Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 18

ഇസ്‌ലാമിക പ്രസ്ഥാനം ജനകീയതയിലേക്കുള്ള വഴിദൂരങ്ങള്‍

ബഷീര്‍ തൃപ്പനച്ചി

ഇസ്‌ലാം ഒരു ജനകീയ ജീവിത ദര്‍ശനമാണ്. ഏതൊരു ജനകീയ പ്രസ്ഥാനത്തിന്റെയും തുടക്കത്തില്‍ തുഛമായ അനുയായികളേ ഉണ്ടാവൂ. തീക്ഷ്ണമായ വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ കനല്‍ പാതകള്‍ താണ്ടിയാണവര്‍ ജനഹൃദയങ്ങളിലേക്ക് നടന്നു കയറുന്നത്. ഇസ്‌ലാമിക ജീവിതവ്യവസ്ഥയുടെ വളര്‍ച്ചയുടെ ചരിത്രവും ഇതിനപവാദമല്ല. പ്രവാചക പ്രബോധനത്തിന്റെ പ്രഥമഘട്ടത്തില്‍ അതീവ രഹസ്യമായി പോലും ദൈവിക സന്ദേശം സ്വീകരിക്കാന്‍ സന്നദ്ധത കാണിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. ബഹിഷ്‌കരണവും പീഡനമര്‍ദനങ്ങളും അതിജീവിക്കാന്‍ മാത്രം വിശ്വാസ കരുത്തുള്ള ചെറുകൂട്ടം മാത്രമായിരുന്നു മക്കയിലെ പരസ്യപ്രബോധന കാലയളവില്‍ ഇസ്‌ലാമില്‍ അണിനിരന്നത്. ദൈവിക വചനങ്ങളുടെ അവതരണ അകമ്പടിയും ദൈവദൂതന്റെ സാന്നിധ്യവും ഉണ്ടായിട്ടുപോലും പത്ത് വര്‍ഷത്തിന് ശേഷം ഹിജ്‌റ പ്രഖ്യാപിക്കുമ്പോഴും ആയിരത്തില്‍ താഴെയായിരുന്നു വിശ്വാസി സംഘം. ബദ്‌റും ഉഹുദും ഖന്‍ദഖുമെല്ലാം കഴിഞ്ഞ് മക്കാവിജയത്തിലെത്തുമ്പോഴാണ് ഇസ്‌ലാം സമ്പൂര്‍ണ ജനകീയ പ്രസ്ഥാനമാവുന്നത്. വിശുദ്ധ വേദഗ്രന്ഥം തന്നെ സൂചിപ്പിച്ചതുപോലെ പിന്നീട് കൂട്ടംകൂട്ടമായി ഗോത്രങ്ങളും സംഘങ്ങളും ഇസ്‌ലാമിലേക്ക് വന്നണയുന്ന കാലമായിരുന്നു.
ഇസ്‌ലാമിക ദര്‍ശനത്തിന്റെ ദൈവികത കൊണ്ട് മാത്രമായിരുന്നില്ല ഈ ജനകീയ തള്ളിക്കയറ്റം സാധ്യമായത്. മറിച്ച് മാറിയ സാഹചര്യത്തില്‍ പ്രവാചകന്‍ നേതൃത്വം നല്‍കുന്ന ഇസ്‌ലാമിക പ്രസ്ഥാനം സ്വീകരിച്ച ഉദാരമായ നയനിലപാടുകള്‍ കൊണ്ടുകൂടിയായിരുന്നു. പരീക്ഷണങ്ങളുടെയും പീഡനങ്ങളുടെയും ഘട്ടത്തില്‍ ഇസ്‌ലാമിലേക്ക് കടന്നുവന്ന ആദ്യകാല സ്വഹാബികളുടെ സമര്‍പ്പണത്തിന്റെയും ഈമാനികാഴത്തിന്റെയും ഏഴയലത്ത് വരാന്‍ വിജയ കാലഘട്ടത്തിന് ശേഷം വന്ന അനുയായികള്‍ യോഗ്യരായിരുന്നില്ല. പക്ഷേ, ഇസ്‌ലാമിക സന്ദേശം വിജയിക്കുകയും പ്രചരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ കടന്നുവന്ന സംഘങ്ങളെയും വ്യക്തികളെയും മുന്‍ഗാമികളുടെ ജീവിത സമര്‍പ്പണ തോതുമായി പ്രവാചകന്‍ തുലനം ചെയ്യാന്‍ മുതിര്‍ന്നിട്ടില്ല. ഒരാളെയും സത്യമാര്‍ഗത്തില്‍ പ്രവേശിക്കാന്‍ യോഗ്യതയും സമയവുമായിട്ടില്ലെന്ന് പറഞ്ഞ് വിലക്കിയിട്ടുമില്ല. അവരില്‍ സമ്പന്നനും ദരിദ്രനും അക്ഷരജ്ഞാനമുള്ളവനും ഇല്ലാത്തവനുമുണ്ടായിരുന്നു. കര്‍ഷകനും കച്ചവടക്കാരനും തൊഴിലാളിയും അടിമകളുമുണ്ടായിരുന്നു. എല്ലാവരെയും പ്രവാചകന്‍ ഒരേ മനസ്സോടെ ഹാര്‍ദ്ദവമായി ദൈവികദീനിലേക്ക് സ്വാഗതം ചെയ്തു. അന്നത്തെ വിശാലമായ ഇസ്‌ലാമിക സമൂഹത്തില്‍ മുനാഫിഖുകള്‍ പോലും സജീവമായിരുന്നുവെന്നത് ചരിത്രമാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ വളര്‍ച്ചയുടെ വിജയവേളയില്‍ മുഹമ്മദ് നബി സ്വീകരിച്ച ജനകീയ നിലപാടിന്റെ ചിത്രമാണിത്. അബൂബക്‌റിനും ഉമറിനുമൊപ്പം ബിലാലും സല്‍മാനുല്‍ ഫാരിസും ഹസ്സാനുബ്‌നു സാബിത്തും ഖന്‍സയുമെല്ലാം ഇസ്‌ലാമിക സമൂഹത്തിന്റെ മുഖ്യധാരയെ പ്രതിനിധീകരിച്ചിരുന്ന സുവര്‍ണമാതൃക. ഈ സമത്വസുന്ദര ജനകീയ ഇസ്‌ലാമാണ് ദശകങ്ങള്‍ക്കകം ഏഷ്യയും ആഫ്രിക്കയും കടന്ന് യൂറോപ്പ് വരെയെത്തിയത്.
പ്രബോധനം വാരികയില്‍ ആറ് ലക്കങ്ങളായി വന്ന പി.കെ ജമാലിന്റെ ഇസ്‌ലാമിക പ്രസ്ഥാനം വിശാല ഭൂമിക തേടുമ്പോള്‍ എന്ന പഠനമാണ് ഇസ്‌ലാമിന്റെ ജനകീയതയിലേക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിച്ചത്. പ്രതിസന്ധികളുടെ മുള്‍പ്പാതയിലൂടെയാണ് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനവും പ്രവര്‍ത്തനമാരംഭിച്ചത്. സംഘടന രൂപീകരിക്കും മുമ്പേ സയ്യിദ് മൗദൂദി തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെ ആശയപ്രചാരണമാരംഭിച്ചിരുന്നു. അതിനോട് അനുകൂല പ്രതികരണമറിയിച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാനമനസ്‌കരായ പണ്ഡിതര്‍ ചേര്‍ന്നാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന് രൂപം നല്‍കുന്നത്. പിന്നീട് ആശയപ്രചാരണത്തിന്റെയും പഠന സഹവാസങ്ങളുടെയും കാലമായിരുന്നു. പഞ്ചാബിലെ പഠാന്‍കോട്ടില്‍ കുടുംബസമേതമായിരുന്നു പലരുടെയും താമസം. ഒരര്‍ഥത്തില്‍ ആ കാലത്തെ ഇസ്‌ലാമിക പ്രസ്ഥാനം അവിടെ മാത്രം പരിമിതപ്പെട്ടുവെന്ന് പറയാം. അടുത്ത ഘട്ടത്തിലാണ് സ്വന്തം നാടുകളിലേക്ക് തിരിച്ച് വന്ന് സംഘടനാപ്രവര്‍ത്തനം ആരംഭിക്കുന്നത്.
ബഹിഷ്‌കരണത്തിന്റെയും പരിഹാസങ്ങളുടെയും കാലമായിരുന്നു തുടര്‍ന്നുവന്നത്. ഭൂരിപക്ഷ മുസ്‌ലിംകള്‍ക്കും അന്ന് ഇസ്‌ലാം ആരാധനാ പദ്ധതിയായിരുന്നു. അല്‍പം ഭൗതിക വിദ്യാഭ്യാസം നേടിയവര്‍ മതത്തെ തന്നെ പുഛത്തോടെ നോക്കിയ കാലം. വിരലിലെണ്ണാവുന്ന ഇസ്‌ലാമിക പ്രവര്‍ത്തകര്‍ തങ്ങള്‍ മനസ്സിലാക്കിയ ഇസ്‌ലാമിന്റെ സമഗ്രസന്ദേശം മറ്റുള്ളവരെ പഠിപ്പിക്കാന്‍ നന്നെ പാടുപെട്ടു. പഠനം തന്നെയായിരുന്നു അന്നത്തെ മുഖ്യ ഇസ്‌ലാമിക പ്രവര്‍ത്തനം. പ്രസ്ഥാന സാഹിത്യങ്ങളുമായി വീടുകള്‍ കയറിയിറങ്ങി അനുയോജ്യരെ കണ്ടെത്തി സംസാരിച്ചും സംവദിച്ചും പുസ്തകങ്ങള്‍ കൈമാറിയും സന്ദേശം പ്രചരിപ്പിച്ചു. ജീവിത വിശുദ്ധി പുലര്‍ത്തുകയും പ്രസ്ഥാനത്തെ ആഴത്തില്‍ പഠിക്കുകയും ചെയ്തവരെ മാത്രം സംഘടനയിലേക്ക് ചേര്‍ത്തു. ഒരു കാലഘട്ടത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ സമ്പൂര്‍ണ അജണ്ടയാണിത്.
ആ ഘട്ടത്തില്‍ നിന്നും സംഘടന വളര്‍ന്നു. ആശയങ്ങള്‍ പ്രചരിച്ചു. അണികളുണ്ടായി. പഴയതിനൊപ്പം പുതിയ അജണ്ടകള്‍ അനിവാര്യമായി. ഇതര മതസ്ഥരോടും ദര്‍ശനങ്ങളോടും സംവദിച്ചു തുടങ്ങി. അതിനാവശ്യമായ പ്രസിദ്ധീകരണങ്ങളും സംവിധാനങ്ങളുമുണ്ടായി. ഇവയുടെയെല്ലാം സ്വാധീനഫലമായി സംഘടനാ ഘടനക്ക് പുറത്ത് ഒരു വലിയ അനുഭാവിവൃത്തം വികസിച്ചുവന്നു. ഈ വ്യത്യസ്ത വിഭാഗക്കാരായ അനുഭാവികളെ ഉള്‍ക്കൊള്ളാനും അവരെ കൂടി അണികളാക്കാനും സംഘടന സ്ട്രക്ചറില്‍ മാറ്റം അനിവാര്യമായിരുന്നു. പക്ഷേ, അതു സംഭവിച്ചില്ല. കോളനി വാഴ്ച കാലത്ത് രൂപപ്പെടുത്തിയ കര്‍ക്കശമായ കേഡര്‍ സംവിധാന ഘടന മാറ്റമില്ലാതെ തുടര്‍ന്നു. സംഘടന വികസിച്ചിട്ടും അംഗങ്ങളുടെ എണ്ണത്തില്‍ കാര്യമായ മാറ്റം ഉണ്ടാവാത്തതിന്റെ കാരണമതാണ്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യ തലമുറ അതിസാഹസികമായി പ്രചരിപ്പിക്കാന്‍ ശ്രമിച്ച ആശയത്തിന്റെയും സന്ദേശത്തിന്റെയും വിജയമാതൃകകള്‍ ലോകത്തുടനീളം തെളിഞ്ഞ് കത്തുന്ന കാലമാണിന്ന്. കടുത്ത പരീക്ഷണങ്ങളെ അതിജീവിച്ച് ആ തലമുറ പ്രചരിപ്പിച്ച ആശയാവലികളെയും മുദ്രാവാക്യങ്ങളെയും അന്ന് ഉട്ട്യേപ്യനെന്ന് പരിഹസിച്ചവര്‍പോലും അപ്പടി പകര്‍ത്തുന്ന കാലം. ആശയമേല്‍കോയ്മയുടെ വിജയഘട്ടം. പക്ഷേ, മക്കാ വിജയാനന്തരം പ്രവാചക നേതൃത്വത്തിലുള്ള ഇസ്‌ലാമിന് സാധിച്ച വളര്‍ച്ചയും ജനകീയതയും പ്രസ്ഥാനത്തിന് ഈ പ്രചാരണ വിജയഘട്ടത്തിലും അന്യം നില്‍ക്കുന്നു. കര്‍ഷകരും തൊഴിലാളികളും അഭ്യസ്തവിദ്യരും അല്ലാത്തവരുമായ സാധാരാണക്കാരെയടക്കം ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ സ്ട്രക്ചര്‍ വികസിപ്പിക്കാന്‍ സംഘടനക്കിനിയും സാധ്യമായിട്ടില്ല.
ഒരു നാട്ടിലെ മൊത്തം സമൂഹത്തിന് നേതൃത്വം നല്‍കാന്‍ ശേഷിയുള്ള ടീമിനെ വളര്‍ത്തിയെടുക്കാന്‍ സാധ്യമാവുന്ന തരത്തിലാണ് പ്രസ്ഥാനത്തിന്റെ പ്രാദേശിക മീറ്റിങ്ങുകളുടെ അജണ്ടകള്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. പഠനവും വായനയും അത്യാവശ്യ ഘടകമായ അതില്‍ സാധാരണക്കാരന് കേള്‍വിക്കാരന്റെ റോള്‍ മാത്രമാണുള്ളത്. അത്തരം യോഗങ്ങളിലൂടെ വളര്‍ന്ന് വന്നത്/വളര്‍ന്ന് കൊണ്ടിരിക്കുന്നത് വിദ്യാസമ്പന്നരും വായനാശീലവുമുള്ള ഒരു ചെറിയ വിഭാഗം മാത്രമാണ്. അതിന്റെ പരിധിക്ക് പുറത്ത് നില്‍ക്കുന്ന മഹാഭൂരിപക്ഷം സാധാരണക്കാരെ ആകര്‍ഷിക്കുന്ന അജണ്ടകളും സംവിധാനങ്ങളും ഇനിയും വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. പല ക്രിയാത്മക വിമര്‍ശകരും ചൂണ്ടിക്കാണിച്ചതുപോലെ പ്രസ്ഥാനം ഇപ്പോഴും മധ്യവര്‍ഗത്തില്‍ മാത്രം പരിമിതപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരായിരുന്നു എല്ലാ പ്രവാചകന്‍മാരുടെയും അനുയായികളില്‍ ഭൂരിപക്ഷമെന്നത് ഖുര്‍ആനിക പാഠമാണ്. അവരെ കൂടി ഉള്‍ക്കൊള്ളാന്‍ സാധിക്കുംവിധം സംഘടനാഘടനയില്‍ മാറ്റം വരാത്തിടത്തോളം കാലം സമ്പൂര്‍ണ ഇസ്‌ലാമിക പ്രസ്ഥാനമെന്ന് എങ്ങനെ അവകാശപ്പെടാനാവും?
ധൈഷണികമായ ഇടപെടലുകള്‍ കൊണ്ടും സാംസ്‌കാരിക വിനിമയം കൊണ്ടും മാത്രമായിരുന്നില്ല ഇസ്‌ലാമിന്റെ വളര്‍ച്ച സാധ്യമായത്. അതിനോടൊപ്പം തന്നെ ജൈവികമായ വൈകാരികതലം കൂടി ഇസ്‌ലാമിനുണ്ടായിരുന്നു. സാധാരണക്കാരെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചത് ഈ വൈകാരിക ആത്മീയതലമായിരുന്നു. അതിനെ പൂര്‍ണാര്‍ഥത്തില്‍ അഭിസംബോധന ചെയ്യാന്‍ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് സാധിച്ചിട്ടില്ല. ധൈഷണികമായ കനത്ത ഈടുവെപ്പുകള്‍ ആവശ്യമായ ഒരു പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ നിശ്ചിതഘട്ടത്തില്‍ വായനയും ചിന്തയുമുള്ള വിഭാഗത്തെ മാത്രമേ ആകര്‍ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്ന പരിമിതി മനസിലാക്കാം. പക്ഷേ, പ്രവര്‍ത്തനത്തിന്റെ അര നൂറ്റാണ്ട് എന്നോ പിന്നിട്ടു കഴിഞ്ഞിട്ടും അത്തരക്കാരില്‍ മാത്രം സംഘടന പരിമിതമാവുന്നൂവെങ്കില്‍ അതിന്റെ കാരണങ്ങള്‍ കൂടുതല്‍ വിശകലനമര്‍ഹിക്കുന്നുണ്ട്.
പുതിയ ചക്രവാളങ്ങളിലേക്ക് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വെളിച്ചമെത്തണമെങ്കില്‍ ഇനിയും മനുഷ്യവിഭവശേഷിയാര്‍ജിക്കേണ്ടതുണ്ട്. വ്യത്യസ്ത ഫീല്‍ഡില്‍ അവഗാഹവും പരിചയവുമുള്ളവര്‍ അണികളിലും നേതൃത്വത്തിലും ഉണ്ടാകേണ്ടതുണ്ട്. ഒരേ ചിന്തയും സമീപനവുമുള്ള പ്രഗത്ഭരും പ്രശസ്തരുമായ ഒന്നിലധികം വ്യക്തികളെക്കാള്‍ അത്രയൊന്നും പ്രഗത്ഭരല്ലാത്ത വ്യത്യസ്ത രംഗങ്ങളില്‍ അറിവും കാഴ്ചപ്പാടുമുള്ളവരാണ് ഒരു സംഘടനയുടെ വളര്‍ച്ചയില്‍ കൂടുതല്‍ പ്രയോജനം ചെയ്യുക. സംഘടനയുടെ അജണ്ടയും സമീപനരീതികളും വികസിപ്പിച്ചെടുക്കുന്ന ഉന്നതബോഡിയില്‍ ഇത്തരക്കാര്‍ എത്തേണ്ടതുണ്ട്. പുതിയ പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അവരുടെ സാന്നിധ്യം പ്രയോജനം ചെയ്യും. ഒരേ ചിന്തയും സമീപനവുമുള്ള ഒരു കൂട്ടം ആളുകളില്‍ നിന്ന് അല്‍പസ്വല്‍പം മാറ്റങ്ങളോടെയുള്ള ആവര്‍ത്തനങ്ങളല്ലാതെ പുതിയ കാല്‍വെപ്പുകളും പ്രവര്‍ത്തനരീതികളും പ്രതീക്ഷിക്കുക സാധ്യമല്ല. പ്രാദേശിക തലങ്ങളിലും ഈ മാറ്റം അനിവാര്യമാണ്. കേരളത്തിലെ പല മുസ്‌ലിം സംഘടനകളും ചലനമില്ലാതെ സംതംഭിച്ചുപോകാനുള്ള മുഖ്യകാരണങ്ങളിലൊന്ന് അണികളുടെയും നേതൃത്വത്തിലുമുള്ളവരുടെയും ഭാവനാശൂന്യതയാണ്. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തുടങ്ങിയ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും വരുംകാലങ്ങളിലെ മുഖ്യ അജണ്ടകളില്‍ അതിന് സ്ഥാനമുണ്ടാവുമെന്ന് പ്രത്യാശിക്കുന്നു.
basheerudheen.blogspot.in

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍