Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 8

എന്നില്‍ ഇസ്‌ലാം ജീവിച്ച വിധങ്ങള്‍

ഇംറാന്‍ ഖാന്‍

കൊളോണിയല്‍ ഹാങ്ങോവര്‍ അതിന്റെ ഉയരങ്ങളില്‍ കയറിക്കിടക്കും കാലത്തായിരുന്നു എന്റെ ചെറുപ്പകാലം. മുതിര്‍ന്ന തലമുറക്കാകട്ടെ ബ്രിട്ടനോട് വല്ലാത്ത വിധേയത്വ മനസ്സും. അവരൊക്കെ വല്ലാത്ത അപകര്‍ഷതയില്‍ ജീവിക്കുകയായിരുന്നു. വരേണ്യരുടെ മക്കള്‍ പഠിക്കുന്ന സ്കൂളുകളില്‍ നിന്നും വലിയ വ്യത്യാസമൊന്നും ഞാന്‍ പഠിച്ച സ്കൂളിനുമുണ്ടായിരുന്നില്ല. സ്വാതന്ത്യ്രം കിട്ടിയിട്ട് പോലും അവിടെ പഠിച്ചവരൊന്നും വിധേയമനോഗതയില്‍ നിന്ന് കുതറിച്ചാടാന്‍ തയാറില്ലായിരുന്നു.
അന്നൊക്കെ ഷേക്സിപിയറെ ഒട്ടേറെ വായിച്ചു. വായനയില്‍ പാകിസ്താന്‍ ദേശീയ കവിയായ അല്ലാമാ ഇഖ്ബാല്‍ ഉണ്ടായിരുന്നില്ല. ഇസ്ലാമിക വിഷയങ്ങളെ ഗൌരവത്തില്‍ എടുക്കുകയേ ചെയ്തില്ല.
ഇംഗ്ളീഷ് സംസാരിക്കുകയും പാശ്ചാത്യ വേഷം ധരിക്കുകയും ചെയ്യുന്നു എന്ന കാരണത്താല്‍ ഞാനും വരേണ്യനായി പരിഗണിക്കപ്പെട്ടു. പാകിസ്താന്‍ സിന്ദാബാദ് എന്ന് സ്കൂള്‍ പരിപാടികളില്‍ ഉച്ചത്തില്‍ പറയുമായിരുന്നെങ്കിലും, സ്വന്തം മതവും സംസ്കാരവും കാലഹരണപ്പെട്ടതും പിന്നാക്കവുമാണെന്നാണ് അകമേ കരുതിപ്പോന്നത്. ഞങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും മതത്തെപ്പറ്റി പറഞ്ഞാല്‍, പ്രാര്‍ഥിച്ചാല്‍, താടി വളര്‍ത്തിയാല്‍ ഉടനെ അവന്‍ മുല്ലയായി മുദ്രകുത്തപ്പെടും.
പാശ്ചാത്യ മീഡിയാ സ്വാധീനഫലമായി ഞങ്ങളുടെ ഹീറോകള്‍ വെസ്റേണ്‍ സിനിമാ താരങ്ങളും പോപ് സ്റാറുകളുമായിരുന്നു. ഞാന്‍ ഓക്സ്ഫോഡില്‍ ചെന്നപ്പോഴും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെ. അവിടെ ഇസ്ലാം മാത്രമല്ല, സര്‍വ മതങ്ങളും കാലഹരണപ്പെട്ടതാണെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. മതത്തിന് പകരം ശാസ്ത്രം അവരുടെ മനസ്സില്‍ സ്ഥാനം പിടിച്ചു. യുക്തിപരമായി തെളിയിക്കപ്പെടാത്തതൊന്നും അവരെ സംബന്ധിച്ചേടത്തോളം നിലനില്‍ക്കുന്നുണ്ടായിരുന്നില്ല.
മധ്യ നൂറ്റാണ്ടുകളില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ നടത്തിയ മതവിചാരണകളുടെ നടുക്കുന്ന ഓര്‍മകളില്‍ നിന്നൊഴിഞ്ഞു വന്നിട്ടില്ല ഇപ്പോഴും യൂറോപ്യര്‍. എന്തുകൊണ്ട് പടിഞ്ഞാറ് സെക്യുലരിസത്തെ പുണരുന്നു എന്നതിന് ഉത്തരം വേണമെങ്കില്‍ സ്പെയിനിലെ കൊര്‍ദോവ പോലെയുള്ള ഇടങ്ങളില്‍ പോയി നോക്കിയാല്‍ മതി. സ്പാനിഷ് മതവിചാരണകളുടെ പീഡനോപകരണങ്ങള്‍ നിങ്ങള്‍ക്കവിടെ കാണാം. ദൈവനിഷേധം ആരോപിച്ച് ശാസ്ത്രജ്ഞരും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. എല്ലാ മതങ്ങളും പിന്തിരിപ്പനാണ് എന്ന വിധിതീര്‍പ്പിലേക്കാണ് ഇതവരെ എത്തിച്ചത്.
എന്നെപ്പോലുള്ള ആളുകള്‍ മതങ്ങളില്‍ നിന്നകലുന്നതിന് ഉപദേശികള്‍ വലിയൊരു കാരണമാണ്. അവര്‍ പറയുന്നതും ചെയ്യുന്നതും തമ്മില്‍ എന്തുമാത്രം അകലമാണ്. മതത്തിന്റെ തത്ത്വശാസ്ത്രത്തെക്കുറിച്ച് അവര്‍ മിണ്ടില്ല. അനുഷ്ഠാന കാര്യങ്ങള്‍ക്ക് അമിത ഊന്നല്‍ നല്‍കുകയും ചെയ്യും. മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തരാണ് മനുഷ്യര്‍. മൃഗങ്ങളെ പരിശീലിപ്പിച്ചാല്‍ അവ വേണ്ടത് ചെയ്തുകൊള്ളും. മനുഷ്യര്‍ക്കാണേല്‍ ചെയ്യുന്നതിനെപ്പറ്റി ബുദ്ധിപരമായി ബോധ്യം വരണം. അതുകൊണ്ടാകണം ഖുര്‍ആന്‍ കൂടെക്കൂടെ ബുദ്ധിയെ അഭിസംബോധന ചെയ്യുന്നത്. വ്യത്യസ്ത ഗ്രൂപ്പുകളും വ്യക്തികളും ഇസ്ലാമിനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു എന്നതും കാണാതിരുന്നുകൂടാ.
ഞാനെന്തുകൊണ്ട് ഈശ്വര നിഷേധിയായില്ല എന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു. എന്റെ ഉമ്മയുടെ ശക്തമായ മതബോധത്തിന്റെ സ്വാധീനം തന്നെയാവാം എന്നെ ദൈവവിശ്വാസിയാക്കിയത്. സ്വയം ബോധ്യത്താലല്ല, ഉമ്മയോടുള്ള സ്നേഹം കൊണ്ട് മാത്രം ഞാന്‍ മുസ്ലിമായി തുടര്‍ന്നു. എന്റെ മതബോധം വളരെ സെലക്റ്റീവായിരുന്നു. എനിക്ക് യോജിപ്പുള്ള കാര്യങ്ങള്‍ മാത്രം ഞാന്‍ സ്വീകരിച്ചു. പ്രാര്‍ഥനകള്‍ നടത്തുന്നത് പെരുന്നാള്‍ ദിനങ്ങളിലോ വെള്ളിയാഴ്ചകളിലോ ഉപ്പ എന്നെ പള്ളിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മാത്രം.
രണ്ട് സംസ്കാരങ്ങളില്‍ ജീവിക്കാനുള്ള അതുല്യ ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. രണ്ടിന്റെയും ഭംഗിയും ഭംഗികേടും ഞാന്‍ അരികെ നിന്ന് കണ്ടറിഞ്ഞു. നമ്മുടെ അസ്തിത്വത്തിന്റെ ലക്ഷ്യമെന്ത്, മരണശേഷം നമുക്കെന്ത് പറ്റും എന്നീ രണ്ട് ചോദ്യങ്ങള്‍ക്കൊരിക്കലും എത്ര പുരോഗതി പ്രാപിച്ചാലും പടിഞ്ഞാറിന് ഉത്തരം ചെയ്യാനാവില്ല. മോഡേണ്‍ സൈക്കോളജിയില്‍ ഇന്നേവരെ ആത്മാവിനെ പറ്റി പഠനം നടന്നിട്ടില്ല എന്നതും അത്ഭുതകരം തന്നെ.
മതങ്ങളെ മാറ്റിനിര്‍ത്തിയപ്പോള്‍ മതങ്ങള്‍ പഠിപ്പിച്ച ധാര്‍മികത കൂടിയാണ് അവരില്‍നിന്ന് കുടിയൊഴിഞ്ഞത്. കുടുംബജീവിതത്തിലാണ് അത് ശരിക്കും പ്രതിഫലിച്ചത്. വിവാഹമോചനങ്ങള്‍ ബ്രിട്ടനില്‍ മാത്രം അറുപത് ശതമാനത്തോളമാണ്. മനുഷ്യര്‍ സമന്മാരല്ല എന്ന് തെളിയിക്കാനാണിപ്പോഴും ശാസ്ത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത് (ഈയിടെ നടന്ന സര്‍വേയില്‍ പറയുന്നത് അമേരിക്കയിലെ വെള്ള വര്‍ഗം കറുത്തവര്‍ഗത്തേക്കാള്‍ കാര്യക്ഷമത കൂടിയവരാണ് എന്നാണ്).
ഇസ്ലാംവിരുദ്ധ മുന്‍വിധികളിലൂന്നിയ പ്രചാരണങ്ങള്‍ ഉള്ളില്‍ വലിയ സംഘര്‍ഷം പടച്ചിരുന്നു. രണ്ട് ചോയ്സാണ് അപ്പോള്‍ മുന്നില്‍ വന്നത്. ഒന്നുകില്‍ ഇതിനെതിരെ പൊരുതണം. അല്ലെങ്കില്‍ എല്ലാറ്റിനോടും അകലം പാലിക്കണം. ഇസ്ലാമിനെതിരെയുള്ള സകല ആക്രമണങ്ങളും നീതിരാഹിത്യം കലര്‍ന്നതാണെന്ന് ബോധ്യം വന്നത് മുതല്‍ പോരാടാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍, എന്നിലെ അറിവ് അതിനു മാത്രം പര്യാപ്തമായിരുന്നില്ല. അങ്ങനെയാണ് അലി ശരീഅത്തി, മുഹമ്മദ് അസദ്, ഗായ് ഈറ്റന്‍ (ഏമശ ഋമീി) എന്നിവരെ വായിക്കാന്‍ തുടങ്ങിയത്. ഖുര്‍ആന്‍ പഠനത്തിനും സമയം കണ്ടെത്തി. ഖുര്‍ആന്‍ പറഞ്ഞുതരുന്നത് മനുഷ്യനെ മാനുഷിക ബലഹീനതകളില്‍ നിന്ന് മോചിപ്പിക്കുന്ന വഴികളായിരുന്നു. അന്യനെ പറ്റിയുള്ള ഭയം വരെ നമ്മില്‍ നിന്നങ്ങനെ അടര്‍ന്നൊടുങ്ങിപ്പോകുന്നു. അതുതന്നെയാണ് ദൈവവിശ്വാസം എന്നില്‍ വരുത്തിയ ഏറ്റവും വലിയ സ്വാധീനവും. മനുഷ്യനെ നമ്മളെന്തിന് വണങ്ങണം, വഴങ്ങണം.
ശേഷമാണ് എന്റെ ഇസ്ലാം ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. ദൈവം തമ്പുരാന്‍ എനിക്കേറെ അനുഗ്രഹം തന്നു. മറ്റുള്ളവര്‍ക്കായും സമയം നീക്കിവെക്കണമെന്ന് ഇസ്ലാമെന്നെ പഠിപ്പിച്ചു. ദൈവത്തിനുള്ള സമ്പൂര്‍ണ സമര്‍പ്പണം മനഃസമാധാനം കൊണ്ടു തരുന്നുവെന്ന് അങ്ങനെ അറിഞ്ഞു, അനുഭവിച്ചു.
പാകിസ്താനിലുള്ളത് അനുഷ്ഠാനങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടിയ സെലക്ടീവ് ഇസ്ലാമാണെന്ന് എനിക്ക് മനസ്സിലായി. ഞങ്ങള്‍ പാകിസ്താനികളേക്കാള്‍ ഇസ്ലാമിന്റെ സ്വഭാവം പകര്‍ത്തിയ എത്രയോ പേരുണ്ട് വെസ്റേണ്‍ നാടുകളില്‍.
രണ്ടുതരം ഗ്രൂപ്പുകള്‍ ഇപ്പോള്‍ പാകിസ്താനിലുണ്ട്. ഒരു കൂട്ടര്‍ വേസ്റേണ്‍ തലച്ചോറ് കൊണ്ട് ഇസ്ലാമിനെ വായിക്കുന്നവര്‍. നേരാംവണ്ണം അറിയുകയോ പഠിക്കുകയോ ചെയ്യാതെ പടിഞ്ഞാറിന്റെ പറച്ചിലുകള്‍ക്ക് തലകുലുക്കുന്നവര്‍. മറ്റേ കൂട്ടര്‍ അരോചകമാംവിധം അനുഷ്ഠാനങ്ങളില്‍ അള്ളിപ്പിടിക്കുന്നവരും. ഇരു കൂട്ടര്‍ക്കും ഇടയില്‍ ക്രിയാത്മകസംവാദം നടക്കാതെ കാര്യങ്ങള്‍ ശരിയാംവണ്ണം നീങ്ങുക സാധ്യമല്ല.
(പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഇംറാന്‍ ഖാന്‍ ഇപ്പോള്‍ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവാണ്)
വിവ: മെഹദ് മഖ്ബൂല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍