Prabodhanm Weekly

Pages

Search

2012 ജൂണ്‍ 9

രൂപയുടെ മൂല്യശോഷണം

ഫൈസല്‍ കൊച്ചി

ദുരന്തനാടകങ്ങളുടെ നാടായ ഗ്രീസ് ഇപ്പോള്‍ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പകച്ചുനില്‍ക്കുകയാണ്. രാജ്യം കടക്കെണിമൂലം പാപ്പരായിരിക്കുന്നു. ഗ്രീസ് ഉള്‍പ്പെടുന്ന യൂറോ സോണ്‍ രാജ്യങ്ങളെ മൊത്തത്തില്‍ ബാധിക്കുന്നതാണ് ഈ പ്രതിസന്ധി. കഴിഞ്ഞ ആഴ്ച വാഷിംഗ്ടണില്‍ ചേര്‍ന്ന എട്ട് പ്രധാന വ്യവസായ രാജ്യങ്ങളുടെ തലവന്മാര്‍ ഒത്തുചേര്‍ന്ന ജി 8 ഉച്ചക്കോടി പ്രധാനമായും ചര്‍ച്ച ചെയ്തത് യൂറോപ്പിനെയാകമാനം ബാധിച്ച സാമ്പത്തിക പ്രതിസന്ധിയും ഗ്രീസിന്റെ കടക്കെണിയുമാണ്. 17 രാജ്യങ്ങളുടെ പൊതു കറന്‍സിയായ യൂറോ സര്‍വകാല തകര്‍ച്ചയെയാണ് നേരിടുന്നത്. നിക്ഷേപകര്‍ യൂറോരാജ്യങ്ങളുടെ ബാങ്കുകളെ കൈവിട്ടുകൊണ്ടിരിക്കുന്നു. യൂറോ തകര്‍ച്ച ഒരു സുനാമിയായി രൂപം പ്രാപിച്ചു ലോകരാജ്യങ്ങളെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്നതിന്റെ സൂചനകള്‍ ദൃശ്യമായിട്ടുണ്ട്. അന്താരാഷ്ട്രാ കമ്പോളത്തില്‍ നമ്മുടെ രാജ്യത്തിന്റെ രൂപയുടെ മൂല്യം കുറയുന്നതിന്റെ പ്രശ്നങ്ങളും പങ്കപ്പാടുകളും മാധ്യമങ്ങള്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ആഗോള സാമ്പത്തിക മേഖലകളുമായി മുന്‍പിന്‍ നോക്കാതെ ബന്ധപ്പെടേണ്ടിവരുന്ന ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങള്‍ക്ക് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഏറെ വെളളം കുടിക്കേണ്ടിവരും. ഗ്രീസിലെ ദുരന്തം നമ്മുടെ രാജ്യത്തിന്റെ കൂടി ദുരന്തമാകുമോ എന്ന ആശങ്കയിലാണ് സാമ്പത്തികവിദഗ്ധര്‍.
ഡോ. മന്‍മോഹന്‍സിംഗ് ലോകത്തെ അറിയപ്പെടുന്ന സമ്പദ് ശാസ്ത്രജ്ഞരിലൊരാളാണ്. ലോകരാഷ്ട്രാ തലവന്മാരുടെ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയാണ് പ്രധാനമന്ത്രി. ലോകബാങ്കിലായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം. ആഗോള സാമ്പത്തിക ഏജന്‍സികളുടെ ആശ്രിതവത്സലനാണ് അദ്ദേഹം. പക്ഷേ, പറഞ്ഞിട്ടെന്ത്! സ്വന്തം രാജ്യത്തിന്റെ നാണയം തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നതായി നാം കാണുന്നില്ല.
നമ്മുടെ രാജ്യത്തിന് വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന ആസൂത്രണകമീഷനുണ്ട്. സാമ്പത്തികമായി വളരെ സമ്പുഷ്ടമായ പാക്കേജുകളുണ്ട്. പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും സാമ്പത്തികവിദഗ്ധരായ ഉപദേശകരുണ്ട്. ഈ വെള്ളാനകളെ തീറ്റിപ്പോറ്റാന്‍ തന്നെ വിദേശകടത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് നമ്മുടെ രാജ്യം. രൂപക്ക് മൂല്യം കൂടാനും കുറയാനും സാധ്യതയുണ്ട് എന്ന കാലാവസ്ഥ നിരീക്ഷണത്തിന്റെ പതിവുപല്ലവി മാത്രമാണ് ഇവരില്‍ നിന്ന് കേള്‍ക്കാനാകുന്നത്. ഇത്തരം ദുരന്തങ്ങളെ മുന്‍കൂട്ടി കാണാനോ പ്രവചിക്കാനോ നമ്മുടെ വിദഗ്ധര്‍ക്ക് കഴിയുന്നില്ലെന്നത് ഏറെ അപമാനകരമാണ്. അടിക്കടിയുണ്ടാകുന്ന വിലക്കയറ്റവും പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകര്‍ച്ചയുമൊക്കെ രാജ്യത്തിന്റെ സാമ്പത്തികമായ ആത്മവിശ്വാസത്തെയാണ് ക്ഷതപ്പെടുത്തുന്നത്.
രൂപയുടെ മൂല്യശോഷണമടക്കമുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പ്രധാന കാരണം കഴിഞ്ഞ എട്ടു വര്‍ഷമായി ഭരണയന്ത്രം തിരിക്കുന്ന യു.പി.എ സര്‍ക്കാരിന്റെ പിടിപ്പുകേട് തന്നെയാണ്. പ്രധാനമന്ത്രി ഇപ്പോഴും ഏറെ ആശാങ്കാകുലനാകുന്നത് ഡോളറിന്റെ വിലയിടിവിനെക്കുറിച്ച് മാത്രമാണ്. ഇപ്പോഴത്തെ പ്രതിസന്ധി തന്നെ ഡോളറിനെ ശക്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന വിമര്‍ശം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. അമേരിക്കയുടെയും യൂറോപ്പിന്റെയും സാമ്പത്തിക താല്‍പര്യങ്ങള്‍ക്കാണ് നമ്മുടെ ഭരണവര്‍ഗം എല്ലായ്പ്പോഴും പ്രാധാന്യം നല്‍കുന്നത്. പാര്‍ലമെന്റിന്റെ ഇടനാഴികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും തമ്പടിച്ചിരിക്കുന്ന കോര്‍പ്പറേറ്റുകളാണ് ഭരണയന്ത്രത്തെ നിയന്ത്രിക്കുന്നത്. അവരാകട്ടെ വിദേശകമ്പനികളുടെ ചട്ടുകങ്ങളാണ് താനും.
ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ച് കാര്യമായ ഒരു വിശദീകരണവും അധികാരകേന്ദ്രങ്ങളില്‍ നിന്നുമുണ്ടായില്ലെന്ന വിമര്‍ശം മാധ്യമങ്ങളുയര്‍ത്തിയപ്പോഴാണ് കോണ്‍ഗ്രസ് വക്താവ് രേണുകാ ചൌധരി പ്രത്യക്ഷപ്പെട്ടതും രൂപയുടെ മൂല്യശോഷണം അന്താരാഷ്ട്ര സാമ്പത്തിക പ്രതിസന്ധിയുടെ ഫലമാണ് എന്ന ഒറ്റവാക്കാല്‍ പ്രസ്താവന പുറപ്പെടുവിച്ചതും. രണ്ടുദിവസം കഴിഞ്ഞ് ധനമന്ത്രി ചെലവുചുരുക്കല്‍ നടപടികളുമായി രംഗത്തെത്തി. റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നും സാമ്പത്തിക മേഖലക്ക് ഉത്തേജനം നല്‍കുന്നതിനുള്ള ശ്രമങ്ങളുണ്ടായില്ല. ചെലവു ചുരുക്കല്‍ പാക്കേജിലാകട്ടെ ആംആദ്മിയെ പ്രതികൂലമായി ബാധിക്കുന്ന പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയും. സബ്സിഡി ചെലവ് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ രണ്ടു ശതമാനത്തിലേക്ക് ചുരുക്കുമെന്ന് ഒരു പരിഹാരമാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 65000 കോടി അനുവദിച്ച ഇന്ധനസബ്സിഡി ഇക്കൊല്ലം 25000 കോടിയായി കുറക്കുമെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. ഈ ശ്രമങ്ങള്‍ നേരത്തെ ആസൂത്രണം ചെയ്തതായിരുന്നുവെന്നും സഖ്യകക്ഷി സമ്മര്‍ദങ്ങളുടെ ഫലമായി മരവിപ്പിച്ചുവെച്ചതാണെന്നും അദ്ദേഹം സമ്മതിക്കുന്നു.
സാമ്പത്തിക പ്രയാസങ്ങള്‍ മുന്‍നിറുത്തി ചെലവുചുരുക്കലിന്റെ വഴിയിലേക്ക് സര്‍ക്കാര്‍ തിരിയുമെന്ന മുന്നറിയിപ്പും ധനമന്ത്രി നല്‍കിയിട്ടുണ്ട്. ഈ പ്രസ്താവനകള്‍ പക്ഷേ പ്രശ്നത്തിന് യഥാര്‍ഥ പരിഹാരമാകുന്നില്ലെന്നും പൊതുജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുന്നതാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പ്രത്യേകിച്ചും ഇന്ധനസബ്സിഡി കുറക്കുന്നത് ദുരാഗ്രഹികളായ എണ്ണക്കമ്പനി മാടമ്പികള്‍ക്ക് ഇനിയൊരു വിലവര്‍ധനവിന് അവസരം നല്‍കുകയും അത് വഴി ജനങ്ങള്‍ക്ക് ദുരിതനരകം വിധിക്കപ്പെടുകയും ചെയ്യും. കേന്ദ്രമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശയാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും പഞ്ചനക്ഷത്രഹോട്ടലുകളിലെ ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തത് ഉചിതമായി. പക്ഷേ, അവ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ എന്നത് കണ്ടുതന്നെ അറിയണം.
ശരിയായ വഴിയിലേക്ക് സര്‍ക്കാര്‍ ഇനിയും വന്നിട്ടില്ലെന്നത് ഖേദകരമാണ്. പണത്തിന്റെ മൂല്യം സമ്പദ് വ്യവസ്ഥയിലെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയുടെ സ്ഥിരതയില്ലായ്മ വലിയ പ്രശ്നമാണ്. വിദേശമൂലധനം നിയന്തണമില്ലാതെ കടന്നുവരുന്നതും വിവിധ സേവനമേഖലകള്‍ വിദേശകുത്തകകള്‍ക്ക് തീറെഴിതി കൊടുക്കുന്നതും അടിക്കടിയുണ്ടാകുന്ന പ്രവചനാതീതമായ പ്രതിസന്ധികള്‍ക്ക് കാരണമാവുകയാണ്. ആഗോള ധനകാര്യസ്ഥാപനങ്ങളുടെ ആശ്രിതവത്സലനാകാനുള്ള ശ്രമങ്ങളുടെ ഭാഗമായി തല മറന്നെണ്ണ തേക്കുന്ന തരത്തിലുള്ള സമീപനങ്ങളും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന കണക്കെ എണ്ണക്കമ്പനികളോട് ഉറച്ചസ്വരത്തില്‍ സംസാരിക്കാന്‍ കഴിയാത്തതും ദുരിതം വര്‍ധിപ്പിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം