Prabodhanm Weekly

Pages

Search

2012 ജൂണ്‍ 9

പാലിയേക്കര സമരത്തിന്റെ നാള്‍വഴികള്‍

പി.ജി മോന്‍സി

ഞ്ചാര സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള പാലിയേക്കരയിലെ ജനകീയ സമരം തുടങ്ങിയിട്ട് ഒരു വര്‍ഷം തികയാറായി. ദേശീയപാത 47-ലെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് നടക്കുമ്പോള്‍ കാര്യമായ എതിര്‍പ്പൊന്നും പ്രദേശത്തെ ജനങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. നാടിന്റെ വികസനത്തിനു വേണ്ടി അല്‍പം ബുദ്ധിമുട്ട് സഹിക്കാന്‍ ജനങ്ങള്‍ തയാറായിരുന്നു. അന്നൊന്നും ഈ റോഡിലൂടെ സഞ്ചരിക്കാന്‍ പണം നല്‍കേണ്ടിവരും എന്ന ധാരണ ജനങ്ങള്‍ക്കുണ്ടായിരുന്നില്ല. അതിന് കാരണമുണ്ട്: അന്നത്തെ മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞത്, ഇവിടെ മുപ്പത് മീറ്റര്‍ വീതിയിലുള്ള റോഡുകള്‍ മതി, ടോള്‍ കൊടുത്തുകൊണ്ടുള്ള യാത്ര കേരളത്തില്‍ പ്രായോഗികമല്ല, അതുകൊണ്ട് അത്തരം റോഡുകള്‍ കേരളത്തിന് വേണ്ട എന്നാണ്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് അന്നത്തെ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും പൊതുവായ അഭിപ്രായം ഇതുതന്നെയായിരുന്നു. ഈ വാക്കുകള്‍ വിശ്വസിച്ചാണ് മണ്ണുത്തി-അങ്കമാലി റോഡ് വികസനത്തിന് സ്ഥലമെടുക്കുമ്പോള്‍ ജനങ്ങള്‍ കാര്യമായ എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കാതിരുന്നത്. പിന്നീട് റോഡ് നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ് ടോള്‍ പിരിക്കുന്ന റോഡാണ് വരാന്‍ പോകുന്നത് എന്നും അതിനുള്ള ടോള്‍പ്ളാസയാണ് പാലിയേക്കരയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത് എന്നും ജനങ്ങള്‍ മനസ്സിലാക്കുന്നത്.
അങ്ങനെയാണ് പാലിയേക്കരയില്‍ ടോള്‍വിരുദ്ധ സമര സമിതി രൂപവത്കരിക്കുന്നത്. ചഛ ഠഛഘഘ ചഛ ആഛഠ എന്ന പൊതു മുദ്രാവാക്യത്തില്‍ ജനങ്ങളുടെ അഭിപ്രായ രൂപീകരണം നടത്തിക്കൊണ്ടാണ് സമര സമിതി പ്രവര്‍ത്തനമാരംഭിക്കുന്നത്. സാഹിത്യകാരി പ്രഫ. സാറാ ജോസഫാണ് അന്ന് പരിപാടി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് പതിനേഴോളം വരുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സന്നദ്ധ സംഘടനകള്‍ സമരസമിതിയോട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ടോളിന്റെ ഭവിഷ്യത്തുകള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനു വേണ്ടി ഒരു ബോധവത്കരണ ജാഥ സംഘടിപ്പിക്കുകയുണ്ടായി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആയിരുന്നു ജാഥ ഉദ്ഘാടനം ചെയ്തത്. സി.പി.ഐ.എം.എല്‍, റെഡ് ഫ്ളാഗ്, സോളിഡാരിറ്റി, പോരാട്ടം, ബി.ജെ.പി, പി.ഡി.പി, സി.പി.ഐയുടെ യുവജന ട്രേഡ് യൂനിയന്‍ തുടങ്ങിയ സംഘടനകളുടെ പങ്കാളിത്തവും ജാഥയിലുണ്ടായിരുന്നു. പിന്നീട് സമരസമിതിക്ക് പ്രാദേശിക ഘടനാ സംവിധാനങ്ങള്‍ ഉണ്ടാക്കി. ടോള്‍ പ്ളാസ സ്ഥിതി ചെയ്യുന്ന നെന്‍മണിക്കര പഞ്ചായത്തിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ആയിരക്കണക്കിന് ജനങ്ങള്‍ രംഗത്തിറങ്ങി. ടോള്‍ പ്ളാസ നിര്‍മാണം സ്തംഭിപ്പിക്കുന്ന രീതിയില്‍ വലിയ പ്രതിഷേധ പ്രകടനം നടന്നു. ടോള്‍പ്ളാസക്കെതിരായ സമരം നാടിന്റെ പൊതുവികാരമായി മാറി. വിവിധ സമുദായ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നു.
സമരം കാരണം ടോള്‍ പിരിവ് നിര്‍ത്തേണ്ടിവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി തിരക്കിട്ട് എറണാകുളം ഗസ്റ് ഹൌസില്‍ സമരസമിതി പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും വിളിച്ചു ചേര്‍ത്തു. ആ യോഗത്തിന്റെ പൊതുവികാരം കേരളത്തില്‍ ടോള്‍ റോഡുകള്‍ വിജയകരമാകില്ല എന്നായിരുന്നു. മൂന്നര കോടി ജനങ്ങള്‍ അവരുടെ ദൈനംദിന യാത്രക്കും മറ്റും ഉപയോഗിക്കുന്നത് ദേശീയപാതയാണ്. മറ്റു സമാന്തര പാതകള്‍ ഇല്ല. അതുകൊണ്ടുതന്നെ ഇവിടെ ടോള്‍ കൊടുത്ത് യാത്ര ചെയ്യുക പ്രായോഗികമല്ല. അതിനാല്‍ ടോള്‍ പിരിവ് ഉപേക്ഷിച്ച് സര്‍ക്കാര്‍ തന്നെ ദേശീയ പാത ഏറ്റെടുക്കണം എന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നത്.
ജനുവരി 17-ാം തീയതി മുതല്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കുമെന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നു. നേരത്തെ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. ടോള്‍ പിരിക്കാനുള്ള നീക്കം മനസ്സിലാക്കിയ സമരസമിതി 'ടോള്‍ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക' എന്നാവശ്യപ്പെട്ട് ടോള്‍ പ്ളാസക്കു സമീപം നിര്‍മിച്ച സമരപന്തലില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടായിരത്തോളം ജനങ്ങള്‍ സമരപന്തലിലേക്ക് എത്തുകയും ടോള്‍ പ്ളാസ ഉപരോധിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ കലക്ടര്‍ ഇടപെട്ട് ടോള്‍ പിരിക്കാനുള്ള ശ്രമം നിര്‍ത്തിവെപ്പിക്കുകയും തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിക്കുകയും ചെയ്തു. ജനങ്ങളെല്ലാം പിരിഞ്ഞുപോയതിനു ശേഷം പിറ്റേന്ന് രാവിലെ 9 മണിക്ക് ആയിരത്തഞ്ഞൂറോളം പോലീസും അര്‍ധ സൈനിക വിഭാഗവും ജലപീരങ്കിയുള്‍പ്പെടെ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് ടോള്‍ പ്ളാസക്ക് സമീപം നിലയുറപ്പിച്ചു. ആ സമയത്ത് സമര സമിതിയുടെ കുറഞ്ഞ പ്രവര്‍ത്തകരേ അവിടെ ഉണ്ടായിരുന്നുള്ളൂ. എന്തു വില കൊടുത്തും ഞങ്ങള്‍ ഇവിടെ ടോള്‍ പിരിക്കും എന്നാണ് അവിടെ ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സമര പ്രവര്‍ത്തകരോട് പറഞ്ഞത്.
ടോള്‍ പിരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നും വേണമെങ്കില്‍ ഞങ്ങളെ വെടിവെച്ച് കൊല്ലാം എന്നും സമരസമിതി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ആര്‍.ടി.ഒയും കലക്ടറും മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും മുഖ്യമന്ത്രി ടോള്‍ പിരിവ് മാറ്റിവെക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അടുത്ത ദിവസം ജനുവരി 19-ന് മുഖ്യമന്ത്രി വീണ്ടും ഒരു യോഗം വിളിച്ചുചേര്‍ത്തു. ആ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്, തന്നെ വകുപ്പ് മന്ത്രിയും എം.പിമാരും എം.എല്‍.എമാരും തെറ്റിദ്ധരിപ്പിച്ചു എന്നാണ്. എന്നു പറഞ്ഞാല്‍ ഒരു വലിയ ഗൂഢാലോചന ഈ വിഷയത്തില്‍ നടന്നു എന്ന്.
ഫെബ്രുവരി 9-ന് യാതൊരു മുന്നറിയിപ്പുമില്ലാതെ വലിയ പോലീസ് സന്നാഹത്തോടെ ടോള്‍ പിരിവ് ആരംഭിച്ചു. ഇതറിഞ്ഞെത്തിയ അഞ്ഞൂറോളംസമരസമിതി പ്രവര്‍ത്തകരെ ആയിരക്കണക്കിന് പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദിച്ചു.
ജനകീയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചതുകൊണ്ടാണ് അനിശ്ചിതകാല നിരാഹാരത്തിന് സമരസമിതി തീരുമാനിച്ചത്. ഫെബ്രുവരി 12-ന് ടോള്‍ പ്ളാസയിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചില്‍ സാമൂഹിക പ്രവര്‍ത്തക കെ. അജിതയാണ് അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചത്. ആ സമരം ഇപ്പോള്‍ നൂറ് ദിവസം പിന്നിട്ടു.
സി.എ ഹസീന (സി.പി.ഐ-എം.എല്‍), സി.എ അജിതന്‍ (പോരാട്ടം), ടി.എല്‍ സന്തോഷ് ജനമുന്നണി) എന്നിവര്‍ 22 ദിവസം നിരാഹാരം അനുഷ്ഠിച്ചു. സോളിഡാരിറ്റി, സി.പി.ഐ(എം.എല്‍), റെഡ്ഫ്ളാഗ്, ബി.ജെ.പി തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പത്തും പതിനഞ്ചും ദിവസങ്ങളോളം നിരാഹാരമിരുന്നു. ഇവരൊക്കെ ഇത്രയും ത്യാഗം സഹിക്കുന്നത് രാജ്യത്തിന്റെ ആത്മാഭിമാനവും സ്വാതന്ത്യ്രവും സംരക്ഷിക്കാന്‍ വേണ്ടിയാണ്. എന്നാല്‍, ജനപ്രതിനിധികള്‍ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. സര്‍ക്കാര്‍ ഈ സമരം കണ്ടഭാവം നടിക്കുന്നില്ല. മുഖ്യമന്ത്രി ഈ സമരപന്തലിനു മുന്നിലൂടെ പതിനഞ്ചോളം തവണ കടന്നുപോയിട്ടുണ്ട്. പ്രതിപക്ഷ നേതാവടക്കം മുഖ്യ പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഇതുവഴി കടന്നുപോയിട്ടുണ്ട്. പക്ഷേ, ഇവരാരും ഈ സമരത്തിന് മുഖം കൊടുത്തില്ല. പ്രതിപക്ഷ നേതാവ് ഈ സമരപന്തല്‍ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി അദ്ദേഹത്തെ വിലക്കി.
മുഖ്യമന്ത്രിയോ പ്രതിപക്ഷ പാര്‍ട്ടിയോ പ്രതീക്ഷിക്കുന്നതുപോലെ കേരളത്തിലെ ജനങ്ങളെ എന്നും കക്ഷിരാഷ്ട്രീയത്തിന്റെ ചങ്ങലകളില്‍ ബന്ധിതരാക്കാന്‍ കഴിയില്ല. ഇവിടെ വരുന്നവരില്‍ സി.പി.എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തകരുണ്ട്. ടോളിന്റെ ദുരിതം പേറേണ്ടിവരുന്നത് തങ്ങളും കൂടിയാണെന്ന് തിരിച്ചറിഞ്ഞ് ഇവരൊക്കെ എത്രയധികം തടസ്സങ്ങളുണ്ടായാലും അവയെല്ലാം വകഞ്ഞുമാറ്റി ഈ സമരത്തോട് ഐക്യപ്പെടുകയാണ്.


തയാറാക്കിയത്: സി.എം ശരീഫ്
cmsherif@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം