Prabodhanm Weekly

Pages

Search

2012 ജൂണ്‍ 9

മദ്റസകളുടെ ചരിത്ര പരിണാമങ്ങള്‍

കെ. അശ്റഫ്

ദ്റസ എന്ന വാക്കിന് 'ജിഹാദ് ഫാക്ടറി' എന്നു പേരുവരുന്നത് ഏകദേശം പത്തുവര്‍ഷം മുമ്പാണ്. അതിനു മുമ്പ് മദ്റസ എന്ന സ്ഥാപനം നിലവിലുണ്ടോ എന്നു പോലും അറിയാതിരുന്ന പാശ്ചാത്യ വായനക്കാര്‍ മദ്റസ എന്ന വാക്കിന്റെ വിവര്‍ത്തനം 'ജിഹാദ് ഫാക്ടറി' എന്നാണെന്ന് ഉറപ്പിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വവും അവരുടെ ഉപകരണങ്ങളായ മാധ്യമങ്ങളും രൂപപ്പെടുത്തിയ വിവര്‍ത്തനത്തിന്റെ രാഷ്ട്രീയം (ജീഹശശേര ീള ൃമിഹെമശീിേ), മുസ്ലിം ജീവിതത്തിന്റെ സാങ്കേതിക പദാവലികളെ തങ്ങളുടെ അധികാരത്തിന്റെ നിലനില്‍പിനു വേണ്ടി നിരന്തരം പുതുക്കിപ്പണിതു കൊണ്ടിരിക്കുന്നു. ഒരു കാലത്ത് ഒന്നിനും കൊള്ളില്ലെന്നും ചരിത്രത്തിനു പുറത്ത് ജീവിക്കുന്നുവെന്നുമൊക്കെ ചിത്രീകരിക്കപ്പെട്ട താടിവെച്ച, തൊപ്പിയിട്ട, നിസ്കാരത്തഴമ്പുള്ള അഫ്ഗാന്‍ 'മുസ്ലിമി'ന് പെട്ടെന്നൊരു ദിവസം ലോക ഘടനയെത്തന്നെ തകര്‍ത്ത് തരിപ്പണമാക്കാന്‍ ശേഷിയുള്ള 'ഭീകരവാദി' മുദ്ര ലഭിക്കുന്നത് മേല്‍പറഞ്ഞ വിവര്‍ത്തന രാഷ്ട്രീയത്തിലൂടെയാണ്. സാമ്രാജ്യത്വം നിര്‍മിക്കുന്ന വിജ്ഞാനകോശം ചില വാക്കുകളെ ആവശ്യാനുസരണം എടുത്തുചേര്‍ത്ത് വ്യാഖ്യാനിക്കുകയും ചില വാക്കുകളെ എഡിറ്റ് ചെയ്ത് കളയുകയും ചെയ്യുന്നുണ്ട്. ആഗോള എംപയറിന്റെ വിജ്ഞാനകോശം വ്യാഖ്യാനിച്ചുണ്ടാക്കിയതാണ് 'ജിഹാദ് ഫാക്ടറി.' ഈ നിര്‍മിതിയിലൂടെ അഫ്ഗാനിലും(2001) ഇറാഖിലും(2003) തങ്ങളുടെ അധികാരം ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മാത്രമല്ല ലോകത്തെ മിക്ക ഭാഗങ്ങളിലും ആധുനിക ഭരണകൂടങ്ങള്‍ നല്‍കുന്ന ഔദ്യോഗിക വിദ്യാഭ്യാസത്തിനു സമാന്തരമായോ/ഒപ്പമോ/ എതിര്‍ത്തോ മുസ്ലിംകള്‍ പ്രത്യേക തരത്തിലുള്ള നൈതിക ബോധനരീതി (ലവേശരമഹ ുലറമഴീഴ്യ) എന്ന രീതിയില്‍ മദ്റസ സംവിധാനം നടത്തി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ജനകീയ വിദ്യാഭ്യാസമെന്ന രീതിയിലും ഭരണകൂട ബാഹ്യമായ സമുദായ കര്‍തൃത്വ ശേഷിയുടെ വികാസമായും മദ്റസകള്‍ നിലനില്‍ക്കുന്നു. മുസ്ലിംകളെ വളരെ എളുപ്പം ടാര്‍ഗറ്റ് ചെയ്യാന്‍ സാമ്രാജ്യത്വത്തിന് ഇതിലൂടെ സാധ്യമാകുന്നു. കാരണം ആധുനിക സ്റേറ്റും അതിനെ നിയന്ത്രിക്കുന്നവരും ഒരര്‍ഥത്തില്‍ എംപയറിന്റെ വിശാലമായ ഘടനയുടെ ഭാഗമാണ്. അതുകൊണ്ടാണ് മദ്റസ നവീകരണം എന്നത് എല്ലാ ഭരണകൂടങ്ങളുടെയും അജണ്ടയാവുന്നത്.

യുദ്ധം, മാധ്യമ പ്രൊപഗണ്ട, ആധുനിക/മതേതര ഉല്‍കണ്ഠകള്‍, ഭരണകൂടങ്ങളുടെ നിയന്ത്രണം, മേല്‍ക്കോയ്മയുള്ള സാംസ്കാരിക വിധികള്‍ എന്നിവയ്ക്ക് ഈയടുത്ത കാലത്തായി മദ്റസകള്‍ ധാരാളമായി വിധേയമാവുന്നു. ലോകത്തെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനവും ആളുകളെ ഇത്രയധികം ഭീതിപ്പെടുത്തുന്നില്ല. ആധുനിക സ്കൂളുകള്‍, യൂനിവേഴ്സിറ്റികള്‍, മിലിട്ടറി അക്കാദമികള്‍ ഇവയൊക്കെ 'സായുധ' അക്രമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നുണ്ടെങ്കിലും അതൊക്കെ 'ആധുനിക/മതേതര' സത്യങ്ങളായതിനാല്‍ സ്വയം വിമോചനപരമെന്നാണ് മദ്റസകള്‍ക്കെതിരെ കാമ്പയിന്‍ നടത്തുന്നവര്‍ കരുതുന്നത്. മാത്രമല്ല മദ്റസകളുടെ 'സായുധ' സ്വഭാവത്തിനെതിരെ യൂനിവേഴ്സിറ്റി പ്രഫസര്‍ മുതല്‍ ആധുനിക സൈനികര്‍ വരെ നടത്തുന്ന 'യുദ്ധങ്ങള്‍' മതബാഹ്യവും ആധുനികവും മതേതരവുമായതുകൊണ്ട് 'വിമോചനപരവും' 'സ്വാതന്ത്യ്രം' 'ജനാധിപത്യം' എന്നിവയുടെ ഭാഗവുമാണ് (കേരളത്തില്‍ എസ്.എഫ്.ഐക്കാര്‍ തല്ലിയാല്‍ അത് 'വിമോചനവും', എസ്.ഐ.ഒക്കാര്‍ പ്രതിഷേധിച്ചാല്‍ അത് 'താലിബാനിസ'വുമാകുന്ന ഇടതുപക്ഷയുക്തി സാന്ദര്‍ഭികമായി ഓര്‍ക്കുക).
ഇങ്ങനെ മദ്റസകള്‍ക്കെതിരെ ആധുനിക മതേതരത്വം, അമേരിക്ക നേതൃത്വം നല്‍കുന്ന എംപയറിന്റെ അധികാര താല്‍പര്യത്തെ പല രീതിയില്‍ പിന്തുണക്കുന്നുണ്ട്. ഇത്തരം വിജ്ഞാന/അധികാര വ്യവസ്ഥയെ ലംഘിക്കുന്ന ഒരു പഠനമാണ് ടരവീീഹശിഴ കഹെമാ: ഠവല ഈഹൌൃല മിറ ജീഹശശേര ീള ങീറലൃി ങൌഹെശാ ഋറൌരമശീിേ എന്ന കൃതി. മദ്റസകള്‍ സമകാലിക ലോകത്ത് എങ്ങനെ പ്രവര്‍ത്തിക്കുന്നു, മദ്റസകളുടെ ചരിത്രപരമായ വികാസമെങ്ങനെ എന്നീ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചാണ് പുസ്തകത്തിന്റെ പ്രധാന വാദഗതികള്‍ രൂപപ്പെടുന്നത്. എന്നു മുതലാണ് 'മതപഠനം' എന്ന രീതി ഇസ്ലാമിക ലോകത്ത് കടന്നു വരുന്നതെന്നും ഓരോ കാലത്തും മദ്റസാ പഠനത്തിന് സംഭവിക്കുന്ന മാറ്റങ്ങളും ആ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ നടന്ന സംവാദങ്ങളും തൊട്ട് ഇന്നത്തെ ദയൂബന്ദി പ്രസ്ഥാനങ്ങള്‍ വരെ ചര്‍ച്ച ചെയ്യപ്പെടുന്നു.
എന്തുകൊണ്ട് ഈ പുസ്തകം എന്നതിന് എഡിറ്റര്‍മാര്‍ രണ്ട് സംഭവങ്ങളാണ് പറയുന്നത്. ഒന്ന്, പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നാരംഭിച്ച താലിബാന്‍ എന്ന പ്രസ്ഥാനത്തെക്കുറിച്ചു നടന്ന ചര്‍ച്ചകള്‍. രണ്ട്, ബാലി സ്ഫോടനം(2002) നടന്നയുടനെ ഇന്തോനേഷ്യന്‍ മദ്റസകളെ ചുറ്റിപ്പറ്റി നടന്ന മാധ്യമ ചര്‍ച്ചകള്‍. ഈ രണ്ട് സംഭവങ്ങളും അറബ്-അറബിതര മദ്റസകളെ കേന്ദ്രീകരിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. "മില്യനിലധികം കുട്ടികളാണ് പാക്-അഫ്ഗാന്‍ മേഖലയിലെ മദ്റസകളില്‍ പഠിക്കുന്നത്. അവിടെ നിന്നാണ് സായുധ ഇസ്ലാം(ാശഹശമിേ ഹഹെമാ) പുറത്തുവരുന്നത്'' എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് തട്ടിവിട്ടത്. ആദ്യമായി മദ്റസ എന്ന പേരു കേള്‍ക്കുന്ന പാശ്ചാത്യ വായനക്കാരന്‍ 'സായുധ' ഇസ്ലാമിന്റെ വളര്‍ത്തു പുരകളായി മദ്റസകളെ മനസ്സിലാക്കുന്നു.
എന്നാല്‍ പാശ്ചാത്യ മാധ്യമങ്ങളുടെ ഭയമുല്‍പാദിപ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍നിന്ന് മാറി ഈ പുസ്തകം മറ്റൊരു കാഴ്ചപ്പാട് വികസിപ്പിക്കുന്നു. 'ഞങ്ങള്‍ നോക്കുന്നത് മതേതര വിദ്യാഭ്യാസമാണോ പൊതു വിദ്യാഭ്യാസമാണോ എന്നല്ല. ഇസ്ലാമിക വിജ്ഞാനങ്ങളെയും സ്ഥാപനങ്ങളെയും അവ ഉണ്ടാക്കുന്ന വിജ്ഞാന-വിതരണ രീതികളെയുമാണ്.'
കുത്താബുകളില്‍ (പള്ളി കേന്ദ്രീകരിച്ചുള്ള പഠനരീതി) നിന്നു തുടങ്ങിയ സംഘടിത ഇസ്ലാമിക വിദ്യാഭ്യാസം ഹിജ്റയുടെ മൂന്നു നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് മദ്റസ സംവിധാനത്തിലേക്ക് കടക്കുന്നത്. ഈ പുസ്തകം പറയുന്നതിനനുസരിച്ച്, അറബ് ലോകത്തല്ല ആദ്യത്തെ മദ്റസ നിലവില്‍ വന്നത്, ഇറാനിലെ ഖുറാസാനിലാണ്. പിന്നീട് ബഗ്ദാദിലും (ക്രി. 1063), ദമസ്കസിലും (ക്രി. 1090), കയ്റോവിലും (ക്രി. 1170) രണ്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞ് സ്പെയിനിലും ഇന്ത്യയിലും മദ്റസകള്‍ ആരംഭിക്കുന്നു.
മദ്റസകള്‍ അക്കാലത്ത് പള്ളികള്‍ കേന്ദ്രീകരിച്ചും അല്ലാതെയും നിലവിലുണ്ടായിരുന്നു. മദ്റസകളുടെ സാമ്പത്തിക ചെലവുകള്‍ വഖ്ഫിലൂടെയും സ്റേറ്റ് ഫണ്ടിലൂടെയുമാണ് അക്കാലത്ത് കണ്ടെത്തിയിരുന്നത്.
ഉദാഹരണത്തിന് പതിനൊന്നാം നൂറ്റാണ്ടില്‍ ഇറാനില്‍ ഭരണകൂട ബാഹ്യ ഏജന്‍സിയായ സിവില്‍ സൊസൈറ്റിയാണ് മദ്റസകള്‍ നടത്തിയത്. അക്കാലത്തു തന്നെ ഇറാഖില്‍ സല്‍ജൂഖുകളും ഈജിപ്തിലും സിറിയയിലും മംലൂക്കുകളും മദ്റസകളെ ഫണ്ടു നല്‍കി നിയന്ത്രിക്കുകയും ചെയ്തു. സ്റേറ്റ് തന്നെയാണ് മദ്റസകള്‍ നിയന്ത്രിച്ചിരുന്നത്. മദ്റസകളെക്കുറിച്ചുള്ള ഇന്നത്തെ പൊതുധാരണ 'അപരിഷ്കൃതരും' 'പാമരരുമായ' ജനങ്ങളെ നിയന്ത്രിക്കാന്‍ ലോകത്തുടനീളം ഒരു മധ്യകാല മതം ഉണ്ടാക്കിയ അപരിഷ്കൃത വിദ്യാഭ്യാസ സ്ഥാപനം എന്നതാണ്.
മദ്റസകളെ മുന്‍നിറുത്തി ഉന്നയിക്കാറുള്ള മറ്റൊരു പ്രധാന വിമര്‍ശനം, അവ 'പൂര്‍വാധുനിക' ജീവിതത്തെ 'ആധുനിക' ജീവിതത്തിലേക്ക് ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നു എന്നാണ്. ഈ പുസ്തകം ഇതിനെതിരെ വാദമുഖങ്ങള്‍ നിരത്തുന്നു. പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ കണ്ടുവരുന്ന യൂറോപ്യന്‍/കൊളോണിയല്‍ ആധുനികത കൊണ്ടുവന്ന ഭരണപരവും സാംസ്കാരികവുമായ ആധുനികത മദ്റസകളുടെ ഘടനയെയും ഉള്ളടക്കത്തെയും പുതുക്കിപ്പണിഞ്ഞിട്ടുണ്ട്. ഇത് പൂര്‍വാധുനിക/കൊളോണിയല്‍ പൂര്‍വ ആധുനിക മാതൃകയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. പൂര്‍വാധുനിക മദ്റസകളില്‍ കേന്ദ്രീകൃത ഭരണനിര്‍വഹണം ഇല്ലായിരുന്നു. അവ വളരെ ഔപചാരികവും കേന്ദ്രീകൃതമല്ലാത്ത ശൃംഖലകള്‍ നിറഞ്ഞതുമായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള മദ്റസകള്‍ ആധുനിക ഭരണനിര്‍വഹണ മാതൃക, പ്രിന്റ് ആന്റ് ഇലക്ട്രോണിക് മീഡിയ, കേന്ദ്രീകൃത സിലബസ്സ്, വൈസ് ചാന്‍സ്ലര്‍ക്ക് സമാനമായ മുഫ്തി എന്നിവ അടങ്ങിയതാണ്. പൂര്‍വാധുനിക മദ്റസകള്‍ വ്യക്തി/സാമുദായിക സാക്ഷാല്‍ക്കാരത്തെ ലക്ഷ്യമിടുമ്പോള്‍ ആധുനിക മദ്റസകള്‍ ദേശരാഷ്ട്രം, പൌരത്വം, മതത്തിന്റെ ആധുനിക വ്യാഖ്യാനം തുടങ്ങിയ ഘടനകളെ മുന്‍നിറുത്തിയാണ് രൂപപ്പെടുന്നത്. മാക്സ് വെബറൊക്കെ നിരീക്ഷിക്കുന്ന ആധുനിക സ്കൂളിംഗിന്റെ മറ്റൊരു തലമാണ് മദ്റസകളുടെ കാര്യത്തിലും സംഭവിക്കുന്നത്. "ഫ്രഞ്ച് കര്‍ഷകനെ ഫ്രഞ്ച് പൌരനാക്കുന്നതില്‍ സാര്‍വത്രിക സ്കൂളിംഗിനുള്ള പങ്ക് മദ്റസ ആധുനിക സ്കൂളിംഗിലേക്ക് മാറുമ്പോള്‍ സംഭവിക്കുന്നുണ്ട്.'' എന്നാണ് മാക്സ് വെബറുടെ നിരീക്ഷണം.
മദ്റസകളുടെ രൂപ പരിണാമങ്ങളും വ്യത്യസ്ത നാടുകളിലെ മദ്റസ രീതികളും സൂക്ഷ്മമായി ഉള്‍ക്കൊള്ളാന്‍ ഈ സമാഹാരത്തിന് കഴിയുന്നു. പരമ്പരാഗതമായി മത/മതേതര മേഖലകളില്‍ കണ്ടുവരുന്ന വാദ ഗതികളില്‍നിന്ന് വിഭിന്നമായി- അതായത് മദ്റസകള്‍ സമം പിന്നാക്ക ജീവിതം, പൂര്‍വാധുനികം- ഒരു സമുദായത്തിന്റെ ജീവിതത്തെയും വര്‍ത്തമാനത്തെയും സ്വാധീനിക്കുന്ന ചരിത്രപരമായ ഘടകമെന്ന നിലയില്‍ മദ്റസകളെ കാണാന്‍ പുസ്തകം ശ്രമിക്കുന്നു. കൊളോണിയലിസവും അതിനെതിരായ ചെറുത്തുനില്‍പ്പും രൂപപ്പെടുത്തിയ ആധുനിക ദേശരാഷ്ട്രവും അതിനകത്തെ അധീശ സാംസ്കാരിക പ്രവണതകളും മദ്റസ, ഉലമ, ഇല്‍മ് എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് ഈ പുസ്തകം പരിശോധിക്കുന്നത്. ഇന്ത്യയില്‍ ദയൂബന്ദി മദ്റസകളുടെ ആവിര്‍ഭാവം ഇത്തരമൊരു പശ്ചാത്തലത്തിലാണ് കാണേണ്ടത്. ബാര്‍ബറ മെറ്റ്കാഫാണ് ഇന്ത്യന്‍ മദ്റസകളെക്കുറിച്ച് എഴുതുന്നത്. കേരളത്തിലെ ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക് അക്കാദമിയെക്കുറിച്ച് അവര്‍ പറയുന്നുണ്ട്. പരമ്പരാഗത ദര്‍സ് സമ്പ്രദായത്തില്‍ നിന്ന് മാറി 'അക്കാദമി' പോലുള്ള മതേതര സ്വഭാവമുള്ള പേര് സ്വീകരിക്കുന്നത് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുവെന്നാണ് ബാര്‍ബറ മെറ്റ്കാഫ് നിരീക്ഷിക്കുന്നത്. യോഗീന്ദര്‍ സിക്കന്ദ് നല്‍കിയ വിവരങ്ങളാണ് അവര്‍ ഇതിനായി ഉപയോഗപ്പെടുത്തിയത്.
ഇസ്ലാമിക ലോകത്ത് പരമ്പരാഗത മദ്റസകള്‍ മാത്രമല്ല പരമ്പരാഗത ഉലമാക്കളും അന്യം നിന്നു പോവുന്നുവെന്നും പുസ്തകം സമര്‍ഥിക്കുന്നു. ഉലമാക്കള്‍ക്ക് സാമൂഹികാംഗീകാരം ഇപ്പോള്‍ പഴയപോലെ ലഭിക്കുന്നുമില്ല. എന്നാല്‍ മതേതര/മത വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്നു വരുന്ന മുസ്ലിം ബുദ്ധിജീവികളെ പുസ്തകം കാണാന്‍ ശ്രമിക്കുന്നുമുണ്ട്.
ഇന്നത്തെ മാധ്യമങ്ങളും അനലിസ്റുകളും പറയുന്നതുപോലെ മദ്റസകളുടെ ചര്‍ച്ച 9/11 നോടെ തുടങ്ങിയതല്ല. മുസ്ലിം സമുദായത്തില്‍ വിജ്ഞാനവും അതിന്റെ വിതരണ നിര്‍വഹണങ്ങളുമൊക്കെ എല്ലാ കാലത്തും ചര്‍ച്ചയായിരുന്നു. മത വിജ്ഞാനീയത്തിന്റെ സാധ്യതകളെക്കുറിച്ചു മുസ്ലിംകള്‍ സ്വയം നടത്തിയ അന്വേഷണങ്ങള്‍ വെച്ചു നോക്കിയാല്‍ വെസ്റേണ്‍ മീഡിയയും അതിന്റെ ചുവടുപിടിച്ച് വിവിധ നാഷ്നല്‍ മീഡിയയും നടത്തുന്ന പ്രൊപഗണ്ടകള്‍ ഇസ്ലാം ഭീതി എന്നതില്‍ കവിഞ്ഞതൊന്നുമല്ല. ഇത്തരം 'ഭീതികളുടെ' മുനയൊടിക്കാന്‍ ഈ സമാഹാരത്തിന് കഴിയുന്നു. ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനാരംഭം കുറിച്ച 1880-1920 കളില്‍നിന്ന് ഭിന്നമായി 1980-2010 വരെയുള്ള കാലഘട്ടം രണ്ടാം കൊളോണിയലിസത്തിന് മുസ്ലിം നാടുകള്‍(പുതിയ രീതിയില്‍) വിധേയമാക്കപ്പെടുകയുണ്ടായി. കൂട്ടക്കൊലകള്‍, വംശഹത്യകള്‍, പീഡന സെല്ലുകള്‍ തുടങ്ങിയവ ഇക്കാലഘട്ടത്തിന്റെ യുദ്ധമുറകള്‍ ആയിരുന്നു. ഇതൊക്കെയുണ്ടാവുമ്പോഴും അടിത്തട്ടിലെ മുസ്ലിംകള്‍ മറ്റു കീഴാള വിഭാഗങ്ങളെ പോലെ ചെറുത്തു നില്‍പ്പില്‍ ഏര്‍പ്പെടുന്നുണ്ട്. മദ്റസകള്‍ ഇത്തരം ജനവിഭാഗങ്ങളുടെ നൈതികതയെയാണ് നിര്‍ണയിക്കുന്നത്. അതുകൊണ്ടു തന്നെ മദ്റസകള്‍ക്ക് മേല്‍ ആക്രമണം അഴിച്ചുവിടുന്നതിലൂടെ പാശ്ചാത്യ മാധ്യമങ്ങള്‍ ചെയ്യുന്നത്, നശിപ്പിച്ചു കളയേണ്ട അപരിഷ്കൃത വാസസ്ഥലങ്ങളായി മുസ്ലിം ജീവിത ലോകത്തെ മാറ്റുക എന്നതാണ്. ഇവരെ പരിഷ്കരിക്കാനാണ് യുദ്ധങ്ങളിലൂടെയും ഫണ്ടിംഗ് ഏജന്‍സികളിലൂടെയും എംബസികളിലൂടെയും പരിഷ്കരണ ശ്രമങ്ങള്‍ സമുദായത്തിലെ തന്നെ വരേണ്യ വര്‍ഗത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. കൊളോണിയല്‍ വംശീയ മനോഘടന മാത്രമാണ് ഇത്തരം ശ്രമങ്ങളുടെ അടിസ്ഥാനം. അധികാര കേന്ദ്രങ്ങളുടെ സാമാന്യ ബോധത്തെയും അതിന്റെ അനിവാര്യതയായ ഹിംസയെയും തുറന്നു കാണിക്കുന്നുണ്ട് ഈ പുസ്തകം.

Schooling Islam: The Culture and Politics of Modern Muslim Education:
Edited by Robert W Hefner &
Muhammad Qasim Zaman
Princeton University Press, 2007.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം