും ഇഛാശക്തിയും അവര്‍ക്കുണ്ട്. അതിന് വേണ്ട അറിവും ആത്മവിശ്വാസവും പകരുകയാണ് വേണ്ടത്.

വിദ്യാഭ്യാസം എന്ന വിന
ആധുനികതക്കു ശേഷം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി പഠനത്തോടും തൊഴിലിനോടുമുള്ള സമൂഹത്തിന്റെ സമീപനത്തെ തെല്ലൊന്നുമല്ല പരിവര്‍ത്തിപ്പിച്ചിരിക്കുന്നത്. രക്ഷിതാക്കളുടെ സ്വപ്നങ്ങള്‍ അഞ്ചക്കവും ആറക്കവും കണക്കുകൂട്ടിക്കൊണ്ടിരിക്കുന്നു. സ്വാഭാവികമായും അതിന്റെ ഭാരം ചുമക്കേണ്ടി വന്നത് കൗമാരക്കാരാണ്. സാമൂഹികോന്മുഖമായ ജീവിതസാഹചര്യത്തില്‍ നിന്നും പ്രതികരണശേഷിയില്‍ നിന്നും പിന്‍വാങ്ങിയ മുതിര്‍ന്നവരാണ് കൗമാരക്കാര്‍ക്ക് മാതൃകയായത്. കാലാകാലങ്ങളായി പരിഷ്‌കരിക്കപ്പെട്ട വിദ്യാഭ്യാസ മേഖലയാകട്ടെ കുട്ടികളെ കൂടുതല്‍ അന്തര്‍മുഖരാക്കുകയായിരുന്നു.
കേരളത്തിന്റെ കുട്ടിപ്രായം ഏഴാംതരത്തോടെ അവസാനിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചേടത്തോളം, ഹൈസ്‌കൂള്‍ എന്നത് പ്രൈമറി ക്ലാസ്സില്‍നിന്ന് വിടുകയും ഹയര്‍സെക്കന്ററിയിലേക്കെത്തുകയും ചെയ്യാത്ത പ്രശ്‌നമേഖലയാണ്. കേന്ദ്രസര്‍ക്കാറിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ തലയും വാലും മുറിച്ചുമാത്രം കേരളത്തില്‍ നടപ്പിലാക്കാനാകുന്നത് അതുകൊണ്ടാണ്. കേരളത്തിനു പുറത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചു മാത്രം തയാറാക്കിയ എസ്.എസ്.എ തൊട്ടുള്ള എല്ലാ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളെയും ഈ അവസ്ഥ ബാധിച്ചിട്ടുണ്ട്. ഈ സന്ദിഗ്ധാവസ്ഥ കേരളത്തിലെ കൗമാരത്തിന്റെ സ്വഭാവ രൂപീകരണത്തില്‍ എത്ര പങ്കുവഹിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ പഠനങ്ങളുണ്ടാകേണ്ടതുണ്ട്.
പഠിക്കുന്ന സിലബസിനും പാഠപുസ്തകങ്ങള്‍ക്കും അധ്യാപകര്‍ക്കും കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ വലിയ പങ്കുണ്ട്. ആധുനിക ശാസ്ത്രീയ യുക്തിബോധത്തില്‍ ഉത്തരാധുനികമായ അരാജക ചിന്തകള്‍ കലക്കപ്പെട്ട വിചിത്രമായ ചില സിദ്ധാന്തങ്ങളാണ് ഡി.പി.ഇ.പി മുതലായ സിലബസ് പരിഷ്‌കാരങ്ങളുടെ ആധിപത്യം ഏറ്റെടുത്തത്. മതനിരാസവും ഇടത് രാഷ്ട്രീയ ബോധവും അരാജക സാമൂഹിക കാഴ്ചപ്പാടുകളും കലര്‍ത്തിയ പകുതിവെന്ത ചിന്തകളില്‍ മുഴുകിയ അധ്യാപകരുടെ ഒരുകൂട്ടം നമ്മുടെ സ്‌കൂളുകളില്‍ നിറയുകയും ഈയിടെ സജീവമായ അധ്യാപക പരിശീലനക്കളരികളില്‍ സജീവമാവുകയും ചെയ്തത് പാഠപുസ്തകങ്ങളെയും അതിന്റെ അനുബന്ധ വിവരണങ്ങളെയും ബാധിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ മൂല്യങ്ങള്‍ പ്രത്യേകം പഠിപ്പിക്കേണ്ടതില്ല എന്നത് ഡി.പി.ഇ.പി പാഠപുസ്തക പരിഷ്‌കരണ വേദികളിലെ സ്ഥിരം ജല്‍പനമായിരുന്നു. അതിന്റെ മറ്റൊരു പാഠമായാണ് എസ്.എസ്.എ കാലത്തെ സാമൂഹികശാസ്ത്ര പുസ്തകത്തില്‍ 'മതമില്ലാത്ത ജീവന്‍' എന്ന് അവര്‍ എഴുതിച്ചേര്‍ത്തത്. കേരളത്തിലെ ഇത്തരം കാര്യങ്ങളിലുള്ള വിവാദ സാഹചര്യങ്ങള്‍ സവിശേഷമായ വികാര - വിചാരങ്ങളുള്ള ഒരു കൗമാരത്തെ സൃഷ്ടിച്ചിരിക്കുന്നു. സദാചാരം, മതവിശ്വാസം, ധാര്‍മികത, ലൈംഗികത തുടങ്ങിയവയിലുള്ള അയഞ്ഞ സമീപനങ്ങള്‍ ദാര്‍ശനികമായി പഠിപ്പിക്കുന്നതോടൊപ്പം വികസിക്കുന്നതാണ് കേരളത്തിലെ കൗമാരക്കാരുടെ ഇടയിലെ ലൈംഗികമായ അപഭ്രംശങ്ങള്‍ എന്ന സാമൂഹിക പാഠം മുതിര്‍ന്നവര്‍ ഉദാഹരണമായെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.
കേരളത്തിലെ വിദ്യാര്‍ഥികളുടെ സര്‍ഗാത്മക നിലവാരം സ്റ്റേജുകളിലുള്ള അവരുടെ വേഷംകെട്ടലായി മാധ്യമങ്ങള്‍ ആഘോഷിച്ചു തീര്‍ക്കുകയാണ്. അതിനേറ്റവും വലിയ കളമൊരുക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയത് എന്ന മാധ്യമ നുണയുമായി അരങ്ങേറുന്ന യുവജനോത്സവം തന്നെയാണ്. യുവജനോത്സവങ്ങള്‍ പോലും എന്‍ട്രന്‍സിന് ഗ്രേസ്മാര്‍ക്ക് കിട്ടാനുള്ള പരീക്ഷയായി മനസ്സിലാക്കുന്ന പൊതുബോധം കേരളത്തിലെ കൗമാരക്കാരുടെ യഥാര്‍ഥ സര്‍ഗാത്മകതയെ ബാധിച്ചതെങ്ങനെ എന്ന് പഠിക്കപ്പെടേണ്ടിയിരിക്കുന്നു. എല്ലാ ബന്ധനങ്ങളില്‍ നിന്നുമുള്ള മോചനമായി വിദ്യാഭ്യാസത്തെ മനസ്സില്‍ കണ്ട ആചാര്യന്മാരുടെ പേരുപറഞ്ഞ് ഒട്ടേറെ ബന്ധനങ്ങളിലേക്ക് കൗമാരത്തെ നയിക്കുന്ന സവിശേഷമായ പ്രവൃത്തിയാണ് പലപ്പോഴും സ്‌കൂളുകളില്‍ ഇന്ന് നടക്കുന്നത്. വിദ്യാഭ്യാസം പുരോഗതി പ്രാപിക്കാന്‍ ട്യൂഷന്‍ മതി എന്നും കല വളരാന്‍ കോച്ചിംഗ് മതി എന്നും സമൂഹം എത്ര കരുതുന്നുവോ അത്രയും നമ്മുടെ കൗമാരം അടഞ്ഞ മുറികളില്‍ കഴിയേണ്ടിവരും.
കച്ചവടത്തിനു വെച്ച കാമനകള്‍
കേരളത്തിലെ വിപണി പ്രധാനമായും കൗമാരത്തെ മുന്നില്‍ കണ്ടാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. കച്ചവട സംസ്‌കാരത്തിന്റെ ഏറ്റവും വലിയ ഇരകള്‍ ഇന്ന് കൗമാരമാണ്. കൗമാരപ്രായക്കാരെ അവരുടെ സ്വാഭാവികമായ ചുറ്റുപാടുകളില്‍ നിന്ന് പറിച്ചെടുത്ത് വ്യാജാനുഭവങ്ങളുടെ ലോകങ്ങളിലെത്തിക്കുക എന്ന ദൗത്യമാണ് ആഗോളവത്കൃത വിപണി ഏറ്റെടുത്തിരിക്കുന്നത്. ചെറുപ്പക്കാരുടെ ഉടുപ്പും നടപ്പും അനുഭവവും ആകാംക്ഷകളുമെല്ലാം വിപണി രൂപപ്പെടുത്തുംവിധം എത്തിച്ചേര്‍ന്നിരിക്കുന്നു കാര്യങ്ങള്‍. ഉല്‍പന്നങ്ങളില്‍ നിന്ന് ബ്രാന്റ് നെയ്മുകളിലേക്ക് വികസിക്കുന്നു ആവശ്യങ്ങള്‍. പരസ്യങ്ങളിലെ കാസ്റ്റിംഗ് ശ്രദ്ധിച്ചാല്‍ മനസ്സിലാകും കൗമാരപ്രായക്കാരില്‍ കമ്പനികള്‍ക്കുള്ള ശ്രദ്ധ. മുഖത്തിന്റെയും മുടിയുടെയും അഴകുമുതല്‍ സ്വപ്നങ്ങളെവരെ തയാറാക്കി ലാഭം കൊയ്യുകയാണ് മുതലാളിമാര്‍.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസം ഈ അങ്ങാടിക്ക് കൂടുതല്‍ താങ്ങും തണലുമായി. അറബ് രാജ്യങ്ങളില്‍ വിപ്ലവത്തിന് പശ്ചാത്തലമൊരുക്കിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ കേരളത്തെപ്പോലുള്ള ഉപഭോഗ പ്രദേശങ്ങളില്‍ ആനന്ദ വിപണിയുടെ പുത്തന്‍ ചന്തകള്‍ക്ക് പരസ്യം നല്‍കുകയാണ് ചെയ്തത്. കൗമാരപ്രായക്കാരാണ് കൂടുതലും അതിന്റെ ഇരകളാകുന്നത്. അവരെ കുറ്റപ്പെടുത്തുന്നതിലര്‍ഥമില്ല. ലാഭം കൊയ്യാന്‍ പാകത്തിന് മുതിര്‍ന്നവര്‍ ഒരുക്കിക്കൊടുക്കുന്ന വലകളില്‍ അകപ്പെട്ടുപോകുകയാണവര്‍. മൊബൈല്‍ ഫോണ്‍ മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ള സാങ്കേതിക സൗകര്യങ്ങള്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമായി കരുതിയ ഏക സമൂഹം കേരളക്കാരായിരിക്കും. ഇന്ന് ലോക സൈബര്‍ അടിമവേലക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷവും കേരളത്തിലെ ചെറുപ്പമാണെന്ന് അഭിമാനപൂര്‍വം കണക്കുനിരത്തുന്നതോടൊപ്പം അതുണ്ടാക്കുന്ന സാമൂഹിക - സദാചാര പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടത്ര പഠനങ്ങളുണ്ടായിട്ടില്ല.
ലൈംഗികതയും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഇന്റര്‍നെറ്റിലൂടെ തേടിച്ചെല്ലുന്നവരില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം കേരളത്തിലെ കുമാരീ കുമാരന്മാരാണെന്ന കണക്കുകള്‍ ശരിയാണെന്ന് അത്തരം കമ്യൂണിറ്റികളില്‍ കേരളത്തില്‍ നിന്നുള്ള രജിസ്‌ട്രേഷന്റെ എണ്ണം പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. കേരള കൗമാരത്തിന്റെ ശരീരം ദേശാടന മുതുക്കന്മാര്‍ക്ക് പ്രിയങ്കരമാകുന്നത് എമേര്‍ജിംഗ് കേരള പോലുള്ള പുതിയ വിനോദ സഞ്ചാര വികസനങ്ങളില്‍ വ്യക്തമായിക്കൊണ്ടിരിക്കുകയുമാണല്ലോ. സെക്‌സ് ടൂറിസം മുന്നോട്ടുവെക്കുന്ന ലാഭക്കച്ചവടത്തിലും പ്രധാന ഇര കൗമാരക്കാര്‍ തന്നെയാണ്.
ഇളം ശരീരങ്ങളുടെ ആഘോഷം
കേരളത്തിലെ കൗമാരശരീരം സിനിമയിലും സാഹിത്യത്തിലും എങ്ങനെ സ്വീകരിക്കപ്പെട്ടു എന്നത് ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. കൗമാര ശരീരത്തെ ഒരു ഉപഭോഗവസ്തുവാക്കുന്നതില്‍ മലയാള സിനിമകളും സാഹിത്യവും അതിന്റേതായ പങ്കു വഹിച്ചിട്ടുണ്ട്. ജനപ്രിയ നോവലുകളെന്ന പേരില്‍ പുറത്തിറങ്ങുന്ന സകലവിധ ചവറുകളിലും ഇളംശരീരവര്‍ണനകള്‍ നിറഞ്ഞുനില്‍ക്കുകയാണ് പതിവ്. അതിന്റെ ദൃശ്യപരമായ തുടര്‍ച്ചയായിരുന്നു ഭരതന്‍, എം.ടി, കെ.എസ് സേതുമാധവന്‍ തുടങ്ങിയവരുടെ ആദ്യകാല സമാന്തര സിനിമകള്‍ പോലും. മുതിര്‍ന്നവര്‍ക്കുമാത്രം കാണാനനുവാദമുള്ളത് എന്ന സര്‍ട്ടിഫിക്കറ്റോടെ പുറത്തിറങ്ങിയ മിക്ക സിനിമകളും ആണ്‍കുട്ടിയുടെയോ പെണ്‍കുട്ടിയുടെയോ കൗമാര ശരീരത്തെ പുരുഷന്റെ കാഴ്ചക്ക് പാകത്തിന് ഒരുക്കിവയ്ക്കുന്ന ലൈംഗിക സിനിമകളായിരുന്നു.
കേരളത്തില്‍ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന ലൈംഗിക അതിക്രമങ്ങളുടെ സാംസ്‌കാരികവും സാമൂഹികവുമായ പ്രചോദനങ്ങളുടെ ഭാരവും ഈ സിനിമകളിലും സാഹിത്യത്തിലുമാണ് യഥാര്‍ഥത്തില്‍ ചാര്‍ത്തേണ്ടത്. അവക്കു കാരണം ലൈംഗിക ദാരിദ്ര്യമാണെന്നും സദാചാര സമ്മര്‍ദങ്ങളാണെന്നും മതാനുബന്ധ നിബന്ധനകളാണെന്നും വലിയവായില്‍ പുലമ്പുന്നവരാണ് നടേപറഞ്ഞ, ആധുനികതയുടെയും ഉത്തരാധുനികതയുടെയും ഇടയില്‍പെട്ട് വലഞ്ഞുപോയ അധ്യാപക ബുദ്ധിജീവികള്‍. എന്നാല്‍ യുവജനോത്സവ വേദികളിലെ നൃത്തരംഗങ്ങള്‍, കുടുംബ സീരിയലുകള്‍, പ്രണയ സിനിമകള്‍, ജനപ്രിയ സാഹിത്യങ്ങള്‍, ഫാഷന്‍ വസ്ത്ര സംവിധാനങ്ങള്‍ തുടങ്ങി സാംസ്‌കാരിക വിപണനത്തിന്റെ സകല കേന്ദ്രങ്ങളും കൗമാര ശരീരങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഉത്തേജകമരുന്നു നല്‍കി രൂപപ്പെടുത്തുന്ന പുരുഷകാമനകളെ അവര്‍ കുറ്റപ്പെടുത്തുകയേ ഇല്ല. അമ്പതു കഴിഞ്ഞ നായകന്റെ കാമുകിയായി അഭിനയിക്കുന്ന ഒമ്പതാം ക്ലാസ്സുകാരി നായിക ഉല്‍പാദിപ്പിക്കുന്ന സമൂഹ ലൈംഗിക മനസ്സ് ആരും കാര്യമാക്കുന്നില്ല.
മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ സിനിമക്കാരനായ രാഷ്ട്രീയ നേതാവ് ഈയിടെ പുറപ്പെടുവിച്ച പഞ്ചായത്ത് നിയമം വിവാദമാവുകയുണ്ടായി. പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികളെ പഠനകാലം കഴിയുന്നതുവരെ വിവാഹം ചെയ്തുകൊടുക്കുകയില്ല എന്ന് രക്ഷിതാക്കള്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് നിയമം. നല്ലതുതന്നെ. എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്നത് മലപ്പുറത്തെ നിത്യസംഭവമാണെന്ന് തോന്നിക്കും വിധം സിനിമയെടുത്ത ഈ നേതാവിന്റെ അതേ സിനിമയില്‍ അന്ന് നായികയായി അഭിനയിച്ചത് പത്താംക്ലാസ് കഴിയാത്ത കൗമാരക്കാരിയായിരുന്നു. രക്ഷിതാക്കള്‍ തങ്ങളുടെ പെണ്‍കുട്ടികളെ വിദ്യാഭ്യാസകാലത്ത് അഭിനയിക്കാന്‍ വിട്ടുകൊടുക്കുകയില്ല എന്ന സത്യവാങ്മൂലം നല്‍കിയാല്‍ മലയാള സിനിമാ വ്യവസായം പൂട്ടിപ്പോകേണ്ടിവരും. കൗമാരക്കാരെക്കുറിച്ചുള്ള മുതിര്‍ന്നവരുടെ മതേതര ആശങ്കകളുടെ കാപട്യം വ്യക്തമാക്കാനാണ് ഈ സംഭവം ഇവിടെ ഉദാഹരിച്ചത്.
കൗമാരത്തിന്റെ മുദ്രാവാക്യങ്ങള്‍
1928-ല്‍ പയ്യന്നൂരില്‍ ജവഹര്‍ലാല്‍ നെഹ്‌റു അധ്യക്ഷനായി ചേര്‍ന്ന നാലാം കേരള രാഷ്ട്രീയ സമ്മേളനത്തില്‍ കാഞ്ഞങ്ങാട്ടെ വിദ്യാലയത്തില്‍ നിന്ന് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പങ്കെടുത്തത് ദേശീയ സ്വാതന്ത്ര്യ സമര വേദികളില്‍ ചര്‍ച്ചാവിഷയമായിരുന്നു. 1936-ല്‍ ഇന്ന് കാസര്‍കോട് ജില്ലയില്‍ പെട്ട പീലിക്കോട് വെച്ച് ദേശസേവാ ഭാരത സംഘം എന്ന കുട്ടികളുടെ സ്വാതന്ത്ര്യ സമര സംഘടനക്ക് രൂപം നല്‍കുകയുമുണ്ടായി. രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതില്‍ കേരളത്തിലെ കുട്ടികള്‍ പണ്ടേ പിറകിലായിരുന്നില്ലെന്നു മാത്രമല്ല ഇന്ത്യക്ക് മാതൃകയായിരുന്നുവെന്നര്‍ഥം. പിന്നീട് കമ്യൂണിസ്റ്റ് കര്‍ഷക സമരങ്ങളുടെ നേതാവായ പി.സി കുഞ്ഞിരാമന്‍ അടിയോടിയാണ് ആ സംഘടനക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നത്. കയ്യൂരടക്കമുള്ള മലബാറിലെ സമരരംഗങ്ങളില്‍ കുട്ടികളുടെക്കൂടി സാന്നിധ്യമുണ്ടായിരുന്നു.
അന്നുതൊട്ടിന്നോളം രാഷ്ട്രീയ - സാംസ്‌കാരിക പാര്‍ട്ടികള്‍ രൂപപ്പെടുത്തുകയും സ്വീകരിക്കുകയും ചെയ്ത കേരളീയ കൗമാരം സജീവവും ക്രിയാത്മകവുമായ കാലത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുമ്പ് സൂചിപ്പിച്ച വിപണിമുഖ്യ സാംസ്‌കാരിക വ്യതിയാനം സംഭവിച്ചതോടെ വിദ്യാര്‍ഥി രാഷ്ട്രീയ പാര്‍ട്ടികള്‍ കൗമാരക്കാരില്‍നിന്ന് ഒരര്‍ഥത്തില്‍ പിന്‍വാങ്ങേണ്ടി വന്നിട്ടുണ്ട്. അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളെ വേണ്ടരീതിയില്‍ പഠിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുമുണ്ട്. ഇന്നത്തെ അരാഷ്ട്രീയ കൗമാരത്തെ എങ്ങനെ സാമൂഹികോന്മുഖമായ കര്‍മരംഗത്തേക്ക് വീണ്ടെടുക്കാം എന്നതിനെക്കുറിച്ചാകണം ഇനി നമ്മുടെ ആലോചനകള്‍.
മുതിര്‍ന്നവര്‍ രൂപപ്പെടുത്തിയ മണ്ണിലാണ് കൗമാരത്തിന്റെ വേരും വളവും. മുതിര്‍ന്നവരില്‍ നിന്ന് കൂടുതല്‍ വ്യത്യസ്തമായ പ്രശ്‌നങ്ങളൊന്നും കൗമാരക്കാലത്തില്ല. അതിന്റെ പരിഹാരവും വ്യത്യസ്തമല്ല. മുതിര്‍ന്നവര്‍ നന്നായാല്‍ സ്വാഭാവികമായി കുട്ടികളും നന്നാവും. അതിന് മതാത്മകമായ ചില മൂല്യസങ്കല്‍പങ്ങളെ പുനരുല്‍പാദിപ്പിക്കേണ്ടതുണ്ട്. സദാചാരത്തിലും ധാര്‍മികതയിലും കൃത്യമായ ചില വഴികള്‍ കാണിച്ചുകൊടുക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം എന്നത് അരാജകമായ ആനന്ദത്തിലേക്കുള്ള വാതിലുകളല്ല എന്ന സാമൂഹികപാഠം അവരുടെ പാഠപുസ്തകങ്ങളില്‍ എഴുതിച്ചേര്‍ക്കേണ്ടതുണ്ട്. ജീവന് മതം വേണ്ട. പക്ഷേ, ശരീരത്തെ പൊതിഞ്ഞുനില്‍ക്കുന്ന ആത്മാവിന്റെ മതം അന്വേഷിക്കാനുള്ള വഴിയായിരിക്കണം മുതിര്‍ന്നവര്‍ കാട്ടിക്കൊടുക്കേണ്ടത്.
സമൂഹത്തിന്റെ പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ തയാറാകുന്ന പൊതുസമൂഹത്തിന്റെ ഭാഗം തന്നെയാണ് കൗമാരപ്രായക്കാരും. അവരെ വ്യക്തികളും പൗരന്മാരുമായി മാനിക്കുകയും അവരുടെ ഇഷ്ടാനിഷ്ടങ്ങളെ സാമൂഹികമായി അംഗീകരിക്കുകയും ചെയ്യാന്‍ മുതിര്‍ന്നവര്‍ തയാറാകേണ്ടതുണ്ട്. അവരുടെ ക്രയശേഷിയെ അത്തരം സാമൂഹികോന്മുഖ പ്രവര്‍ത്തനപരിപാടികളിലേക്ക് വഴിതിരിച്ചുവിടാന്‍ എളുപ്പം കഴിയും. സ്‌കൂളുകളില്‍ സജീവമായി നിലനില്‍ക്കുന്ന സാമൂഹിക സേവന സംരംഭങ്ങളിലുള്ള കുട്ടികളുടെ പങ്കാളിത്തം പണ്ടത്തേക്കാള്‍ വര്‍ധിച്ചിരിക്കുന്നു. പണ്ട് മഹാ കേമന്‍മാരും കേമത്തികളുമായിരുന്നു കുട്ടികള്‍ എന്നും ഇന്ന് മടിയന്മാരും മടിച്ചികളുമാണെന്നുമുള്ള പഴമക്കാരുടെ പരിഹാസം ശരിയല്ല എന്നു തെളിയിക്കുന്ന ധാരാളം ഉദാഹരണങ്ങളുണ്ട്. അല്ലെങ്കിലും സുവര്‍ണ ഭൂതകാലത്തെ പുകഴ്ത്തി സമകാലിക ചെറുപ്പത്തെ തള്ളിപ്പറയുന്ന ഒരു ഉപദേശക്കാരെയും കൗമാരം ഇഷ്ടപ്പെടുകയേയില്ല.
jameelahmednk@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍