Prabodhanm Weekly

Pages

Search

2012 ജൂണ്‍ 9

എന്തുകൊണ്ട് പാലിയേക്കര സമരം പരാജയപ്പെട്ടുകൂടാ?

റസാഖ് പാലേരി

പാലിയേക്കരയിലെ ടോള്‍പ്ളാസ പ്രവര്‍ത്തനമാരംഭിച്ചിട്ട് ഈ മേയ് 22-ന് 100 ദിവസം പൂര്‍ത്തിയായിരിക്കുന്നു. അതോടൊപ്പം തന്നെ പിറന്നുവീണ ടോള്‍വിരുദ്ധ സമരപന്തലും 100 ദിവസത്തിന്റെ സത്യഗ്രഹ സമരാനുഭവങ്ങളുമായി ലോകത്തിനു തന്നെ ബി.ഒ.ടി വിരുദ്ധ പോരാട്ടത്തിന്റെ പുത്തന്‍ മാതൃകയായി മാറുകയാണ്. ചീ ഠീഹഹ ചീ ആഛഠ എന്നതാണ് സമരത്തിന്റെ മുദ്രാവാക്യം. അഥവാ റോഡുകളെ സ്വകാര്യ മുതലാളിമാരില്‍നിന്ന് തിരിച്ചുപിടിച്ച് സഞ്ചാരസ്വാതന്ത്യ്രം പുനഃസ്ഥാപിക്കാനുള്ള പോരാട്ടമായാണ് സമരത്തിന് നേതൃത്വം കൊടുക്കുന്ന 28 ഓളം സംഘടനകളും ദേശീയപാത വികസനത്തിന്റെ ഇരകളും ഈ സമരത്തെ കാണുന്നത്. അതുകൊണ്ടു തന്നെ 100 ദിവസമായിട്ടും പോരാട്ടവീര്യം ചോര്‍ന്നുപോകാതെ നിരന്തര സമരം പാലിയേക്കരയില്‍ നടന്നുവരികയാണ്.
യുവാക്കളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ ഇതിനകം 100 ദിവസമായി നടന്നുവരുന്ന നിരാഹര സത്യഗ്രഹത്തില്‍ പങ്കാളികളാണ.് കേരളത്തിന്റെ സമര ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത സമരമാണ് പാലിയേക്കരയിലേത്. മേധാപട്കര്‍, ബിനായക് സെന്‍, ശുഭ്രദീപ് ചക്രവര്‍ത്തി, സായിനാഥ് തുടങ്ങി ദേശീയ തലത്തില്‍ ശ്രദ്ധേയമായ നേതാക്കള്‍ സമരപന്തലില്‍ എത്തി പോരാട്ടത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിച്ച ഈ സമരത്തിന് സുഗതകുമാരി മുതല്‍ സച്ചിദാനന്ദനും സാറാജോസഫും ഉള്‍പ്പെടെ കേരളത്തിലെ സാംസ്കാരിക പ്രമുഖരും സമര നേതാക്കളും പിന്തുണ നല്‍കുന്നുണ്ട്.
സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സമര പന്തലില്‍ നിന്ന് ആരംഭിച്ച് സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചും, പാലിയേക്കരയില്‍ നിന്ന് ആരംഭിച്ച് അടുത്തായി ടോള്‍ പ്ളാസ ഉയരുന്ന പാലക്കാട് ജില്ലയിലെ വടക്കുചേരിയിലേക്ക് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭയാത്രയും സമരത്തിന്റെ കരുത്തും സന്ദേശവും വിവിധ മേഖലകളിലേക്ക് വ്യാപിക്കാന്‍ സഹായമായിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും ബി.ഒ.ടി വിരുദ്ധ സന്ദേശങ്ങള്‍ ഉയര്‍ത്തി പിടിച്ച് വിവിധ പരിപാടികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷമായി കേരളത്തില്‍ ചഒ17യിലും ചഒ47ലും നടന്നുവരുന്ന നിരന്തര സമരത്തിന്റെ പുതിയ വികാസമാണ് പാലിയേക്കരയിലെ സമരം.

സഞ്ചാര സ്വാതന്ത്യ്രത്തിനായി
നടന്ന സമരങ്ങള്‍
സഞ്ചാര സ്വാതന്ത്രത്തിനുവേണ്ടി നിരവധി പോരാട്ടങ്ങള്‍ നടന്ന നാടാണ് കേരളം. സവര്‍ണ വരേണ്യ വിഭാഗത്തിനു മാത്രം വഴിനടക്കാന്‍ അനുവാദമുണ്ടായിരുന്ന റോഡുകളെ പൊതുവഴിയാക്കി മാറ്റാന്‍ നടന്ന പോരാട്ടങ്ങള്‍ കേരളീയ നവോത്ഥാനത്തിന്റെ ചവിട്ടുപടികളില്‍ സുപ്രധാനങ്ങളായിരുന്നു. 1883-ല്‍ ശ്രീ അയ്യങ്കാളി വെങ്ങാനൂരില്‍ നിന്ന് ആറലാംമൂട് വരെ നടത്തിയ വില്ലുവണ്ടിയാത്രയും 1898-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തൊട്ടുകൂടാത്തവരും തീണ്ടുകൂടാത്തവരുമെന്ന് പറഞ്ഞ് സവര്‍ണര്‍ മാറ്റിനിര്‍ത്തിയ പിന്നാക്ക ജനത ആറാലാംമൂട് ചന്തയിലൂടെ കാല്‍നടയായി നടന്ന് പ്രഖ്യാപിച്ച സഞ്ചാര സ്വാതന്ത്യ്രവും ഈ സമരത്തിന്റെ തുടക്കമാണ്. വൈക്കം ക്ഷേത്ര നിരത്തിലൂടെയുള്ള സഞ്ചാരസ്വാതന്ത്യ്രം നേടിയെടുക്കാന്‍ കവി കുമാരനാശാന്‍ തുടങ്ങുകയും ടി.കെ മാധവനും കെ. കേളപ്പനും ഇ.ആര്‍ കൃഷ്ണ സ്വാമി അയ്യരുടേയുമൊക്കെ നേതൃത്വത്തില്‍ 1924-ല്‍ ആരംഭിച്ച വൈക്കം സത്യഗ്രഹ സമരവും ഈ സമര ചരിത്രത്തിലെ മറ്റൊരധ്യായമാണ്! 1925-ല്‍ ഗാന്ധി വൈക്കത്ത് എത്തിയതോടെ ഈ സമരത്തിന് പുതിയ ഭാവവും സന്ദേശവും കൈവന്നു.
എ.കെജിയും പി. കൃഷ്ണപിള്ളയും നേതൃത്വം നല്‍കിയ ഗുരുവായൂര്‍ സത്യഗ്രഹവും ഇരിങ്ങാലക്കുടയിലെ കൂട്ടംകുളം സമരവും മലബാറിലെ തളി ക്ഷേത്രപരിസരത്തെ റോഡിലൂടെയുള്ള യാത്ര സ്വാതന്ത്യ്രത്തിനുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളുമെല്ലാം വഴി നടക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളായിരുന്നു. അന്നത്തെ സവര്‍ണ മേധാവിത്വ സംസ്കാരം അധഃകൃത പിന്നാക്ക ജനവിഭാഗങ്ങള്‍ എന്ന് അവര്‍ തന്നെ ചാപ്പകുത്തിയ മനുഷ്യരെ റോഡുകളില്‍ നിന്ന് മാറ്റിനിര്‍ത്തിയപ്പോള്‍, അതിനെതിരെ അവര്‍ക്കുകൂടി പൊതുവഴി ഉപയോഗിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. എന്നാല്‍, ഇന്ന് റോഡുകള്‍ ബി.ഒ.ടി കമ്പനികള്‍ക്ക് വില്‍പന നടത്തുകയും അവര്‍ നിശ്ചയിക്കുന്ന ചുങ്കം കൊടുക്കുന്നവര്‍ക്കു മാത്രം റോഡ് ഉപയോഗിക്കാന്‍ അവകാശം കൊടുക്കുകയും ചെയ്യുന്ന പുതിയ വരേണ്യ ഇടപെടലിനാണ് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുന്നത്. അതുകൊണ്ടുതന്നെ ഈ സമരം സഞ്ചാര സ്വാതന്ത്യ്രം തിരിച്ചുപിടിക്കുന്നതിനുള്ള പോരാട്ടാണ്.
പാലിയേക്കരയിലെ സമരത്തോടെ കേരളത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വീണ്ടും സജീവ ചര്‍ച്ച ഉയര്‍ന്നുവന്നിരിക്കുകയാണ്. ബി.ഒ.ടി (ബില്‍ഡ്, ഒപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍) അടിസ്ഥാനത്തില്‍ 45 മീറ്റര്‍ വീതിയില്‍ ചഒ 47ഉം 17-ഉം വികസിപ്പിക്കുന്നതോടെ കേരളത്തിലെ റോഡുകള്‍ മൂലധന കുത്തക കമ്പനികള്‍ക്കു മുമ്പില്‍ അടിയറവ് വെക്കുന്നതിന്റെ തുടക്കം കുറിക്കപ്പെടുകയാണ്. ദേശീയ പാത എന്നത് രാജ്യത്തിലെ പൌരന്മാര്‍ക്ക് പ്രത്യേക ഫീസ് കൊടുക്കാതെ തന്നെ ഉപയോഗിക്കാവുന്ന പൊതു റോഡ് എന്നതില്‍ നിന്ന് മാറി നിര്‍മാണ കമ്പനികള്‍ക്ക് ചുങ്കം കൊടുത്ത് മാത്രം ഉപയോഗിക്കാവുന്ന ചുങ്കപാതയായി പരിവര്‍ത്തിക്കപ്പെടുന്നുവെന്നര്‍ഥം. ഇതേ തുടര്‍ന്ന് കേരളത്തിലെ മറ്റു ആറ് ദേശീയ പാതകളും നിലവിലെ സംസ്ഥാന ഹൈവേകളും പി.ഡബ്ള്യു.ഡി റോഡുകളും പ്രധാന ജില്ലാ റോഡുകളുമെല്ലാം 2021-ഓടെ ബി.ഒ.ടി വല്‍ക്കരിക്കുന്നതിനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിന് കേരള ഗവര്‍ണര്‍ ഭരദ്വാജ് കേരള സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്തിയപ്പോള്‍ കേരളത്തിലെ 33000 കിലോമീറ്റര്‍ റോഡുകള്‍ (സംസ്ഥാന ഹൈവേകള്‍, പി.ഡബ്ള്യു.ഡി റോഡുകള്‍, ജില്ലാ റോഡുകള്‍) ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുമെന്ന് പറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ പ്രഖ്യാപനം നടത്തിയ ചഒ17-യിലും ചഒ47 -ലും തിരുവനന്തപുരത്തിനും കാസര്‍ക്കോടിനുമിടയില്‍ മാത്രം 17 ചുങ്കപ്പുരകള്‍ നിര്‍മിക്കപ്പെടുമത്രെ. മറ്റു ദേശീയപാത സ്റേറ്റ് റോഡുകളില്‍ വേറെയും. അങ്ങനെ കേരളം ചുങ്കപ്പുരകളുടെ കേന്ദ്രവും ബി.ഒ.ടി മുതലാളിമാരുടെ പറുദീസയുമായി മാറും.
2005 ഏപ്രില്‍ മുതല്‍ ആരംഭിച്ച ബി.ഒ.ടിവിരുദ്ധ സമരം കൂടുതല്‍ കരുത്തോടെ കേരളത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. സമരം ഉയര്‍ത്തുന്ന ആവശ്യം ബി.ഒ.ടി ഇല്ലാതെ 30 മീറ്ററില്‍ ദേശീയ പാതകള്‍ വികസിപ്പിക്കണമെന്നാണ്. റോഡ് വികസനത്തിന് വേണ്ടിയും വില്‍പനക്കെതിരായതുമായ പ്രക്ഷോഭമാണ് ദേശീയ പാത വികസനത്തിന്റെ ഇരകളും ജനകീയ സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത്. ശക്തമായ സമരത്തെ തുടര്‍ന്ന് നേരത്തെ ഏറ്റെടുത്ത 30 മീറ്ററില്‍ തന്നെ ബി.ഒ.ടി ഇല്ലാതെ ദേശീയപാതകള്‍ വികസിപ്പിക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 2010 ഏപ്രില്‍ 20-ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ അംഗീകരിക്കപ്പെട്ടതായിരുന്നു. ഇതേതുടര്‍ന്ന് ഏപ്രില്‍ 21-ന് ചേര്‍ന്ന ക്യാബിനറ്റിലും ഇതേ തീരുമാനമെടുത്തു. ശേഷം മേയ് 5-ന് സര്‍വകക്ഷി സംഘം കേരളത്തിന്റെ പരിസ്ഥിതിയും ഭൂലഭ്യതയും ബി.ഒ.ടിവിരുദ്ധ സമരങ്ങളുമെല്ലാം ചൂണ്ടികാട്ടി വിശദമായ നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി പ്രസ്തുത ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് പകരം ഭരണ പ്രതിപക്ഷ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ബി.ഒ.ടി മുതലാളിമാരുടെ താല്‍പര്യത്തിനനുസരിച്ച് നയം മാറ്റുന്നതാണ് പിന്നീട് കേരളം കണ്ടത്. 2010 ആഗസ്റ് 17-ന് നടന്ന 2-ാം സര്‍വകക്ഷി യോഗം നമുക്ക് വെളിപ്പെടുത്തി തന്നത് ഈ വസ്തുതയാണ്.

സമരം ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ 30 മീറ്ററില്‍ NH വികസനം
കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി കേരളത്തിലെ ദേശീയപാതകള്‍ക്കിരുവശങ്ങളിലുമുള്ള ഇരകളും 28-ഓളം രാഷ്ട്രീയ- സാമൂഹിക സംഘടനകളും ഉയര്‍ത്തിയ ആവശ്യം 30 മീറ്ററില്‍ ദേശീയപാതകള്‍ ഉടന്‍ വികസിപ്പിക്കണമെന്നാണ്. പക്ഷേ, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോ ഭരണ പ്രതിപക്ഷ നേതൃത്വമോ ഈ ആവശ്യം മുഖവിലക്കെടുത്തിട്ടില്ല. നേരത്തേ തന്നെ (മുപ്പത് വര്‍ഷത്തോളമായി) അവര്‍ വിട്ടുകൊടുത്തതാണ് കാസര്‍കോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള 840 കിലോമീറ്റര്‍ റോഡ് (ചഒ 47, ചഒ 17) വികസിപ്പിക്കാനുള്ള ഭൂമി. ഇതില്‍ യാതൊരു വിധ റോഡ് വികസനവും ഇതുവരെ നടത്തിയില്ല എന്നത് ഈ ജനതയോടും നാടിനോടും ഗവണ്‍മെന്റുകള്‍ ചെയ്ത കൊടിയ അപരാധമാണ്. റോഡ് വികസനം ബി.ഒ.ടി അടിസ്ഥാനത്തിലാക്കാന്‍ തീരുമാനിച്ചതോടെയാണ് വീതി 30-ല്‍ നിന്ന് 45 ആയി മാറിയത്. നാലുവരിപ്പാത അടുത്ത കാലംവരെ 30 മീറ്ററിലും അതിലും കുറഞ്ഞ വീതിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ചിരുന്നു. തിരക്കേറിയ ബാംഗ്ളൂര്‍-മൈസൂര്‍ പാത- നാലുവരി പാതയും ഫുഡ്പാത്തുമൊക്കെയുള്ള ഈ റോഡ് 26 മീറ്ററിലാണ് പണിതിരിക്കുന്നത്. 15 മീറ്റര്‍ വീതിയില്‍ പണിത മനോഹരമായ നാലുവരി പാതയാണ് ബാംഗ്ളൂരിലെ സ്കൈ റോഡ് - തിരക്കേറിയ മദ്രാസ് മഹാബലിപുരം നാലുവരി പാത 15 മീറ്റര്‍ വീതിയിലാണ്. മുംബൈയിലെ അന്ധേരി- കുര്‍ള റോഡ്- ആറുവരി പാത 25 മീറ്റര്‍ വീതിയിലാണുള്ളത്. ജന നിബിഢവും ഭൂലഭ്യത കുറഞ്ഞതുമായ കേരളം പോലുള്ള സംസ്ഥാനത്ത് റോഡ് വികസനം നടപ്പാക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടത് അനിവാര്യമാണ്.

ബി.ഒ.ടി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍
ദേശീയപാത വികസനത്തിന്റെ മറവില്‍ കടന്നുവരുന്ന റോഡ് വില്‍പന (ബി.ഒ.ടി വല്‍ക്കരണം) ഗൌരവത്തില്‍ പുനരാലോചിക്കേണ്ട ഒന്നാണ്. നാമമാത്ര പ്രതിഫലം വാങ്ങി വര്‍ഷങ്ങള്‍ക്ക് മുമ്പ് വിട്ടുകൊടുത്ത സ്ഥലത്ത് സര്‍ക്കാര്‍ സ്വന്തം ചെലവില്‍ നിര്‍മിച്ച ഇപ്പോഴുള്ള ദേശീയപാത ഉള്‍പ്പെടെ സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ബി.ഒ.ടി ഡ്രാക്കുളയുടെ ചൂഷണത്തിന്റെ ടിപ്പിക്കല്‍ ഉദാഹരണമാണ് മട്ടാഞ്ചേരി ഗാമണ്‍ ഇന്ത്യ ടോള്‍പാലം. 12 കോടി നിര്‍മാണ ചെലവ് കണക്കാക്കിയ മട്ടാഞ്ചേരി പാലത്തിന്റെ നിര്‍മാണത്തിന് 7 കോടി രൂപ മുടക്കാന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് തയാറായിരുന്നു. ബാക്കി സര്‍ക്കാര്‍ കണ്ടെത്തി പാലംനിര്‍മിക്കുന്നതിനു പകരം സര്‍ക്കാര്‍ അത് 1999-ല്‍ ഗാമണ്‍ ഇന്ത്യ കമ്പനിയെ ഏല്‍പ്പിച്ചു. അവര്‍ ചെലവില്‍ കൃത്രിമം കാട്ടി. 18 കോടി രൂപയാക്കി ഉയര്‍ത്തി 7 കോടി രൂപ പിരിവിന്റെ ചെലവും ആദായവുമായി പിരിച്ചെടുക്കും എന്ന വ്യവസ്ഥയില്‍ ടോള്‍ 2001 ആഗസ്റ് 14-ന് പാലം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 11 വര്‍ഷമായി ഏറെ തിരക്കേറിയ ഈ പാലത്തില്‍ കമ്പനി ടോള്‍ പിരിവ് തുടര്‍ന്നുകൊണ്ടിരിക്കുന്നു. 112 കോടി രൂപയോളം ഇതിനകം കമ്പനി പിരിച്ചെടുത്തിട്ടുണ്ട് എന്നാണ് സി.എ.ജി (കണ്‍ട്രോളര്‍ ആന്റ് ഓഡിറ്ററി ജനറല്‍) റിപ്പോര്‍ട്ട്.
ഇതാണ് ബി.ഒ.ടിയുടെ പ്രവര്‍ത്തന രീതി. രാജ്യനിവാസികളുടെ സമ്പത്ത് അന്യായമായി പകല്‍കൊള്ള ചെയ്ത് കൈക്കലാക്കുന്ന ഏര്‍പ്പാടാണ് ബി.ഒ.ടി എന്ന് വ്യക്തം. ബി.ഒ.ടി കമ്പനികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും ഗ്രാന്റുകളും അവര്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്നതാണ്. കേരളത്തിലെ 840 കി.മീ നീളംവരുന്ന ചഒ 47-ന്റെയും ചഒ 17ന്റെയും നിര്‍മാണ ചെലവ് 16,800 കോടി രൂപയാണത്രെ. ഇതിന്റെ 40 ശതമാനമായ 6720 കോടിരൂപ ബി.ഒ.ടി കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റായി തിരിച്ചു നല്‍കുമത്രെ. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കണക്കനുസരിച്ച് ഒരു കിലോമീറ്റര്‍ നാലുവരി പാത നിര്‍മിക്കാന്‍ ആറു കോടി മുതല്‍ 7.2 കോടിവരെയാണ് ചെലവ്. കൊടുങ്ങല്ലൂര്‍ ബൈപ്പാസ് റോഡ് ചതുപ്പുനിലയിലായിട്ടും കിലോമീറ്ററിന് കിലോമീറ്ററിന് 7.2 കോടികൊണ്ട് പണിപൂര്‍ത്തിയാക്കി എന്നാണ് സമീപകാലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ബി.ഒ.ടി കമ്പനികള്‍ കിലോമീറ്ററിന് 17 മുതല്‍ 22 കോടിവരെയാണ് ചെലവ് കണക്കാക്കുന്നത്. ചെലവില്‍ വന്‍വര്‍ധനവ് കണക്കില്‍ കാണിച്ച് അതിന്റെ 40 ശതമാനം സര്‍ക്കാര്‍ ഗ്രാന്റ് നേടിയെടുക്കാനുള്ള ബി.ഒ.ടിയുടെ കുടില തന്ത്രമാണിത്.

ഭീമമായ ടോള്‍ നിരക്ക്
ദേശീയ പാതകളില്‍ ഈടാക്കാന്‍ പോകുന്ന ഭീമമായ ടോള്‍ നിരക്കിന്റെ ഞെട്ടിക്കുന്ന സൂചനകളാണ് അങ്കമാലി-മണ്ണുത്തി പാതിയിലെ ആമ്പല്ലൂരിലെ പാലിയേക്കര ടോള്‍ബൂത്തിലെ ടോള്‍നിരക്കുകള്‍ നല്‍കുന്നത്. കാര്‍, ജീപ്പ് 55 രൂപ, ചെറുകിട വാണിജ്യ വാഹനങ്ങള്‍ 95, ബസ്/ലോറി 195 രൂപ, ട്രക്കുകള്‍, കണ്ടെയ്നറുകള്‍ 310 രൂപ എന്നിങ്ങനെയാണ് ഒരു വശത്തേക്കുള്ള ടോള്‍നിരക്ക്. ഇരുവശത്തേക്കുമാകുമ്പോള്‍ 85, 145, 290, 465 എന്നിങ്ങനെയായിരിക്കും സംഖ്യ. ഓരോ 40 കിലോമീറ്റര്‍ ഇടവിട്ട് ദേശീയ പാതയില്‍ ഇത്തരം ടോള്‍ ബൂത്തുകള്‍ സ്ഥാപിക്കപ്പെടുകയും ഇതുവഴി ടോള്‍ കൊടുത്തുകൊണ്ട് മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥ വരികയും ചെയ്യും. മണ്ണുത്തി മുതല്‍ അങ്കമാലി വരെയുള്ള 41 കിലോമീറ്ററിന്റെ ടോള്‍ ആണിത്. സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെയുള്ളതെല്ലാം ടോള്‍കൊടുത്ത് കൊണ്ട് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന് പാലിയേക്കരയിലെ ടോള്‍ പ്ളാസയുടെ ക്രമീകരണം കണ്ടാല്‍ നമുക്ക് ബോധ്യപ്പെടും. അതുകൊണ്ടാണ് പ്രദേശവാസികള്‍ ടോള്‍ ആരംഭിച്ച അര്‍ധരാത്രി മുതല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും നിരാഹാര സമരവുമായി രംഗത്തെത്തിയത്. ഈ ടോള്‍ ചൂഷണത്തിന്റെ ആഘാതം നമ്മുടെ നിത്യോപയോഗ സാധനങ്ങളുടെ വന്‍ വിലവര്‍ധനവിനുവരെ കാരണമാകും.
കഴുത്തറപ്പന്‍ ബി.ഒ.ടി മുതലാളിമാര്‍ക്കു മുമ്പില്‍ രാജ്യത്തെ റോഡുകളെ വില്‍പനക്കുവെക്കുന്നതിന് സര്‍ക്കാറുകള്‍ പറയുന്ന ഏക ന്യായം സര്‍ക്കാര്‍ ഖജനാവില്‍ പണമില്ല എന്നതാണ്. ഖജനാവില്‍ കാശില്ലെന്ന് പറയുമ്പോഴും അടിക്കടി പ്രതിരോധ ബജറ്റുകള്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന നികുതിയിളവുകളും സബ്സിഡികളും കുത്തനെ കൂട്ടിക്കൊണ്ടിരിക്കുന്നതും നാം കാണുന്നു. 2005 മുതല്‍ 2011 വരെയുള്ള ആറു വര്‍ഷത്തിനിടയില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇനത്തില്‍ മാത്രം 21,25023 കോടി രൂപ ഇളവ് ചെയ്തു കൊടുത്തിട്ടുണ്ട്. ഇങ്ങനെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വിനിയോഗിക്കുമ്പോഴാണ് പൊതു ആവശ്യമായ റോഡുകള്‍ക്ക് ചെലവഴിക്കാന്‍ ഖജനാവില്‍ പണമില്ലെന്ന് സര്‍ക്കാര്‍ പറയുന്നത്. യഥാര്‍ഥത്തില്‍ പണമില്ലാത്തതല്ല പ്രശ്നം. പൊതു ഉപയോഗത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം എന്ന ഉദാരവല്‍ക്കരണ നയസമീപനമാണ് ഈ നിലപാടിന്റെ അടിസ്ഥാനം. വെറുതെ എന്തിന് ജനത്തിന് യാത്രചെയ്യാന്‍ റോഡ് നിര്‍മിച്ചു നല്‍കണം. യാത്ര ചെയ്യേണ്ടവന്‍ കാശ് മുടക്കട്ടെ എന്ന സമീപനം.
റോഡുകള്‍ വില്‍പ്പനക്കുവെച്ച് കാത്തിരിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം പോലും പ്രതികരിക്കാതെ സര്‍ക്കാര്‍ നയത്തിന് റാന്‍ മൂളുമ്പോള്‍ ബി.ഒ.ടിക്കെതിരെ നടക്കുന്ന ജനകീയ സമരത്തെ വിജയിപ്പിക്കേണ്ടത് കേരളത്തിന്റെ പ്രധാനാവശ്യങ്ങളില്‍ ഒന്നാണ്. പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്ന കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡിന് പതിനേഴ് കൊല്ലത്തേക്ക് ടോള്‍ പിരിക്കാനുള്ള അനുവാദമാണിപ്പോള്‍ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത് നിരക്ക് കുറച്ച് വര്‍ഷം ദീര്‍ഘിപ്പിച്ചുകൊണ്ട് പ്രശ്നം പരിഹരിക്കാമെന്നാണ്. ഇതേ അഭിപ്രായമാണ് ശാസ്ത്രീയ ടോള്‍ നിരക്കിനുവേണ്ടി വാദിക്കുന്ന സി.പി.എമ്മും പറയുന്നത്. അഥവാ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ടോളിനെ ന്യായീകരിച്ച് ബി.ഒ.ടി പക്ഷത്ത് നിലയുറപ്പിക്കുമ്പോള്‍ ജനങ്ങള്‍ ടോളിനും ബി.ഒ.ടിക്കുമെതിരായ നിലപാടുയര്‍ത്തിപ്പിടിച്ച് സഞ്ചാരസ്വാതന്ത്യ്രത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്. അതുകൊണ്ട് 100 ദിവസം പിന്നിട്ട പാലിയേക്കരയിലെ നിരാഹാര സമരം ബി.ഒ.ടി വിരുദ്ധവും മുതലാളിത്തവിരുദ്ധവുമായ, കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തുന്ന ജനപക്ഷ സമരമാണ്.


തയ്യാറാക്കിയത്: സി.എം. ശരീഫ്


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം