Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 18

നോമ്പുതുറയിലെ അറേബ്യന്‍ അധിനിവേശം!

മുജീബ്

മുഹമ്മദ് അസദ് ഓമശ്ശേരി
"...നോമ്പുതുറയുടെ അവശ്യഘടകമായി ഇപ്പോഴും ഈത്തപ്പഴം (കാരക്ക) കണക്കാക്കപ്പെടുന്നു. പ്രവാചകന്‍ ജീവിച്ച അറേബ്യയില്‍ ഏറ്റവും സുലഭമായിരുന്ന (ഇപ്പോഴും സുലഭമായ) പഴമത്രെ ഈത്തപ്പഴം. അതുകൊണ്ടാണ് അദ്ദേഹവും അനുയായിവൃന്ദവുമൊക്കെ നോമ്പുതുറ ആ പഴം കൊണ്ട് നിര്‍വഹിക്കുന്ന ശീലമുണ്ടായത്. കേരളത്തില്‍ ജീവിക്കുന്ന മുസ്ലിംകള്‍ ഇക്കാര്യത്തില്‍ അറബികളെ അനുകരിക്കേണ്ടതില്ല. നാളികേരത്തിന്റെ നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് ഒരു നാളികേരപ്പൂള് കൊണ്ട് തുറക്കാവുന്നതേയുള്ളൂ നോമ്പ്. പ്രവാചകന്‍ ജനിച്ചതും ജീവിച്ചതും കേരളത്തിലായിരുന്നുവെങ്കില്‍ അദ്ദേഹം അതായിരുന്നു ചെയ്യുക. അതിനു പകരം അറബ് മേഖലകളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈത്തപ്പഴത്തിന് പിറകെ പോകേണ്ട കാര്യം കേരളീയ മുസ്ലിമിനില്ല. മുന്തിയ ഇനം ഈത്തപ്പഴത്തിന്റെ വില കിലോക്ക് രണ്ടായിരവും മൂവായിരവുമൊക്കെയാണെന്ന് പത്രങ്ങളില്‍ കാണുന്നു.
അഞ്ചു രൂപ മുടക്കിയാല്‍ അര മുറി നാളികേരം കിട്ടും കേരളത്തില്‍. ഒരു കുടുംബത്തിന്റെ നോമ്പുതുറക്ക് അതുതന്നെ ധാരാളം. അതു വേണ്ടെന്ന് വെച്ച് നിര്‍ബന്ധപൂര്‍വം ഈത്തപ്പഴത്തിനു പിറകെ പോകുന്നത് അറേബ്യയുടെ സാംസ്കാരിക അധിനിവേശത്തിന് കീഴ്പ്പെടലാണെന്നു കൂടി ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. അമേരിക്കയുടെയോ ബ്രിട്ടന്റെയോ മറ്റേതെങ്കിലും വിദേശരാജ്യങ്ങളുടെയോ സാംസ്കാരിക അധിനിവേശം പോലെ തന്നെ ഒഴിവാക്കപ്പെടേണ്ടതാണ് അറേബ്യയുടെ സാംസ്കാരികാധിനിവേശവും\'\' (ഹമീദ് ചേന്ദമംഗല്ലൂര്‍, സമകാലിക മലയാളം വാരിക, 2012 ആഗസ്റ് 3).
മുജീബിന്റെ പ്രതികരണം?
നൂ ഹാശിം കുടുംബത്തിന്റെ കുലദൈവമാണ് അല്ലാഹു, ഏഴാം നൂറ്റാണ്ടിലെ പ്രാകൃത അറബികളുടെ മതമായ ഇസ്ലാം കാലഹരണപ്പെട്ടു കഴിഞ്ഞിരിക്കുന്നു, ഇസ്ലാമിന് സ്വന്തമായ സംസ്കാരമോ മുസ്ലിംകള്‍ക്ക് പൊതുവായ ഒരു സംസ്കാരമോ ഇല്ല, ഇന്ത്യയിലെ മുസ്ലിംകള്‍ അറബി പേരുകളിടുന്നതും അറബിയില്‍ ബാങ്ക് വിളിക്കുന്നതും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്, മുസ്ലിം കുട്ടികളെ വഴിതെറ്റിക്കുന്ന മദ്റസാ വിദ്യാഭ്യാസം നിരോധിക്കണം എന്നൊക്കെ മൂന്നു പതിറ്റാണ്ടിലധികമായി എഴുതിയും പ്രസംഗിച്ചും നടക്കുന്ന \'സാംസ്കാരിക നായകനി\'ല്‍നിന്ന് വേറെയെന്താണ് പ്രതീക്ഷിക്കേണ്ടത്? ഇസ്ലാമിനെ ഈ രാജ്യത്ത് നിന്ന് ഗളഹസ്തം ചെയ്യാന്‍ പ്രതിജ്ഞാബദ്ധരായ തീവ്ര മതേതര -സവര്‍ണ ഫാഷിസ്റ് ലോബി തന്റെ ജല്‍പനങ്ങളെ സ്പോണ്‍സര്‍ ചെയ്യുന്നേടത്തോളം കാലം അങ്ങോര്‍ ഇപ്പണി നിര്‍ത്തേണ്ടതുമില്ല.
അത്താഴത്തിനോ ഇഫ്ത്വാറിനോ ഒരു പ്രത്യേക ആഹാര സാധനം തന്നെ വേണമെന്ന ഒരു നിര്‍ബന്ധവും ഇസ്ലാമിലില്ല. വെറും പച്ചവെള്ളം മുതല്‍ ഭക്ഷ്യയോഗ്യമായ ഏത് സാധനവും ആവാം. എന്നാല്‍, നോമ്പ് തുറക്കാന്‍ ഒരു ചുള ഈത്തപ്പഴമോ കാരക്കയോ കിട്ടിയില്ലെങ്കില്‍ ഒരൌണ്‍സ് വെള്ളം മതി എന്ന് പ്രവാചകന്‍ (സ) നിര്‍ദേശിച്ചിട്ടുണ്ട്. തിരുമേനി പതിവായി ഈത്തപ്പഴം അഥവാ കാരക്ക കൊണ്ടായിരുന്നു നോമ്പ് തുറന്നിരുന്നത് എന്നും ഹദീസുകളിലുണ്ട്. ആരോഗ്യകരമായ ഒരുത്തമ പോഷകാഹാരമാണ് ഈത്തപ്പഴമെന്ന് വിദഗ്ധരൊക്കെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. എന്നിരിക്കെ, അറബികളോടുള്ള വിരോധത്തിന്റെ പേരില്‍ അത് ഉപേക്ഷിക്കണോ എന്നതാണ് ചോദ്യം. ഈത്തപ്പഴമോ കാരക്കയോ അറബ് നാടുകളില്‍ നിന്ന് മാത്രമാണ് ഇറക്കുമതി എന്ന ധാരണയും തെറ്റാണ്. സാക്ഷാല്‍ ഇന്ത്യന്‍ ഈത്തപ്പഴവും കിട്ടും മാര്‍ക്കറ്റില്‍. അല്ലെങ്കിലും ആഗോളീകരണത്തിന്റെ വര്‍ത്തമാനകാലത്ത് ഭൂലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന ഏതുതരം പഴവും എവിടെയും കിട്ടും എന്ന് വന്നിരിക്കെ ഇത്തരം കാര്യങ്ങളില്‍ എന്ത് അധിനിവേശ പ്രശ്നം? ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതേ ഭക്ഷിക്കാവൂ എന്ന് തീവ്ര സങ്കുചിത ദേശീയവാദക്കാര്‍ക്ക് പോലും ശാഠ്യമില്ല. കോളകള്‍, കെന്റക്കിചിക്കന്‍, പിസ്സ പോലുള്ള ബ്രാന്‍ഡഡ് ഭക്ഷ്യ പാനീയങ്ങളാണ് അധിനിവേശത്തിന്റെ ഭാഗമായി ഇവിടെ വിപണനം ചെയ്യപ്പെടുന്നത്. അവയാകട്ടെ ആരോഗ്യപരമായി പോലും ദ്രോഹകരമാണ് താനും. കിലോക്ക് രണ്ടായിരവും മൂവായിരവും രൂപ വില വരുന്ന ഈത്തപ്പഴങ്ങള്‍ ഉണ്ടെന്നത് ശരിയാണ്. അവയൊക്കെ നോമ്പ് തുറക്കാന്‍ കൊണ്ടുവരുന്നതാണെന്ന് ആരാണ് പറഞ്ഞത്? വില കുറഞ്ഞ കാരക്കയുടെ ഒരു ചുളയോ ചീന്തോ മതി ഇഫ്ത്വാറിന്. കൂടുതലൊന്നും ആരും തിന്നാറുമില്ല. തേങ്ങാപ്പൂളിന്റെ വില പോലും അതിനില്ല. ഈത്തപ്പഴത്തില്‍ നിന്ന് വ്യത്യസ്തമായി നാളികേരം മുഖ്യ ആഹാരമായ ഒരു രാജ്യവും ലോകത്തിലില്ല എന്ന കാര്യവും ലേഖകന്‍ മറന്നു, ഏത് വൈക്കോല്‍ തുരുമ്പ് കൊണ്ടും ഇസ്ലാമിനെ അടിക്കണമെന്നാണല്ലോ മനസ്സിലിരിപ്പ്.
സമുദായ ഐക്യത്തിന് ലീഗ് തയാറാകുമോ?
എം.എന്‍ മുഹമ്മദ് കാസിം കാഞ്ഞിരപ്പള്ളി
"നിസ്സാര ഭിന്നതകളും വിയോജിപ്പുകളും മറന്ന് മുസ്ലിം സമൂഹം ഐക്യത്തോടെ നീങ്ങാനുള്ള സന്ദേശമാണ് വിശുദ്ധ റമദാന്‍ നല്‍കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ പുണ്യമാസത്തില്‍ ക്ഷേമ സൌഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഹൈസണ്‍ ഹെരിറ്റേജില്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. മുസ്ലിം സംഘടനകളുടെ നേതാക്കളും യുവജന പ്രതിനിധികളും പങ്കെടുത്ത ഇഫ്ത്വാര്‍ സമുദായ ഐക്യത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്നതായി.
ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത് ഉള്‍പ്പെടെ പത്ത് സംഘടനകളുടെ പ്രതിനിധികള്‍ ഇഫ്ത്വാറില്‍ സംബന്ധിച്ചു'' (ചന്ദ്രിക ദിനപത്രം 29.7.2012).
അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലിയും മലബാറിലെ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിലേറ്റ തിരിച്ചടിയുടെയും പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് ഒറ്റപ്പെട്ട് പ്രതിരോധത്തിലായി. തന്നെയുമല്ല ഈവക ചെയ്തികള്‍ ജാതി സംഘടനകളുടെ ഏകീകരണത്തിനു വഴിതെളിയിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ലീഗേതര സംഘടനകളെ കൂട്ടുപിടിച്ച് സമുദായ ഐക്യം വളര്‍ത്താന്‍ ഇഫ്ത്വാര്‍ നടത്തുന്നതിലെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്.
പത്തില്‍ പരം സംഘടനകള്‍ പങ്കെടുത്ത ഇഫ്ത്വാറില്‍ മുമ്പ് അകറ്റിനിര്‍ത്തപ്പെട്ട ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത് എന്നിവരെ കൂടി പങ്കെടുപ്പിച്ചത് ലീഗിന്റെ നയംമാറ്റത്തിന്റെ സൂചനയോ? കോട്ടക്കല്‍ പ്രമേയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സംഘടനകളെ കൂടി ഉള്‍പ്പെടുത്തി ഒരു ഐക്യം ഉണ്ടാക്കിയെടുക്കുക എന്നത് ലീഗിന്റെ നേതൃത്വത്തില്‍ സാധ്യമാകുമോ?
മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ക്കുന്ന മുസ്ലിം സംഘടനകളോട് ലീഗ് പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്. അതിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമിയോടും ലീഗ് പിണങ്ങുകയും ചിലപ്പോള്‍ രൂക്ഷമായി എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത്-നഗരസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോട്ടക്കല്‍ വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗം ജമാഅത്തെ ഇസ്ലാമിയില്‍ തീവ്രവാദ ബന്ധം ആരോപിച്ച് അതിനെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ചതും ഉപര്യുക്ത നിലപാടുകളുടെ ഭാഗമായിരുന്നു. അപ്പോഴൊക്കെ ഈ എതിര്‍പ്പുകളെ ജമാഅത്തെ ഇസ്ലാമിയും അതിന്റേതായ ശൈലിയില്‍ പ്രതിരോധിച്ചിട്ടുണ്ട്. ഇനിയും ഭിന്നമായ രാഷ്ട്രീയ സമീപനം തുടരുന്നേടത്തോളം കാലം മുസ്ലിം ലീഗ്-ജമാഅത്തെ ഇസ്ലാമി ഇടച്ചിലുകള്‍ സ്വാഭാവികമാണ്.
അതേയവസരത്തില്‍ മാനവികവും സാമുദായികവുമായ പൊതു പ്രശ്നങ്ങളില്‍ യോജിപ്പിന്റെ ഒട്ടേറെ മാനങ്ങളും സാധ്യതകളുമുണ്ട്. എത്ര രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിടയിലും പൊതു താല്‍പര്യമുള്ള കാര്യങ്ങളില്‍ യോജിക്കുക എന്നതാണ് വിവേകത്തിന്റെ വഴി. അഞ്ചാറ് കൊല്ലം സജീവമായി പ്രവര്‍ത്തിച്ച മുസ്ലിം സംഘടനകളുടെ പൊതു കൂട്ടായ്മയായ മുസ്ലിം സൌഹൃദവേദിയില്‍ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും സജീവ പങ്കാളികളായിരുന്നു. രണ്ട് സംഘടകളും ഇടഞ്ഞ കാരണത്താലല്ല സൌഹൃദവേദി പ്രവര്‍ത്തനരഹിതമായത്; മതസംഘടനകളുടെ പരസ്പര ബന്ധങ്ങള്‍ കൂടുതല്‍ മോശമായ സാഹചര്യത്തിലാണ്. ഏതെങ്കിലും പ്രശ്നങ്ങളും വെല്ലുവിളികളും ഉയരുമ്പോഴാണ് മുസ്ലിം ഐക്യത്തിന്റെ കാഹളം മുഴങ്ങുന്നതെന്ന് സമുദായത്തിന്റെ പൊതു ദൌര്‍ബല്യമാണ്. സംസ്കരണവും നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കിയ ഒരു പൊതു അജണ്ട മുസ്ലിം സൌഹൃദവേദി അംഗീകരിച്ചിരുന്നുവെങ്കിലും പ്രാവര്‍ത്തികമായില്ല. യഥാര്‍ഥത്തില്‍ പ്രശ്നങ്ങളും പ്രയാസങ്ങളും വെല്ലുവിളികളും ഉയരാനുള്ള കാരണങ്ങള്‍ കണ്ടെത്തി സ്ഥായിയായ പരിഹാരത്തിനാണ് ഏതെങ്കിലും തലത്തില്‍ കൂട്ടായ്മകള്‍ രൂപപ്പെടേണ്ടത്. അതിലേക്കുള്ള കാല്‍വെപ്പാണ് മുസ്ലിംലീഗ് സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമവും അതില്‍ സംസ്ഥാനാധ്യക്ഷന്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ചെയ്ത പ്രസംഗവും എന്ന് പറയാനാവില്ലെങ്കിലും നീണ്ട ഇടവേളക്ക് ശേഷം ലീഗ് മുന്‍കൈയെടുത്ത് ഇത്തരമൊരു സംഗമമൊരുക്കിയത് തീര്‍ച്ചയായും പ്രത്യാശാജനകമായ ചുവട് വെപ്പാണ്. ജമാഅത്തെ ഇസ്ലാമി ആതിഥ്യമരുളിയ ഇഫ്ത്വാര്‍ സംഗമത്തിലും മുസ്ലിം ലീഗിന്റെയും മത സാംസ്കാരിക സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും സംബന്ധിക്കുകയുണ്ടായി. കോട്ടക്കല്‍ ഇഫക്ട് സ്വയം അലിഞ്ഞ് ഇല്ലാതായെന്നാണല്ലോ ഇതൊക്കെ നല്‍കുന്ന സന്ദേശം.
ലീഗിന്റെ അഞ്ചാം മന്ത്രി വിവാദത്തെത്തുടര്‍ന്ന് മുസ്ലിം ന്യൂനപക്ഷത്തിന് അനര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിച്ചുവെന്നും മുസ്ലിം പ്രീണനമാണ് കേരളത്തില്‍ നടക്കുന്നതെന്നുമുള്ള പ്രചാരണം ശക്തിപ്പെട്ടിരിക്കെ, അത് വസ്തുനിഷ്ഠമാണെന്ന് തെളിയിക്കേണ്ട ബാധ്യത തല്‍പരകക്ഷികള്‍ക്കുണ്ട്. സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് യഥാര്‍ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്നാണ് മുസ്ലിം സംഘടനാ പ്രതിനിധികള്‍ കൂട്ടായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടത്. അവാസ്തവങ്ങളുടെ പുകമറ സൃഷ്ടിച്ചു നടത്തുന്ന ഈ മനശ്ശാസ്ത്ര യുദ്ധത്തെ ധീരമായി നേരിടാന്‍ മുസ്ലിം രാഷ്ട്രീയ നേതൃത്വം മുന്‍കൈയെടുക്കേണ്ടത് സന്ദര്‍ഭത്തിന്റെ ആവശ്യമാണ്. അത് വിഭാഗീയമോ വര്‍ഗീയമോ ആയി കാണേണ്ട ഒരു കാര്യവുമല്ല. ഏതെങ്കിലും സമുദായങ്ങള്‍ക്കോ വിഭാഗങ്ങള്‍ക്കോ എതിരായല്ല രാജ്യത്തും സംസ്ഥാനത്തും ഏറ്റവും വലിയ പിന്നാക്ക മതന്യൂനപക്ഷ സമുദായത്തെ ദേശീയ മുഖ്യധാരയിലെത്തിക്കാനുള്ള നിയമാനുസൃത ദൌത്യത്തിന്റെ ഭാഗമായേ ഇതിനെ കാണേണ്ടതുള്ളൂ. മുസ്ലിം ലീഗ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സി.പി.എം നേതൃത്വം പരസ്യമായി ആരോപിച്ചിരിക്കെ, ഈ പ്രചാരണം കേരളീയ സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള നിഷേധാത്മക ഫലങ്ങള്‍ ഗൌരവപൂര്‍വം വിലയിരുത്തി അവധാനപൂര്‍വം നീങ്ങേണ്ട ബാധ്യത ലീഗിനുണ്ട്. അക്കാര്യത്തില്‍ സമുദായത്തെ മൊത്തം വിശ്വാസത്തിലെടുക്കാനും മുസ്ലിം ലീഗ് നേതൃത്വം തയാറാവണം. ഒപ്പം, സംഘടിപ്പിച്ച ശേഷമെങ്കിലും സംസ്കരിക്കുക എന്ന പ്രഖ്യാപിത നിലപാടിനോട് നീതി ചെയ്യാന്‍ മുസ്ലിം ലീഗിന് സാധ്യമായില്ലെങ്കില്‍ തീവ്ര സാമുദായികവാദികളും ലക്ഷ്യപ്രാപ്തിക്ക് ഹിംസ മാര്‍ഗം തെരഞ്ഞെടുത്തവരും അധാര്‍മിക ജീവിതം സ്വായത്തമാക്കിയവരുമൊക്കെ അണികളില്‍ കടന്നുകയറാനുള്ള സാധ്യത ഏറെയാണ്.
സ്വര്‍ഗം, നരകം,ശാസ്ത്രം
നസീര്‍ പള്ളിക്കല്‍ രിയാദ്
പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ ജീവിക്കുന്ന ഭൂമിയേക്കാള്‍ ചെറുതും വലുതുമായ അന്യഭൂമികള്‍ ഇന്ന് ശാസ്ത്ര ലോകം കണ്ടെത്തിക്കൊണ്ടിരിക്കുന്നു. എങ്കിലും 'സ്വര്‍ഗലോക'വും 'നരകലോക'വും അനന്തമായും അജ്ഞാതമായും നിലനില്‍ക്കുന്നു. അന്യ ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന സംശയങ്ങള്‍ക്ക് ശാസ്ത്രലോകം ബലം നല്‍കുകയും ചെയ്യുന്നു. എങ്കിലും പ്രപഞ്ചനിയന്താവായ ദൈവം തമ്പുരാനെയും അവന്റെ സൃഷ്ടികളില്‍പെട്ട മാലാഖമാരെയും ജിന്നു വര്‍ഗത്തെയും സത്യമായി അംഗീകരിക്കാന്‍ ശാസ്ത്രലോകം അമാന്തം കാണിക്കുന്നു. ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകള്‍ക്ക് ഖുര്‍ആനികമായ തെളിവുകള്‍ ലഭിക്കുമോ? മാലാഖ-ജിന്നു വര്‍ഗം പോലുള്ള നേരായ സങ്കല്‍പത്തിലേക്കുള്ള എത്തിനോട്ടമായി ശാസ്ത്രത്തിന്റെ പുതിയ ചില കണ്ടെത്തലുകളെയും വെളിപ്പെടുത്തലുകളെയും വിലയിരുത്താമോ?
'ആകാശത്തെ നാം കരങ്ങള്‍ കൊണ്ട് നിര്‍മിച്ചു, തീര്‍ച്ചയായും നാം അതിനെ വികസിപ്പിച്ചുകൊണ്ടും ഇരിക്കുന്നു' (51:47) എന്നത് ഖുര്‍ആന്റെ അധ്യാപനമാണ്. 'നിങ്ങള്‍ക്കല്‍പം മാത്രമേ ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളൂ' (17:85) എന്നതും അല്ലാഹുവിന്റെ വചനമത്രെ. അതിനാല്‍ മനുഷ്യന്റെ ബുദ്ധിയും തല്‍ഫലമായ ശാസ്ത്ര ഗവേഷണങ്ങളും പുരോഗമിക്കുന്തോറും വിസ്മയാവഹമായ പ്രാപഞ്ചിക രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. ഓരോ കണ്ടുപിടുത്തവും സ്രഷ്ടാവിന്റെ അപാരമായ സൃഷ്ടിവൈഭവത്തെയാണ് വിളംബരം ചെയ്യുന്നത്. 'ദൈവകണം' എന്ന് പേരിട്ട പ്രതിഭാസത്തിന്റെ അടുത്തെത്തി എന്ന് തോന്നിയപ്പോഴേക്ക് മനുഷ്യന്റെ അറിവ് പൂര്‍ണതയിലെത്തി, ദൈവം ഇല്ലെന്ന് തെളിഞ്ഞു എന്നൊക്കെ വിളിച്ചുകൂവുന്നത് അല്‍പത്തത്തിന്റെ മകുടോദാഹരണമേ ആവൂ.
ജിന്നും മലക്കുകളും അല്ലാഹുവിന്റെ അദൃശ്യ സൃഷ്ടികളും അതിനാല്‍ തന്നെ പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ അസ്തിത്വങ്ങളുമാണ്. ആറാം ഇന്ദ്രിയം അഥവാ ദിവ്യബോധനം മാത്രമേ അവരെപ്പറ്റിയുള്ള അറിവുകള്‍ മനുഷ്യര്‍ക്ക് നല്‍കൂ. ദിവ്യബോധനം ലഭിച്ച പ്രവാചകന്മാര്‍ പറഞ്ഞുതന്നതില്‍ കവിഞ്ഞ ഒന്നും ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല. പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ജ്ഞാനമാണ് ശാസ്ത്രത്തിന്റെ പ്രവര്‍ത്തന മണ്ഡലം. അതിനാല്‍ ആത്മാവ്, ജിന്ന്, മലക്ക്, മരണാനന്തര ജീവിതം, സ്വര്‍ഗം, നരകം എന്നിത്യാദി കാര്യങ്ങളില്‍ ശാസ്ത്രീയാന്വേഷണം വൃഥാവേലയാണ്. എന്നുവെച്ച് അവയൊക്കെ യുക്തിശൂന്യമായ വിശ്വാസങ്ങളാണെന്ന നിഗമനവും തീര്‍ത്തും തെറ്റാണ്. സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹുവിന്റെ അതിരുകളില്ലാത്ത അറിവുകളെക്കുറിച്ച് അല്‍പജ്ഞാനനായ മനുഷ്യന്‍ പറയുന്നതെന്തും അസംബന്ധമേ ആകൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍